സെന്‍ട്രല്‍ സ്റ്റേഷനിലെ പ്ലാറ്റ് ഫോം അവസാനിക്കുന്നതിനുമപ്പുറം, ട്രാക്കുകള്‍ വേര്‍പിരിഞ്ഞ് പോകുന്നതിനിടയിലുള്ള ത്രികോണാകൃതിയിലെ ഉദ്യാനവും കഴിഞ്ഞുള്ള ചെറിയ ഗണേശ മന്ദിറിനടുത്ത്, ആൽമരചുവട്ടിൽ തന്റെ വിശ്രമസ്ഥലത്ത് ചാക്കുവിരിയില് കിടന്ന് മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നു ബണ്ടി. അധികം ദൂരെയല്ലാതെ കടന്നു പോകുന്ന ഇലക്ട്രിക്ക് ട്രെയിനുകളുടെ ഇരമ്പം അവന്റെ കാതുകളിലേക്ക് ചൂഴ്ന്നിറങ്ങി. എങ്കിലും ആ ശബ്ദം അവനെ ഒട്ടും അലോസരപെടുത്തിയിരുന്നില്ല. ആ ഇരമ്പം ഒരു ജീവസംഗീതം പോലെ ആസ്വദിക്കാൻ ഇതിനകം അവൻ പരിചയിച്ചു കഴിഞ്ഞിരുന്നു.
രാവിലെ 8 മണിക്ക് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കടുത്ത വണ്ടിയില്‍ നിന്നും ചാടിയിറങ്ങുമ്പോള്‍ ട്രാക്കില്‍ വഴുതി വീണ് വലതുകാല്‍ നഷ്ടപ്പെട്ട ഏതോ ഒരു വിദ്യാര്‍ത്ഥിയുടെ ചോരയില്‍ കുതിര്‍ന്ന ശരീരം വാരിയെടുത്ത് റയിൽവേ ആശുപത്രിയില്‍ എത്തിച്ച് വേണ്ടപ്പെട്ടവരെ ഏല്പിച്ച് മടങ്ങിവന്ന് വിശ്രമിക്കുകയായിരുന്നു ബണ്ടി. പാവം പയ്യന്, പരീക്ഷയെഴുതാന്‍ പറ്റാത്ത മനോവിഷമമായിരുന്നു കടുത്ത വേദന കടിച്ചമര്‍ത്തുമ്പോഴും അവന്റെ വാക്കുകളില്‍. വേര്‍പ്പെട്ടുപോയ ചതഞ്ഞരഞ്ഞ വലതുകാല്‍ പെറുക്കിയെടുത്ത് ചേര്‍ത്തു വച്ചിരുന്നതുകൊണ്ട് കാല് വേർപെട്ടുപോയ കാര്യമൊന്നും അപ്പോഴും പയ്യന് തിരിച്ചറിഞ്ഞിരുന്നില്ല. സ്റ്റേഷന്മാസ്റ്ററില്നിന്നും കിട്ടിയേക്കാവുന്ന അടുത്ത അപകടവാർത്തയ്ക്കു കാതോര്‍ത്ത് അയാള്‍ ഇരുന്നു. വല്ല വാര്ത്തകളുമുണ്ടെങ്കില് ശര്‍മ്മാജി തന്റെ വാട്ട്സാപ്പില്‍ മെസേജ് തരും. ഉറക്കക്ഷീണത്തിന്റെ ബാക്കിപത്രംപോലെ ബണ്ടി കോട്ടുവായിട്ടു. മൊബൈലില്‍ ഓഫ് ചെയ്തുവച്ചിരുന്ന നെറ്റ് ഓൺ ചെയ്ത് വെയിൽ നാളങ്ങളേറ്റു തിളങ്ങുന്ന അരയാലിലകള്ക്കിടയിലൂടെ ആകാശത്തിലേക്കു നോക്കി അയാൾ മലര്‍ന്നു കിടന്നു.
