തകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നുണ്ട്.
കണ്ണങ്കാൽവരെ വെള്ളംപൊങ്ങിയ മുറ്റത്തുകൂടി നടക്കുമ്പോൾ അയാൾ ചുറ്റും നോക്കി. ആഞ്ഞു വീശിയ കാറ്റിൽ മുരിങ്ങയുടെ കൊമ്പിടിഞ്ഞ് തൊഴുത്തിന്നരികത്ത് പതിച്ചിരിക്കുന്നു. അൽപ്പംകൂടി മാറിയാണ് അത് വീണതെങ്കിൽ കുറെയേറെ ഓടുകൾ പൊട്ടിപ്പോയേനെ. ദൈവം കാത്തു. കുലയ്ക്കാറായ അഞ്ചാറുവാഴകൾ തൊടിയിൽ കാറ്റത്ത് പൊട്ടി വീണു കിടപ്പുണ്ട്. ഇന്നലെവരെ ഈ വേനൽക്കാലം മുഴുവൻ സൗദാമിനി ആ വാഴകളെ കുടംകൊണ്ട് വെള്ളം കോരി നനച്ച് വളർത്തിയതാണ്. ഇനി അതാലോചിച്ചിട്ട് കാര്യമില്ല. അല്ലെങ്കിലും എല്ലാ കൊല്ലവും പുതുമഴ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്താറുണ്ട്. പോയതു പോവട്ടെ എന്നു കരുതി സമാധിക്കാനേ പറ്റൂ.
വിളിക്കാതെ വന്ന അതിഥികളെപ്പോലെ മുറ്റത്തേക്കു പടർന്നു കയറിയ മത്തൻറെ വള്ളികൾ മഴയേറ്റതോടെ ഒന്നുകൂടി ഉഷാറായി തോന്നുന്നു. അൽപ്പനേരം അവയെ നോക്കി നിന്നതിന്നുശേഷം കാളിങ്ങ് ബെല്ലിൻറെ സ്വിച്ചിൽ കൈ അമർത്തി. അകത്ത് ഒരു ശബ്ദവും കേൾക്കാനില്ല. മഴ കറണ്ടിനെ ഓടിച്ചു വിട്ടതാവും. അയാൾ അടഞ്ഞ വാതിലിൽ കൊട്ടി.
‘’ബൈക്കിൻറെ ചെത്തം കേട്ടില്ലല്ലോ’’ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ ചോദിച്ചു.
‘’നമ്മുടെ ഇടവഴിയിലേക്ക് തിരിഞ്ഞതും എഞ്ചിൻ ഓഫായി. മഴയത്ത് നിന്നുതിരിയാതെ ഞാൻ വേഗം അത് ഉന്തിക്കൊണ്ട് പോന്നു’’ അയാൾ അകത്തു കയറി.
‘’ഈ മഴയത്ത് നിങ്ങള് എങ്ങിനേയാ വരിക എന്ന് ആലോചിച്ച് ഞാൻ ഇരിക്കുകയായിരുന്നു’’.
‘’ഗോവിന്ദൻകുട്ടിടെ കോട്ട് സ്റ്റേഷനിലുണ്ടായിരുന്നു. അവൻ അളിയൻറെ കൂടെ പഴനിയിലേക്ക് പോയതാ. നാളെ രാവിലെയാണ് മടങ്ങി വരിക മഴയുടെ ലക്ഷണം കണ്ടപ്പോൾ ഞാനതെടുത്തു. അല്ലെങ്കിൽ മഴ തീരാൻ കാത്തു നിൽക്കേണ്ടി വന്നേനെ’’.
‘’അതു നന്നായി. നേരത്തെ വീടെത്തിയല്ലോ’’.
‘’എവിടെ എൻറെ നന്ദിനിക്കുട്ടി’’ അച്ഛൻറെ ശബ്ദം കേൾക്കുമ്പോഴേക്ക് ഓടിയെത്തുന്ന മകളാണ്. ഇന്നെന്തു പറ്റി? അസുഖം വല്ലതും ഉണ്ടോ?
‘’പരിഭ്രമിക്കുകയൊന്നും വേണ്ടാ’’ സൗദാമിനിയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ’’നമ്മുടെ മോള് വലുതായി. അതാ ഓടി വരാത്തത്’’.
പെട്ടെന്നയാൾക്ക് കാര്യം പിടി കിട്ടിയില്ല.
‘’അത്രയൊന്നും ആലോചിക്കേണ്ടാ. പെൺകുട്ടികൾ വലുതാവുമ്പോൾ ഉണ്ടാവുന്നതേ സംഭവിച്ചിട്ടുള്ളു. മോള് വയസ്സറിയിച്ചു’’.
‘’ഇത്ര ചെറുപ്പത്തിലോ? അവള് എട്ടിൽ ആയിട്ടല്ലേയുള്ളൂ’’.
‘’നിങ്ങളെന്തു വർത്തമാനാ പറയുന്നേ. പഠിക്കുന്ന ക്ലാസ്സ് നോക്കിയിട്ടാ ഇതൊക്കെ വരിക. ശരിക്കു പറഞ്ഞാൽ ഇത്തിരി വൈകിയതാ. കൂടെ പഠിക്കുന്ന മിക്ക കുട്ട്യേൾക്കും എത്രയോ മുമ്പേ ആയി കഴിഞ്ഞു’’.
