മലയാള ചെറുകഥയിൽ ജീവിത യാഥാർത്ഥ്യത്തിന്റെ
തീക്ഷ്ണമുഖങ്ങൾ കാല്പനികഭാവുകത്വത്തിന്റെ
ജലസ്പർശത്താൽ പകർന്നുകൊടുത്ത വി.ആർ.സുധീഷ്
എഴുത്തനുഭവത്തേയും, വർത്തമാനജീവിതത്തെയും കുറിച്ച്
സംസാരിക്കുന്നു.
മാഷുടെ ഉള്ളിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയ
സാഹചര്യങ്ങളെ എങ്ങനെ കാണുന്നു?
ഒരെഴുത്തുകാരനാകുമെന്ന വിചാരമോ, സ്വപ്നമോ ഒന്നും
ചെറുപ്പകാലത്തുണ്ടായിരുന്നില്ല. എഴുതാനോ വായിക്കാനോ
ഉള്ള സാഹചര്യം വീട്ടിലോ കുടുംബത്തിലോ ഉണ്ടായിരുന്നില്ല.
നല്ല വായനാന്തരീക്ഷമുള്ള വിദ്യാലയങ്ങളിലായിരുന്നില്ല
പഠിച്ചതും. സർഗാത്മകതയ്ക്ക് പ്രചോദനം നൽകിയ
അദ്ധ്യാപകരും ഉണ്ടായിരുന്നില്ല. ആകെ കൈമുതലായുള്ള കല
സംഗീതമാണ്. വീട്ടിൽ സംഗീതാഭിരുചി അച്ഛനിലും
സഹോദരങ്ങളിലുമൊക്കെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ
ഒരു സംഗീതജ്ഞനാകാനാണ്, പാട്ടുകാരനാകാനാണ് ഞാൻ
ആഗ്രഹിച്ചത്. സംഗീതത്തെയാണ് ഞാൻ പരിചയിച്ചത്. ഒരു
നല്ല വായനക്കാരൻപോലുമല്ല ഞാൻ. ക്രമേണ വായനയുടെ
ഒരന്തരീക്ഷത്തിലേക്ക് യാദൃച്ഛികമായി
എത്തിച്ചേരുകയായിരുന്നു ഞാൻ. സംഗീതത്തിൽ നിന്ന്
കഥയിലേക്ക് വഴുതിവീഴുകയായിരുന്നുവെന്ന് സാരം.
എന്റെ ഉള്ളിൽ കഥകൾ നിറച്ചത് ഞാൻ താമസിച്ച
നാട്ടിൻപുറങ്ങളിലായിരുന്നു. ഒരുപാട് നാട്ടിൻപുറങ്ങളിൽ ഞാൻ
താമസിച്ചിട്ടുണ്ട്. അച്ഛൻ ജോലിസ്ഥലം മാറുന്നതിനനുസരിച്ച്
നാടുകൾ മാറിവരും; വീടുകൾ മാറിവരും, പള്ളിക്കൂടങ്ങൾ
മാറിവരും. കുട്ടികൾ മാറിവരും. നമ്മൾ കാണുന്ന കാഴ്ചകൾ,
ഐന്ദ്രിയാനുഭൂതികൾ ഒക്കെയിങ്ങനെ മാറിമാറിവരും. അങ്ങനെ
ക്രമേണ ഞാൻ വായനയിലേക്ക് വഴുതിമാറി. ഈ വായനയാണ്
എന്നെക്കൊണ്ട് എഴുതിക്കുന്നത്. വായന എന്നുമാത്രം
പറഞ്ഞാൽ പോര. ഒരുപക്ഷേ, എന്നിലുള്ള
സംഗീതാസ്വാദകനായ കുട്ടിയിലുണ്ടാവുന്ന ഒരു ബോധം –
അതൊരു താളബോധമാണ്. എഴുത്തിന് നല്ല താളബോധം
ആവശ്യമാണ്. നമ്മളൊരു വരിയെഴുതുമ്പോൾ – അത്
ഗദ്യമായാലും പദ്യമായാലും – അതിനകത്ത് ഒരുതാളം, ഒരു
സെളദബ നമുക്ക് തിരിച്ചറിയാൻ പറ്റും. എഴുത്തിന്റെ ഏറ്റവും
വലിയൊരു മേന്മ, അതിന്റെ താളം തിരിച്ചറിയുക
എന്നതുതന്നെയാണ്. എല്ലാ എഴുത്തിലും ആ താളം
ഉണ്ടായിക്കൊള്ളണമെന്നില്ല. പദങ്ങളുടെ നല്ലൊരു
ചേർച്ചയിലൂടെയാണ് താളം കൈവരിക്കാൻ കഴിയുക.