ഏതാണ്ട് രണ്ട് മാസംകൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നതില്‍ ബണ്ടി ഒരു എക്സ്പെർട്ടായിട്ടുണ്ട്. അതിന്റെ ഒരു അഹന്തയും സന്തോഷവും ഒരേസമയം ബണ്ടിയുടെ മുഖത്ത് നിഴലിച്ചിരുന്നു. എല്ലാമാസവും സ്റ്റേഷന്മാസ്റ്റര് ശര്‍മ്മാജി നൂറ്റമ്പതു രൂപയ്ക്ക് ടോപപ്പ് ചെയ്തുതരും. കൂട്ടത്തില്‍ 2 ജീബി ഇന്റര്‍നെറ്റ് ഫ്രീ. ഒരു ഓര്‍മ്മപെടുത്തലിന്റെ ആവിശ്യം വരാറില്ല. ഒരു വഴിപാടുപോലെ ശര്‍മ്മാജി അത് ചെയ്തിരിക്കും. അപ്പോഴാണ് ആ മൊബൈല്‍ തന്റെ കൈയിലെത്തിചേര്ന്ന സംഭവം ബണ്ടിയുടെ മനസ്സില്‍ തെളിഞ്ഞുവന്നത്. രണ്ടുമാസം മുമ്പ് ട്രെയിനിറങ്ങുമ്പോള്‍ രക്ത സമ്മർദം കൂടി പ്ലാറ്റ്ഫോമില്‍ മറിഞ്ഞുവീണ് മരിച്ച റിസര്‍വ്വ്ബാങ്ക് ഉദ്യോഗസ്ഥന്റെ പോക്കറ്റില്നിന്നും തെറിച്ച് വീണ് ട്രാക്കില്‍ കിടന്നിരുന്ന മൊബൈല്‍ ആരും കാണാതെ പെട്ടെന്ന് എടുത്ത് ബണ്ടി പോക്കറ്റിലിടുകകയായിരിന്നു. അനാഥമായി കിടക്കുന്ന മൊബൈല്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരുപൂതി മനസ്സില്‍ കുടിയേറി. വല്ലപ്പോഴുമൊക്കെ നിയന്ത്രിക്കാൻ കഴിയാത്ത ചില ആഗ്രഹങ്ങള്‍ മനസ്സിലേക്ക് അങ്ങനെ അതിക്രമിച്ച് കടക്കാറുണ്ട്. അല്ലെങ്കിലും മരിച്ചവര്‍ക്കെന്തിനാ മൊബൈല്‍ എന്ന ചിന്തയാണ് തന്റെ തെറ്റായ ആ പ്രവര്‍ത്തിയെ ന്യായികരിക്കാന്‍ ബണ്ടികണ്ടെത്തിയ വാദം. വാട്ട്സ്ആപ്പ് വന്നശേഷം ലോകവാര്‍ത്തകളും സന്ദേശങ്ങളും അറിയുക വളരെയെളുപ്പം തന്നെ. റെയില്‍വേ ഉദ്യോഗസ്ഥരും സബര്‍ബന്‍ മോട്ടോര്മാൻമാരുമായുള്ള ചങ്ങാത്തംവഴി മിക്കവാറും എല്ലാ ലോകകാര്യങ്ങളിലും അപ്ഡേറ്റഡാണ് ബണ്ടി. റൂമില്‍നിന്നുള്ള അനൗൺസ്മെന്റ് ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും ശര്‍മ്മാജിയുടെ വാട്ട്സപ്പ് വഴിയുള്ള അറിയിപ്പുകൾ കാര്യങ്ങള്‍ എളുപ്പമാക്കി.
വീട്ടുടമ ബാബുറാം പരേലിന്റെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സുനന്ദയാണ് വാട്ട്സപ്പ് മൊബൈലില്‍ ഡൗന്‍ലോഡ് ചെയ്തു തന്നതും മെസേജ് ചെയ്യാനും സൗണ്ട് റെക്കോര്‍ഡിങ്ങ് ചെയ്യാനും മറ്റും പഠിപ്പിച്ചത്. ആറാം ക്ലാസുകാരനായ തന്റെ പരിമിതമായ ഇംഗ്ലീഷ് ഭാഷപരിജ്ഞാനം അറിയാവുന്നതുകൊണ്ട് ശര്‍മ്മാജി വളരെ ഷോര്ട്ടായിതന്നെ തനിക്കുള്ള മെസേജുകള്‍ അയച്ചുതരും. “മീറ്റ് അര്ജന്റ്”,,”അറ്റന്ട് എറ്റ് പ്ലാറ്റ്ഫോം നമ്പര്‍ 2.”, എന്നിങ്ങനെ ചെറിയ ചെറിയ സന്ദേശങ്ങള്‍. ആലിന്റെ കീഴിലുള്ള തന്റെ താവളം എല്ലാ മോട്ടോർ ഉദ്യോഗസ്ഥര്‍ക്കും ആര്. പി. എഫ് ഉദ്യോഗസ്ഥര്‍ക്കും സുപരിചിതമായതിനാൽ കാര്യങ്ങൾ എളുപ്പമായി.
ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്, അവൻ ഓർത്തു. ഗാവിലുള്ള തന്റെ ഭാര്യയും രണ്ടു വയസ്സായ പൊന്നുമോള് പിങ്കിയും ഒരു മാസത്തെ സഹവാസത്തിന് ഈ മഹാനഗരത്തിലെത്തുന്ന സുദിനം. ബണ്ടിയുടെ സന്തോഷം അതിരറ്റതായിരുന്നു. അയാള്‍ മൊബൈല്‍ എടുത്ത് സമയം നോക്കി. പത്തരയായിരിക്കുന്നു. ഇനിയും മൂന്നുമണിക്കൂര്‍ ബാക്കി. പന്ത്രണ്ടുമണിക്കു വരേണ്ട ദേവയാനി എക്സ്പ്രസ്സ് ഒന്നര മണിക്കൂര്‍ വൈകിയെത്തുന്ന വിവരം ശര്‍മ്മാജി കുറച്ചു മുമ്പ് മെസേജ് അയച്ചിരുന്നു.
ആല്‍മരചുവട്ടിലെ കനത്തില്‍ ഒതുക്കി വിരിച്ച ചാക്കുവിരിയിലെഴുന്നേറ്റിരുന്ന് ബണ്ടി തന്റെ നരച്ചു മുഷിഞ്ഞ ജീന്‍സിന്റെ സൈഡ് പോക്കറ്റില്‍ തിരുകിവെച്ച പ്ലാസ്റ്റിക് പൊതിയില്‍ നിന്നും പുകയില മിശ്രിതമെടുത്ത് ചുണ്ണാമ്പുകൂട്ടി ഉള്ളം കൈയ്യിലിട്ടു തിരുമ്മി പാകപ്പെടുത്തി.നേര്ത്തപൊടികള് ഊതിതെറുപ്പിച്ച് മുന്ചുണ്ടുകള് ചെറുതായി മലര്‍ത്തിപിടിച്ച് ആ പുകയില മിശ്രിതം ചുണ്ടിനും പല്ലിനുമിടയില്‍ തിരുകി. പിന്നെ തലേകെട്ടഴിച്ച് ചിറി തുടച്ചു. ചാക്കുവിരിയില് വീണുകിടന്ന പൊടികള്‍ അടിച്ചു തെറുപ്പിച്ചു. ശേഷം തന്റെ മൊബൈല്സെറ്റെടുത്ത് കണ്ണാടിയാക്കി കറുത്തപാടുകള്‍ വന്ന മുഖസൗന്ദര്യമാസ്വദിക്കാന് തുടങ്ങി. വെട്ടിയൊതുക്കിയതാണെങ്കിലും ചെമ്പിച്ച താടിരോമങ്ങളിലൂടെ കൈ വിരലുകളോടിച്ച് ബണ്ടി ചിറികോട്ടി പല്ലിളിച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി തന്റ്റെ സൗന്ദര്യമാസ്വദിച്ചു. പിന്നെ സെല്‍ഫിയെടുത്ത് വെറുതെ ഒരു രസത്തിന് ശര്‍മ്മാജിക്കും സുനന്ദക്കും വാട്ട്സ്അപ്പില്‍ അയച്ചുകൊടുത്തു. കൂടെ ഒരടിക്കുറിപ്പും “മേരാ അച്ഛാദിന്‍ ആഗയാ”.
“അരെ ബണ്ടി… കൈസേ ബേട്ട, ആജ് ബഹുത് ഖുഷി മേ ദിക്കരേ”. ക്യാ ബാത്ത് ഹെ”? പൂജാരി രാംജിയുടെ ശബ്ദം കേട്ട് ബണ്ടി ചിന്തകളില്‍നിന്നുണര്‍ന്നു. ഭവ്യതയോടെ എഴുന്നേറ്റു നിന്നു. സെന്ട്രല്സ്റ്റേഷനതിര്ത്തിയിലെ ചെറിയ ചെറിയ ക്ഷേത്രങ്ങളിലും അടുത്തുള്ള റയില്‍വേ കോളനിയിലെ ദേവിക്ഷേത്രത്തിലും പൂജ ചെയ്ത് നിത്യവൃത്തി കഴിയുന്ന റാംജി, തന്റെ വിശ്രമസ്ഥലത്തിനടുത്തുള്ള ഗണേശ മന്ദിറിനുള്ളിൽ അതിരാവിലെ പൂജക്ക് വരുമ്പോൾ തന്നെ വച്ച് പോകാറുള്ള ബാഗെടുക്കാന്‍ വന്നതായിരുന്നു. റാംജിയോട് തന്റെ ഭാര്യയും കുട്ടിയും നഗരത്തിലെത്തുന്ന വിശേഷം പറഞ്ഞ് ആശിര്‍വാദം വാങ്ങി അദ്ദേഹം നടന്നകന്നപ്പോള്‍ തന്റെ വാട്ട്സ്അപ്പ് തുറന്ന് ശര്‍മ്മാജിയില്‍ നിന്നു സന്ദേശം വല്ലതും വന്നു കിടപ്പുണ്ടോ എന്നു നോക്കി. ഇന്നു ഞായറാഴ്ചയായ കാരണം ജോലിക്കു പോകുന്നവരുടെ നെട്ടോട്ടം ഇല്ല എന്ന് തന്നെ പറയാം. അപകടങ്ങളും വളരെ കുറവ് തന്നെ. ഉച്ചതിരിഞ്ഞ് നാലുമണിയോടെ മെഗാബ്ലോക്ക് തീരുമ്പോള്‍ യാത്രക്കാരുടെ ഒരു പ്രവാഹമായിരിക്കും. അപ്പോള്‍ തനിക്കും തിരക്കു കൂടും.