അയാൾ മകളുടെ റൂമിലേക്ക് നടന്നു. ജനാലയിലൂടെ പുറത്തെ മഴയും നോക്കി കുട്ടി കട്ടിലിലിരിപ്പാണ്.
‘’അച്ഛാ’’ കാൽപ്പെരുമാറ്റം കേട്ട് കുട്ടി എഴുന്നേറ്റു.
‘’മോളിരുന്നോ. അച്ഛൻ ഈ ഡ്രസ്സൊക്കെ മാറ്റട്ടെ’’.
‘’ഇതി ന് ചില ചടങ്ങുകളൊക്കെ ഇല്ലേ. എല്ലാവരേയും അറിയിക്കണ്ടേ’’ ഭാര്യ നീട്ടിയ ചായ വാങ്ങി ഒരിറക്ക് കഴിച്ച് അയാൾ ചോദിച്ചു.
‘’നിങ്ങൾക്കെന്താ പ്രാന്തുണ്ടോ. ഇന്നത്തെ കാലത്ത് ആരാ ഇതൊക്കെ ആഘോഷിക്ക്യാറ്. ആരോടും ഒന്നും പറയണ്ടാ, വെറുതെ കുട്ടിക്ക് കുറച്ചില് തോന്നാൻ’’.
‘’എപ്പോഴെങ്കിലും വേണ്ടപ്പെട്ട ആളുകള് അറിഞ്ഞാലോ’’.
‘’അറിയുമ്പൊ അറിഞ്ഞോട്ടെ. സ്കൂള് വിട്ടു വന്നിട്ടാ ആയത്. നാളെ ശനി, മറ്റന്നാൾ ഞായർ. തിങ്കളാഴ്ച ഒരു ദിവസം ലീവെടുത്തോട്ടെ. ആരെങ്കിലും ചോദിച്ചാൽ പനിയാണെന്ന് പറഞ്ഞാൽ മതി’’
‘’അതേ, ഇനിയാണ് നമ്മള് സൂക്ഷിക്കേണ്ടത്’’ രാത്രി കിടക്കുമ്പോൾ സൗദാമിനി ഭർത്താവിനോട് പറഞ്ഞു.
‘’അതെന്താ അങ്ങിനെ’’
‘’ഒരു പെൺകുട്ടിയുള്ളത് മുതിർന്നു. ആ ഓർമ്മ വേണം’’.
‘’അതോ? എനിക്കെന്താ ഓർമ്മയില്ലാന്നാ താൻ കരുത്യേത്. ഒരിക്കലും ആരേയും വേദനിപ്പിച്ച് ഒന്നും ഉണ്ടാക്കണ്ടാ എന്ന് താൻ പറയുന്നത് കേട്ട് മറ്റുള്ളവരെപോലെ കൈക്കൂലി ഒന്നും വാങ്ങാറില്ല. എന്നാലും വാങ്ങുന്ന ശമ്പളം അതേപടി ഞാൻ വീടെത്തിക്കാറുണ്ടല്ലോ. ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ പി. എഫിൽ നിന്ന് ലോണെടുത്ത് ഞാൻ കുറേശ്ശയായി സ്വർണ്ണം വാങ്ങി കൂട്ടുന്നില്ലേ? പിന്നെന്തിനാടോ തനിക്ക് ഇത്ര ബേജാറ്’’.
‘’ഇല്ല എന്നൊന്നും ഞാൻ പറയില്ല. പക്ഷെ അതു മാത്രം പോരല്ലോ. ഒരാളുടെ ശമ്പളംകൊണ്ട് ഈ കാലത്ത് എന്തിനൊക്കെ തികയും. ആ ധാരണ ഉള്ളതോണ്ട് ഞാൻ പത്തുപറ കണ്ടത്തിൽ നിന്ന് കിട്ടുന്ന നെല്ല് ഒരു കുരുമണി വീട്ടാവശ്യത്തിന്ന് എടുക്കാതെ ഉള്ളതു മുഴുവൻ വിറ്റു കാശാക്കി ആരുടേയെങ്കിലും റേഷൻകാർഡ് ഇരന്നു വാങ്ങി അതിലെ അരികൊണ്ട് കുടുംബത്തിലെ ചിലവ് നടത്തുന്നത്. അതും പോരാഞ്ഞ് ഒരു മിനുട്ട് ഒരിടത്തിരിക്കാതെ കോഴിയെ വളർത്തീട്ടും പശുവിനെ കെട്ടി കറന്ന് പാലു വിറ്റിട്ടും പത്തിരുപത് സെൻറ് തൊടിയുള്ളതിൽ കൊത്തിക്കിളച്ച് കൃഷിചെയ്ത് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവിറ്റിട്ടും പത്തു കാശുണ്ടാക്കുന്നത്.. അങ്ങിനെ കിട്ടുന്ന പണംകൊണ്ട് നറുക്കും കുറിയുംചേർന്ന് ഞാൻ ഓരോന്നൊക്കെ ഉണ്ടാക്കി കൂട്ടുന്നത് ആവശ്യം വരുമ്പൊ കെടന്ന് പരക്കംപായണ്ടല്ലോ എന്നു കരുതിയാണ്’’.
