ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും കാർട്ടൂണുമെല്ലാം പലപ്പോഴും
ഭീകരമായ അടിച്ചമർത്തലുകൾക്കു വിധേയമായിട്ടുണ്ട്. പല അവസരങ്ങളിലും
രചയിതാവിന്റെ ജീവനുനേരെ ഭീഷണിയുണ്ടാവുകയും പലർക്കും സ്വന്തം രാജ്യം പോലുമുപേക്ഷിച്ചു അന്യ രാജ്യങ്ങളിൽ താമസിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിത് ഏറ്റവുമൊടുവിലായി സംഭവിച്ചിരിക്കുന്നത് സാക്ഷരതയിലും സംസ്‌കാരത്തിലും ഏറ്റവും മുൻപന്തിയിലെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ്. എഴുത്തുകാരനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ ചില വാചകങ്ങളാണ് സദാചാരവാദികൾക്കും മതവാദികൾക്കും അസഹനീയമായി തോന്നുന്നത്.
ഒരാൾ എഴുതുന്ന കഥ, അത് കഥയാണെന്നറിയാമെങ്കിലും, തങ്ങൾ പറയുന്ന രീതിയിലേ ആവാൻ പാടുള്ളു എന്നു ശാഠ്യം പിടിക്കുന്നതിലെ യുക്തിഹീനത തികച്ചും മനസ്സിലാക്കാതെയാണ് ഈ മത മൗലിക വാദികൾ രംഗത്തിറങ്ങിയിട്ടുള്ളത്. കഥയിൽ ദുഷ്ട കഥാപാത്രങ്ങൾ പാടില്ലെന്നും സംസ്‌കാരരഹിതമായ വാചകങ്ങൾ ആരും ഉരുവിടരുതെന്നും ചാനൽ ചർച്ചകളിൽ പറയുന്നിടം വരെയെത്തിനിൽക്കുന്നു കാര്യങ്ങൾ എന്നറിയുമ്പോഴാണ് ഏതു സംസ്‌കാരം ഉയർത്തിപ്പിടിക്കാനാണ് ഇവർ
സാഹസപ്പെടുന്നതെന്നോർത്തു പൊതുജനം അമ്പരന്നുപോകുന്നത്. ഹിന്ദു പേരുള്ള കഥാപാത്രങ്ങൾ സമൂഹത്തെ അധിക്ഷേപിക്കുന്ന വാക്കുകൾ പറയാൻ പാടില്ല എന്നിടത്തോളമെത്തിയിരിക്കുന്നു ചിലരുടെ വാക്‌ധോരണികൾ. സാഹിത്യ വായന തീരെയില്ലാത്ത ഒരുകൂട്ടം ആളുകൾ ചേർന്ന് തങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ മാത്രമേ കഥാപാത്രങ്ങൾ പെരുമാറാനോ സംസാരിക്കാനോ പാടുള്ളു എന്ന് പറയുന്നതിലെ അസംബന്ധം ജനത്തിന് മനസ്സിലാവില്ല. സ്ത്രീകൾ വീട്ടിനുള്ളിൽ തളച്ചിടപ്പെടേണ്ടവരാണെന്നു വിശ്വസിക്കുന്ന ഒരു സ്ത്രീവിരുദ്ധ കഥാപാത്രം പുറത്തിറങ്ങി നടക്കുന്ന അവർക്കെതിരെ നടത്തുന്ന നിരുത്തരവാദപരമായ
ഒരു പ്രസ്താവനയെ കൂട്ടുപിടിച്ച് നോവലിസ്റ്റിനും കുടുംബത്തിനുമെതിരെ
ഭീഷണി മുഴക്കുന്നവർ ജീവിതത്തിലൊരിക്കലെങ്കിലും ഒരു കഥ വായിച്ചിട്ടുണ്ടാവില്ല. ഇത്തരത്തിലായാൽ പുരാണങ്ങളിലെ നീചകഥാപാത്രങ്ങളെയോ അവർ ചെയ്യുന്ന ഹീനപ്രവൃത്തികളെയോ മുൻനിർത്തി ആ മഹത്ഗ്രന്ഥങ്ങളൊക്കെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന കാലം അതിവിദൂരമല്ലെന്നു തോന്നുന്നു. ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്ഥാൻ’പ്രയോഗം ശരിവയ്ക്കുന്ന രീതിയിലാണ് വർഗീയ വാദികൾ അധികാരത്തിൽ പിടിമുറുക്കുന്നത്.
ഭൂരിപക്ഷ വർഗീയതയും ന്യുനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്. ജോസഫ് മാഷിന്റെ കൈ വെട്ടിയവരും ടോം വട്ടക്കുഴിയുടെ
ഭാഷാപോഷിണിയിലെ കാർട്ടൂൺ നശിപ്പിച്ചവരും പെരുമാൾ മുരുകന് ഊരുവിലക്ക് ഏർപ്പെടുത്തിയവരും ഇപ്പോൾ ഹരീഷിനെതിരെ പടവാളോങ്ങുന്നവരുമെല്ലാം മറക്കാതിരിക്കേണ്ടത് എതിർസ്വരങ്ങളെ മൗനിയാക്കുന്നതല്ല ഭാരതീയ സംസ്‌കാരമെന്നതാണ്.