എം.എ.ബേബിയും വി.കെ. ശ്രീരാമനും നോവലിസ്റ്റ് ബാലകൃഷ്ണനും മുഖ്യാതിഥികളായി കാക്ക ത്രൈമാസിക മുംബയിൽ സംഘടിപ്പിക്കാനിരിക്കുന്ന യോഗത്തിനെതിരെ ഹിന്ദുവാദികളുടെ ശക്തമായ എതിർപ്പ്. യോഗത്തിനായി ബുക്ക് ചെയ്തിരുന്ന നെരൂൾ മലയാളി സമാജം ഹാൾ അവർ ഇടപെട്ടു ക്യാൻസലാക്കി; തുടർന്ന് സമാജം അധികാരികൾ അത് നൽകാൻ പറ്റില്ലെന്നു പറഞ്ഞു.
ആഗസ്ത് 12 തീയതി നടത്താനിരുന്ന പരിപാടി തുടർന്ന് മുംബൈ പ്രസ് ക്ലബ്ബിലേക്ക് മാറ്റി.
“മുഖമില്ലാത്ത ആരോ ചിലരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. മുംബയ് മലയാളികൾക്കിടയിലും വർഗീയത അതിന്റെ കൂർത്ത ദംഷ്ട്രങ്ങൾ പുറത്തു കാട്ടിത്തുടങ്ങിയിരിക്കുന്നു എന്നതാണിതിന്റെ അർത്ഥം. കേരളത്തിന്റെ ഒരു മുൻ സാംസ്കാരിക മന്ത്രിയും ഇപ്പോഴും വളരെ സജീവമായി നിൽക്കുന്ന ഒരു ബഹുമുഖ പ്രതിഭയും ഇവിടെ വന്നു സംസാരിക്കണ്ട എന്ന് തീരുമാനിക്കാൻ ഒരു പിടി ആളുകൾക്ക് കഴിയുന്നു. മുഖമില്ലാത്ത, പേരില്ലാത്ത ഇവർ നമുക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നു. ഇവരെ തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും വളരെ ആപത്കരമായ ഒരു ഭാവിയിലേക്കാണ് നമ്മെ നയിക്കുന്നത്”, കാക്കയുടെ പത്രാധിപർ മോഹൻ കാക്കനാടൻ പറഞ്ഞു.
“സംവാദങ്ങളെ തന്നെയും നിഷേധിക്കുന്ന, ബഹുസ്വരതയെ ഇല്ലായ്മ ചെയ്യുന്ന ഒരു സാംസ്കാരിക അന്തരീക്ഷത്തിലെക്കാണ് നമ്മുടെ കുതിപ്പെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. വിവിധ അഭിപ്രായങ്ങൾക്ക് ഒരെ വേദിയിൽത്തന്നെ ഏറ്റുമുട്ടാനും ആശയ പോരാട്ടത്തിനു വ്യക്തിപരമയ സൗഹൃദം നിലനിർത്തിക്കൊണ്ടു തന്നെ വേദിയാകാനും സാംസ്കാരിക രംഗത്തിന് പോലും കഴിയുന്നില്ലെങ്കിൽ കഷ്ടമെന്നേ പറയാനുള്ളൂ”, പ്രമുഖ സാംസ്കാരിക പ്രവർത്തകനായ ജി.വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
“ഒരു ജനാധിപത്യ സംവാദാന്തരീക്ഷത്തെ ഫാസിസ്റ്റുകൾ ഭയക്കുന്നു. ഈ ഭീരുക്കളെ തട്ടി മാറ്റിക്കൊണ്ട് എൻബി കെഎസ് പോലുള്ള ജനാധിപത്യ ഇടങ്ങളെ സംരംക്ഷിച്ചു നിർത്താൻ ഭരണ സമിതിക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. അതിനായി അവർക്ക് കരുത്തു പകരാം.
എൻബി കെഎസ് ഇപ്പോൾ എടുത്ത തീരുമാനം തിരുത്തുമെന്നു തന്നെ നമ്മുക്ക് പ്രത്യാശിക്കാം”, കവി സന്തോഷ് പല്ലശ്ശന പറഞ്ഞു.