‘’അതോണ്ടൊക്ക്യാവും താൻ അറുകെട്ട പിശുക്കിയാണെന്ന് നമ്മുടെ ബന്ധുക്കളൊക്കെ പറയുന്നത്”
‘’ആര് എന്തു പറഞ്ഞാലും എന്നിക്കൊന്നൂല്യാ. അച്ഛനമ്മമാർക്കാണ് കുട്ടികളെ വളർത്തി വലുതാക്കി ഒരു നിലയ്ക്ക് എത്തിക്കേണ്ടതിൻറെ ഉതരവാദിത്വം. അപ്പൊ കുറച്ചൊക്കെ പിശുക്ക് കാട്ടേണ്ടി വരും’’.
‘’അതുവിടൂ. കാര്യങ്ങളൊക്കെ താൻ മുൻകൂട്ടി കണ്ട് ചെയ്യുന്നുണ്ടല്ലോ. പിന്നെന്താ ഇപ്പൊ ഒരു പ്രശ്നം’’.
‘’നമ്മുടെ കയ്യിലുള്ളത് ഒരു പെൺകുട്ട്യാണ്. അതന്നെ എൻറെ പ്രശ്നം. ഇതുവരെ കുട്ട്യാണ് എന്ന സമാധാനം ഉണ്ടായിരുന്നു. ഇനി ഒരു കണ്ണ് എപ്പഴും അവളുടെ മേത്ത് ഉണ്ടാവണം’’.
‘’അവള് കണ്ണിൽ കണ്ട ആരുടേയെങ്കിലും കൂടെ ചാടിപ്പോവും എന്ന് തനിക്ക് തോന്നുന്നുണ്ടോ’’.
‘’പോവില്ലായിരിക്കും. എന്നാലും പൊട്ടിത്തെറിക്കുന്ന പ്രായമാണ് എന്ന ചിന്ത ഉണ്ടാവണം. അതാ പറഞ്ഞത്’’.
‘’കുട്ടിക്ക് വയസ്സുതികയുന്നതിന്നു മുമ്പേ താൻ പറയാൻ തുടങ്ങിയതല്ലേ അവളുടെ മേത്ത് ഒരു കണ്ണ് വേണംന്ന്. അതുകൊണ്ട് എനിക്ക് താൻ പറയുന്നതിൽ പുതുമ തോന്നുന്നില്ല. വെറുതെ ഓരോന്ന് പറയ്യ്വേന്നെ’’.
‘’ഞാൻ പറയുന്നതാണോ തെറ്റ്. നാട്ടിൽ നടക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഏതൊരമ്മയ്ക്കാ സമാധാനം ഉണ്ടാവ്വാ. സ്കൂളിൽനിന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങി വരുന്ന പെൺകുട്ടിയെ ഒരു തെമ്മാടി ആളോഴിഞ്ഞ തോട്ടത്തില്‍ വെച്ച് മാനം കെടുത്തീട്ട് കഴുത്തു ഞെരിച്ചുകൊന്നു എന്ന് പേപ്പറിൽ വായിച്ച അന്നു മുതൽ മോള് സ്കൂളു വിട്ട് എത്തുന്നതു വരെ എൻറെ ഉള്ളിൽ തിയാണ്’’.
‘’പിന്നീട് എന്നോ ആ പെൺകുട്ടിയുടെ അച്ഛൻ പ്രതിയെ വെടിവെച്ചു കൊന്നു എന്ന് ഞാനും വായിച്ചിരുന്നു’’.
‘’അതോണ്ടെന്താ. പോയ മുതല് കിട്ട്വോ’’.
‘’അതൊക്കെ ശരിതന്നെ. ഈശ്വരാ, ദോഷം ഒന്നും വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്ക്യാ. അതല്ലേ ചെയ്യാൻ പറ്റൂ’’
‘’ഞങ്ങളുടെ കുട്ടിയെ കാത്തോളണേ എൻറെ ഈശ്വരന്മാരേ’’ നെഞ്ചത്ത് കൈവെച്ച് സൗദാമിനി പ്രാർത്ഥിച്ചു.
‘’ഇന്ന് കൊയമ്പത്തൂരിൽനിന്ന് അമ്മ വിളിച്ചിരുന്നു. ഓണപ്പൂട്ടലിന്ന് നന്ദിനിയെ അങ്ങോട്ട് അയക്കാൻ പറഞ്ഞു. സ്കൂൾ തുറക്കുന്നതിൻറെ തലേദിവസം ഇങ്ങോട്ട് എത്തിക്കാമെന്നും പറഞ്ഞു. രാമചന്ദ്രൻ വന്ന് കൂട്ടീട്ടു പോവും. അവൻ തന്നെ കൊണ്ടാക്കും ചെയ്യും’’ ഓണത്തിന്ന് ഒരാഴ്ച മുമ്പ് സൗദാമിനി ഭർത്താവിനോടു പറഞ്ഞു.
അളിയൻ രാമചന്ദ്രനോടൊപ്പം കൊയമ്പത്തൂരിൽ താമസിക്കുകയാണ് സൗദാമിനിയുടെ അച്ഛനമ്മമാർ. പേരക്കുട്ടികളിൽ പെൺകുട്ടിയായി നന്ദിനിക്കുട്ടി മാത്രമേയുള്ളു. അതുകൊണ്ട് അവർക്കവളോട് വലിയ വാത്സല്യമാണ്.
