ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്നു ശാരദ നായർ, 91 വയസ്സ്, ഇന്നു വെളുപ്പിന് (ഏപ്രിൽ 15, 2019 ) മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവ്‌ലിയിൽ നിര്യാതയായി. ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്‌ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരുടെ ഭാര്യയാണ് ശാരദ നായർ. മുംബയിൽ മകൻ ഡി.ആർ. നായരോടൊപ്പമായിരുന്നു വര്ഷങ്ങളായി അവർ താമസിച്ചു പോന്നത്. തിരുവനന്തപുരം ജില്ലാ മുൻസിഫായിരുന്ന ശങ്കരവേലി പരമേശ്വരൻ പിള്ളയുടെ മകളാണ്.
പത്മനാഭപിള്ളയുടെ മരണശേഷം ദാമോദരൻ നായരുമൊത്തു ശബ്ദതാരാവലിയുടെ നാലാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ ശാരദനായർ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട്. കേരളം സർക്കാരിന്റെ പരിഭാഷ വിഭാഗത്തിൽ മേധാവിയായിരുന്നു ദാമോദരൻ നായർ.
മുംബൈ ജീവിതകാലത്തും സാഹിത്യത്തിൽ അതീവ തല്പരയായിരുന്ന അവർ അവസാനകാലങ്ങളിൽ പോലും പ്രവാസി ശബ്ദത്തിലും മറ്റും സ്ഥിരമായി എഴുതിപ്പോന്നിരുന്നു.
2013-ൽ കേരള സാഹിത്യ അക്കാഡമിയുമൊത്തു കാക്ക സംഘടിപ്പിച്ച സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ശാരദ നായരെ അവരുടെ വസതിയിലെത്തി പൊന്നാടയണിയിച്ചു ആദരിച്ചിരുന്നു. സിംഗപ്പുർ ആസ്ഥാനമായുള്ള തുളസി ബുക്സിന്റെ സ്വാമി നിർമലാനന്ദ അവാർഡും 2018 -ൽ ശാരദനായർക്കു ലഭിച്ചിരുന്നു.
കൂടാതെ കഴിഞ്ഞവർഷം മുംബയിലെ കേരള ഭാഷ പ്രചാരണ സംഘം മലയാള ഭാഷക്ക് നൽകിയ അവരുടെ സേവനങ്ങളെ മുൻനിർത്തി 50001 രൂപയും പ്രശസ്തി പത്രവും നൽകുകയുണ്ടായി.