കവിതയിൽ വ്യത്യസ്തമായ പാത വെട്ടിത്തുറന്ന കവിയാണ്
എസ്. ജോസഫ്. സാധാരണ മനുഷ്യരെക്കുറിച്ചാണ്
അദ്ദേഹമെഴുതുന്നത്. ഒപ്പം കണ്ടിട്ടും അടയാളപ്പെടാതിരിക്കുന്ന
സസ്യങ്ങളും ജീവജാലങ്ങളും അദ്ദേഹത്തിന്റെ കവിതയിൽ
കടന്നു വരുന്നു. പാർശ്വവത്കൃത സമൂഹത്തിന്റെ ദൈന്യതയും
പുറമ്പോക്കിലെ മനുഷ്യജീവിതങ്ങളുടെ ആവലാതികളും ആ
കവിതകൾ അടയാളപ്പെടുത്തുന്നു. കുന്നുകളും തോടുകളും
പാടങ്ങളും കൊയ്ത്തും മെതിയും മീൻകാരനും മറിയാമ്മ
ചേട്ടത്തിയും ആരോനും മനഞ്ഞിലും കുട്ടയും മുറവും
തഴപ്പായയും ചിത്രശലഭങ്ങളും….. ഒക്കെ ചേർന്ന ഗ്രാമീണ
ജീവിതത്തിന്റെ പച്ചയായ കാഴ്ചകൾ കവിതയിലൂടെ പകർന്നു
നൽകുന്ന കവിയാണ് ജോസഫ്.
മലയാള കവിതയിൽ ആവിഷ്‌കാരത്തിന്റെ പുതുവഴി തുറന്നിട്ട
ജോസഫ് താൻ മുറി അടച്ചിട്ടെഴുതുന്ന കവിയല്ലെന്നും തുറന്നിട്ട
വാതിലിലൂടെ കാണുന്ന അടിസ്ഥാനമനുഷ്യന്റെ വേദനകളും
തീരെ ചെറിയ നാടിന്റെ കാഴ്ചകളും സങ്കടങ്ങളും അനുഭവങ്ങ
ളുമെല്ലാം ചേർന്ന കവിതകളാണ് തന്റേതെന്ന് കവി പറയുന്നു.
‘കറുത്ത കല്ല്’ മുതൽ ‘ചന്ദ്രനോടൊപ്പം’ എന്ന കവിതാ
സമാഹാരങ്ങൾ വരെ ഇത്തരത്തിലുള്ള അനുഭവത്തെയാണ്
ആവിഷ്‌കരിക്കുന്നത്. കവിതയ്ക്ക് സാഹിത്യ അക്കാദമി
അവാർഡ് നേടിയ എസ്. ജോസഫ് തന്റെ എഴുത്തിനെക്കുറിച്ച്
സംസാരിക്കുന്നു.
കവിതയെ എങ്ങനെയാണ് നിർവചിക്കുന്നത്. സ്വന്തം
കവിതയെ തിരിച്ചറിയുന്നതെങ്ങനെ?
നമ്മുടെ ജീവിതവും ലോകത്തോടുള്ള നമ്മുടെ പ്രതികരണവും
നമുക്കു ചുറ്റുമുള്ള ലോകവും അതിന്റെ അടയാളപ്പെടു
ത്തലുമാണല്ലോ കവിത. കവിത സത്യത്തിൽ പ്രകൃതിയിലെ
ഏതൊരു സംഗതിയും പോലുള്ള ഒന്നായിട്ട് നിൽക്കുകയാണ്.
അതിൽ നമ്മൾ കാണുന്ന പക്ഷിയോ മൃഗമോ മനുഷ്യനോ
പാറയോ മരമോ ആകാശമോ പോലുള്ള ഒരു വസ്തുവാണ്.
നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും സ്വപ്നങ്ങളുടെയും
മനസിലെ ചിത്രങ്ങളുടെയുമൊക്കെ കൂട്ടായ രൂപമാണ്
കവിതയെന്ന് പറയുന്നത്. ഇത്തരത്തിലുള്ള അടയാളപ്പെടുത്ത
ലാണ് എന്റെ കവിത.
അനുഭവങ്ങളുടെ സ്വാധീനം കവിതയിൽ എത്രത്തോളമുണ്ട്?
