മരുഭൂമിയിലെ മണൽക്കൂനകൾ കാണാനുള്ള യാത്രയ്ക്കിടയിൽ ഇടത്താവളമായ ജോഥ്പൂരിൽ ഞാൻ തങ്ങി. മണൽക്കൂനകൾ കാണണമെങ്കിൽ മരുഭൂമിയുടെ ഉള്ളിലേക്ക് യാത്ര ചെയ്യണം. ഥാർ മരുഭൂമിയുടെ ഗാംഭീര്യം ശരിക്കും അറിയണമെങ്കിൽ യാത്ര ചെയ്യേണ്ടത് ജയ്സാൽമീറിലേക്കുതന്നെയാണ്. പക്ഷെ ജോഥ്പൂരിലെത്തുന്നവർക്ക് ഥാർ മരുഭൂമി ശരിക്കും കാണാവുന്നത് ഒഷ്യാനിലാണ്.
രാജസ്ഥാനിലെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രങ്ങളിലൊന്നാണ് ജോഥ്പൂർ. പുരാതന രജപുത്താനയിലെ മാർവാറി സംസ്കൃതി യുടെ കേന്ദ്രസ്ഥാനവും ജോഥ്പൂരായിരുന്നു. ജയ്സാൽമീറിലേക്കു പോകാനുള്ള ഇടത്താവളവും ഇതുതന്നെയാണ്. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നഗരമാണിത്. പൊതുവെ മാർവാറി പ്രഭുത്വത്തിനു മാറ്റുകൂടും. പൗരാണികകാലം തൊട്ടേ മാർവാറികൾ സമ്പന്നരാണ്. കച്ചവടം അവരുടെ ദിനചര്യയുടെ ഭാഗമാണ്. കച്ചവടത്തിനുവേണ്ടി വിദൂരദേശങ്ങളിലേക്ക് അവർ യാത്ര ചെയ്യും. വ്യാപാരത്തിലൂടെയാണ് സംസ്കാരങ്ങളുടെ വിനിമയം നടക്കുന്നത്. വിലകൂടിയ വസ്ര്തങ്ങളും ആഭരണങ്ങളും പരവതാനികളും ഫർണിച്ചറുകളും ഒക്കെ പ്രഭുകുടുംബങ്ങളിലെത്തുന്നത് കച്ചവടം വഴിയാണ്. പല ദേശസംസ്കാരങ്ങളുടെ സമന്വയമായി പ്രഭുകുടുംബങ്ങളുടെ അകത്തളങ്ങൾ മാറി. പിൽക്കാലം രാജകൊട്ടാരങ്ങളും പ്രഭുഗൃഹങ്ങളും മ്യൂസിയങ്ങളായി മാറിയപ്പോഴാണ് സാംസ്കാരിക വൈപുല്യങ്ങളുടെ സമന്വയം നാം തിരിച്ചറിഞ്ഞത്.
രാജകൊട്ടാരനിർമിതികളുടെ ഏറ്റവും ഉജ്ജ്വല മാതൃക ഉമൈദ് ഭവൻ പാലസാണ്. മേവാറി രാജാവായ ഉമൈദ് സിംഗിന്റെ (ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള അവസാനത്തെ രാജാവ്) കാലത്താണ് പാലസ് നിർമിച്ചത്. ആയിരത്തോളം തൊഴിലാളികൾ 16 വർഷംകൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഈ പാലസിപ്പോൾ മ്യൂസിയവും ഹോട്ടലുമാണ്. വടക്കേയിന്ത്യയിൽ രാജകുടുംബങ്ങൾക്കും പ്രഭുകുടുംബങ്ങൾക്കും സ്വകാര്യ മ്യൂസിയങ്ങളുണ്ട്. ഉമൈദ് ഭവൻ പാലസിലെ താമസം അതിസമ്പന്നർക്കു മാത്രമേ സാദ്ധ്യമാവൂ.