‘’അതിനെന്താ. മോള് പൊയ്ക്കോട്ടെ’’.
‘’എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടാ’’ സൗദാമിനി ചൂടായി’’ മകള് മുതിർന്ന പെൺകുട്ടിയായി. ഇനി അങ്ങിനെ ഓരോ ഇടത്തേക്കൊന്നും അയക്കാൻ പറ്റില്ല’’.
‘’എനിക്കോ അച്ഛനും അമ്മയും ഇല്ല. കൂടപ്പിറപ്പുകളാണച്ചാൽ ഇവിടെ അടുത്തന്നെയാണ്. താമസം. കുട്ടിക്ക് എവിടെയെങ്കിലും പോണം എന്ന് മോഹം തോന്ന്യാൽ വേറെസ്ഥലം ഒന്നൂല്യല്ലോ. അതാ ഞാൻ സമ്മതം പറഞ്ഞത്‘’ മാധവൻ സ്വന്തം നിലപാട് വിശദീകരിച്ചു’’ എന്നിട്ട് താൻ എന്തു പറഞ്ഞു’’.
‘’ഓണപ്പൂട്ടലിൽ കുറെ സ്ഥലങ്ങളൊക്കെ കാണാൻ പോണംന്ന് നിങ്ങൾ പറഞ്ഞൂന്ന് പറഞ്ഞു’’.
‘’അതിന് നമ്മള് എവിടേക്കാ പോണത്’’.
‘’എവിടേക്കും പോണില്ല. അല്ലെങ്കിലും മാടിനേം കോഴിയേം ഇവിടെ വിട്ടിട്ട് എങ്ങോട്ടെങ്കിലും പോവാൻ പറ്റ്വോ’’.
‘’തൻറെ ഓരോ സൂത്രങ്ങള്’’ മാധവൻ ചിരിച്ചു.
++++++++++
‘’ഇനി മൂന്നുമാസം കൂടിയേ ഉള്ളൂ കൊല്ലപരീക്ഷയ്ക്ക്’’ സൗദാമിനി ഭർത്താവിനെ ഓർമ്മിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.
‘’അതിനെന്താ മോള് നല്ലോണം പഠിക്കുന്നുണ്ടല്ലോ’’.
‘’പഠിക്കാത്തതല്ല പ്രശ്നം. സ്കൂളു അടയ്ക്കുമ്പോഴേക്ക് ഒമ്പതിലേക്ക് പുതിയ അഡ്മിഷനൊക്കെ കഴിയും’’.
‘’അതിന് ആർക്കാ അഡ്മിഷൻ’’.
‘’നമ്മുടെ മോൾക്ക് തന്നെ’’.
‘’ഇപ്പൊ പഠിക്കുന്ന സ്കൂളിനെന്താ കുഴപ്പം. നല്ല സ്റ്റാൻഡേർഡ് ഉണ്ട്. പോരാത്തതിന്ന് വീടിൻറെ അടുത്തും. അതുവിട്ട് എന്തിനാ നമ്മൾ വേറെ സ്കൂളു നോക്കുന്നത്’’.
‘’കാര്യോക്കെ ശരി. പക്ഷെ ഇവിടെ ആൺകുട്ട്യേളും പെൺകുട്ട്യേളും ഒന്നിച്ചുള്ള സ്കൂളല്ലേ. പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള സ്കൂളിൽ അവളെ അടുത്ത കൊല്ലം ചേർക്കണം’’.
‘’ഇത്ര സൗകര്യം കളഞ്ഞിട്ട് അങ്ങിനെ വേണോ’’.
‘’വേണം. ഇത്തിരി ബുദ്ധിമുട്ട്യാലും വേണ്ടില്ല, നമുക്ക് മനസ്സമാധാനം കിട്ട്വോലോ.
‘’വെറുതെ ഓരോ മിനക്കെടുത്തലുകള് ഉണ്ടാക്ക്വേന്നെ’’ എന്ന് മാധവൻ പറഞ്ഞുവെങ്കിലും നന്ദിനിക്കുട്ടി ടൗണിലെ ഗേൾസ് ഹൈസ്ക്കൂളിലാണ് അടുത്ത വർഷം പഠിച്ചത്’’.
*************
‘’എന്തിനാ എൻട്രൻസിനൊക്കെ അയക്കുന്നത്. ഇവിടുത്തെ കോളേജിൽ ബി.എ.ക്കോ ബി.എസ്.സിക്കോ ചേർത്തിയാൽ പോരേ’’ മകൾ ഹയർ സെക്കണ്ടറിയിലേക്ക് എത്തിയപ്പോൾ സൗദാമിനി പറഞ്ഞു നോക്കി.
‘’അതു മാത്രം ഞാൻ സമ്മതിക്കില്ല’’ ആദ്യമായി മാധവൻ എതിർപ്പ് പ്രകടിപ്പിച്ചു’’നല്ലോണം പഠിക്കുന്ന കുട്ടിയാണ് നമ്മുടെ മോള്. അവൾക്ക് എന്താ ഇഷ്ടംച്ചാൽ അതിന് പഠിച്ചോട്ടെ’’.