അനുഭവങ്ങളുടെ ചിത്രീകരണമാണ് കവിതയിൽ കൂടുതലും
വരുന്നത്. അനുഭവമെന്ന് പറയുമ്പോൾ ഭൂതകാലത്തിലെ
അനുഭവങ്ങളാണ് കൂടുതൽ. വർത്തമാനകാല അനുഭവങ്ങളുമുണ്ട്.
ഇന്നത്തെ ലോകത്ത് ദ്രുതഗതിയിൽ വന്നുകൊണ്ടിരി
ക്കുന്ന മാറ്റങ്ങൾ നമ്മുടെ മനസിൽ ചില ചോദ്യങ്ങൾ
ഉണ്ടാക്കുന്നു. കവിതയിലൂടെ നമ്മളതിന്റെ ചെറുലോകങ്ങൾ
സൃഷ്ടിക്കുന്നു. അനുഭവത്തെ നമ്മളൊരു പ്രത്യേക രീതിയിൽ
കാണുമ്പോഴാണ് അതിനെ കവിതയിലെ അനുഭവമെന്നു
പറയുന്നത്. എല്ലാവർക്കും അങ്ങനെയാണോയെന്ന് അറിയില്ല.
ഞാൻ എന്റെ അനുഭവങ്ങളെ പ്രത്യേക കാഴ്ചപ്പാടിൽ
കാണാറുണ്ട്. ബാല്യകാലത്ത് ഏറെ അനുഭവങ്ങൾ തന്നിട്ടുള്ള
എന്റ ഗ്രാമത്തിലെ തോട്ടിലേയ്ക്ക് അടുത്ത സമയത്ത് ഞാൻ
പോയി. പ്രായമുള്ള ഒരു മനുഷ്യൻ രണ്ട് വടികൾ ഉപയോഗിച്ച്
മീൻ പിടിക്കുന്നു. അതെന്നെ അത്ഭുതപ്പെടുത്തി. രണ്ട് വടി
ഉപയോഗിച്ച് അയാളിങ്ങനെ വെള്ളത്തിൽ മാറി മാറി
കുത്തുമ്പോൾ മീനുകളിങ്ങനെ ഓടിയോടി ഒളിക്കുവാ.
പള്ളത്തി പോലുള്ള ചെറിയ മീനുകൾ. അത് ചേറിനകത്ത്
ഒളിച്ചിരിക്കുമ്പോൾ അയാൾ കൈകൊണ്ടിങ്ങനെ പിടിച്ചെടുക്കുവാ.
ഇത് പണ്ടേയുള്ള, ഈസിയായിട്ടുള്ള ഒരു മീൻപിടുത്ത
രീതിയാണ്. അടുത്തകാലത്തെ അനുഭവമാണ് ഈ
പറയുന്നത്. എന്നാൽ അതെന്നെ അത്ഭുതപ്പെടുത്തി.
വർഷങ്ങൾക്ക് മുമ്പേ ഞാൻ തോട്ടിൽ പോകുമായിരുന്നു.
മീൻ പിടിക്കുമായിരുന്നു. ഈ അടുത്ത പ്രദേശത്തൊക്കെ
കൊയ്യാൻ പോകുമായിരുന്നു. പക്ഷേ ഈ മീൻപിടുത്തം ഞാൻ
കാണുന്നത് ഇതാദ്യമാണ്. ഞാൻ അത്ഭുതപ്പെടുന്നത് കണ്ടിട്ട്
അദ്ദേഹം പറഞ്ഞു. ഇതൊക്കെ പണ്ടു മുതലേയുള്ളതാണ്.
നിങ്ങൾ കാണാത്തതുകൊണ്ടാണെന്ന്. ആദ്യമായിട്ട് കാണുന്ന
തിന്റെ പുതുമയായിരിക്കാം എന്നെ അത്ഭുതപ്പെടുത്തിയത്.
എടക്കൽ ഗുഹ എത്രയോ പഴയ ഗുഹയാണ്. പക്ഷേ ആദ്യമായി
കാണുമ്പോൾ നമുക്കതിലൊരു പുതുമയുണ്ട്. അത്
വർത്തമാനത്തിലെ ഒരു ഗുഹയായി അനുഭവപ്പെടുന്നു.