പുരാവസ്തുവ്യാപാരത്തിന്റെ കൂറ്റൻ തെരുവുകളുണ്ട് ജോഥ്പൂരിൽ. പഴയ ഗൃഹാവശിഷ്ടങ്ങളും മര ഉരുപ്പടികളും ഫർണിച്ചറുകളും വിൽക്കാൻ വച്ചിട്ടുണ്ട്. മിനിയേച്ചർ ചിത്രങ്ങൾക്കു പ്രശസ്തവുമാണ് രാജസ്ഥാൻ. മിനിയേച്ചർ ചിത്രങ്ങൾ പേർഷ്യൻസ്വാധീനത്തിൽ നിന്നു പിറവികൊണ്ടതാണ്. മുഗളസാമ്രാജ്യം വഴിയാണ് വടക്കേയിന്ത്യയിലെ കലയിലും സംഗീതത്തിലും വാസ്തുശില്പകലയിലും നെയ്ത്തിലുമൊക്കെ പേർഷ്യൻസ്വാധീനം ആഴത്തിൽ വേരാഴ്ത്തുന്നത്. ബുക് ഇലസ്ട്രേഷന്റെ പൗരാണിക മാതൃക കൂടിയാണ് മിനിയേച്ചർ ചിത്രങ്ങൾ. രാജകുടുംബങ്ങളിലും പ്രഭുകുടുംബങ്ങളിലും ധാരാളം ചിത്രങ്ങൾ ഉണ്ടായിരുന്നു. പിൽക്കാലം ഇത്തരം ചിത്രങ്ങൾ പുരാവസ്തുവിപണിയിലെത്തി. ജോഥ്പൂരിലെ പുരാവസ്തു അവശിഷ്ടങ്ങൾക്കിടയിൽ ഒട്ടകങ്ങൾ അയവെട്ടിക്കിടക്കുന്നതു കണ്ടു. രാത്രികാലങ്ങളിലും ചരക്കു കയറ്റി ഒട്ടകവണ്ടികൾ കടന്നുപോവുന്നു. മരുഭൂമിയിൽ ഒട്ടകങ്ങൾ വലിക്കുന്ന ചരക്കുവണ്ടികൾ സജീവമാണ്. പുരാവസ്തുക്കൾ വിൽക്കുന്ന തെരുവുകളിലെ അവശിഷ്ടങ്ങൾക്കു മുകളിൽ മയിലുകളും ചേക്കേറാൻ വരുന്നു. തെരുവോരങ്ങളിലെ മരക്കൊമ്പുകളിൽ തത്തകളും ധാരാളം. രാജസ്ഥാൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന തത്തകളുടെ വൈപുല്യം നമ്മെ അത്ഭുതപ്പെടുത്തും.
ഒഷ്യാനിലേക്കു യാത്ര പുറപ്പെട്ടപ്പോഴേക്കും വെയിൽ തീക്ഷ്ണമായി.
നന്നേ ചെറിയ പട്ടണമാണ് ഒഷ്യാൻ. മരുഭൂമിയിലെ മണൽക്കൂനകൾ കാണാൻ വരുന്ന സന്ദർശകരെക്കൊണ്ട് പുലരുന്ന പട്ടണമാണ് ഒഷ്യാൻ. വർഷം മുഴുവൻ സ്ഥിരതാമസമാക്കുന്നവർ കുറവാണിവിടെ.
തൊഴിൽസാദ്ധ്യതയൊന്നുമില്ല. തൊഴിലെടുത്തുജീവിക്കുന്നവർക്ക് ജോഥ്പൂരിനെ ആശ്രയിക്കണം. ഗ്രീഷ്മം പിറക്കുന്നതോടെ ആളുകൾ ഇവിടം വിട്ടുപോകാൻ തുടങ്ങും. ജനവാസം തീരെ കുറഞ്ഞ പട്ടണവുമാണിത്.
ഏഴോ എട്ടോ നൂറ്റാണ്ടിൽ നിർമിച്ച ഒരു ഹരിഹരക്ഷേത്രമുണ്ടിവിടെ. വാസ്തു ശില്പകലയിൽ പേർഷ്യൻ സ്വാധീനമുള്ള മാർവാറിശിവക്ഷേത്രനിർമിതിയുടെ മികച്ച മാതൃക. സർപ്പച്ചുറ്റുകളുള്ള കവാടമാണ് മുഖ്യ ആകർഷണം. ജൈന ശില്പ ഭംഗികൾ നിറഞ്ഞ മഹാവീരക്ഷേത്രവും ഒഷ്യാന്റെ സവിശേഷതയാണ്. ഒഷ്യാനിലെ സൂര്യക്ഷേത്രവും ശില്പഭംഗികൾകൊണ്ടു സമ്പന്നമാണ്. ദുർഗ/സൂര്യ/ഗണേശ വിഗ്രഹങ്ങൾ ഇവിടെയുണ്ട്.
കാര്യമായകൃഷിയോ വ്യവസായമോ ഇല്ല. ഗ്രീഷ്മത്തിന്റെ പാരമ്യതയിലെത്തിയാൽ വിനോദസഞ്ചാരത്തിനും അവധിയായി. മരുഭൂമിയിൽനിന്നുള്ള ചൂടുകാറ്റുകൊണ്ട് കരുവാളിക്കുന്ന ഭൂപ്രദേശമായി ഒഷ്യാൻ മാറും. തെരുവുകൾ വിജനമാവും. ആളുകൾ
ജോഥ്പൂരിലേക്കു ചേക്കേറും. ശിരോവസ്ര്തംകൊണ്ടു പൂർണമായും വദനം മൂടിയ മാർവാറി സ്ര്തീകളെ ഒഷ്യാന്റെ തെരുവുകളിൽ കണ്ടുമുട്ടാം. വളരെ യാഥാസ്ഥിതിക ജീവിതം നയിക്കുന്നവരാണ് മാർവാറികൾ. രജപുത്രരുടെ വിശ്വാസങ്ങൾക്കു തീവ്രതയേറും. ഹരിഹരക്ഷേത്രത്തിലേക്കുള്ള വഴിയോരത്തു വച്ച് ഒരു ശില്പിയെ കണ്ടുമുട്ടി. കല്ലിലും ലോഹത്തിലും അയാൾ ദേവീദേവന്മാരുടെ ശില്പങ്ങൾ ഉണ്ടാക്കും. പിത്തളയിൽ തീർത്ത രാധാ/കൃഷ്ണ വിഗ്രഹങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. ഒരുപാടുനേരം ആ ശില്പിയോട് വിലപേശിയാണ് ഞാനതു കൈക്കലാക്കിയത്.
മരുഭൂമിയിലൂടെ വഴിതെറ്റാതെ യാത്ര ചെയ്യുന്ന നാടോടിസംഘത്തെക്കുറിച്ച്
ആരോ പറഞ്ഞു. ഒഷ്യാനിലൂടെ വഴിതെറ്റാതെ യാത്ര ചെയ്താൽ ഗുജറാത്തിലെ കച്ചിലെത്താം. മരുഭൂമിയുടെ ഭൂമിശാസ്ര്തം അത്രയ്ക്ക് അറിയുന്നവർക്കു മാത്രമേ ആ യാത്ര സാദ്ധ്യമാവൂ. യാത്രകളെ ജീവിതചര്യയുടെ ഭാഗമാക്കിയ നാടോടികൾ രാജ
സ്ഥാനിലുണ്ട്. അവർക്കൊപ്പമുള്ള യാത്ര അസാധാരണം തന്നെയായിരിക്കും.
ഉച്ച ചാഞ്ഞപ്പോൾ മണൽക്കൂനകൾ അന്വേഷിച്ച് ഞങ്ങൾ മരുഭൂമിയുടെ അതിർത്തിയിലെത്തി. മണൽക്കൂനകളുടെ സൗന്ദര്യം ശരിക്കും അറിയാൻ വളരെ ഉള്ളിലോട്ടു നടക്കണം. സായാഹ്നങ്ങളിലെ നടത്തം രസകരമാണ്. മണലിലൂടെയുള്ള നടത്തത്തിനുവേഗത കിട്ടില്ല. മണൽക്കൂനകളുടെ മുകളിൽ കയറി ഴോട്ട് ഉരസിയിറങ്ങുക രസകരമാണ്. കൈപ്പണികൾ മണലിലേക്കാഴ്ത്തിയാൽ രസമുള്ള തണുപ്പ് ശരീരമാസകലം പടരും.
കുറച്ചുദൂരം നടന്നപ്പോൾ ചെറിയൊരു കൂടാരം കണ്ടു. ഗ്രാമീണരുടെ
വീടുകളായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ അതു റിസോർട്ടായിരുന്നു. താത്കാലിക നിർമിതിയാണെങ്കിലും മാർവാറി വാസ്തുശില്പരീതികളുടെ പല സവിശേഷതകളും സ്വീകരിച്ചുകൊണ്ടു നിർമിച്ചതാണ്. തുണിയും നേർത്ത മരപ്പാളികളും ഉപയോഗിച്ചാണിവ നിർമിക്കുക. ആ റിസോർട്ടിനു ചുറ്റും മണൽക്കൂനകളാണ്. അവിടെ താമസിക്കുന്ന വിനോദസഞ്ചാരികൾക്കുവേണ്ടി
ഒട്ടകങ്ങളും കൂടാരങ്ങൾക്കു മുമ്പിലുണ്ട്.
കൂടാരങ്ങൾക്കിടയിലൂടെ അപ്പുറത്തെ മണൽക്കൂനയിലേക്കു
പോകാൻ തുനിഞ്ഞപ്പോൾ ഒരു പാറാവുകാരൻ വന്നു തടഞ്ഞു. ആ സ്ഥലം അവരുടേതാണെന്നു പറഞ്ഞു. കാറ്റു നിർമിക്കുന്ന മണൽക്കൂനകൾ എങ്ങനെയാണവർക്ക് സ്വന്തമാവുക.