ശര്‍മ്മാജീയുടെ മെസ്സേജുകള്‍ തിരിച്ചറിയാന്‍ കടല്തിരകളുടെ സംഗീതം തന്റെ മൊബൈലില്‍ സെറ്റുചെയ്തുവച്ചിരുന്നു. കടല്‍ ബണ്ടിയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. എല്ലാം വൈകുന്നേരങ്ങളിലും ബണ്ടി സീ പോയിന്റിലെ കടല്‍ കാറ്റുകൊള്ളാന്‍ പോകുക പതിവാണ്. നഗരവ്യഥകളുടെ മൗനം പുതച്ച് കിടക്കുന്ന കടലിന്റെ അനന്തതയിലേക്കു നോക്കി സായം സന്ധ്യയുടെ സൗന്ദര്യമാസ്വദിച്ച് കടലും നഗരവും ഇരുള്മൂടുന്നതുവരെ അവിടെയിരിക്കും. പിന്നെ താവളത്തിലേക്ക് തിരിഞ്ഞു നടക്കും. വഴിക്ക് മെട്രോ സിനിമാലൈനിലെ റഹ്മാനിയ ഹോട്ടലില്‍ നിന്നും പൊറോട്ടയും ചെമ്മീന്‍ കറിയും കഴിക്കും. പിന്നെ സെന്‍ട്രല്‍ സ്റ്റേഷന് വരെ ഒറ്റ നടത്തം. ബാബുറാം പട്ടേലിന്റെ മകള്‍ സുനന്ദയ്ക്കുവേണ്ടി വാല്‍ക്ക് ഇന്‍ ദി ഫോറസ്റ്റ് ആണ് കാളർ ട്യൂണ്‍ ആയി വച്ചിരുന്നത്. ഭാര്യയുടെ കോളര്‍ട്യൂണ്‍ സ്പ്രിംഗ്ടൈം മെമ്മറീസ് ആണ് സെറ്റുചെയ്തു വച്ചിരുന്നത്. അതുകൊണ്ട് ഓരോ ഫോണ്‍ വരുമ്പോഴും മെസ്സേജ് വരുമ്പോഴും ആരുടേതാണെന്ന് ബണ്ടി മുന്‍കൂട്ടി തിരിച്ചറിയും.
ഭാര്യയും കുട്ടിയും എത്തിയാൽ അവരുടെ കൂടെ ചിലവഴിക്കേണ്ട മുഴുവന്‍ പ്ലാനും കൃത്യമായി മനസ്സില്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. റയില്‍വേയിലെ മൂന്നാംക്ലാസ്സ് ജീവനക്കാരനായ തൂപ്പുകാരൻ ബാബുറാം പരേലിന്റെ ചാലിലെ ഒരു മുറിയും ചെറിയ അടുക്കളയുമുള്ള കൂരയോട് ചേര്‍ന്നുള്ള ചായ്പ്പില് താമസിക്കാനുള്ള ഏര്‍പ്പാടുകള്‍ പറഞ്ഞുവച്ചിട്ടുണ്ട്. കഴിഞ്ഞമാസം അഹമദാബാദ് ഡിവിഷനിലേക്ക് സ്ഥലം മാറിപോയ പവാറിന്റെ കാലപഴക്കം കൊണ്ട് ഉപേക്ഷിച്ചുപോയ ഒരു ചെറിയ കട്ടിലും ബാബുറാം തന്നെ തരപ്പെടുത്തി തന്നു.
