മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ ശ്രദ്ധേയയാണ് ചന്ദ്രമതി. ജീവസ്സുറ്റ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഈ എഴുത്തുകാരി 40-ലേറെ വർഷമായി കഥാരംഗത്തു നിറഞ്ഞു നിൽക്കുന്നു. ചന്ദ്രമതിയുടെ ആത്മകഥാംശമുള്ള ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന പുസ്തകം ക്യാൻസറിന്റെ പീഡാനുഭവങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ട കഥ പറയുന്നു. കോഴിക്കോട് സർവലാശാലയിൽ ഗവേഷക വിദ്യാർഥിനിയായ ശാലിനി പി. ഈ കൊറോണക്കാലത്ത് കാക്ക ത്രൈമാസികക്ക് വേണ്ടി ചന്ദ്രമതിയുമായി നടത്തിയ സംഭാഷണമാണിത്.
ടീച്ചർ, ഏതാണ്ട് അഞ്ച് ദശകത്തിൽ കൂടുതലായല്ലോ കഥകളെഴുതിത്തുടങ്ങിയിട്ട്; എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്?
വളരെ ഏകാന്തമായ ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. കളിക്കാൻ കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. അച്ഛന് വലിയ ലൈബ്രറിയുണ്ടായിരുന്നു. അതിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു. സ്വഭാവികമായും പുസ്തകങ്ങൾ കൂട്ടുകാരായി മാറി. പ്രായത്തിന്റെ അതിർവരമ്പുകളില്ലാതെ മുതിർന്നവരുടേയും കുട്ടികളുടെയും പുസ്തകങ്ങളൊക്കെ വായിച്ചു. അങ്ങനെ ഒരുപാട് വായിക്കുന്ന ആ കുട്ടിക്ക് അച്ഛൻ ഒരു ദിവസം ഒരു ഡയറി സമ്മാനിച്ചു. വായിക്കുന്ന കൃതികളുടെ രത്‌നച്ചുരുക്കം അതിൽ എഴുതാൻ പറഞ്ഞു. കൂടെ തന്റേതായ അഭിപ്രായവും എഴുതണം എന്നദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ മുന്നോടിയായി പറയട്ടെ, എന്നെ ഒരു എഴുത്തുകാരിയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ അച്ഛന് അവകാശപ്പെട്ടതാണ്. മറ്റൊരാളുടെ മകളായിരുന്നെങ്കിൽ ഇത്രമാത്രം പ്രോത്സാഹനം എനിക്കു കിട്ടുമായിരുന്നില്ല.
അച്ഛൻ തന്ന ഡയറിയിൽ വായിക്കുന്ന കൃതികളുടെ രത്‌നച്ചുരുക്കം എഴുതാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ ഇ.വി. കൃഷ്ണപ്പിള്ളയുടെ ബി.എ. മായാവി എന്ന നാടകത്തിനെഴുതിയ കുറിപ്പ് അച്ഛന് ഇഷ്ടപ്പെടുകയും അത് ഏതെങ്കിലുമൊരു വാരികക്ക് അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ കുറിപ്പ് തിരുത്തലുകളോടെ പകർത്തിയെഴുതി മലയാളരാജ്യം വാരികയുടെ ബാലപംക്തിയിലേക്ക് അയച്ചുകൊടുത്തു. അത് അടുത്ത ആഴ്ചയിൽ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതാണ് ആദ്യം അച്ചടിക്കപ്പെട്ട രചന.
അത് കഥയായിരുന്നില്ല, നിരൂപണമായിരുന്നു. പക്ഷെ എന്റെ മേഖല കഥയാണെന്ന് എനിക്കറിയാമായിരുന്നു. എന്റെ മനസ്സ് നിറയെ അന്ന് കഥകളായിരുന്നു. ഉദാഹരണത്തിന് രണ്ട് ഉറുമ്പുകൾ പരസ്പരം നോക്കിയിരിക്കുന്നതു കണ്ടാൽ, മരത്തിൽ ഓരോന്തിനെ കണ്ടാൽ ഒക്കെ എന്റെ മനസ്സിൽ അവയെക്കുറിച്ച് ഓരോരോ കഥകൾ രൂപപ്പെടുമായിരുന്നു. വീട്ടിൽ ഭിക്ഷക്കു വരുന്ന കുട്ടികളുടെ ഭൂതകാലത്തെ ഭാവനയിൽ കണ്ടൊക്കെ ഞാൻ കഥകളെഴുതി. അങ്ങനെയൊക്കെയാണ് കഥകളെഴുതി തുടങ്ങിയത്. അവയൊക്കെ ജനയുഗം, മാതൃഭൂമി തുടങ്ങി പലവാരികകളിലേയും ബാലപംക്തികളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വളർന്നപ്പോൾ മുതിർന്നവരുടെ പംക്തിയിലേക്ക് മാറി. ആദ്യം ഞാൻ കുമാരി ചന്ദ്രിക പാൽക്കുളങ്ങര എന്ന പേരിലായിരുന്നു എഴുതിയിരുന്നത്. പിന്നീട് മുതർന്നപ്പോൾ ചന്ദ്രിക എന്ന പേരിൽ മാത്രം എഴുതാൻ തുടങ്ങി. തുടർന്ന് ഒരു വലിയ ഇടവേളക്കുശേഷം എഴുത്തിലേക്കു തിരിച്ചുവന്നപ്പോഴാണ് ചന്ദ്രിക ചന്ദ്രമതിയായിട്ട് പുനർജ്ജനിച്ചത്.
