ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തിനു അതിർ വരമ്പിടുന്ന ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണെന്നു സഖാവ് എം..എ. ബേബി അഭിപ്രായപ്പെട്ടു. കഥകൾ വായിക്കാനുള്ളവർക്കു വായിക്കാനും അവ ഇഷ്ടപ്പെടാത്തവർക്കു അത് തള്ളിക്കളയാനുമുള്ള സ്വാതത്ര്യം ഒരുപോലെയാണെന്നു പറഞ്ഞ ബേബി കഥാകൃത്തിനെയും കുടുംബത്തെയും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു.
മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കാക്ക മാഗസിൻ ചെമ്പൂര് ആദർശവിദ്യാലയത്തിൽ സംഘടിപ്പിച്ച ‘മതം മനുഷ്യനിലേക്ക്, മനുഷ്യൻ ഹരീഷിലേക്കു”എന്ന വിഷയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം.
ഹരീഷിനെതിരെ ഒരു സംഘം ആളുകൾ സയ്ബെറാക്രമണം നടത്തിയപ്പോൾ അതിനെതിരെ ആദ്യം നിലപാടെടുത്ത ഒരാളാണ് ഞാൻ. എനിക്കെതിരെയും അപ്പോൾ ധാരാളം ഭീഷണികൾ ഉയർന്നു. ഇതോക്കെ ”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ നാട്ടിലാണെന്നോർക്കണം.
മതം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്; ആചാരങ്ങൾ മാറിക്കൊണ്ടിരിക്കുന്നു. ആദികാലത്തുണ്ടായിരുന്ന മതമല്ല ഇന്നത്തെ മതം; ആദികാലത്തെ പൂജാവിധികളല്ല ഇന്നത്തെ പൂജാവിധികൾ. ഇന്ന് കേരളത്തിൽ പട്ടികജാതിക്കാർ പൂജാരികളാണ്, എന്നാൽ, ഉത്തരേന്ത്യയിൽ പലേടത്തും അവർക്കിപ്പോഴും അമ്പലങ്ങളിൽ പ്രവേശനമില്ല. ഇങ്ങനെ മാറിക്കൊണ്ടിരിക്കുന്ന ആചാരങ്ങളെ ഉയർത്തിക്കാണിച്ചു ഒരാളുടെ പുസ്തകം ആചാരങ്ങളെ അവഹേളിച്ചു ഇന്ന് പറയുന്നതിൽ എന്താണർത്ഥം, ബേബി ചോദിച്ചു.
ഈ പുസ്തകത്തിനെതിരെ ആക്രോശിക്കുന്നവരോടെ എനിക്ക് പറയാനുള്ളത് ഇനിയെങ്കിലും കഥയും നോവലുമൊക്കെ എങ്ങനെയാണ് വായിക്കേണ്ടതെന്നു മനസ്സിലാക്കുകയും അൽപ സമയം ചിലവഴിച്ചു ഇത്തരം പുസ്തകങ്ങൾ വായിക്കുകയും ചെയ്യുക എന്നതാണ്. വസ്തുതാപരമായ ഒന്നുരണ്ടു തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിലും ഈ പുസ്തകം രചിച്ചതിൽ ഹരീഷ് അഭിനന്ദനമർഹിക്കുന്നു, എം. എ. ബേബി പറഞ്ഞു നിർത്തി.
ഇതിനുമുൻപും ഇതുപോലെയുള്ള അനേകം സംഭവങ്ങൾ നടന്നിട്ടുണ്ട് ഇന്ന് അധ്യക്ഷപ്രസംഗത്തിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. നോവലിസ്റ്റിനെ അസഭ്യം പറയുന്നതിലൂടെയല്ല മരിച്ചു ആശയപരമായി അവരെ നേരിടുകയാണ് നോവൽ ഇഷ്ടപ്പെടാത്തവർ ചെയ്യേണ്ടതെന്നും ബാലകൃഷ്ണൻ പറഞ്ഞു.
നവമാധ്യമങ്ങളായ ഫേസ്ബുക്കിന്റേയും വാട്സ്ആപ്പിന്റെയുമൊക്കെ ഈ കാലഘട്ടത്തിലും എഴുത്തുകാരന്റെ സർഗാത്മകതക്കു കടിഞ്ഞാണിടാനുള്ള ശ്രമങ്ങളാണ് ഇവിടെ കണ്ടു വരുന്നത്. ഒരു കഥയോ കവിതയോ ചിത്രമോ ഒരു കലാസൃഷ്ടിയായി മാത്രം കാണുന്നതിൽ നിന്നും നമ്മളെ ആരാണ് തടഞ്ഞു നിർത്തുന്നത്? നമ്മുടെ ആസ്വാദനതലത്തിൽ അസ്ഹണുത കടന്നുവരുന്നത് എങ്ങനെയാണ്? തങ്ങളുടെ ആസ്വാദനക്ഷമതക്കു നിരക്കാത്തവ തള്ളിക്കളയുന്നതിനു പകരം അത് എഴുതുന്നയാളെയും അയാളുടെ കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും, ചിന്താധാരകളെല്ലാം ഒരേ ചാലിലൂടെ തന്നെ ഒഴുകണമെന്നു ചിലർ ശഠിക്കുകയും ചെയ്യുന്നതെന്തിനാണ്? കാക്ക പത്രാധിപർ മോഹൻ കാക്കനാടൻ തന്റെ സ്വാഗത പ്രസംഗത്തിൽ ചോദിച്ചു.
വർത്തമാനകാല സാഹചര്യത്തിൽ ഒരു എഴുത്തുകാരൻ നേരിടുന്ന ആശങ്കകളും വിഹ്വലതകളും വെളിപ്പെടുത്തുന്ന ഭയം എന്ന കവിത മണിരാജ് അവതരിപ്പിച്ചു. സിബി സത്യൻ, കേളി രാമചന്ദ്രൻ, തൊഴിലാളി നേതാവ് പി.ആർ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രബാബു നന്ദിപ്രകടനം നടത്തി.