എന്റെയുള്ളിലെ സംഗീതാഭിരുചിയുള്ള ഒരു കുട്ടിക്ക് ആ താളം
മനസ്സിലാവും.
മാനിച്ചോരോ മലരുകൾ ചെന്ന്
മാബലി ദേവനെയെതിരേൽക്കാൻ.
സ്‌കൂളിലെ യൂത്ത്‌ഫെസ്റ്റിവലിന് പദ്യപാരായണമത്സരത്തിന്
പാടിയ കവിതയാണിത്. അന്ന് എനിക്ക് അതാരുടെ
കവിതയാണെന്നൊന്നും അറിയില്ലായിരുന്നു. അദ്ധ്യാപകൻ
പഠിപ്പിച്ചുതന്നതാണ്. പിൽക്കാലത്താണ് വൈലോപ്പിള്ളി
കുട്ടികൾക്കുവേണ്ടി എഴുതിയ കവിതയാണെന്ന് മനസ്സിലായത്.
അന്ന് മനസ്സിലാകാത്ത ചില താളങ്ങൾ പിന്നീട്
മനസ്സിലാക്കുകയുണ്ടായി. എന്റെ ഉള്ളിലെ സംഗീതമാണ്,
ഉള്ളിലേക്ക് കടന്നുവന്ന വാക്കുകളെ ചേർത്തുവച്ചതെന്ന്
പറയാൻ കഴിയും. സംഗീതവും വാക്കുകളും ചേർന്ന ഒരു
ആന്തരികാനുഭവത്തിൽനിന്നാണ് എന്നിലെ
എഴുത്തുകാരനുണ്ടായതെന്ന് ഞാൻ മനസ്സിലാക്കുന്നു.
ആദ്യകാലത്തെ എഴുത്തിനെക്കുറിച്ച്?
ഞാൻ നേരത്തേതന്നെ എഴുതിത്തുടങ്ങിയിരുന്നു; ചെറിയ
ക്ലാസ്സിൽ പഠിക്കുമ്പോഴൊക്കെ. പക്ഷേ ഒരു
കഥയായിട്ടൊന്നുമല്ല എഴുതിയത്. തോന്നുന്നതൊക്കെ
എഴുതുക എന്നൊരു രീതിയായിരുന്നു. അന്ന് സ്‌കൂളിൽ
വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ സാഹിത്യസമാജം
ഉണ്ടാവും. ഈ സാഹിത്യസമാജങ്ങളിൽ കുട്ടികളുടെ
കലാസാഹിത്യപ്രകടനങ്ങളാണ് നടക്കുക. അതിലേക്ക് വേണ്ടി
ഞാനൊരു നാടകമെഴുതിയിരുന്നു. നാടകം എന്നുപറഞ്ഞാൽ,
ഞങ്ങൾ നാലഞ്ച്കുട്ടികൾ ചേർന്ന് അവതരിപ്പിക്കാൻ പറ്റിയ
തമാശ കലർന്ന എന്തോ ഒന്ന്. നാടകമെന്നൊന്നും പറയാൻ
പറ്റില്ല.
പിന്നീട് ഞാനെഴുതിയത് കുറേ പാട്ടുകളാണ്. വെറുതേ
പാടാൻ വേണ്ടിയായിരുന്നു. ഉള്ളിലൊരു
സംഗീതപ്രതിഭയുള്ളതുകൊണ്ട് പിന്നീട് കുറേ പാട്ടുകൾ എഴുതി.
അന്ന് പത്തറുപതോളം പാട്ടുകളെഴുതിയിട്ടുണ്ടെന്ന് തോന്നുന്നു.
ചിലതൊക്കെ നാടകത്തിനുവേണ്ടി സംഗീതം നൽകിയിട്ടുണ്ട്.
മൗലികമായ കഥാരചന നടക്കുന്നത് പത്താം
തരത്തിലെത്തുമ്പോഴാണ്. ബാലരമ പോലുള്ള മാസികകളിൽ
എന്റെ കഥ വരാറുണ്ടായിരുന്നു.