ആദ്യകഥ പ്രസിദ്ധീകരിച്ചുവന്നപ്പോൾ വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നു?
ബാലപംക്തി കഥകൾക്ക് വലിയ വിമർശനമൊന്നും നേരിടേണ്ടിവന്നില്ല. പക്ഷേ വളരെ യാഥാസ്ഥിതിക കുടുംബമായതിനാൽ എന്റെ കഥകൾ ചില വാരികകളിലെ ബാലപംക്തികളിൽ പ്രസിദ്ധീകരിച്ചുവന്നപ്പോൾ അധികം എഴുത്തൊന്നും വേണ്ട, എഴുത്തുകാരൊന്നും അത്ര നല്ലവരൊന്നുമല്ല എന്ന രീതിയിലുള്ള വാണിംഗുകൾ ബന്ധുക്കളിൽ നിന്ന് കിട്ടാൻ തുടങ്ങി. അത്രയേ ഉണ്ടായിരുന്നുള്ളു. പക്ഷെ, എഴുത്ത് ഒരു വലിയ പ്രശ്‌നമായത് മുതിർന്ന പ്രായത്തിൽ പലവിലക്കുകളേയും ലംഘിച്ചുള്ള എഴുത്തിലേക്ക് ഞാൻ കടന്നപ്പോഴാണ്. ബാലപംക്തി കഥകൾക്ക് യാതൊരു എതിർപ്പുകളും നേരിടേണ്ടി വന്നിട്ടില്ല.
ഒരു സ്ത്രീ കഥയെഴുതുമ്പോൾ കുടുംബവും സമൂഹവുമെല്ലാം ആ കഥകളിൽ
എഴുത്തുകാരിയെത്തന്നെയായിരിക്കും കാണാൻ ശ്രമിക്കുക. അത്തരത്തിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോ?
കഥകളിൽ സ്ത്രീയുടെ ആത്മാംശം തിരുയുകയും അതിനെ അപലപിക്കുകയും ചെയ്യുകയെന്നത് എന്നും നമ്മുടെ സമൂഹത്തിന്റെ പതിവായിരുന്നു. അതിനു വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഞാൻ കഥകളെഴുതി തുടങ്ങിയപ്പോൾ അതുണ്ടായിരുന്നു. ആദ്യകാലത്ത് പ്രണയത്തെക്കുറിച്ച് എഴുതിയപ്പോഴൊക്കെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയമെന്ന വിഷയത്തെ ഒഴിവാക്കിക്കൊണ്ട് തിര്യക്കുകളെക്കുറിച്ചും കുട്ടികൾ സ്‌കൂളിൽ പോകുന്നതിനെക്കുറിച്ചുമൊക്കെ മാത്രം കഥയെയുതാനാവില്ലല്ലോ. നമ്മൾ വായിക്കുന്ന പുസ്തകങ്ങൾ, കേൾക്കുന്ന സംസാരം, നമ്മുടെ പരിചിത വലയം എല്ലാം നമ്മളെ സ്വാധീനിക്കും. എഴുതുന്നത് മുഴുവൻ ഒരു സ്ത്രീയുടെ അനുഭവങ്ങളാകണമെന്നില്ല. പക്ഷേ എഴുത്തിൽ എഴുത്തുകാരിയെ തിരയുന്നവരാണ് സമൂഹമെന്നതിനാൽതന്നെ പല എതിർപ്പുകളും നേരിടേണ്ടി വന്നു. അവിവാഹിതയായ ഒരു പെൺകുട്ടി ദാമ്പത്യത്തിനെക്കുറിച്ച് എഴുതാൻ പാടുണ്ടോ? അവൾ എങ്ങനെയാണ് അവിഹിത ബന്ധങ്ങളെക്കുറിച്ച് എഴുതുന്നത്, തുടങ്ങിയ ചോദ്യങ്ങളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്.
എല്ലാം നമ്മൾ അനുഭവിച്ച ശേഷമല്ല എഴുതുന്നത്. മരണത്തെക്കുറിച്ച് എത്ര മനോഹരമായ വർണ്ണനകളുണ്ട് നമ്മുടെ സാഹിത്യത്തിൽ. അതനുഭവിച്ച ശേഷമല്ലല്ലോ വർണ്ണിക്കുന്നത്. പക്ഷേ, ഒരു സ്ത്രീ എഴുതുക എന്നതാണ് പ്രശ്‌നം. എനിക്കത്തരം ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ മാതൃഭുമി ആഴ്ചപ്പതിപ്പിൽ ‘ആർക്കുവേണ്ടി’ എന്ന ഒരു കഥ പ്രസിദ്ധീകരിച്ചു. ഒരു റൗഡിയെ സ്‌നേഹിച്ച ഒരു സ്‌കൂൾകുട്ടിയുടെ കഥയാണത്. സ്വാഭാവികമായും ചോദ്യങ്ങൾ വന്നു. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എഴുത്തിൽ ആത്മാംശം തിരയുന്ന നമ്മുടെ സമൂഹം ആണിന്റെ എഴുത്തിൽ എത്ര തുറന്നെഴുത്തുകൾ നടത്തിയാലും അത് ആ എഴുത്തുകാരന്റെ മികവായി കരുതുന്നു.
വിവാഹിതയായതിനുശേഷം ഭർത്താവിൽ നിന്നും മക്കളിൽ നിന്നും എഴുത്തിന്
പിന്തുണ ലഭിച്ചിട്ടുണ്ടോ?