‘’നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഞാൻ അറിയില്ല. എന്നോട് പറയും വേണ്ടാ’’ സൗദാമിനി മനസ്സില്ലാമനസ്സോടെ കീഴടങ്ങി.
************
നന്ദിനിക്കുട്ടി എഞ്ചിനീയറിങ്ങിന്ന് ചേർന്നു.
‘’പുതുതായി ചേരുന്ന കുട്ടികളെ വലിയ ക്ലാസ്സിൽ പഠിക്കുന്ന പിള്ളർ റാഗ് ചെയ്യും എന്ന് കേട്ടിട്ടുണ്ട്’’ സൗദാമിനി ആവലാതിയുടെ അടുത്ത കെട്ടഴിച്ചു.
‘’അതൊക്കെ സാധാരണ ഉള്ളതാണ്. എന്നുകരുതി ആരെങ്കിലും മക്കളെ പഠിക്കാൻ വിടാതിരിക്ക്വോ’’.
‘’എൻറെ മനസ്സിൽ ഒരു പ്ലാനുണ്ട്. ആദ്യത്തെ മൂന്നോ നാലോ ദിവസം നിങ്ങള് കുട്ടിയുടെ കൂടെ കോളേജുവരെ ഒന്ന് ചെല്ലണം. യൂണിഫോം ഇട്ടോളൂ. സബ്ബ് ഇൻസ്പെക്ടറുടെ മകളാണെന്നറിഞ്ഞാൽ അവളുടെ അടുത്ത് ഏളുതം കാട്ടാൻ ആരും ഒന്ന് മടിക്കും’’.
‘’തനിക്ക് എന്നെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കണം അല്ലേ’’’ എന്ന് പറഞ്ഞുവെങ്കിലും ആദ്യത്തെ രണ്ടുദിവസം ഭാര്യ പറഞ്ഞത് അയാൾ അനുസരിച്ചു.
‘’സത്യം പറഞ്ഞാൽ സമാധാനത്തോടെ ഉറങ്ങിയിട്ട് നാള് കുറെയായി. ഓരോന്ന് കാണും കേൾക്കും ചെയ്യുമ്പോൾ പേടിയാവുന്നുണ്ട്’’.
‘’എന്താ ഇപ്പോ ഇത്ര പേടിക്കാൻ ഉണ്ടായത്’’.
‘’ഇന്നത്തെ പേപ്പറിൽ വായിച്ചില്ലേ. എനിക്ക് നിന്നെ സ്നേഹമാണ് കല്യാണം കഴിച്ചോട്ടെ എന്നു പറഞ്ഞ് പിന്നാലെ കൂടിയ ചെക്കനോട് പറ്റില്ല എന്നു പറഞ്ഞതിന്ന് ആ പെൺകുട്ട്യേ അവൻ വഴീൽ വെച്ച് കുത്തി കൊന്നത്രെ’’.
‘’ആ വാർത്ത ഞാനും വായിച്ചു. തനിക്ക് നോർത്ത് ഇന്ത്യയിലെ കഥ കേൾക്കണോ. ഇതേ പോലെയുള്ള സാഹചര്യത്തിൽ അവിടെ ഒട്ടേറെ പെൺകുട്ടികളുടെ മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ചിട്ടുണ്ട്. എന്നാലും അതെല്ലാം വല്ലപ്പോഴും ഉണ്ടാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇപ്പോൾ അതാലോചിച്ച് താൻ വിഷമിക്കേണ്ടാ. നമ്മുടെ നന്ദിനിക്ക് ഒരുകേടും പറ്റില്ല’’.
‘’ഒന്നുപെറ്റത് ഒരു ആൺകുട്ടിയായിരുന്നെങ്കിൽ എത്ര സമാധാനത്തോടെ കഴിയാമായിരുന്നു’’.
‘’അത് തോന്നലാ. ഈ കാലത്ത് ആൺകുട്ടികളേയാണ് സൂക്ഷിക്കേണ്ടത്. എന്തൊക്കെ കുരുത്തക്കേടുകളാണ് അവർ ഒപ്പിക്കുക എന്ന് ആർക്കാ അറിയ്യാ. വീട്ടുകാർ പഠിക്കാൻ അയയ്ക്കും. പിള്ളർ കള്ളു കുടിച്ചും കഞ്ചാവ് വലിച്ചും നടക്കും. പണത്തിന്ന് ബുദ്ധിമുട്ടു വന്നാൽ എന്തു കുറ്റകൃത്യവും ചെയ്ത് അതുണ്ടാക്കാൻ നോക്കും’’.
‘’കാലം തീരെ നന്നല്ല. അതാ കുട്ടികളൊക്കെ തലതിരിഞ്ഞു പോണത്’’
+++++++++++
‘’അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് ഇത്രകണ്ട് വേവലാതി ഉണ്ടാവില്ലായിരുന്നു’’ മകളുടെ പഠനം തീരാറായ ഘട്ടത്തിലാണ് ജോലി എന്ന പ്രശ്നം ഉടലെടുത്തത്.
‘’പഠിപ്പു കഴിയുന്നതിന്നുമുമ്പ് ക്യാമ്പസ് സെലക്ഷൻ കിട്ടിയില്ലേ. അതും ഒന്നാം നമ്പർ സ്ഥാപനത്തിൽ. പിന്നെന്തിനാ വേവലാതി’’.