അങ്ങനെ പഴയകാലത്തെ സംഗതികൾ ആദ്യം കാണുമ്പോഴോ
പഴയകാല അനുഭവങ്ങൾ പുതിയ കാഴ്ചയോടുകൂടി
ഓർത്തെടുക്കുമ്പോഴോ അത് ഒരു പുതിയ അനുഭവമായി
മാറുന്നു. അനുഭവങ്ങളെ അതേപടി ആവിഷ്‌കരിക്കുകയല്ല
ഞാൻ ചെയ്യുന്നത്. അതിന്റെ സാദ്ധ്യതകളിലേക്ക് പോകും. ഒരു
കവിതയിൽ പരമാവധി എന്ത് ചെയ്യാൻ കഴിയുമെന്നാണ്
നോക്കുന്നത്. പല തരത്തിൽ ആലോചിക്കുമ്പോൾ അതിന്
പുതിയ സാദ്ധ്യതകൾ കൈവരും. ഞാനൊരു വരി കവിത
ഇങ്ങനെയാണ് എഴുതിയത്:
സാധാരണയൊരു പെണ്ണിന്നഭംഗികൾ
കാലംപോകെ ഭംഗികളാം
സുന്ദരമെന്നു തോന്നുന്നതു പിന്നീട് നമുക്ക് സുന്ദരമല്ലെന്നു
തോന്നാം. സുന്ദരമല്ലെന്നു തോന്നുന്നതു പിന്നീട് സുന്ദരമായി
തോന്നാം. നമ്മുടെ സുഹൃത്തുക്കളെ നമ്മൾ സ്‌നേഹിക്കുന്നത്
സൗന്ദര്യംകണ്ടല്ല. മറിച്ച് അവരുടെ മനസിന്റെ നന്മയും
പെരുമാറ്റവുമൊക്കെ കണ്ടാണ്. ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത്
ചിലപ്പോൾ സൗന്ദര്യമായിരിക്കാം. കറുത്തതാണല്ലോ,
വിരൂപമാണല്ലോ എന്നൊക്കെ ആളുകൾ ചിന്തിക്കും. പക്ഷേ
പിന്നീട് അതൊരു തടസമല്ലാതാകും. എന്നുവച്ചാൽ
സാമ്പ്രദായികമായൊരു സൗന്ദര്യസങ്കല്പത്തെ നമ്മൾ മാറ്റി
മറിക്കാൻ ശ്രമിക്കുന്നു. കവിതയിൽ എന്തെല്ലാം സംഭവിക്കാമോ
അതെല്ലാം സംഭവിച്ചിരിക്കണം. അല്ലാതെ കവിതയെഴുതുന്ന
പലരുമുണ്ട്. അതൊക്കെ ശരാശരി കവിതകളോ നല്ല
കവിതകളോ ആയിരിക്കാം. എന്റെ ലക്ഷ്യം അതല്ല. പരമാവധി
ഒരു കവിതയിൽ എന്ത് ചെയ്യാൻ പറ്റുമെന്നുള്ളതാണ്.
എന്റെ ചാച്ചൻ ഒരു കൽപണിക്കാരനായിരുന്നു. കല്ല്
വയ്ക്കുന്നതിനുമുമ്പ് തിരിച്ചും മറിച്ചും, മറിച്ചും തിരിച്ചും വച്ച്
അതിന്റെ മുഖം നോക്കും. അതെങ്ങനെ വയ്ക്കണമെന്നാണ്
നോക്കുന്നത്. കൃത്യമായൊരു വയ്പിലേ അതിരിക്കൂ.
അല്ലെങ്കിൽ കെട്ടിടം പൊളിഞ്ഞു വീഴും. ഇതുപോലെ
അനുഭവത്തെ കവിതയിൽ പലതരത്തിൽ വയ്ക്കാം. അപ്പോൾ
പുതിയൊരു ഉൾക്കാഴ്ചയുണ്ടാവും. സാധാരണമായ ഒരു
അനുഭവം പോലും കവിതയിൽ അവതരിപ്പിക്കുമ്പോൾ
അസാധാരണമായ അനുഭവമായി മാറുകയാണ്. അവ
കേൾക്കുന്നവർക്കും വായിക്കുന്നവർക്കും പുതിയൊരു
ഉൾക്കാഴ്ച നൽകും.
മാഷിന്റെ കവിതയിലേക്ക് വരുമ്പോൾ മലയാള കവിത
ഭാഷാപരമായും രൂപത്തിലും ഘടനയിലുമൊക്കെ
പുതിയൊരു പരിണാമമുണ്ടാക്കുന്നു എന്നു പറയാമോ?
നിങ്ങൾ അങ്ങനെ പറയുന്നു. വായന അത്തരം അനുഭവം
പകർന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങനെ പറയാം. ഏത്
കവിക്കും അയാളുടേതായ സങ്കല്പങ്ങളും ധാരണകളുമുണ്ടാകും.