എഴുത്ത് പൂർണ്ണമായും നിർത്തിവെച്ച ഒരു സമയത്താണ് ഞാൻ വിവാഹിതയാകുന്നത്. ഭാര്യ കഥാകാരിയായിരുന്നിട്ടും വിവാഹത്തിനു ശേഷം ഞാൻ ഒന്നുമെഴുതാത്തതിനു കാരണം ഭർത്താവാണെന്ന് എന്റെ വായനക്കാരായ സുഹൃത്തുക്കൾ ആരോപിച്ചു. അപ്പോൾ ഭർത്താവ് എന്നെ ഇഷ്ടമുള്ളത് എഴുതാൻ ഏറെ നിർബന്ധിച്ചു. അങ്ങനെ ഒരു കഥ ഗൃഹലക്ഷ്മിയിൽ വന്നു. പക്ഷേ ആ കഥ വിചാരിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങളുണ്ടാക്കി. കഥയിലെ ഭാര്യാ ഭർത്താക്കന്മാർ കിടപ്പറയിലായിരിക്കുമ്പോൾ കുഞ്ഞ് വാശിപ്പിടിച്ച് കരയുന്നു. അപ്പോൾ ഭർത്താവ് കുഞ്ഞിനെ കിടപ്പറക്കുവെളിയിലേക്ക് എറിയുന്ന ഒരു സന്ദർഭമുണ്ട്. അപ്പോൾ എന്റെ ഭർത്തൃബന്ധുക്കൾ തന്നെ എവിടുന്നു കിട്ടി ഇങ്ങനെയൊരനുഭവം, സ്വാനുഭവമാണോ എന്നെല്ലാം കളിയാക്കി ചോദിച്ചപ്പോൾ എനിക്കത് വല്ലാതെ കൊണ്ടു. കാരണം വിവാഹം കഴിഞ്ഞ് മാസങ്ങളേ ആയിരുന്നുള്ളൂ. അപ്പോൾ ഞാൻ ഭർത്താവിനോടുപറഞ്ഞു. കേട്ടില്ലേ ഇത്. ഞാനിനി എഴുതുന്നില്ലെന്ന്. അങ്ങനെ ആ മൗനം ഏറെ വർഷങ്ങളോളം നീണ്ടു. വീണ്ടും ഭർത്താവിന്റെ നിരന്തരമായ നിർബന്ധം മൂലമാണ് ഞാൻ എഴുതിത്തുടങ്ങിയത്. എന്റെ അച്ഛൻ, എന്റെ ഭർത്താവ്, എന്റെ ഗുരുനാഥൻ അയ്യപ്പപ്പണിക്കർ; ഇവർ മൂന്നുപേരും എന്നെ എഴുത്തിൽ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചവരാണ്. ഇപ്പോൾ പോലും ഞാൻ മടിപിടിച്ചിരിക്കുമ്പോൾ എന്തെങ്കിലും എഴുതിക്കൂടെ എന്ന് ചോദിക്കും.
അതുപോലെ ഞാൻ എം.എ.ക്കു പഠിക്കുമ്പോൾ ഒരു നോവലെഴുതിയിരുന്നു. അതിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രശസ്തനായ ഒരു സാഹിത്യകാരനിൽ നിന്നും ഒരു ദുരനുഭവം എനിക്കുണ്ടായിട്ടുണ്ട്. അതിന്റെ കൈയെഴുത്തു പ്രതി പേപ്പറുകളിൽ നിന്ന് ഭർത്താവ് കണ്ടെടുത്ത് സിറോക്‌സ് കോപ്പി എടുപ്പിച്ച് എന്നോടത് എഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കയാണ്. ഇപ്പോൾ ഞാനതിന്റെ എഡിറ്റിങിൽ ആണ്. അത്തരത്തിൽ എന്നെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുന്നയാളാണ് എന്റെ ഭർത്താവ്. എന്റെ സ്‌പെയ്‌സിനെ ബഹുമാനിക്കുന്നയാളാണ്. വിദേശസ്വദേശ യാത്രകളൊക്കെ ഞങ്ങൾ ഒരുമിച്ചും തനിച്ചും നടത്തിയിട്ടുണ്ട്. എന്റെ സ്വാതന്ത്ര്യത്തിൽ അദ്ദേഹം ഇതുവരെ കൈകടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഒരുപാട് പ്രോത്സാഹനം അദ്ദേഹത്തിൽ നിന്നും കിട്ടിയിട്ടുണ്ട്. മക്കൾടെ കാര്യം പറഞ്ഞാൽ അവർ പഠിക്കുന്നകാലത്തും അവരും എഴുത്തിൽ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഞാനെഴുതുന്നതൊക്കെ വായിക്കും എന്റെ മകൾ എന്റെ കഥകളുടെ ആദ്യവായനക്കാരിയായിരുന്നു. അവൾ പറയുന്ന മാറ്റങ്ങളൊക്കെ പലകഥകൾക്കും ഞാൻ വരുത്തിയിട്ടുണ്ട്. മകനും അതുപോലെ എന്റെ കഥകളിലെ ഹ്യൂമർ നന്നായി ആസ്വദിച്ചിരുന്നയാളാണ്. ഇപ്പോൾ അവനും തിരക്കിലാണ്. പക്ഷേ, എന്റെ ഭർത്താവ് ഞാൻ വിവാഹിതയായതുമുതൽ ഇന്നേവരെ എന്നെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നയാളാണ്. അതിനു ഞാൻ അദ്ദേഹത്തോട് ഏറെ കടപ്പെട്ടവളാണ്.