വൈലോപ്പിള്ളി, തകഴി, ബഷീർ, കാരൂർ
തുടങ്ങിയവരുടെയൊക്കെ കാലത്തെ എഴുത്തിന് ജീർണിച്ച ഒരു
കാലത്തോടുള്ള പ്രതിഷേധത്തിന്റെ സ്വരമുണ്ടായിരുന്നു. ഇന്ന്
നമ്മുടെ ജീവിതസാഹചര്യം കൂടുതൽ ഇരുട്ടിലേക്ക് വീഴുമ്പോഴും
എഴുത്തുകാരൻ എന്തുകൊണ്ടാണ് മൗനിയാവുന്നത്?
തകഴിയും ബഷീറും കാരൂരും വൈലോപ്പിള്ളിയും
ഇടശ്ശേരിയുമൊക്കെ അഭിമുഖീകരിച്ച ഒരു സമൂഹമല്ല
ഇന്നത്തേത്. സാമൂഹ്യഘടന, ജീവിതരീതി എല്ലാം മാറിപ്പോയി.
നമ്മെ അഭിമുഖീകരിക്കുന്ന രൂപങ്ങളൊക്കെ മാറി.
ഇവരുടെയൊക്കെ കാലത്ത് ഇന്നത്തേപോലെ ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളോ കൂടുതൽ പത്രങ്ങളോ ഉണ്ടായിരുന്നില്ല. രണ്ടോ
മൂന്നോ പത്രങ്ങൾ മാത്രം. പത്രങ്ങൾ ചായക്കടയിലിരുന്ന്
കൂട്ടത്തോടെ വായിക്കുന്ന ഒരു കാലത്തെയാണ് ഇവർ
അഭിസംബോധന ചെയ്തത്. അന്നിറങ്ങുന്ന പത്രം മൊത്തം
ജനതയെ അഭിമുഖീകരിക്കുന്നതായിരുന്നു. അങ്ങനെയൊരു
കാലത്ത് പത്രത്തിലൊരു കവിതയോ, കഥയോ മറ്റോ
വരികയാണെങ്കിൽ ആർത്തിയോടെതന്നെ ജനങ്ങൾ അതിനെ
സ്വീകരിച്ചിരുന്നു. തകഴിക്കും ദേവിനും ഇടശ്ശേരിക്കുമൊക്കെ
അന്നത്തെ സമൂഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു.
സമൂഹം അവരെ കേട്ടിരുന്നു; അവർ സമൂഹത്തെയും.
എഴുത്തുകാരും സമൂഹവും തമ്മിൽ ആഴത്തിലുള്ള ഇന്റിമസി
ഉണ്ടായിരുന്നു. അന്ന് എഴുത്തുകാർക്ക് സമൂഹത്തിൽ
വലിയൊരു സ്ഥാനവുമുണ്ടായിരുന്നു.
ക്രമേണ നമ്മുടെ രാഷ്ട്രീയ-സാംസ്‌കാരിക
പരിതോവസ്ഥകൾ മാറിവരികയായിരുന്നു. ഒരുപാട് മാറിയ
സാഹചര്യത്തിൽ അവസാനം വൈലോപ്പിള്ളി
പറഞ്ഞതുപോലെ, നമുക്കിവരോട് പൊരുത്തപ്പെടാം എന്ന
അവസ്ഥയിലെത്തുകയായിരുന്നു. ജൈവികമായ ഒരു
2011 മഡളമഠണറ ബടളളണറ 16 5
കാർഷികലോകം കേരളത്തിൽ നിന്ന് മാഞ്ഞുപോവുകയും,
യാന്ത്രികമായ ഒരു ലോകത്തേക്ക് നമ്മെ കൊണ്ടെത്തിക്കുകയും
ചെയ്തു. ഗ്രാമങ്ങൾ ഇല്ലാതാവുകയും നഗരങ്ങൾ എന്ന്
വിളിക്കുന്ന ചെറിയ പട്ടണങ്ങൾ കേരളത്തിൽ
വർദ്ധിച്ചുവരികയും ചെയ്തു. നമ്മുടേതായ ഒരു
സംസ്‌കാരത്തിൽ ഒരുപാട് അധിനിവേശങ്ങളും ഇടപെടലുകളും
സംഭവിക്കുകയും ചെയ്തതോടെ, പതുക്കെ പതുക്കെ നന്മ
എന്ന് പേരിട്ട് വിളിക്കാവുന്ന മൂല്യങ്ങളൊക്കെ
പിൻവാങ്ങിക്കൊണ്ടിരുന്നു. കഴിഞ്ഞ പത്തിരുപത് കൊല്ലമായി
നാം കണ്ടുകൊണ്ടിരിക്കുന്നത് നന്മയുടെ പിന്മടക്കമാണ്.