എന്റെ ധാരണയെന്നു പറയുന്നതിതാണ്. പരമാവധി പുതിയ
കാഴ്ചയും അർഥവുമുണ്ടാകത്തക്ക രീതിയിൽ പുതിയ
ഡൈമെൻഷനുകളിൽ കവിത ശ്രമിച്ചു നോക്കുക. ഉദാഹരണ
ത്തിന്:
പുഴുവിൽനിന്ന് മരപ്പൊത്തുകളെടുക്കല്ലേ
മരപ്പൊത്തിൽനിന്നും കിളി കാണും മാനം എടുക്കല്ലേ
ഇവിടെ പുഴുപോലുള്ള ചെറിയൊരു ജീവിയിൽനിന്നും
വലിയൊരു മരപ്പൊത്തിനെ നമ്മൾ കാണുന്നു. പിന്നെ
മരപ്പൊത്തിൽനിന്നും കിളി കാണും മാനം കാണുന്നു. ഇവിടെ
പുതിയൊരു കാഴ്ച തരുന്നുണ്ട്. കാഴ്ചയുടെ പുതിയ തലങ്ങൾ,
പരിപ്രേക്ഷ്യം എന്നൊക്കെ പറയുന്ന ചില സംഗതികളുണ്ടെ
ങ്കിലേ കവിത സാധാരണ കവിതയിൽനിന്ന് വേറിട്ട് നിൽക്കുകയുള്ളൂ.
ഉപയോഗിക്കുന്ന ബിംബങ്ങളുടെ വലുപ്പവും ദൂരവുമൊക്കെ
അടയാളപ്പെടുത്തുന്ന സൂക്ഷ്മതകൾ കവിതയിൽ
കൊണ്ടുവരുന്നു. മരങ്ങൾക്കിടയിൽ കുരിശുകാണുന്നു എന്നു
ഞാൻ എഴുതിയിട്ടുണ്ട്. ഇത് കാണുന്നത് ആരാണെന്ന ഒരു
പ്രശ്‌നമുണ്ടല്ലോ. ഒരുത്തനിങ്ങനെ ഒളിച്ചിരുന്നു കാണുകയാണ്.
പള്ളിയിലൊന്നും പോകാത്ത ക്രിസ്ത്യാനിയായ ഒരാൾ.
സമൂഹത്തിൽനിന്ന് ബഹിഷ്‌കൃതനായ ഒരാൾ. എവിടെയാണെന്ന്
ഒരാൾക്കും കണ്ടെത്താനാവാത്ത ഒരാൾ. പള്ളിയുടേതായ
അന്തരീക്ഷത്തിൽനിന്നും പുറന്തള്ളപ്പെട്ട മുടന്തനായ
ബഹിഷ്‌കൃതനായ അയാൾ ഒളിച്ചിരുന്ന് മരങ്ങൾക്കിടയിലൂടെ
കുരിശു കാണുകയാണ്. അയാൾ എവിടെയാണെന്ന് ആർക്കും
അറിഞ്ഞുകൂട. പുറമ്പോക്കിലെവിടെയോ കഴിഞ്ഞുകൂടുന്ന
ഇയാളെ അന്വേഷിച്ച് പള്ളിക്കാര് പോകുന്നു. പക്ഷേ അവർക്ക്
അയാളെ കാണാനാകുന്നില്ല. വളരെ ഗതികെട്ട് ജീവിക്കുന്ന ഈ
മനുഷ്യരുടെ പ്രത്യേകത അവരുടെ ജീവിതത്തിന് യുക്തിയൊ
ന്നുമുണ്ടാകില്ല എന്നതാണ്. നമ്മളൊരു പണിക്ക് വരാൻ
പറഞ്ഞാൽ അവർ വന്നില്ലെന്ന് വരും. ഇത് നമുക്ക് അടിസ്ഥാന
മനുഷ്യരുടെ ജീവിതത്തിലേക്ക് നോക്കിയാൽ കാണാൻ
കഴിയും. ചിലപ്പോൾ അവരൊരു കടക്കാരൻ വരുമെന്ന്
പ്രതീക്ഷിച്ച് പേടിച്ച് ഒളിച്ചിരിക്കുകയായിരിക്കും. എന്നാൽ
ഉദ്യോഗസ്ഥ സമൂഹങ്ങൾ അങ്ങനെയല്ല. ഓഫീസിൽ പോകു
ന്നു. ഒപ്പിടുന്നു. പഞ്ച് ചെയ്യുന്നു. പക്ഷേ അതിനൊക്കെ
വെളിയിൽ നിൽക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം
അന്വേഷിച്ച് ചെന്നാൽ കാണണമെന്നില്ല. അച്ഛൻ എവിടെപ്പോയി
എന്നു ചോദിച്ചാൽ രാവിലെ ഇറങ്ങിയതാ,
എവിടെപ്പോയി എന്നു അറിയത്തില്ല എന്ന മറുപടിയാവും
പലപ്പോഴും കിട്ടുക. ആൾ ചിലപ്പോൾ ലോകത്തെവിടെയെങ്കിലുമുണ്ടാകും.