അധ്യാപക ജീവിതാനുഭവങ്ങൾ കഥയെഴുത്തിന് സഹായിച്ചിട്ടുണ്ടോ?
ഒരധ്യാപിക എപ്പോഴും പുതിയ തലമുറയുമായിട്ടാണ് സംവദിക്കുന്നത്. അവരുടെ മാറുന്ന ജീവിത ദർശനങ്ങളുമായിട്ട് കാലാനുസൃതമായ ആശയങ്ങളുമായിട്ടൊക്കെ ഇടപഴകുന്നു. അധ്യാപകരേക്കാൾ കുട്ടികൾക്കാണ് സാങ്കേതിക പരിജ്ഞാനമൊക്കെ കൂടുതൽ ഉണ്ടായിരുന്നത്. എന്റെ കുട്ടികളോട് കിടനിൽക്കാൻ വേണ്ടി മാത്രമാണ് ഞാൻ കമ്പ്യൂട്ടർ പഠിച്ചത്. അങ്ങനെ പുതിയ തലമുറയുമായി ഒരു മത്സരത്തിലായിരുന്നു. നമ്മൾ അറിവ് പകർന്നുനൽകുമ്പോൾ അവരിൽ നിന്നും മറ്റു പല കാര്യങ്ങളും നമുക്ക് ലഭിക്കുന്നു. ഒരുതരം കൊടുക്കൽ വാങ്ങൽ. അത്തരത്തിൽ ത്തന്നെയാണ് ഒരു അധ്യാപികയും എഴുത്തുകാരിയും തിലുള്ള ബന്ധവും. എഴുത്തുകാരിയെ സഹായിക്കാൻ ഞാനെന്ന അധ്യാപികക്ക് കഴിഞ്ഞിട്ടുണ്ട്.
സാഹിത്യാധ്യാപകരെല്ലാം സ്വയം നവീകരിക്കേണ്ടതുണ്ട്. ഏറ്റവും പുതിയ പ്രവണതകളും, സാഹിത്യ പ്രസ്ഥാനങ്ങളിലെ പുതിയ ധാരകളുമെല്ലാം അറിയേണ്ടതുണ്ട്. കഥയുടെ ക്രാഫ്റ്റിന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള ജ്ഞാനം എന്നെ പലതരത്തിലും സഹായിച്ചിട്ടുണ്ട്. കുട്ടികളോട് അടുത്തിടപഴകുമ്പോൾ അവരുടെ വ്യഥകളും ആശങ്കകളുമെല്ലാം എന്നോട് പങ്കുവെക്കാറുണ്ട്. അത്തരം അനുഭവങ്ങളും എഴുത്തിന് സഹായിച്ചിട്ടുണ്ട്. ഞാനൊരിക്കലും കാരൂരിനെപ്പോലെ അധ്യാപകകഥകൾ എഴുതിയിട്ടില്ല. ഒന്നുരണ്ടു കഥകൾ മാത്രമേ (ഡോ: അഭയൻ, എം.എ.ബി.എഡ്. തുടങ്ങിയവ) അധ്യാപക കഥകൾ എന്നു പറയുന്നവയുള്ളൂ. പക്ഷേ കഥയെഴുത്തിന് എന്നെ എന്റെ അധ്യാപകാനുഭവങ്ങൾ ധാരാളം സഹായിച്ചിട്ടുണ്ട്. ഇത്രമാത്രം സാഹിത്യത്തിൽ പരിജ്ഞാനം നേടാനും എന്റെ കഥകളെ നന്നായി അവതിരിപ്പിക്കാനും അധ്യാപകജീവിതം എന്നെ സഹായിച്ചിട്ടുണ്ട്.
മലയാള കഥാകാരികളിൽ ഹാസ്യം ആവിഷ്‌കരിച്ചവർ വളരെ വിരളമാണ്. എന്നാൽ ടീച്ചറുടെ പല കഥകളിലും ഹാസ്യം ഏറെ ഹൃദ്യമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ‘ഫെലിസിറ്റയും നരസിംഹവും’, ‘ആദ്യരാത്രി’, ”ഐസ്‌ക്രീം’, ‘ജനകീയകോടതി’ തുടങ്ങിയ കഥകളിലെല്ലാം ആക്ഷേപഹാസ്യത്തിന്റെ മുൾമുന തെളിഞ്ഞുകാണാം. പുരുഷനുമാത്രമല്ല, സ്ത്രീയ്ക്കും ഹാസ്യം വഴങ്ങും എന്നു തെളിയിക്കാനുള്ള ബോധപൂർമായ ശ്രമമാണോ ഇത്?