‘’നിങ്ങൾക്കത് പറയാം. വല്ല ഡിഗ്രിയും എടുത്ത് ബി.എഡും കഴിപ്പിച്ച് പത്തോ ഇരുപത്തഞ്ചോ ലക്ഷംകൊടുത്ത് അടുത്തേതെങ്കിലും സ്കൂളിൽ ടീച്ചറാക്കിയാൽ നമ്മുടെ കാൽക്കീഴിൽ കിടന്നേനെ. ഇത് കൊച്ചിയിലോ ബാംഗ്ലൂരിലോ ഒക്കെയാവും ജോലി എന്ന് മകള് പറയുന്നൂ’’.
‘’പഠിച്ചതിനനുസരിച്ച ജോലി വേണെങ്കിൽ ദൂരെ പോവേണ്ടിവരും’’.
‘’മുന്നുംപിന്നും ആലോചിക്കാതെ പെണ്ണിൻറെ കൂട്ടംകേട്ട് അന്ന് നിങ്ങള് എടുത്തു ചാടിയതോണ്ടല്ലേ ഇന്ന് ഈ തൊന്തരവുണ്ടായത്. ഒരുകാര്യം ഞാൻ ഇപ്പഴേ പറയാം. കുട്ടിടെ പഠിപ്പു കഴിഞ്ഞതും അവളെ പിടിച്ച് ഒരുത്തനെ ഏൽപ്പിക്കണം. അതു കഴിഞ്ഞാലേ എനിക്ക് ഉറക്കം വരൂ’’.
‘’പാകംപോലെ ആലോചന വന്നാൽ നടത്താന്നെ’’.
വിചാരിച്ച മട്ടിൽ പറ്റിയ ആലോചനകളൊന്നും വന്നില്ല. നന്ദിനിക്കുട്ടി ജോലി കിട്ടി എറണാകുളത്ത് താമസമാക്കി. അതോടെ സൗദാമിനിയുടെ അങ്കലാപ്പ് വർദ്ധിക്കുകയും പരാതി കൂടുകയും ചെയ്തു.
***********
‘’ഇന്നലെ എറണാകുളത്ത് നടന്ന ഒരുകാര്യം പേപ്പറിൽ കണ്ടു. ഒന്നിച്ചു ജോലി ചെയ്യുന്ന ഒരാണും പെണ്ണും കാപ്പി കുടിക്കാൻ ചെന്ന കടേല് കേറി ഒരു കൂട്ടം തെമ്മാടികൾ അവരെ ഉപദ്രവിക്കാൻ നോക്കിയത്രേ’’.
‘’ഞാനും വായിച്ചു. ആളുകൾ സദാചാര പോലീസ് ചമഞ്ഞാൽ എന്താ ചെയ്യാ’’.
‘’അതു വായിച്ചതും ഞാൻ മോളെ വിളിച്ചു. അമ്മ പരിഭ്രമിക്കണ്ടാ. ഒന്നും പറ്റാതെ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു. എന്തൊരു ചങ്കുറപ്പാ പെണ്ണിന്’’.
‘’അത്യാവശ്യം ധൈര്യമൊക്കെ എല്ലാവർക്കും വേണം. അല്ലെങ്കിൽ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല’’.
‘’അല്ലെങ്കിലും മക്കളുടെ മനസ്സിൻറെ കട്ടി തള്ളാരുക്ക് ഉണ്ടാവ്വോ’’.
************
‘’സത്യം പറയാലോ, എൻറെ മനസ്സ് നിറഞ്ഞു.. ആണുങ്ങളായാൽ ഇങ്ങിനെ വേണം എന്നാലെ പെണ്ണുങ്ങൾക്ക് നാട്ടിൽ പേടിക്കാതെ കഴിയാൻ പറ്റൂ’’. സൗദാമിനിയുടെ വാക്കുകൾ മാധവന് സന്തോഷം പകർന്നു. സന്ധ്യയോടെ വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ഉണ്ടായ അനുഭവം ഭാര്യയോട് പറഞ്ഞതിൻറെ പ്രതികരണമായിരുന്നു ആ വാക്കുകൾ.
ഹൈവേയിൽ നിന്ന് വലത്തോട്ടുള്ള റോഡിൽ കയറിയതോടെ തിരക്ക് കുറഞ്ഞിരുന്നു. മടിയനായ കുതിരയെപ്പോലെ ബുള്ളറ്റ് അലസമായി നീങ്ങുകയാണ്. ഇരുട്ട് പരന്നു തുടങ്ങുന്നതേയുള്ളൂ. പെയ്തു തീർന്ന മഴ പാതയിലെ കുഴികളിൽ വെള്ളം നിറച്ചിട്ടുണ്ട്. വീടെത്താൻ ഇനി അഞ്ചു കിലോമീറ്ററേയുള്ളു. ചെറിയ അങ്ങാടി കഴിഞ്ഞ് അൽപ്പദൂരം പിന്നിട്ടപ്പോൾ വഴിവിളക്കിൻറെചുവട്ടിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു. ഒരുപക്ഷെ ജോലികഴിഞ്ഞു വീട്ടിലേക്ക് പോവാൻ ബസ്സ്കാത്തു നിൽക്കുകയാവും. ആ ദൃശ്യത്തെ മറികടന്ന് ബുള്ളറ്റ് മുന്നോട്ടു നീങ്ങി.