ഇത് ബഹിഷ്‌കൃത ലോകത്തിന്റെ ഒരു
അസ്ഥിരതയാണ്. ഇത്തരം ഒരുകൂട്ടം അസ്ഥിരതകളാണ് അവി
ടെയുള്ളത്. ഇത്തരം മനുഷ്യരെയാണ് ഞാൻ അടയാളപ്പെടു
ത്താൻ ശ്രമിക്കുന്നത്. അത് തിരിച്ചറിയേണ്ടതും കണ്ടെത്തേ
ണ്ടതും വായനക്കാരും നിരൂപകരുമാണ്.
ഗ്രാമീണജീവിതത്തിന്റെയും ബഹിഷ്‌കൃതരുടെ അനുഭവ
ങ്ങളുടെയും കാഴ്ചകൾ കവിതയിൽ കൃത്യമായും കടന്നു
വരുന്നുണ്ട്. ബോധപൂർവമാണോ അതോ സംഭവിച്ച്
പോകുന്നതാണോ?
ബോധം കുറവാണെന്നാണല്ലോ ആളുകൾ പറയുന്നത്.
നമ്മൾ ഒരു അബോധത്തിലാണ് നടപ്പും കാര്യങ്ങളുമൊക്കെ.
പലപ്പോഴും ആരെങ്കിലുമായി സംസാരിക്കുമ്പോഴൊക്കെ എന്റെ
മനസിൽ മറ്റു പലതുമായിരിക്കും. ആളുകൾ പറയും നമ്മൾ
അശ്രദ്ധനാണെന്ന്. പക്ഷേ അശ്രദ്ധയല്ലത്. മറ്റാരും കാണാത്ത
കാര്യങ്ങൾ കാണാൻ ശ്രമിക്കുന്നതുകൊണ്ട് മറ്റുള്ളവർക്ക്
ഉണ്ടാകുന്ന തോന്നൽ മാത്രമാണത്. ചെറുപ്പം മുതൽതന്നെ
എന്റെ മനസിൽ ബഹിഷ്‌കൃത ജീവിതത്തിന്റേതായ ചില
സങ്കടങ്ങൾ ഉണ്ടായിരുന്നു. തകഴിയുടെ നോവലിലൊക്കെ
ഇത്തരം പ്രശ്‌നങ്ങൾ പറയുന്നുണ്ടെങ്കിലും കവിതയിൽ
ഇത്തരം ആവിഷ്‌കാരങ്ങൾ കാര്യമായി ഉണ്ടായിരുന്നില്ല. ഇത്
കവിതയിലേയ്ക്ക് കൊണ്ടുവരാൻ ഞാൻ പലതരത്തിലുള്ള
രൂപങ്ങൾ ഉപയോഗിച്ചു. ഗദ്യത്തിലെഴുതി, സ്വന്തമായി വൃത്തം
സൃഷ്ടിച്ചു. അങ്ങനെ പലതരത്തിലുള്ള ശ്രമങ്ങൾ. പക്ഷേ
അതെല്ലാം വളരെ സീരിയസാണ്. ഗൗരവത്തോടെയാണ്
കാര്യങ്ങളെ കാണാൻ ശ്രമിക്കുന്നത്. ഫലിതത്തിൽ താൽപര്യ
മില്ലാഞ്ഞിട്ടല്ല. നമുക്ക് പറയാനുള്ളത് സീരിയസായതിനാൽ
ഫലിതത്തിൽ പറഞ്ഞാൽ ശരിയാവില്ല എന്നതിനാലാണ്.
കുമാരനാശാന്റെ ഒക്കെ ഒരു വഴിയാണത്. ദു:ഖങ്ങളും
സങ്കടങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളുമൊക്കെയാണ്
നമ്മുടെ ഒരു തീം. അതിൽ ഫലിതം ഇല്ലെന്നു തന്നെ പറയാം.