പുരുഷന് വഴങ്ങുന്നതെല്ലാം സ്ത്രീക്കും വഴങ്ങും എന്നു തെളിയിക്കാനുള്ള ബോധപൂർമായ ശ്രമമല്ല എന്റെ കഥകൾ. ആ രീതിയിലുള്ള ഒരു ഫെമിനിസ്റ്റല്ല ഞാൻ. കഥയെഴുതുമ്പോൾ ബോധപൂർമായ ഒരു ലക്ഷ്യവും എന്റെ മുന്നിലില്ല. എന്റെ അച്ഛൻ നല്ല സെൻസ് ഓഫ് ഹ്യൂമറുള്ള ഒരാളായിരുന്നു. അദ്ദേഹം ‘പിടക്കോഴി കൂവിയ നൂറ്റാണ്ട്’ തുടങ്ങിയ ധാരാളം നർലേഖനങ്ങളൊക്കെ എഴുതിയിട്ടുണ്ട്. ആ ഒരു നർബോധമാണ് എന്റെ രക്തത്തിൽ കലർന്നതെന്ന് ഞാൻ കരുതുന്നു. എഴുതുമ്പോൾ ചില സന്ദർഭങ്ങളിൽ ആക്ഷേപഹാസ്യം ഉപയോഗിക്കേണ്ടി വരുന്നു. ഹാസ്യം ലക്ഷ്യവേധിയായ ഒരമ്പാണ്. ഹാസ്യത്തിന്റെ അമ്പ് കൊള്ളേണ്ടിടത്ത് കൊള്ളും. അതിനാലാണ് ഞാൻ എഴുത്തിൽ
ആക്ഷേപഹാസ്യം ഉപയോഗിക്കുന്നത്. അതല്ലാതെ സ്ത്രീപുരുഷ സമത്വം സാധിക്കാനുള്ള ബോധപൂർമായ ശ്രമമല്ല അത്.
ഒരു തീം കഥയായി രൂപപ്പെടുന്നതുവരെയുള്ള ഘട്ടങ്ങൾ ഒന്നു വിവരിക്കാമോ?
ഒരു ഇതിവൃത്തം മനസ്സിൽ രൂപപ്പെടുന്നത് ഒരു കാഴ്ച അതല്ലെങ്കിൽ എന്തെങ്കിലും കേട്ടകാര്യങ്ങൾ ഒക്കെയാവാം. പക്ഷേ, ഉടൻ തന്നെ അത് എഴുതാറില്ല. സമകാലിക സംഭവങ്ങളെ അതിവേഗം കഥകളിൽ സന്നിവേശിപ്പിക്കാൻ മുതിരാറില്ല. വളരെ സ്വാഭാവിക പ്രക്രിയയായി എന്റെ മനസ്സിൽ അതൊരു കഥയായി രൂപം പ്രാപിക്കും. പലപ്പോഴും എനിക്ക് കഥയുടെ ആദ്യവാചകമാണ് പ്രശ്‌നം. അതു കിട്ടിക്കഴിഞ്ഞാൽ കഥ തടസ്സമില്ലാതെ വാർന്നു വീഴും. ഏതാണ്ട് പ്രസവം എന്ന പ്രക്രിയപോലാണത്. കുഞ്ഞിന്റെ തലകണ്ടുകഴിഞ്ഞാൽ ബാക്കി ഈസിയാണ് എന്ന് ഡോക്ടർമാർ പറയാറുളളതുപോലെ. ആദ്യവാചകം കിട്ടിക്കഴിഞ്ഞാൽ കഥമുഴുവനായി ഒറ്റ ഇരിപ്പിന് എഴുതിത്തീർക്കും. കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ഞാനാരേയും കാണിക്കാറില്ല. കുറച്ചുനാൾ എന്റെ മേശക്കുള്ളിൽ വെച്ചിരിക്കും. പിന്നീട് എഡിറ്റിംഗ് നടത്തും. മിക്കവാറും മൂന്നാമത്തെ എഡിറ്റിങ്ങിലാണ് അത് ഫൈനൽ സ്റ്റേജിലെത്തുന്നത്.
ടീച്ചറുടെ ധാരാളം കഥകളുടെ തലക്കെട്ടിൽ കഥതന്നെ കടന്നുവരുന്നു. കഥയാകാത്തകഥ, കഥയുടെ കഥ, കഥരാഘവീയം എന്നിങ്ങനെ എന്തുകൊണ്ടാണിതെന്നു പറയാമോ?
കഥകൾക്ക് പേരിടുന്ന വളരെ ബോധപൂർം ചെയ്യുന്ന ഒരു പ്രക്രിയയാണ് പലപ്പോഴും പല സന്ദർഭങ്ങളിലാണ് പേര് തെളിഞ്ഞുകിട്ടുന്നത്. ചിലപ്പോൾ കഥയെഴുതിക്കഴിഞ്ഞിട്ടും പേരിനായി തപസ്സിരിക്കേണ്ടി വന്നിട്ടുണ്ട്. പല കഥകളുടേയും പേരുകളിൽ കഥയെന്ന വാക്ക് ആവർത്തിച്ചു വരുന്നത് മനപ്പൂർമല്ല. എന്തുകൊണ്ടാണങ്ങനെ ‘കഥ’യെന്ന വാക്ക് തലക്കെട്ടിൽ വരുന്നത് എന്നു ചിന്തിക്കുമ്പോൾ ഈ കഥകളിലെല്ലാം കഥയ്ക്കുള്ളിൽ ഒരു കഥയുണ്ട് എന്നതാണ് പ്രത്യേകത. കഥയിൽ നിന്ന് ഇറങ്ങിയോടുന്ന കഥാപാത്രങ്ങളുണ്ട്. കഥയ്ക്കുള്ളിൽ കവിതയിലൂടെ മറ്റൊരു കഥ തീർക്കുന്ന സുഷമയാണ് ‘കവിതയുടെ കഥ’യിലെ പ്രധാന കഥാപാത്രം. ഒരു പറ്റം പെണ്ണുങ്ങളുടെ കഥയില്ലായ്മകളിൽ നിന്ന് കഥകളുണ്ടാവുകയും അത് അ-കഥയായി മാറുകയും ചെയ്യുന്നതാണ് ‘കഥ രാഘവീയം’. ഇങ്ങനെ കഥയ്ക്കുള്ളിൽ തന്നെ കഥകൾ വരുന്നവയ്ക്കാണെന്നു തോന്നുന്നു ഞാൻ തലക്കെട്ടിൽ ‘കഥ’ യെന്ന വാക്ക് കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്.