ഒരു മാസത്തെ താമസത്തിനു വാടകയിനത്തില്‍ 1500 രൂപ കൊടുത്താല്‍ മതി. രാത്രി ഭക്ഷണം കൂടി വേണമെങ്കില്‍ 500 രൂപ അധികം കൊടുക്കണം. ഉച്ചഭക്ഷണം പുറത്തുനിന്ന് കഴിക്കണമെന്നു ബാബുറാം പരേല്‍ മുമ്പേ തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്തായാലും ബാബുറാം കാരുണ്യവാനാണ്. അല്ലെങ്കില്‍ ആരുമില്ലാത്ത ഒരു ശവം പെറുക്കിയെ ഇങ്ങനെയൊക്കെ ആരു സഹായിക്കാന്‍. ഒരുവേള ബണ്ടിയുടെ കണ്ണുകള്‍ അറിയാതെ ഈറനായി.അവന്റെ മനസ്സ് മെല്ലെ മെല്ലെ ഭൂതകാലത്തിലെ ക്ലാവ് പിടിച്ചുതുടങ്ങിയ വഴികളിലൂടെ തിരിച്ച് സഞ്ചരിക്കാന്‍ തുടങ്ങി.
പതിനൊന്നാമത്തെ വയസ്സില്‍ നാടുവിട്ട് സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്നിറങ്ങി ജനപ്രളയത്തിനിടയില്‍ പൊള്ളുന്ന നഗരത്തിലെ ആകാശം മുട്ടി നിൽക്കുന്ന വലിയ കെട്ടിടങ്ങളും വർണാഭമായ കാഴ്ചകളും കണ്ട് പകലന്തിയാവോളം അലഞ്ഞു തിരിഞ്ഞു നടന്ന ദിവസം. രാത്രിയിൽ ഒരിക്കലും അണയാത്ത നിയോണ്‍ വെളിച്ചങ്ങളുടെ നിറവിൽ തലചായ്ക്കാനിടം കാണാതെ നടന്നു തളര്‍ന്ന് ആളൊഴിഞ്ഞുതുടങ്ങിയ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് തന്നെ ഒടുവിൽ തിരിച്ചെത്തി. അവസാനത്തെ ട്രയിനും പോയപ്പോള്‍ എല്ലാം ശൂന്യം. മനസ്സുനിറയെ ഗ്രാമത്തിന്റെയും നഗരത്തിന്റെയും വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ അവനെ അത്ഭുതപ്പെടുത്തി. ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സിമന്റ്ബഞ്ചില്‍ ചുരുണ്ടുകൂടി മയങ്ങുമ്പോള്‍ രണ്ട് പോലിസുകാര്‍ വന്ന് തട്ടിയുണര്ത്തിയോടിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല. ഫ്ളാറ്റുഫോമിലൂടെ നടന്നു നടന്ന് നേരെ ട്രാക്കിലിറങ്ങി. ട്രാക്കിലേക്കിറങ്ങുന്നതിനിടയില് ഇരുട്ടില്‍ സാരിയുടുത്തു മെലിഞ്ഞ ചില രൂപങ്ങള്‍ നിര്‍ത്താതെ വലിയ ശബ്ദത്തോടെ കൈകൊട്ടി മാടി വിളിച്ചു. അവൻ പേടിച്ചു വേഗത്തില്‍ നടന്നു. അവസാനം ഖാനബന്ദറിലെ മേല്‍പ്പാലത്തിനു താഴെ കണ്ട ഭിത്തിയോടു ചേര്‍ന്ന ഒരു പൊട്ടിപൊളിഞ്ഞ സിമന്റുതറയിലിരുന്നു. ചുറ്റും എലികളുടെ കലപില ശബ്ദങ്ങള്‍, ഗട്ടര്‍ വെള്ളത്തിന്റെ തലച്ചോർ പിളർത്തുന്ന ദുര്‍ഗന്ധം. സിഗ്നല്‍ കിട്ടാതെ ഹോണ്‍ മുഴക്കുന്ന മെയില്‍ വണ്ടികളുടെ അസഹനിയമായ എഞ്ചിന് ശബ്ദം. തന്റെ അവസ്ഥ ആലോചിച്ചു ബണ്ടിക്ക് സങ്കടം വരാതിരുന്നില്ല. നാടും വീടും വിട്ടു പോന്നതില്‍ ദു:ഖം തോന്നിയ ജീവിതത്തിലെ ഒരേയൊരു നിമിഷം. പേടിച്ചു വിറച്ച് ശ്വാസമടക്കി കിടന്ന രാത്രിയില്‍ എപ്പോഴോ ഉറങ്ങിപ്പോയി. തന്റെ അരയ്ക്കുതാഴെ എന്തോ ഇഴയുന്നതുപോലെ തോന്നിയപ്പോഴാണ് ബണ്ടി നിലവിളിച്ച് ഞെട്ടിയുണര്‍ന്നത്. തന്നെയാരോ കെട്ടിപ്പിടിച്ച് കിടക്കുന്നുവെന്നു തിരിച്ചറിഞ്ഞഅവൻ നിലവിളിച്ച് ബഹളം വച്ചു. ഏകദേശം തന്റെ പ്രായമുള്ള രണ്ടുമൂന്നുപേര് അപ്പോള്‍ പെട്ടന്ന് അവിടെനിന്നും ഓടിമറയുന്നതു കനത്ത ഇരുട്ടിലും കണ്ടു. ബഹളം കേട്ട് വളരെ മുഷിഞ്ഞ വേഷമുള്ള ഒരു പ്രായമായ മനുഷ്യന് പെട്ടന്ന് അവിടേക്ക് ഓടിയെത്തി. അയാള്‍ തലയില്‍ ഒരു ചുവന്ന തുവര്‍ത്തു ചുറ്റികെട്ടിയിരുന്നു. “ഹരേ കുത്തേലോക്, തും ലോക് നീന്ത് കരാബ് കര്‍നേ കേലിയേ ആയക്യാ”. ഓടിപോയവരെ നോക്കി പിന്നെയും എന്തൊക്കയോ പറയുന്നതുകേട്ടു. തന്നെ സഹായിക്കാന്‍ ദൈവം അയാളെ പറഞ്ഞുവിട്ടപോലെ തോന്നി.
ബണ്ടിക്ക് തന്റെ ഗുരുവിന്റെ കൂടെ ചേര്‍ന്ന ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. 18 വര്‍ഷങ്ങള്‍ക്കുമുമ്പ് ഖാനബന്ദറില് സിമന്റുതറയില്‍ ആ രാത്രി അയാളോടു ചേര്‍ന്നുകിടന്ന് ബണ്ടി നേരം വെളുപ്പിച്ചു. അങ്ങനെയാണ് ചന്ദ്രകാന്ത് ഗര്ദുളയെ പരിചയപ്പെട്ടത്. ബണ്ടി എന്ന ഈ അനാഥനെ ശവം പറക്കികളുടെ ലോകത്തേക്കു കൊണ്ടുവന്ന തന്റെ ഗുരു. ഗുരുവിന്റെ പിന്നാലെ ഒരു നിഴൽ പോലെ എന്നും ഉണ്ടായിരുന്നു. ഗുരുവിന്റെ കൂടെ ആദ്യമായി പോയപ്പോള്‍ അദ്ദേഹം നീട്ടിയ സമ്മാനം ഇന്നും ഓര്‍മ്മയിലുണ്ട്. ഓര്മ്മവെച്ചതിനുശേഷം തന്റെ ജീവിതത്തില്‍ കിട്ടിയ ആദ്യത്തെ സമ്മാനം. ട്രാക്കിനരികിലുള്ള പോസ്റ്റില്‍ തലയിടിച്ച് വീണു ഗുരുതരമായി പരിക്കേറ്റു കിടന്ന എഞ്ചിനിറിംഗ് വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്നും വീണു കിട്ടിയ ഒരു പേജര്‍. പിന്നാലെ പോലിസുകാര്‍ നടന്നുവരുമ്പോഴേക്കും ഗുരു ആ സാധനമെടുത്ത് ആരോടും പറയെണ്ടാ എന്നു ആഗ്യം കാണിച്ചു പോക്കറ്റിലിട്ടുതന്നു. പിന്നെ ഒരിക്കലും ഗുരു അങ്ങനെ ഒരു സാധനവും എടുക്കുന്നതുകണ്ടിട്ടില്ല. ആദ്യവും അവസാനവുമായി ഗുരു തന്ന ഒരു സമ്മാനം. “ഐ ലവ് യു”, ” ഐ മിസ്സ് യു ലോട്ട് “അവസാനമായി ആ കോളേജ് കുമാരന് തന്റെ കാമുകിക്ക് അയച്ച സന്ദേശങ്ങള്‍. പാവം ആ പെൺകുട്ടി ഒന്നും അറിഞ്ഞിരിക്കില്ല. ഒരു നിമിഷം തന്റെ കളികൂട്ടുകാരി സുമിത്രയെ ഓര്‍ത്തു. അതേ സുമിത്രയെ പിന്നെ തന്റെ ജീവിതസഖിയാക്കാന്‍ കഴിഞ്ഞതും ഒരു ദൈവനിയോഗമായി തോന്നി ബണ്ടിക്ക്.
