കവിത പുതിയ വ്യാകരണം ഉണ്ടാക്കുന്നു
കവിത വ്യാകരണത്തെ തിരുത്തുകയും പുതിയ വ്യാകരണം സൃഷ്ടിക്കുകയും ചെയ്യുന്നതായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു.
മാട്ടുംഗ കേരള ഭവനത്തില്‍ നടന്ന മുംബൈ സാഹിത്യവേദിയുടെ പതിനെട്ടാമത് വി.ടി. ഗോപാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം കഥാകൃത്ത് ആര്‍.കെ. മാരൂരിന് സമ്മാനിച്ച ശേഷം ‘ചലച്ചിത്രഗാന സാഹിത്യം – പ്രസക്തിയും പരിമിതിയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമുഹ്യ-സാംസ്‌കാരിക അവബോധത്തെ രൂപപ്പെടുത്തുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ജാതി, മത വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമായിരുന്ന പാട്ടുകള്‍ സമൂഹത്തില്‍ നടന്ന സാമൂഹ്യമാറ്റത്തിന്റെ ഭാഗമായാണ് സിനിമയും ചലച്ചിത്രഗാനങ്ങളും ഉണ്ടാവുന്നത്. ഓരോ നിമിഷവും പഴയതാവുന്ന കാലത്തില്‍ നാം ജീവിക്കുമ്പോള്‍ ചലച്ചിത്രഗാനങ്ങളുടെ സ്വഭാവവും മാറുന്നത് സ്വാഭാവികമാണെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു.
സാഹിത്യവേദിയിലെ സൃഷ്ടികള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ നിന്നുണ്ടാവുന്ന സാഹിത്യ സൃഷ്ടികള്‍ക്കൊപ്പം നില്‍ക്കുന്ന സൃഷ്ടികളാണ് മുംബൈയില്‍ നിന്നുണ്ടാവുന്നതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ എഴുത്തുകാരനായ പ്രൊ. പി.എ. വാസുദേവന്‍ പറഞ്ഞു.
കേരള ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടിയ റഫീഖ് അഹമ്മദിന്റെ പുരസ്‌കാരപ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങായിരുന്നു മുംബൈയിലേത്. പുരസ്‌കാര ജേതാവായ റഫീഖ് അഹമ്മദിനെ എഴുത്തുകാരനും മുംബൈ മലയാളം മിഷന്‍ അദ്ധ്യക്ഷനുമായ നോവലിസ്റ്റ് ബാലകൃഷ്ണന്‍ പൊന്നാടയണിയിച്ചു.
സാഹിത്യവേദിയുടെ സ്ഥാപകാംഗം, നിരൂപകന്‍, കോളമിസ്റ്റ്, ഭാഭാ അണുശക്തി കേന്ദ്രത്തിലെ ശാസ്ര്തജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി.ടി. ഗോപാലകൃഷ്ണന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. കൊല്ലം സ്വദേശിയാണ് പുരസ്‌കാര ജേതാവായ ആര്‍.കെ. മാരൂര്‍.
സാഹിത്യവേദി കണ്‍വീനര്‍ വിത്സന്‍ കുര്യാക്കോസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വി.ടി. വാസുദേവനും പങ്കെടുത്തു. അന്തരിച്ച എഴുത്തുകാരായ ഒ.എന്‍.വി കുറുപ്പ്, അക്ബര്‍ കക്കട്ടില്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പുരസ്‌കാരദാനം നടന്നത്.
Related tags :