മൂല്യങ്ങളുടെ ഈ പിന്മടങ്ങൽ എല്ലാ തലങ്ങളിലും
സംഭവിച്ചുകഴിഞ്ഞു. പല പല അധിനിവേശങ്ങളുടെ സ്വാധീനം
മൂലം നമ്മുടെ സമൂഹം വളരെ വളരെ വ്യാമിശ്രമായ,
ശകലീകൃതമായ ഒരു സമൂഹമായി മാറി. ഒരു പാട് ചാനലുകൾ
വന്നു, സെൽഫോൺ വന്നു. മൊത്തം നമ്മെ അടക്കിഭരിക്കുന്ന
കൗതുകങ്ങളും അത്ഭുതങ്ങളും ഒക്കെ വന്നുനിറഞ്ഞു.
ഇങ്ങനെയൊരു സമൂഹത്തിൽ എഴുത്തുകാരുടെ റോൾ വളരെ
ചെറുതാണ്. അല്ലെങ്കിൽ എഴുത്തുകാരെ സമൂഹം ചെറുതായി
കണ്ടു. എഴുത്തുകാരേക്കാൾ വലിയവർ അപ്പുറത്തുണ്ടായി എന്ന
ബോധം ഉദിച്ചുകഴിഞ്ഞു. എഴുത്ത് നടക്കുന്നുണ്ടെങ്കിലും അത്
സമൂഹം കാണുന്നില്ല എന്നതാണ് വസ്തുത.
എഴുത്തിനെ സ്വാധീനിച്ച പൂർവികർ?
ഒരുപാട് പേരുണ്ട്. ചിലരെയൊക്കെ പഠിക്കുകയാണ്
ചെയ്തത്. എന്റെ ആദ്യകഥകളിലൊക്കെ ആധുനികരായ
കാക്കനാടന്റെയും മുകുന്ദന്റെയുമൊക്കെ സ്വാധീനമുണ്ട്.
പ്രധാനമായും മുകുന്ദനെയാണ് ഞാനന്ന് പിന്തുടരാൻ
ശ്രമിച്ചതെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. മുകുന്ദന്റെ
കഥകളൊക്കെ അന്ന് എനിക്ക് വലിയ ഷോക്കായിരുന്നു.
മുകുന്ദൻ സൃഷ്ടിച്ച രൂപങ്ങൾ, പരീക്ഷണങ്ങൾ, ഭാഷ,
കഥപറച്ചിലിന്റെ ചില ടെക്‌നിക്കുകൾ ഇതൊക്കെ എന്നെ
വല്ലാതെ സ്വാധീനിച്ചിരുന്നു. അങ്ങനെ ആദ്യകാലങ്ങളിൽ തനി
മുകുന്ദൻകഥകൾ ഞാനെഴുതിയിട്ടുണ്ട്.
പിന്നീട് ഞാൻ മുകുന്ദനിൽനിന്നും കുതറിമാറാൻ
ശ്രമിച്ചിട്ടുമുണ്ട്. അതേസമയം എം.ടിയുടെ കഥകളൊക്കെ
കുട്ടിക്കാലങ്ങളിലെ വലിയൊരു കോരിത്തരിപ്പാണ്
എന്നിലുണ്ടാക്കിയത്. എം.ടിയുടെ ചില കഥാപാത്രങ്ങളുടെ
മുഖച്ഛായ എന്റെ ആദ്യകാലകഥകളിലെ
പെൺകുട്ടികൾക്കൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഒരു വശത്ത്
എം.ടി., മറുവശത്ത് മുകുന്ദൻ.
അതേസമയം ഞാൻ കഥയെഴുത്തിലെ മാസ്റ്ററായി
കാണുന്നത് കാരൂരിനെയാണ്. എന്റെ അഭിപ്രായത്തിൽ
മലയാളകഥയുടെ മാസ്റ്റർ കാരൂരാണ്. അദ്ദേഹത്തിന്റെ
കഥകളിലെ രൂപം, ഭാവം, പ്രണയശില്പങ്ങളൊക്കെ എന്നെ
ഇന്നും അമ്പരിപ്പിക്കുന്നു. അതേപോലെ മലയാളത്തിൽ വേറിട്ട
കഥകളെഴുതിയ കഥാകൃത്താണ് പട്ടത്തുവിള കരുണാകരൻ.
അദ്ദേഹത്തിന്റെ കഥകളോട് എനിക്ക് വലിയ മമതയുണ്ട്.