കഥാഖ്യാഖത്തിൽ രൂപപരമായ പരീക്ഷണം നടത്തിയ കഥാകാരികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണു ടീച്ചർ. പലകഥകളിലും കഥാകൃത്ത് നേരിട്ട് പ്രത്യക്ഷപ്പെടുന്നു. ചിലകഥകളിൽ കഥാന്ത്യത്തിലെ അനുബന്ധമാണ് ശ്രദ്ധേയം. മറ്റു ചിലതാക്കെട്ടെ അന്യോപദേശ രൂപത്തിലും. ആഖ്യാനത്തിലെ ഇത്തരം പരീക്ഷണങ്ങൾക്കുള്ള കാരണം വിശദമാക്കാമോ?
കഥയിൽ കഥാകൃത്ത് നേരിട്ട് പ്രത്യക്ഷപ്പെടുന്നത് അത്ര പുതുമയുള്ള കാര്യമല്ല എന്റെ കഥകളിൽ കഥയെ നവീകരിക്കുന്നതിനുള്ള മാർഗ്ഗമായാണ് അങ്ങനെ എഴുതുന്നത്. ചില കാര്യങ്ങൾ കഥാകൃത്ത് നേരിട്ട് പറയുന്നതാണ് നല്ലത് എന്ന തോന്നലിൽ നിന്നാണ് അങ്ങനെ ചെയ്യുന്നത്. അനുബന്ധം ‘അഞ്ചാമന്റെ വരവി’ലും വേറെ ഒന്നും രണ്ടു കഥകളിലും ശ്രദ്ധേയമായി എന്ന് പലരും അഭിപ്രായപ്പെട്ടപ്പോൾ ആ രീതി സ്വീകരിച്ചതു നന്നായി എന്നു തോന്നിയിട്ടുണ്ട്. ഇത്തരം രീതികൾ പരീക്ഷിച്ചതിന് വേറെ പ്രത്യേകിച്ച് കാരണങ്ങളൊന്നും പറയുന്നില്ല.
ആദ്യകാല കഥയായ ‘മാളത്തിനു വെളിയിൽ’ എന്ന കഥയിൽ നിന്നും കഥാഖ്യാനത്തിൽ ഏറെ മാറ്റമുള്ളവയാണ് പുതിയകാല കഥകൾ. സ്വന്തം കഥാഖ്യാനത്തിലുണ്ടായ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു.?
മാളത്തിനു വെളിയിൽ എന്ന കഥ ബി.എ. ക്കു പഠിക്കുമ്പോൾ എഴുതിയതാണ്. മാറ്റം വളരെ സ്വാഭാവികമാണ്. കാലം മാറുന്നതിന് അനുസരിച്ച് ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ച് നമുക്കുണ്ടാകുന്ന മാറ്റം കഥകളിലും പ്രതിഫലിക്കും. ഒരു സ്വാഭാവിക പ്രക്രിയയാണത്. വിത്തിനുള്ളിൽ ഒരു മരം ഒളിച്ചിരിക്കുന്നു എന്നു പറയുന്നതുപോലെ കഥയ്ക്കുള്ളിൽ തന്നെ അതിന്റെ വളർച്ച ഒളിച്ചിരിപ്പുണ്ട്. ഒരു കഥാകാരി ചെയ്യുന്നത് ആ വളർച്ചയെ പ്രകടമാക്കിത്തരിക എന്നതാണ്. എന്റെ കഥാഖ്യാനത്തിന്റെ വളർച്ചയിൽ ഉണ്ടാകുന്ന മാറ്റത്തെ ഞാനല്ല എന്റെ വായനക്കാർ എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. മാറ്റം വളർച്ചയുടെ ലക്ഷണമാണ്. നിന്നിടത്തുതന്നെ നിൽക്കാതെ സ്വയം നവീകരിക്കുന്നവരായിരിക്കണം എഴുത്തുകാർ. ഞാനും അതിന് ശ്രമിക്കുമ്പോൾ കഥകളിലും ആ മാറ്റം പ്രകടമാകുന്നു അത്രേയുള്ളു.
നഗരത്തേക്കാൾ ഗ്രാമീണാന്തരീക്ഷത്തെ കാംക്ഷിക്കുന്നവരാണ് ചില കഥകളിലെ നായികമാർ. ഗ്രാമത്തോടുള്ള ഈ ആഭിമുഖ്യം എഴുത്തുകാരിയുടെ ഉള്ളിലെ ആഭിമുഖ്യം തന്നെയാണോ?
എന്റെ എല്ലാ കഥകളിലെ നായികമാരും ഗ്രാമത്തോട് ആഭിമുഖ്യം പുലർത്തുന്നവരല്ല. ദേവീഗ്രാമം എന്ന കഥയിൽ നഗരത്തിൽ താമസിക്കുന്ന നായികക്ക് ഗൃഹാതുരത്വമുളവാക്കുന്ന ഒരു താൽപര്യമാണ്, സ്മരണയാണ്, ജീവിതയാഥാർത്ഥ്യമാണ് ഗ്രാമം എന്നേയുള്ളൂ. എഴുത്തുകാരിയുടെ ഉള്ളിൽ ഈ ആഭിമുഖ്യമുണ്ട്. പക്ഷേ എന്നെ പകർത്തുന്നതല്ലല്ലോ എന്റെ കഥാപാത്രങ്ങൾ.