അവൾ ഒറ്റയ്ക്കല്ലേ എന്ന തോന്നൽ പെട്ടെന്ന് മനസ്സിൽ കടന്നു വന്നു. ഈ വഴി വരാനുള്ള ബസ്സ് ബ്രേക്ക്ഡൗണായി വഴിയിൽ കിടക്കുന്നത് കണ്ടതാണ്. അടുത്തത് എത്താൻ പത്തിരുപത് മിനുട്ടെങ്കിലും കഴിയും. അതുവരെ ഒരു പെൺകുട്ടി ഈ നേരത്ത് ഒറ്റയ്ക്കവിടെ നിൽക്കുന്നത് സുരക്ഷിതമല്ല. അഞ്ചാറ് വായിനോക്കി പിള്ളേരെയല്ലാതെ മറ്റാരേയും സമീപത്തൊന്നും കണ്ടില്ലല്ലോ എന്ന് അപ്പോഴാണ് ഓർത്തത്. ഇത്തരം അവസ്ഥയിൽ നന്ദിനിക്കുട്ടിയാണ് അകപ്പെട്ടതെങ്കിലോ എന്ന തോന്നൽ ഉടലെടുത്തതും മേലാകെ വിറയ്ക്കുന്നതുപോലെ തോന്നി.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ബൈക്ക് തിരിച്ച് അവിടേക്ക് വിട്ടു. റോഡിൻറെ മറുവശത്ത് വണ്ട് നിർത്തി ഹെൽമറ്റ് ഊരി ചുറ്റുപാടും നോക്കി. വായനോക്കികൾ പെൺകുട്ടിയുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിട്ടുണ്ടോ എന്ന് സംശയം. എന്താ ഇവിടെ നിൽക്കുന്നത് എന്നു വേണമെങ്കിൽ ചോദിക്കാം. അതിലും നല്ലത് താൻ ആരാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതാണ്. റെയിൻകോട്ട് അഴിച്ചു മാറ്റി. യൂണിഫോം കണ്ടതോടെ പിള്ളേർ പിൻവാങ്ങി. അടുത്ത ബസ്സ് വന്ന് അവൾ കയറിയതിന്നുശേഷമേ അവിടെനിന്ന് നീങ്ങിയുള്ളു.
+++++++++++
‘’സ്നേഹം നടിച്ച് പെൺകുട്ടികളെ വശീകരിച്ച് കല്യാണം കഴിച്ച് മതം മാറ്റി ഏതോ നാട്ടിലേക്ക് കയറ്റി വിടുന്ന പരിപാടി ഉണ്ടത്രേ. പിന്നെ ഒരു കാലത്തും ആ കുട്ടിയെ കാണാൻ കഴിയില്ല എന്നൊക്കെ ടി.വി. ല് കണ്ടു. നമ്മുടെ മോള് വല്ല ഏടാകൂടത്തിലും ചാട്വോ’’.
‘’തുടങ്ങി തൻറെ ആവലാതി. എന്തിനാ വേണ്ടാത്ത ആലോചന’’.
‘’ഞാൻ പറയാറില്ലേ. കാലം നന്നല്ല. ഇന്നാള് തൊണ്ണൂറു വയസ്സായ ഒരു തള്ളയെ അടുത്ത വീട്ടുകാരൻ മാനം കെടുത്തി എന്ന് ടി.വി. ല് വാർത്ത വന്നു. എത്ര ആൾക്കാരാ അവനെ കൊല്ലണം എന്ന് എഴുതി കാട്ടിയത്’’.
‘’ആ വാർത്ത തെറ്റായിരുന്നു. അയാളും അവരുമായി വഴിത്തർക്കം ഉണ്ടായിരുന്നു. ആ പക തീർക്കാൻ അയമ്മ കള്ളക്കേസ്സ് കൊടുത്തതാ’’.
‘’അപ്പൊ അച്ഛൻറേയും അമ്മയുടേയും കൂടെ പീടികതിണ്ണയിൽ കിടന്ന പിഞ്ചുകുട്ടിയെ ഒരുത്തൻ എടുത്തു കൊണ്ടുപോയി ദ്രോഹിച്ചതോ’’.
‘’സമ്മതിച്ചു. ഞാനൊന്നു ചോദിച്ചോട്ടെ. ദിവസവും എത്ര ആളുകളാണ് അപകടത്തിൽ മരിക്കുന്നത്. എന്നു കരുതി ആരെങ്കിലും വാഹനത്തിൽ യാത്ര ചെയ്യാതെ ഇരിക്കാറുണ്ടോ. വരുന്നത് വരും. അത്ര കരുതിയാൽ മതി.
സൗദാമിനിയുടെ വേവലാതിക്ക് അറുതിയായി. ആഗ്രഹിച്ചതുപോലെ നന്ദിനിക്കുട്ടിയുടെ വിവാഹം നടന്നു. എല്ലാംകൊണ്ടും യോജിച്ച ഒരു ബന്ധംതന്നെ ലഭിച്ചു.. രണ്ടാഴ്ച കഴിഞ്ഞതും മരുമകൻ ലീവുതീർന്ന് മുംബെയിലേക്ക് യാത്രയായി, ഒപ്പം നന്ദിനിക്കുട്ടിയും. ഇനി അവൾ അവിടെ ജോലിക്ക് ചേരുകയാണത്രേ.
