(ഒരു വടക്കേ ഇന്ത്യൻ നാട്ടുകഥ പോലെ)
മനുഷ്യൻ ഭൂമിയുടെ പുറത്തുകൂടി നടക്കാൻ തുടങ്ങിയ കാലമായിരുന്നു അത്. അക്കാലത്ത് അവർ വസ്ര്തങ്ങൾ ധരിച്ചിരുന്നില്ല. കാരണം ആർക്കും നെയ്ത്ത് അറിയില്ലായിരുന്നു. ഒരു ദിവസം ദൈവം ഭൂമിയിൽ ഒരാളെ നെയ്ത്തു പഠിപ്പിക്കാമെന്നു തീരുമാനിച്ചു. അതിനായി ദൈവം ഒരു പെൺകുട്ടിയെ
കണ്ടെത്തി നെയ്ത്തുവിദ്യ പറഞ്ഞുകൊടുത്തു. അതിനുള്ള യന്ത്രവും സമ്മാനിച്ചു.
പക്ഷേ അവൾ ഏതൊക്കെ രൂപങ്ങൾ നെയ്‌തെടുക്കും? വസ്ര്തങ്ങൾക്കു ചന്തം വരാൻ നിറങ്ങൾ വേണ്ടേ? ചിത്രങ്ങൾ വേണ്ടേ? രൂപങ്ങൾ വേണ്ടേ?
അവൾ പുഴക്കരയിൽ ഇരുന്നു പുഴയിലേക്കു നോക്കി. അതിലാകെ ഓളങ്ങൾ തുള്ളിനടക്കുന്നു. അവൾ ഓളങ്ങളുടെ രൂപം തുണിയിൽ തുന്നി. അങ്ങനെ ചന്തമുള്ള ആദ്യത്തെ വസ്ര്തമുണ്ടായി.
പിന്നെ അവൾ ദിവസങ്ങളോളം കാട്ടിൽ അലഞ്ഞുനടന്നു. മരങ്ങളുടെ തുഞ്ചത്തേക്കു നോക്കി. ഇലകളുടെയും ചില്ലകളുടെയും അനക്കങ്ങൾ നോക്കി അവൾ ആ അനക്കങ്ങളും ചന്തങ്ങളും തുണിയിൽ തുന്നിപ്പകർത്തി. മരങ്ങൾക്കിടയിലൂടെ കാണുന്ന ആകാശത്തിന്റെ പല രൂപങ്ങൾ പകർത്തിവച്ചു. പിന്നെയവൾ
കാടിന്റെയും പുഴയുടെയും പൂക്കളുടെയും ഇലകളുടെയും ചിത്രങ്ങൾ തുന്നി. അവൾ അങ്ങനെ നിരന്തരം തുന്നിക്കൊണ്ടേയിരുന്നു. അവൾ തുന്നിയ രൂപങ്ങളെപ്പോലെ അവളും നല്ലൊരു സുന്ദരിപ്പെൺകുട്ടിയായിരുന്നു.
തുന്നിക്കൂട്ടിയ തുണികളെല്ലാം അവൾ ഒരു ഗുഹയിൽ അടുക്കി വച്ചിരിക്കുകയായിരുന്നു. ഇതെല്ലാം കണ്ടിരുന്ന ഒരു മുള്ളൻപന്നിക്ക് ഈ ഉടുപ്പുകളുടെ ചന്തത്തിൽ അസൂയ തോന്നി. ഒന്നുരണ്ടെണ്ണം മോഷ്ടിച്ചെടുക്കാൻ അവൻ തീരുമാനിച്ചു. പെൺകുട്ടി ഗുഹയ്ക്കു താഴെ പുഴക്കരയിലിരുന്ന് പുതിയൊരു ചിത്രം നെയ്തുകൊണ്ടിരിക്കുകയായിരുന്നു. മുള്ളൻപന്നി ഗുഹയുടെ കൽവാതിൽ വലിച്ചു തുറന്നു.
കഷ്ടം! ആ കല്ല് ഉരുണ്ടുരുണ്ടുപോയി നെയ്തുകൊണ്ടിരുന്ന പെൺകുട്ടിയുടെ മുകളിൽ വീണു. അവൾ ചതഞ്ഞരഞ്ഞുപോയി. അവൾ തുന്നാൻ ഉപയോഗിച്ചിരുന്ന തറി തകർന്ന് പുഴയിൽ മുങ്ങി. പുഴയിൽ വീണ തറിക്കഷണങ്ങൾ ഒഴുകി പല പല സമതലങ്ങളിൽ അടിഞ്ഞു. അതിന്റെ കഷണങ്ങൾ കിട്ടിയവരൊക്കെ നെയ്യാൻ പഠിച്ചു. പെൺകുട്ടി നെയ്ത വസ്ര്തങ്ങളുടെ കഷണങ്ങളെല്ലാം ചിത്രശലഭങ്ങളുമായി.