അത് ഫലിതത്തിൽ പറഞ്ഞാൽ അതിന്റെ ഗൗരവം കുറഞ്ഞു
പോയേക്കാം. എനിക്ക് അത്തരത്തിലുള്ള കാര്യമാണ്
പറയാനുള്ളത്. ഒരു വലിയ സമൂഹത്തിന്റെ, ഒരു ജനതയുടെ
ജീവിതം മൊത്തം മാറണമെന്നും അനിശ്ചിതത്വങ്ങൾക്ക് ഒരു
പരിഹാരമുണ്ടാകണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
ഒറ്റപ്പെട്ട മനുഷ്യരുടെ ഏകാന്തതയും മുൻമാതൃകകളി
ല്ലാത്ത ജൈവലോകവും താങ്കളുടെ കവിതകളിൽ സൂക്ഷ്മ
മായി അടയാളപ്പെടുന്നുണ്ടല്ലോ?
അതെ, നമ്മുടെ ഉത്തരാധുനിക കവിതയുടെ ഒരു പ്രത്യേകത
തന്നെ ലോകത്തെ ഫലിതമായി കാണുക, ഡയലറ്റിക്കായി
കാണുക എന്നതാണ്. എന്റെ ഒരു രീതിയേ അതല്ല. നിശബ്ദത
എന്റെ കവിതയിലുണ്ട്. ഞാൻ മലകളെ ഇഷ്ടപ്പെടുന്നയാളാണ്.
ഏകാന്തതയാണ് എന്നെ വായനയുമായി അടുപ്പിച്ചത്. കൊച്ചു
കൊച്ചു വനപ്രദേശങ്ങൾ, ഗ്രാമത്തിലെ ചില സ്ഥലങ്ങൾ
ഇതൊക്കെ വളരെയിഷ്ടമാണ്. എനിക്ക് സുഹൃത്തുക്കൾ
വളരെ കുറവാണ്. ഉള്ളവരൊക്കെ ദൂരെയും. എന്റെ നാട്ടുമ്പുറത്ത്
ഞാൻ ഒറ്റപ്പെട്ട ഒരു മനുഷ്യനാണ്. അതുകൊണ്ടാണ്
‘പരിചിതനായ അപരിചിതൻ’ എന്ന് നാട്ടുകാർ എന്നെ
വിളിക്കുന്നത്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ സമയത്ത്
നാട്ടുകാർ എനിക്ക് തന്ന ബിരുദമാണത്. അവർക്ക് എന്നെ
അറിയാം, പക്ഷേ ശരിക്കറിഞ്ഞുകൂടാ. പൊതുവെ അന്തർമുഖനായിരുന്ന,
ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ഞാൻ അതിനെ
അതിജീവിച്ചത് കവിതയിലൂടെയാണ്. കവിത എന്നെ വിമോചി
പ്പിച്ചു എന്നു പറയാം. നമ്മൾ കവിതയെ മാറ്റിയിട്ടുണ്ടാകും.
കവിത നമ്മളെ മാറ്റിയതുകൊണ്ടാണ് അത് സംഭവിച്ചത്.
ഗ്രാമത്തിലെ ദേവാലയത്തിലെ മുടന്തൻ എന്ന് പറയുന്നത്
ദലിത് ക്രൈസ്തവന്റെ ഒരു പ്രതിനിധാനമാണ്. അതെന്റെ
മനസിൽ പണ്ടേ ഉണ്ടായിരുന്ന ഓരാളാണ്. ഞാൻ ഒരു വീട്ടിൽ
ഒരാളെ അന്വേഷിച്ചു ചെന്നപ്പോൾ കാണേണ്ടയാൾ അവിടെയൊന്നുമില്ല.
ആനവായൻ പെരയുണ്ട്. രണ്ട് അടുപ്പുകളുണ്ട്.
കെടക്കുന്ന ഒരു പായ തെറുത്തുവെച്ചിട്ടുണ്ട്. ഇത്തരം
കാഴ്ചകളും ബിംബങ്ങളും സ്വഭാവികമായി കവിതയിൽ
വരുന്നതാണ്.
ബിബ്ലിക്കലായ ഒരുപാട് ബിംബങ്ങളും
കഥാപാത്രങ്ങളും മാഷിന്റെ കവിതയിലുണ്ട്.
അതിന്റെയൊരു വഴി?
സംഭവമിതാണ്. ഞങ്ങൾ ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്.