ഗ്രാമത്തോടാണോ നഗരത്തോടാണോ കഥാപാത്രങ്ങളുടെ ആഭിമുഖ്യം എന്നത് പ്രസക്തമല്ല. എല്ലാ കഥാപാത്രങ്ങൾക്കും അങ്ങനെ ഗ്രാമത്തോട് പ്രത്യേകിച്ച് ഒരു ആഭിമുഖ്യവുമില്ല.
പെണ്ണുഴുത്ത് എന്ന ലേബൽ പെണ്ണിന് അപഹാസ്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ? എന്നാൽ പെണ്ണിന്റെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന, കുടുംബത്തിലും സമൂഹത്തിലും അടിച്ചമർത്തപ്പെടുന്ന പെണ്ണിനെക്കുറിച്ച്, ധാരാളം കഥകൾ എഴുതിയിട്ടുമുണ്ട്. ഞാനൊരു പെണ്ണെഴുത്തുകാരിയല്ല എന്ന ടീച്ചറിന്റെ പ്രസ്താവനയിൽ ഒരു വൈരുധ്യമില്ലേ?
ഞാനൊരു പെണ്ണെഴുത്തുകാരിയല്ല എന്ന എന്റെ പ്രസ്താവനയുടെ അർത്ഥം വ്യക്തമായിട്ട് ‘സമരഭൂമി കടന്നു പോകാൻ അനുവദിക്കുക’ എന്ന ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. (ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചത്) എന്തുകൊണ്ടാണ് പെണ്ണെഴുത്ത് എന്ന സംജ്ഞ ഞാൻ എതിർത്തത് എന്ന് ആ ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ട്. പെണ്ണെഴുത്ത് എന്ന വാക്ക് തന്നെ Ecriture feminine എന്ന
വാക്കിന്റെ മലയാള തർജ്ജമയാണ്. തർജ്ജമയെന്നാൽ ഒറിജിനൽ വേറെയാണല്ലോ. അതുപോലെ പെണ്ണെഴുത്ത് എന്ന സംജ്ഞയുടെ കാതലും വേറെയാണ്. അത് യൂറോപ്പിലും അമേരിക്കയിലുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് എതിരെ അവർ സംഘടിപ്പിച്ച് ഉണ്ടാക്കിയ ഒരു മൂവ്‌മെൻറിനെ ഇങ്ങോട്ട് വലിച്ചിട്ടതാണ്. നുടെ പ്രശ്‌നങ്ങൾ വേറെയാണ്. ചോദ്യത്തിൽ സൂചിപ്പിച്ചപോലെ എന്റെ കഥകളിൽ സ്ത്രീയുടെ പ്രശ്‌നങ്ങളൊക്കെ ധാരാളം വരുന്നുണ്ട്. ഞാനൊരു സ്ത്രീയായതിനാലും സ്ത്രീയുടെ ആന്തരിക മണ്ഡലം പരിചിതമായതിനാലും ഞാൻ ഇടപഴകുന്നത് കൂടുതലും സ്ത്രീകളോടായതിനാലും ഒക്കെ എനിക്ക് അങ്ങനെ പകർത്തിവെക്കാനാകും.
പക്ഷേ, അതുകൊണ്ടു ഞാൻ പെണ്ണെഴുത്തികാരിയല്ല. പെണ്ണെഴുത്ത് എന്നത് പെണ്ണിനെക്കുറിച്ച് മാത്രമേ എഴുതാവൂ എന്നൊരു വിചാരമുണ്ടെങ്കിൽ അത് വെറും ഒരു തെറ്റിദ്ധാരണയാണ്. ഞാൻ ആണുങ്ങളെ കഥാപാത്രമാക്കിയും ശക്തമായി കഥകളെഴുതിയിട്ടുണ്ട്. പെണ്ണെഴുത്തുകാരിയല്ല എന്നല്ല ഞാൻ പറഞ്ഞത്. ഞാൻ എന്റെ വ്യക്തിനിഷ്ഠമായ ഒരു ഫെമിനിസത്തിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ. കാരണം പൊതുവായ ഒരു ദർശനത്തിൽ കൊണ്ടുവരാവുന്നതല്ല ഇവിടുത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ. അവർ പലതരത്തിൽ ഉള്ളവരും പലവിധത്തിൽ ഉള്ള പ്രശ്‌നങ്ങൾ നേരിടുന്നവരുമാണ്. ഇതിനെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനാവില്ല. ഓരോരുത്തരുടേയും പ്രശ്‌നങ്ങളെ അവരവരുടേതായ രീതിയിൽ നേരിട്ട് പരിഹരിക്കണം. അതിനാൽ പെണ്ണെഴുത്തുകാരിയല്ല എന്ന് പറയുമ്പോഴും ഞാൻ പെണ്ണല്ലാതിരിക്കുന്നില്ല. പെണ്ണായതിനാൽ അഭിമാനിക്കുന്നവളും ഇനിയും ജന്മമുണ്ടെങ്കിൽ പെണ്ണായിത്തന്നെ ജനിക്കാൻ ആഗ്രഹിക്കുന്നവളുമാണ്. എനിക്ക് പെണ്ണിന്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പക്ഷേ, പെണ്ണെഴുത്തുകാരി എന്ന് ലേബൽ ചെയ്യപ്പെടുന്നതിനോടാണ് എനിക്ക് പ്രതിഷേധം. അതിന്റെ അപകടങ്ങളെക്കുറിച്ചൊക്കെ മുമ്പ് പലപ്പോഴും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്.