ചന്ദ്രകാന്ത് ഗര്ദുളയുടെ ശിഷ്യനായത് ഒരു ജീവിത വഴിതിരിവാണോ എന്നൊന്നും പറയാനാവില്ല. ഒരു പക്ഷേ ഒരു ഗുരുവിന്റെ കൂടെ ചേര്‍ന്ന് വ്യത്യസ്തമായ ഒരു കര്‍മ്മമേഖലയില്‍ ജീവിതം കഴിക്കാന്‍ വിധിക്കപ്പെട്ടവൻ. നമ്മുടെ തലവരകളില്‍ നിന്നും രക്ഷിക്കാന്‍ ആര്‍ക്കുകഴിയും. എത്രയോ പേരുടെ ജീവന് രക്ഷിക്കാന്‍ തങ്ങളുടെ സമയോചിതമായ ഇടപെടല്‍ കാരണം കഴിയുന്നു. പക്ഷേ ആരറിയുന്നു ഇതെല്ലാം. മറ്റുള്ളവരുടെ വെറുപ്പുകലര്ന്ന നോട്ടം മാത്രം ബാക്കി. വല്ലപ്പോഴും ജിവന് രക്ഷപ്പെടുത്തിയവരുടെ ബന്ധുക്കള്‍ തരുന്ന ഔദാര്യവും നന്ദി സൂചകമായ നോട്ടവും.
ട്രെയിന്‍ നമ്പര്‍ 157 ഡൗൺ അംബര്‍നാഥിലെ മോട്ടോര്മാന് തോമസ് ജോണ്‍ ഹോണ്‍ മുഴക്കി കടന്നു പോയപ്പോഴാണ് ബണ്ടി ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. പെട്ടെന്ന് അയാള്‍ മൊബൈലില്‍ സമയം നോക്കി. 12 മണി; ഇനി ഒന്നര മണിക്കൂര്‍. അയാള്‍ക്ക് വല്ലാത്ത സന്തോഷം തോന്നി. തന്റെ പൊന്നുമോള് പിങ്കിയെ കണ്ടിട്ട് ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ഗണേശോത്സവത്തിനു പോയപ്പോള്‍ കണ്ടതാണ്. ദീപാവലിക്ക് വീണ്ടും പോകാമെന്നു കരുതിയപ്പോഴാണ് ചിക്കന്‍ബോക്സ് വന്ന് കസ്തൂര്‍ബയില്‍ തന്നെ അഡ്മിറ്റ് ചെയ്തത്. പിങ്കി ഇപ്പോള്‍ നല്ലതുപോലെ നടന്നു തുടങ്ങിയിരിക്കും. ഇനി ഏതാനും മണിക്കൂറുകള്‍ ഇഷ്ടം പോലെ അവളെ താലോലിക്കാം കൊതിതീരും വരെ.
തിരകളുടെ സംഗീതവുമായി വന്ന ശര്മാജിയുടെ സന്ദേശമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്. “മീറ്റ് മി അര്ജന്റ്” എന്തിനാവും ശര്‍മ്മാജി കാണാന്‍ പറഞ്ഞത്. ദേവയാനി ഇനിയും ലേറ്റ് ആയിരിക്കുമോ? അപൂര്‍വ്വമായേ കാണാന്‍ പറഞ്ഞ് ശര്‍മ്മാജി സന്ദേശമയക്കാറുള്ളു.
ബണ്ടി തന്റെ ചുവന്നരക്തകറ പിടിച്ച പഴയ തോര്‍ത്തും എപ്പോഴും ധരിക്കാറുള്ള തൊപ്പിയുമെടുത്ത് സെൻട്രൽ സ്റ്റേഷൻ റൂമിലേക്ക് വേഗം ഓടി. ട്രാക്കുകള്‍ മുറിച്ചുകടന്ന് ഫ്ളാറ്റുഫോമിലേക്ക് എടുത്തു ചാടി. വീണ്ടും ഓടി. അഞ്ചുമിനിറ്റില്‍ ശര്‍മ്മാജിയുടെ കണ്ട്രോള് റൂമിനടുത്തുള്ള ക്യാബിനില്‍ എത്തി.