എന്നാൽ ദലിത് എന്നൊരവസ്ഥയുമുണ്ട്. ഇത്
രണ്ടിന്റെയും ഇടയിലാണ് നിൽക്കുന്നത്. അതിന്റെയൊരു
സങ്കരത എന്റെ കവിതയിലും ജീവിതത്തിലുമൊക്കെ ഭയങ്കരമായി
സ്വാധീനിച്ചിട്ടുണ്ട്. സത്യത്തിൽ ഞാൻ ബൈബിൾ
ഗംഭീരമായി വായിച്ചിട്ടുള്ളയാളാണ്. വ്യാഖ്യാനങ്ങളും വായിച്ചി
ട്ടുണ്ട്. ബൈബിളിലെ വാക്കുകളുടെ പ്രത്യേകത അവ ലളിതമാണെന്നുള്ളതാണ്.
അതേ സമയം നിരവധി അർഥതലങ്ങളും
ദാർശനിക മാനങ്ങളുമുള്ള വാക്കുകളുമാണ്. ബൈബിളാണല്ലോ
ഞങ്ങളുടെയൊക്കെ സമൂഹം ഉപയോഗിക്കുന്നത്.
നമ്മൾ ക്രിസ്ത്യനാണെന്ന് പറയുമെങ്കിലും എത്രമാത്രം ക്രിസ്ത്യൻ
ആണെന്ന പ്രശ്‌നവുമുണ്ട്. ജീവിതത്തിലുണ്ടാകുന്ന നവീകരണവും
ഭൗതികമായ ഉയർച്ചകളും ഒന്നും കിട്ടാത്ത സമൂഹമാണ്
ദലിത് ക്രിസ്ത്യൻ സമൂഹം. സാമൂഹികമായ പരിഗണനകൾ
കിട്ടാതെ അടഞ്ഞുപോകുന്ന ഒരു സമൂഹവുമാണിത്. ബൈബി
ളിൽ നിന്ന് കിട്ടുന്ന പുതിയൊരാകാശവും പുതിയ തുറസുകളും
പുതിയ വെളിച്ചങ്ങളും എന്റെ ജീവിതത്തിലും കവിതയിലുമൊക്കെ
കടന്നു വരുന്നുണ്ട്.
മനഞ്ഞിൽ എന്നൊരു മൽസ്യമുണ്ട്. അതിന്റെ തലകണ്ടാൽ
പാമ്പുപോലിരിക്കും. വാല് കണ്ടാൽ മീൻപോലിരിക്കും. ഇതേ
അവസ്ഥയാണ് ദലിത് ക്രൈസ്തവർക്കുള്ളത്. ഇത്തരം അവസ്ഥ
കളാണ് മനഞ്ഞിൽ എന്ന കവിതയിൽ അടയാളപ്പെടുന്നത്.
വംശനാശം വരുന്ന മൃഗങ്ങൾ, പക്ഷികൾ,
മനുഷ്യർ, ഭാഷകൾ, പ്രസ്ഥാനങ്ങൾ,
എന്നിവയ്‌ക്കെല്ലാം ഒരു പട്ടികയുണ്ട്
അതിൽ ഉൾപ്പെടുത്തുമ്പോൾ
ഇരട്ടജീവിതം ജീവിക്കേണ്ടിവന്നതിനാൽ
എന്നുകൂടി എഴുതണേ! (മനഞ്ഞിൽ)
ഇത്തരത്തിലുള്ള ജീവിതാനുഭവങ്ങളിൽനിന്നാണ് എന്റെ
കവിത ശക്തിയാർജിക്കുന്നത്.
പാശ്ചാത്യ ചിത്രകലയുടെ സ്വാധീനം മാഷിന്റെ കവി
തയിലുണ്ടല്ലോ. വിശദമാക്കാമോ?
