കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന പഴമൊഴി കുട്ടിക്കാലത്തു തന്നെ കേട്ടിരുന്നു. അതിൻറെ പൊരുളെന്താണെന്ന് അന്വേഷിച്ചില്ല. കാരണം കൊല്ലവുമായി എനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.വാസ്തവത്തിൽ കോളേജ് വിദ്യാഭ്യാസം കഴിയുന്നതുവരെ ഞാൻ എറണാകുളത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. എൻറെ വടക്കൻ അതിർത്തി തൃശ്ശൂരും അനുബന്ധസ്ഥലങ്ങളും മാത്രം. അതിനപ്പുറമുള്ള ഭൂമിശാസ്ത്രജ്ഞാനം പൂജ്യം.
കോളേജിൽ പഠിക്കുമ്പോഴും സാമ്പത്തികം നന്നേ പരുങ്ങലിലായിരുന്നതു കൊണ്ട് ആഡംബരങ്ങളും സഞ്ചാരങ്ങളും ആലോചനകളിൽ പോലും തെളിഞ്ഞിരുന്നില്ല..ഒരു പ്രൈമറി സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന അച്ഛൻറെ വരുമാനം അമ്പതുകളിൽ എന്തായിരിക്കുമെന്ന് ഊഹിക്കുക.കോളേജിൽ പോയെങ്കിലും ഹോസ്റ്റൽ ഫീസുകൊടുത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനുള്ള വകയൊന്നും ഉണ്ടായിരുന്നില്ല.ഹോസ്റ്റലിൽ കൂട്ടം കൂടി താമസിച്ചാൽ പിള്ളേർ ദുശ്ശീലങ്ങൾ പഠിക്കുമെന്നുള്ള ന്യായീകരണവുമുണ്ടായിരുന്നു, ഹോസ്റ്റൽ വാസം ഒഴിവാക്കാൻ. ചുരുക്കിപ്പറഞ്ഞാൽ ചെറിയൊരു ചുറ്റുവട്ടത്തിൽ മാത്രം ഒതുങ്ങി കഴിഞ്ഞവനാണ് ഞാൻ.
അറുപതിൽ ബോംമ്പെയിലേക്കുള്ള വരവ്, ഒരു സുഹൃത്തിൻറെ കൂടെയായിരുന്നെങ്കിലും , എനിക്ക് ഒരു സാഹസികയാത്രയായിരുന്നു.പുതിയ ശൈലിയിൽ അത് ഒരൊന്നൊന്നര വരവായിരുന്നു. അറുപത്തെട്ടിൽ ജനയുഗം നഗരത്തിൻറെ മുഖം പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഞാൻ കൊല്ലത്തേക്ക് യാത്ര പുറപ്പെടുന്നത്.നാട്ടിൽ വരുമ്പോൾ തന്നെ വന്ന് കാണണമെന്ന് കാമ്പിശ്ശേരി കരുണാകരൻ പ്രത്യേകം എഴുതിയിരുന്നതു കൊണ്ടാണ് കൊല്ലത്തേക്ക് പുറപ്പെടുന്നത്. ജനയുഗത്തിലെ വിതുര ബേബി ട്രെയിനിലോ ട്രാൻസ്‌പോർട്ട് ബസ്സിലോ യാത്രയാവാമെന്ന് പറഞ്ഞിരുന്നു.
ട്രാൻസ്‌പോർട്ട് ബസ്സിലാണ് ഞാൻ കൊല്ലത്തേക്ക് പോയത്. ഇരുവശത്തുമുള്ള പച്ചപ്പും ജലസമൃദ്ധിയും കണ്ടുകൊണ്ടുള്ള യാത്ര സുഖകരമായ അനുഭവമായിരുന്നു. വൈകുന്നേരമായി കൊല്ലത്തു ചെല്ലുമ്പോൾ. ബസ്സിറങ്ങി ജനയുഗം ആഫീസ് അന്വേഷിച്ചപ്പോൾ അത് കടപ്പാക്കടയാണെന്ന് പറഞ്ഞു. കടപ്പാക്കടയ്ക്ക് പോകുന്ന ബസ്സിൽ ജനയുഗം ഓഫീസിലെത്തുമ്പോൾ സന്ധ്യയായിരുന്നു. അവിടെ എനിക്കാരേയും പരിചയമില്ല. എന്നേയും തിരിച്ചറിയുന്നവരായി ആരുമില്ല. ആദ്യം കണ്ട ആളോട് കാമ്പിശ്ശേരിയെ കാണണമെന്ന് പറഞ്ഞപ്പോൾ നല്ല ഉയരമുള്ള ഒരാൾ പുറത്തേക്ക് വന്ന് വിതുരബേബി എന്ന് സ്വയം പരിചയപ്പെടുത്തി. നേരിൽ കാണുന്നത് ആദ്യമാണെങ്കിലും വാരികയിൽ നോവൽ വന്നുകൊണ്ടിരിക്കുമ്പോൾ ഓരോ സംശയങ്ങൾ തീർക്കാൻ ബേബി എനിക്ക് പല കത്തുകളും എഴുതിയിരുന്നു. [സാന്ദർഭികമായി പറയട്ടെ,. എഴുപതുകളിൽ ഒരു ഫുട്‌ബോൾ മാച്ച് കവറു ചെയ്യുന്നതിനു വേണ്ടി ബോംമ്പെയിൽവന്ന ബേബി എൻറെ വീട്ടിൽ താമസിക്കുകയുണ്ടായി. കുറച്ചു കാലത്തിനു ശേഷം കേട്ട അദ്ദേഹത്തിൻറെ ചരമ വാർത്ത എന്നെ വല്ലാതെ ദുഃഖിപ്പിച്ചു.]