നനഞ്ഞ കണ്ണുകളുമായി സൗദാമിനിയും മാധവനും മരുമകനേയും മകളേയും യാത്രയാക്കി.
‘’ഒരുകാര്യം ചോദിച്ചാൽ ദേഷ്യം തോന്ന്വോ’’പിറ്റേന്ന് സൗദാമിനി മാധവനോട് ചോദിച്ചു.
‘’ഇല്ല. എന്താണെച്ചാലും ചോദിച്ചോളൂ’’
‘’നിങ്ങൾക്ക് അവിടെ പരിചയക്കാര് ആരെങ്കിലും ഉണ്ടോ’’
‘’എവിടെ’’മാധവനൊന്നും മനസ്സിലായില്ല.
‘’മുംബേല്. അല്ലാതെവിടേയാ’’.
‘’എന്താ കാര്യം’’.
‘’അന്വേഷിച്ചിട്ട് നടത്തിയ കല്യാണമൊക്കെത്തന്നെ. പക്ഷെ മനുഷ്യൻറെ സ്വഭാവം അല്ലേ. ചെക്കൻ അവളെ അവിടെ കൊണ്ടുപോയി വല്ലതും ഉപദ്രവിച്ചാലോ’’.
‘’അവനവളെ ചുവന്നതെരുവിൽ കൊണ്ടുപോയി വിൽക്ക്വോന്നൂല്യാ’’ മാധവന്ന് ദേഷ്യംവന്നു‘’പരാതിയൊക്കെ ഒരുവിധം തീർന്നൂന്ന് കരുതി സമാധാനിച്ചതാണ്. അപ്പോഴിതാ വേറൊന്ന്. ചാവുന്നതുവരെ താൻ സമാധനം തരില്യാ എന്നുണ്ടോ’’.
‘’നിങ്ങൾക്കറിയാഞ്ഞിട്ടാ, ഒരമ്മടെ മനസ്സിലെ തീയ്യ്. മക്കളെപ്പറ്റിയുള്ള ആധിയാണ് എന്നും’’സൗദാമിനി കണ്ണും തുടച്ച് അകത്തേക്ക് പോയി.
‘’താൻ വിഷമിക്കണ്ട. ഡോംബ്‌വെല്ലിയിൽ ഒരു പരിചയക്കാരനുണ്ട്. അയാളോട് അന്വേഷിക്കാൻ പറയാം’’ അൽപ്പം കഴിഞ്ഞ് മാധവൻ ഭാര്യയെ സമീപിച്ചു ’’വേണച്ചാൽ നമുക്കവിടെ പോയി ഒക്കെ ഒന്നു കണ്ടിട്ട് പോരും ചെയ്യാം’’.
‘’ഒരു കാര്യം കൂടി പറഞ്ഞോട്ടെ’’രാത്രി കിടക്കുമ്പോൾ സൗദാമിനി ചോദിച്ചു.
‘’എന്താത്’’.
‘’എനിക്ക് രണ്ട് ആട്ടിൻകുട്ട്യേളെ വാങ്ങിത്തരണം’’.
‘’അതിൻറെ ഒരു കുറവേ ഉള്ളൂ. അടങ്ങി ഒതുങ്ങി ഇരിക്കാൻ വയ്യ. അതാ ഇങ്ങിനത്തെ ഓരോ തോന്നല്. നാലുകൊല്ലം കഴിഞ്ഞാൽ വയസ്സ് അമ്പതാവും. അത് ഓർമ്മ വേണം’’.
‘’അത് അപ്പോഴല്ലേ. ആവുന്നകാലത്ത് ഒരാളും മടിപിടിച്ച് ഇരിക്കരുത്. എന്തെങ്കിലും എപ്പോഴും ചെയ്യണം. ആടാവുമ്പൊ കുറച്ചു നോട്ടം മതി. അത് പെട്ടെന്ന് പെറ്റു പെരുകും. കുറച്ചു കാലംകൊണ്ട് ഇരട്ടിക്കിരട്ടി പണം കയ്യിൽ വരും’’.
‘’എന്തിനാ ഇനി കഷ്ടപ്പെട്ട് സമ്പാദിക്കുന്നത്. നമ്മുടെ പ്രാരബ്ധം ഒക്കെ കഴിഞ്ഞില്ലേടോ’’.
‘’ഇതാ നന്നായത്. മകൾക്ക് കുട്ടികളുണ്ടാവില്ലേ. അവർക്കും വല്ലതും കരുതി വെക്കേണ്ടാ’’.
മാധവൻ ഉറക്കെ ചിരിച്ചു. എന്നിട്ട് ഭാര്യയോട് പറഞ്ഞു‘’അങ്ങിനെ ഒരു മോഹം താൻ മനസ്സിൽ വെച്ചോണ്ട് നടക്കണ്ടാ. ഉറപ്പായിട്ട് ഞാൻ വാങ്ങിതരാം’’ അടുത്തു കിടക്കുന്ന മനസ്സിലാക്കാനാവാത്ത മനസ്സിൻറെ ഉടമയെ അയാൾ മെല്ലെ തഴുകി.
മൊബൈല്‍: 94954 51280