പാശ്ചാത്യമായ സങ്കേതങ്ങൾ എന്റെ കവിതയിലുണ്ട്. അത്
അവിടെയുള്ള കവിതകളുടെ അനുകരണമല്ല. ആധുനികതയുടെ
കാലത്താണ് അനുകരണം നടന്നിട്ടുള്ളത്. ഞാൻ
കൂടുതലായും എഴുതിയിട്ടുള്ളത് പാശ്ചാത്യചിത്രകലയും
ശിൽപകലയുമൊക്കെ ആധാരമാക്കിയാണ്. അവരുടെ സ്വാതന്ത്ര്യമുണ്ടല്ലോ,
അതായത് ആൺ-പെൺ സൗഹൃദത്തിന്റെ
യൊക്കെ ഒരു ഊഷ്മളത, അതെനിക്ക് ഇഷ്ടമാണ്. അതുപോലെ
വാൻഗോഗിന്റെയും പിക്കാസോയുടെയും ചിത്രങ്ങ
ളുടെ സ്വാധീനം എന്റെ കവിതയിലുണ്ട്. ഞാൻ ചിത്രകല
ആസ്വദിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
യൂറോപ്യൻ നവോത്ഥാനം മുതലുള്ള ചിത്രകലയുടെ ചില
കാഴ്ചപ്പാടുകൾ എനിക്ക് കവിതയെഴുതാൻ പ്രേരണയായിട്ടു
ണ്ട്. നിറങ്ങൾ സമൃദ്ധമായി ഉപയോഗിച്ച മത്തീസിന്റെയൊക്കെ
സ്വാധീനം എന്നിലുണ്ട്. പച്ചയിൽ നടന്നുപോകുമ്പോൾ
എന്നൊക്കെ ഞാൻ എഴുതിയതിന്റെ പ്രേരണയിതാണ്.
പ്രക്യതിയുടെ മുഴുവൻ ഭാവങ്ങളും ഈ പച്ചയിലുണ്ട്. ചങ്ങമ്പുഴ,
ഇടശേരി, ഡി. വിനയചന്ദ്രൻ, അയ്യപ്പൻ എന്നിവരൊക്കെ
ഇത്തരം കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും
അതിൽനിന്ന് വ്യത്യസ്തമാകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.
എങ്ങും മഞ്ഞു പരന്നു
വാഴയിലയിൽ ചാടുന്ന മഞ്ഞക്കിളിച്ചുണ്ടിൽ-
നിന്നൊരു പാട്ടുമില്ല
പകലിൽ ചായം ചമയ്ക്കുമ്പൊഴും
മത്തീസിന്റെയൊക്കെ സ്വാധീനം ഈ വരികൾ കണ്ടെ
ത്താൻ കഴിയും. മറ്റു പല കവിതകളിലും ഇത് കടന്നു വരുന്നു
ണ്ട്. ബോധവും അബോധവും ദൃശ്യതയും അദ്യശ്യതയും
ചിത്രകലയിലെപ്പോലെ കവിതയിലും കടന്നു വരുന്നുണ്ട്.
മുഴുവൻ പറയലല്ല കവിത. ഒരു കാര്യത്തെ സമഗ്രമായി
അവതരിപ്പിക്കുക എന്നതാണ് പഴയകാലകവികളുടെ രീതി.
കാല്പനിക കവികളും ഈ ശൈലിതന്നെയാണ് പിന്തുടർന്നത്.
എന്നാൽ പുതുകവിതയിൽ ഇത് കുറഞ്ഞു വരുന്നുണ്ട്. അർത്ഥ
സമ്പുഷ്ടമായ ചില കോറലുകൾ അപൂർണതയിൽതന്നെ
പൂർണമാകുന്നുണ്ട്.
പാടത്തെ ചെറുതോടിന്റെ കരയ്ക്ക് ഒരു കുഞ്ഞിമരം
ചാഞ്ഞുനില്ക്കുന്നു
അതിന്റെ വേരുകൾക്ക് നല്ല പിടുത്തം കാണും
അതിന്റെ ഇലനിരപ്പ് പാടനിരപ്പിന് സമാന്തരം
മരത്തടിയാണ് ചെരിഞ്ഞുനിൽക്കുന്നത്
മനുഷ്യർക്കോ മൃഗങ്ങൾക്കോ പക്ഷികൾക്കോ
ഇത്തരം ചെരിഞ്ഞുനില്പ് അസാദ്ധ്യം. (നില്പ്)
ചരിത്രത്തിൽ അടയാളപ്പെടാതെ പോയ മനുഷ്യരും
പ്രകൃതിയിൽ നമ്മൾ കാണാത്ത അല്ലെങ്കിൽ കണ്ടിട്ടും
ശ്രദ്ധിക്കാതെ പോകുന്ന ജീവജാലങ്ങളും സസ്യങ്ങളുമാണ്
ജോസഫിന്റെ കവിതകളിലുള്ളത്. അതുകൊണ്ടുതന്നെ ഈ
കവിതകൾ ഇന്നിന്റെയും നാളെയുടെയും കവിതകളായിരിക്കു.