ഒന്ന്
തീവണ്ടി പാലം കടക്കുന്നു.
താഴെ പ്രണയവും ക്ഷോഭവും ഒളിപ്പിച്ച തിരകൾ ചിതറുന്നു…
പൂത്തകാടിന്റെ ക്ഷുഭിത യൗവനത്തിൽ ഇരുന്ന് രണ്ട് മീൻ കൊറ്റികൾ
ആകാശം നോക്കുന്നു…
അടിക്കാടിനെ പുണർന്ന് മയങ്ങുന്നു പള്ളത്തികൾ , വരാലുകൾ …
വേഗങ്ങൾ ഒളിപ്പിച്ച്
രഹസ്യങ്ങൾ തിരഞ്ഞ്
തീവണ്ടി കരതൊടുന്നു
എത്തും പിടിയുമില്ലാത്ത
വെളിച്ചം ചിതറി വീഴുന്നു.
പള്ളികൾ, പള്ളിക്കുടങ്ങൾ
മരിച്ചു പോയവന്റെ പാർപ്പിടങ്ങൾ
വന്ധീകരിക്കപ്പെട്ട നിരത്തുകൾ
ഒറ്റപ്പെട്ടവന്റെ വേദാന്ത ഭൂമികൾ, ചായക്കടകൾ,
ഇരുട്ടിൽ, മഴയിൽ, തെരുവിൽ
തനിച്ചായിപ്പോയ മനുഷ്യർ.
പാപികൾ, പാതാള ഭൂമികൾ
കന്യകമാർ , അഭിസാരികൾ.
കടും കെട്ടഴിച്ച് തീവണ്ടി
തെരുവും കടക്കുന്നു.
രണ്ട്
മഞ്ഞവെയിലിൽ
മറഞ്ഞു
നിൽക്കുന്ന പോലെ
ആൾപ്പാർപ്പില്ലാത്ത വീട്.
ചുംബനത്തിൽ നിന്ന് മാഞ്ഞു പോയ ഒരുത്തി
ഉടലിലെ എരിവ് മറക്കുന്നു.
എരിവും പുളിയുമുള്ള
മീൻ കറി വയ്ക്കുന്നു.
ചോർച്ച വീണ പാത്രത്തിന്റെ
തുളകൾ അടയ്ക്കുന്നു.
കരയിലേക്ക് ഒരു തീവണ്ടി
ഇരമ്പിയാർക്കുന്നു.