‘അപർണയുടെ തടവറകൾ; അശ്വതിയുടേയും’ എന്ന ചെറുനോവൽ ഏതാനും
നോവലെറ്റുകൾ എന്നവയൊഴികെ ബാക്കിയെല്ലാം കഥകളാണ്. എന്തുകൊണ്ടാണ് പിന്നീട് നോവലുകൾ എഴുതാതിരുന്നത്?
ഇപ്പറഞ്ഞത് ശരിയാണ്. പക്ഷേ, എന്തുകൊണ്ടെന്ന ചോദ്യം ഒരു എഴുത്തുകാരിയെ സംബന്ധിച്ച് അപ്രസക്തമാണ്. തോന്നുകയാണെങ്കിൽ എഴുതും എന്നേയുള്ളു. ഒരു നോവലിന്റെ ബീജം വീണുകിട്ടുകയാണെങ്കിൽ എഴുതും. അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചില കഥാകൃത്തുകളെപ്പോലെ നോവൽ എഴുതില്ല എന്ന് വാശിയില്ല ഒന്ന് രണ്ട് തീമുകൾ മനസ്സിലുണ്ട്. ചിലപ്പോൾ ശ്രമിച്ചേക്കും.
വളരെ ശ്രദ്ധേയമായ ഒരു പാരിസ്ഥിതിക കഥയാണല്ലോ ‘ബോൺസായ്’ വിതച്ചത് കൊയ്യും എന്ന സന്ദേശമാണോ ഇതിന്റെ പിന്നിൽ?
വിതച്ചത് കൊയ്യും എന്നതാണ് ആ കഥയുടെ ഗുണപാഠമെന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ അത് സതിക്കുന്നു. കാരണം നമ്മൾ എഴുതുമ്പോൾ അങ്ങനെ ഒരു ഗുണപാഠം എഴുതാൻ ഇത് ഈസോപ്പുകഥയല്ലല്ലോ. പക്ഷേ അതാണ് കഥയുടെ മെസേജ് എന്ന് തോന്നിയാൽ അങ്ങനെയാവാം എന്നേ പറയാനുള്ളു.
കഥപോലെ, നോവലൈറ്റുപോലെ ഏറെ വായിക്കപ്പെട്ടതാണ് ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ഓർക്കുറിപ്പ്. തീവ്രമായ വേദനകൾക്കും ചികിത്സകൾക്കും ഇടയിലെ സൂക്ഷ്മമായ കാര്യങ്ങൾപോലും ഈ ഓർക്കുറിപ്പിലുണ്ട്. അതിനെക്കുറിച്ചൊന്ന് വിശദമാക്കാമോ?
‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്റെ ക്യാൻസർ പീഡനകാലത്തെ അനുഭവങ്ങളാണ്. അതിനെക്കുറിച്ച് ഞാനെന്ത് പറയാനാണ്. ഡോക്ടറുടേയും മനോരമയിലെ മണർക്കാട് മാത്യുവിന്റേയും നിർബന്ധംമൂലമാണ് അത് എഴുതിത്തുടങ്ങിയത്. പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ രണ്ടാമതും ക്യാൻസർ വന്നു. പിന്നീട് രണ്ട് അധ്യായങ്ങൾക്കൂടി കൂട്ടിച്ചേർത്തു. ആ പീഡാനുഭവങ്ങളിൽ നിന്നെല്ലാം ദൈവാനുഗ്രഹത്താൽ രക്ഷപ്പെട്ടു എന്ന് കരുതുന്നതാണ് എനിക്കിഷ്ടം. 2015ൽ ബൂപ്പ് (ആീീു) എന്നൊരു വൈറൽ ന്യുമോണിയ പിടിച്ച് ഒമ്പത് ദിവസം ഞാൻ ഐ.സി.യു,വിൽ ശ്വാസം കിട്ടാതെ കിടന്നു. പക്ഷേ, പുറത്തുവന്ന ഉടനെ വൈറസ് കാലം എന്ന ഒരു കഥയെഴുതി. ഇപ്പോഴും സുഹൃത്തുക്കൾ അത് പറഞ്ഞ് കളിയാക്കാറുണ്ട്. ഐ.സി.യുവിൽ നിന്ന് ഇറങ്ങുമ്പോൾ കഥയും കൊണ്ടാണ് ഇറങ്ങുന്നതെന്ന് പറഞ്ഞ്. അതുപോലെ ക്യാൻസർ വന്നപ്പോൾ ഈ പുസ്തകം എഴുതി. ഒരുപാട് ക്യാൻസർ രോഗികൾക്ക് ആശ്വാസവും ആളഹവിശ്വാസവും പകർന്നിട്ടുണ്ട് ഈ പുസ്തകം എന്നതിനാൽ എനിക്ക് വളരെ സന്തോഷമുണ്ട്. അതിനാൽ ഇന്നും ക്യാൻസർ രോഗികൾക്ക് ഏതെങ്കിലും തരത്തിൽ ഈ പുസ്തകം സഹായകമാണെന്ന് തോന്നുമ്പോൾ ഞാനത് അവർക്കെത്തിക്കാൻ ശ്രമിക്കാറുണ്ട്. എഴുത്തിൽ എനിക്കേറെ ചാരിതാർത്ഥ്യം തന്ന ഒരു പുസ്തകമാണിത്. നിവിൻപോളി നായകനായ ഒരു സിനിമയുടെ തലക്കെട്ടായി ഈ പുസ്തകത്തിന്റെ പേര് ഉപയോഗിച്ചത് അതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.
Mobile: 82899 20811