അപ്പോൾ എം.ടി., മുകുന്ദൻ, കാരൂർ, പട്ടത്തുവിള, എം.
സുകുമാരൻ, ഒ.വി. വിജയൻ…… അങ്ങനെ ഒരുപാട് പേരോട്
പ്രണയം ഈ കാലഘട്ടത്തിൽ തോന്നിയിട്ടുണ്ട്. ഇവരെല്ലാവരും
ചേർന്ന് കൂട്ടിയിണക്കിയ ഒരു ഭാവുകത്വമാണ് എന്റെ
ഉള്ളിലുള്ളതെന്ന് തോന്നുന്നു.
മാഷുടെ മിക്ക കഥകളിലും വിദൂരമായൊരു നന്മയുണ്ട്. പക്ഷേ,
ഒരിക്കലും അതിലേക്കെത്തുവാൻ കഴിയുന്നുമില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മനുഷ്യരാശിയെ നന്മയിലേക്കെത്തിക്കുക എന്നൊരു
ലക്ഷ്യമൊന്നും എഴുത്തിനില്ല. അടിസ്ഥാനപരമായി മാനവികത
ആവിഷ്‌കരിക്കുക എന്നതാണ്. മാനവികതയിൽ നന്മയും
തിന്മയും ഉണ്ട്. തിന്മയെ ആവിഷ്‌കരിക്കുമ്പോൾ,
തിന്മയ്ക്കപ്പുറത്ത് നന്മയുണ്ട് എന്ന ബോദ്ധ്യപ്പെടുത്തലാണത്.
എന്റെ കഥകൾ തീരെ പ്രസാദാത്മകമല്ല എന്ന് പലരും
പറയാറുണ്ട്. അത് വായിക്കുമ്പോൾ ഒരു ഇരുണ്ട
മാനസികാവസ്ഥയാണ് രൂപപ്പെടുന്നതെന്ന്. ആ ഇരുണ്ട
മാനസികാവസ്ഥയ്ക്കപ്പുറത്ത് എവിടേയോ ഒരു
വെളിച്ചമുണ്ടെന്നതിനാൽ ഈ ഇരുട്ട് നൽകുന്നിടത്താണ്
എഴുത്തുകാരന്റെ വിജയം.
ബോധപൂർവം എഴുത്ത് പ്രസാദാത്മകമാക്കാൻ കഴിയില്ല.
നന്മയിലേക്ക് ഒരു യാത്ര എന്നുള്ള രീതിയിൽ ഒരു കഥയെഴുതാൻ
കഴിയില്ല. ഖസാക്കിന്റെ ഇതിഹാസത്തിൽ ഇരുട്ട് മാത്രമേയുള്ളു.
ദു:ഖത്തിന്റെ ദുരൂഹത എന്തെന്ന് അന്വേഷിക്കുകയാണ്
വിജയൻ ചെയ്തത്. ഇങ്ങനെ ജീവിതത്തിന്റെ
അർത്ഥമെന്തെന്ന് എപ്പോഴും ചോദിച്ചുകൊണ്ടിരിക്കണം.
അതിനനുവദിക്കാത്ത ഒരു ദർശനവും പൂർണമല്ല.
ജീവിതത്തിന്റെ അർത്ഥമെന്തെന്നാണ് നമ്മൾ
തിരഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് പ്രസാദവും വേണം,
പ്രസാദരാഹിത്യവും വേണം.
മുപ്പത്തഞ്ച് വർഷത്തെ സാഹിത്യ ജീവിതത്തിൽ നാല്പതോളം
കൃതികൾ എഴുതി. അതിൽതന്നെ കഥയും നിരൂപണവും
ഓർമകളും സംഗീതവും ഫുട്‌ബോളും മദ്യശാലയുമൊക്കെയുണ്ട്.
ഇങ്ങനെയൊരു വൈവിധ്യം എങ്ങനെ സാധിക്കുന്നു?
അടിസ്ഥാനപരമായി ഞാനൊരു കഥാകാരനാണ്.