“ബണ്ടി ദാദര്സ്റ്റേഷനടുത്ത് ഏതോ ഒരു ട്രെയിന്‍ പാളം തെറ്റിയിരിക്കുന്നു. എന്റെ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. നമുക്ക് അതുവരെ പോകണം. നീയും കൂടെ വാ ഒരു സ്ഫോടനമാണോ എന്ന സംശയം ബാക്കി നില്ക്കുന്നു”. ശര്‍മ്മാജിയുടെ നിഴലായി ദാദര്‍ സ്റ്റേഷനിറങ്ങി മഴയിലൂടെ അഞ്ചുമിനിറ്റ് ട്രാക്കിലൂടെ നടന്നപ്പോള്‍ ട്രെയിന്‍ പാളം തെറ്റിയ സ്ഥലത്തെത്തി. ഒരു പുരുഷാരം തന്നെയുണ്ട്. അവിടെ ഒരുപാട് റയില്‍വേ ഉദ്ദ്യോഗസ്ഥന്മാരും റയില്‍വേ പോലിസുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നു. ബണ്ടി ശര്‍മ്മാജിയെ ഒന്നു നോക്കി. പിന്നെ പെട്ടന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഒരു പാടുപേര് മരിച്ചിരിക്കുന്നു. തന്റെ ജീവിതത്തില്‍ ഇത്ര വലിയ ദുരന്തം മുന്നില്‍ കാണേണ്ടിവരുന്നത് ആദ്യമായിട്ടാണെന്നു ബണ്ടി ഓര്‍ത്തു. അടുത്ത ബോഗികളില്‍ നിന്നും പുക ഉയരുന്നുണ്ട്. എന്തെല്ലാമോ കത്തിയെരിയുന്ന ദുര്‍ഗന്ധം. ഒരു വലിയ സ്ഫോടനം തന്നെ നടന്നിരിക്കുന്നു.
നാലാമത്തെ ബോഗി വെട്ടിപൊളിച്ച് അകത്തുകടന്നയുടനെ കണ്ട ഒരു വൃദ്ധൻറ്റെ ശവശരീരം കൈകളില്‍ കോരിയെടുത്ത് അയാള്‍ ഒരു സ്ട്രെച്ചറില്‍ കിടത്തി. പിന്നെ കിട്ടിയ സ്ഫോടനത്തിൽ പകുതിയോളം കത്തിക്കരിഞ്ഞ ഒരു സ്ത്രീശരീരം അയാള്‍ മറ്റൊരാളുടെ സഹായത്തോടെ തന്റെ ചുവന്ന അരക്കെട്ടഴിച്ച് അതില്‍ പൊതിഞ്ഞ് സ്ട്രെച്ചറില്‍ കിടത്തി; പിന്നെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങുമ്പോഴായിരുന്നു ആ സ്ത്രീയുടെ താലിമാലയില്‍ കണ്ണുടക്കിയത്. മുഖം വികൃതമായിരിക്കുന്നു. അവളുടെ പകുതി കരിഞ്ഞ താലിമാലയില്‍ അയാള്‍ ശ്രദ്ധിച്ചു നോക്കി. വേഗം താലിമാലയിലെ മഹാലക്ഷ്മിയുടെ ലോക്കറ്റ് തുറന്നു നോക്കി. പിന്നെ അവളെ സ്ട്രെച്ചറിൽ നിന്നും കുറച്ചു പൊക്കി നെഞ്ചോടു ചേർത്ത് പിടിച്ചു സൂക്ഷിച്ചു നോക്കി.
ബണ്ടിയുടെ കണ്ണുകളില്‍ ഇരുട്ടുകയറി. ഒരായിരം ട്രയിനുകള്‍ അയാളുടെ കാതുകളില്‍ ചൂളം വിളിച്ച് നെഞ്ചിന്‍കൂട് തകര്‍ത്ത് തലച്ചോറിലേക്ക് പാഞ്ഞു കയറുന്നതുപോലെ തോന്നി. അയാള്‍ വാവിട്ട് നിലവിളിച്ചു. നിലവിളികേട്ട് ശര്‍മ്മാജി അടുത്തുവന്നപ്പോള്‍ ബണ്ടി ഹൃദയം പൊട്ടിക്കരഞ്ഞു. പിന്നെ എന്തോ ഓര്‍ത്തു ബണ്ടി പെട്ടന്ന് ട്രാക്കിലും എല്ലാ ബോഗികളിലും അലറി വിളിച്ച് ആരെയോ തിരഞ്ഞു ഓടി നടക്കുന്നുണ്ടായിരുന്നു. ചങ്ങലപൊട്ടിച്ചോടുന്ന ഒരു ഭ്രാന്തനെപോലെ.
Mob: 9920144581