വ്യത്യസ്തമായ ഒരു പാട് അഭിരുചികൾ എനിക്കുണ്ട്. എല്ലാം
എത്തിനിൽക്കുന്നത് സംഗീതത്തിൽതന്നെയാണ്. ഭാഷയിലും
ഫുട്‌ബോളിലും മനുഷ്യവ്യക്തിത്വത്തിലും പ്രകൃതിയുടെ ഈ
സംഗീതമാണ് എന്റെ മനസ്സ് അന്വേഷിക്കുന്നത്. അതില്ലാത്ത
ഒന്നും എന്നെ ആകർഷിക്കുന്നില്ല. ഞാനറിയാതെ എന്റെ
മനസ്സിൽ രൂപപ്പെടുന്ന ഒരു സിംഫണിയുണ്ട്. അതിലേക്ക് വന്നു
ചേരുന്ന ഏതിനും ഞാൻ ആവിഷ്‌കാരം നൽകും.
അതുകൊണ്ടാവാം വിവിധ ഘടനകളിൽ ഇത്രയും പുസ്തകങ്ങൾ.
എം.എൻ. വിജയൻമാഷുടെ സ്വാധീനം എത്രത്തോളമുണ്ട്?
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അദ്ധ്യാപകനും
ഗുരുനാഥനും എം.എൻ. വിജയനാണ്. ഭാഷയുടെയും
വ്യക്തിത്വത്തിന്റേയും സൗന്ദര്യശാസ്ത്രം പകർന്നുതന്നത്
അദ്ദേഹമാണ്. ഞാനദ്ദേഹത്തെ കണ്ടുതുടങ്ങുമ്പോൾ
ധ്യാനിയായ ഒരു ബുദ്ധനെപോലെയായിരുന്നു. കാലം
അദ്ദേഹത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ചില പരാജയങ്ങൾ
അദ്ദേഹത്തിന് സംഭവിച്ചു. പക്ഷേ ഇന്നും എന്നും
എന്നെപ്പോലുള്ളവർക്ക് അദ്ദേഹം ദീപ്തസ്മരണ തകരാത്ത
ഗുരുസങ്കല്പമാണ്.
താങ്കളിലെ പ്രണയി?
കുഞ്ഞുനാൾതൊട്ടേ ആസക്തനായ ഒരു പ്രണയിതാവ്
എന്നിലുണ്ട്. തോരാത്ത കടലിരമ്പങ്ങൾ ആത്മാവിൽനിന്നും
ഞാൻ കാതോർക്കുന്നുണ്ട്. പ്രണയിക്കാൻ വേണ്ടിയാണ്
ഞാനെഴുതുന്നത് എന്ന് തോന്നുന്നു. എഴുതാൻ വേണ്ടിയാണ്
2011 മഡളമഠണറ ബടളളണറ 16 6
ഞാൻ പ്രണയിക്കുന്നതെന്നും തോന്നുന്നു. എന്റെ
പ്രണയാവിഷ്‌കാരങ്ങളുടെ കുടമാറ്റങ്ങൾക്ക് അവസാനമില്ല.
ഒടുവിൽ എഴുതിയ രാജശലഭം വ്യത്യസ്തമായ ഒരു
മാനസികാനുഭവമാണ് വായനക്കാർക്ക് നൽകിയത്. ഈ കഥയുടെ
പ്രചോദനം?
കഷ്ടരാത്രികളുടെയും വ്യർത്ഥദിനങ്ങളുടെയും
അതിസഹനത്തിലൂടെയാണ് കഴിഞ്ഞ ഒരു വർഷക്കാലം ഞാൻ
കടന്നുപോയത്. അനുഭവങ്ങളുടെ കടുത്ത പ്രഹരം ഏറ്റുവാങ്ങി.
അപ്പോൾ എന്നെ ഏറെ സാന്ത്വനിപ്പിച്ചത് ഈ പ്രകൃതിയുടെ
അപാരതയാണ്. ആർ. രാമചന്ദ്രൻ മാസ്റ്ററുടെ ഒരു വാചകം
ഞാനെപ്പോഴും ഓർമിക്കാറുണ്ട്. ഈ ആകാശവും ഈ കാണുന്ന
പച്ചപ്പും മനുഷ്യർ തമ്മിലുള്ള സ്‌നേഹവുമല്ലാതെ മറ്റെന്താണ്
ഇവിടെയുള്ളത്. മനുഷ്യരെ ഒഴിച്ചുനിർത്തിയുള്ള ഒരു ഭൂമിയെ
സങ്കല്പിച്ചുനോക്കിയപ്പോൾ ഞാൻ പൂമ്പാറ്റകളുടെയും
പക്ഷികളുടെയും ഒരു സങ്കല്പലോകം കണ്ടു. വേദനാഭരിതമായ
ഈ അനുഭവകാലത്തുനിന്നും വിരിഞ്ഞതാണ് രാജശലഭം.