വാ, സാറിനെ കാണാം എന്ന് പറഞ്ഞ് ബേബി എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഒരു സാധാരണ മേശപ്പുറത്ത് കുമിഞ്ഞു കൂടിയിരുന്ന ധാരാളം കടലാസ്സു കെട്ടുകൾക്കപ്പുറത്ത് നരയും കഷണ്ടിയും ആക്രമിച്ചു തുടങ്ങിയ ഒരു മെലിഞ്ഞ മനുഷ്യൻ. ബേബി കാമ്പിശ്ശേരിക്ക് എന്നെ പരിചയപ്പെടുത്തുമ്പോൾ, മനസ്സിൻറെ തിരശ്ശീലയിൽ കാലിൽ പഴന്തുണികൾ ചുറ്റിക്കെട്ടിയ ഒരു വൃദ്ധൻ ‘പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്……’ എന്ന പാട്ടുപാടി റോഡിലുടെ മെല്ലെ നടക്കുന്ന ചിത്രമായിരുന്നു ചലിച്ചു കൊണ്ടിരുന്നത്.അദ്ദേഹം തന്നെയാണോ ഇത് എന്ന് ഞാൻ പകച്ചു നിൽക്കുമ്പോൾ ഇരിക്കാൻ പറഞ്ഞതൊന്നും കേട്ടില്ല. എൻറെ മനസ്സ് മുകളിതമാകുന്നത് ഞാനറിഞ്ഞു. ഒരു മഹൽസന്നിധിയിൽ എത്തിയതു പോലെ. ഒരു നിമിഷം മടിച്ചതിനു ശേഷം കസേരയിൽ ഇരുന്നു.
നീ ദിവസങ്ങളോളം രാവും പകലും ഇരുന്ന് എഴുതിയ നഗരാനുഭവങ്ങൾ ഏതെങ്കിലും പത്രമാഫീസിലെ ചവറ്റുകുട്ടയിൽ വീഴുന്നതിനു പകരം ഇദ്ദേഹത്തിൻറെ കൈകളിലെത്തിയിനുള്ള കൃതജ്ഞത വാക്കുകളിൽ പ്രകടിപ്പിക്കാനുള്ള കഴിവൊന്നും നിനക്കായിട്ടില്ല എന്ന് മനസ്സിൻറെ നിമന്ത്രണം.
പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോൾ, എൻറെ വാക്കുകൾ വ്യക്തമായി കേൾക്കാനെന്നോണം കൈത്തലം ചെവിക്ക് പുറകിൽ പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രവർത്തകരെ തല്ലിച്ചതച്ചിരുന്ന കാലത്ത് മർദ്ദനമേറ്റപ്പോഴാണ് ശ്രവണ ശക്തിക്ക് ഭംഗം നേരിട്ടതെന്ന് പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നതു കൊണ്ട് പലകാര്യങ്ങളും സംസാരിച്ചു, ജനയുഗത്തിനുവേണ്ടി ഇനിയും നോവലുകൾ എഴുതണമെന്ന് പറഞ്ഞു, അദ്ദേഹം.
അന്ന് ഞാൻ വിതുര ബേബിയും സുഹൃത്തുക്കളും താമസിച്ചിരുന്ന ഒരു വീട്ടിലാണ് താമസിച്ചത്.
ജനയുഗം വാരികയിൽ എഴുതാൻ തുടങ്ങിയതിനു ശേഷം എത്രയോ തവണ കൊല്ലത്തു പോയി. ജനയുഗം ഓഫീസിൽ വെച്ച് കാമ്പിശ്ശേരിയുടെ സാന്നിദ്ധ്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖരായ തെങ്ങമം ബാലകൃഷ്ണൻ, എം.എസ്. ദേവദാസ്, സി.ഉണ്ണിരാജ മുതലായവരെ കാണുന്നത്. ജനയുഗം വാരികയിൽ ശാസ്ത്ര കൌതുകം എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന ഇഗ്‌നേഷ്യസ് കാക്കനാടനേയും (എൻറെ പ്രിയ മിത്രം മോഹൻ കാക്കനാടൻറെ വന്ദ്യ പിതാവ്) ചെറുകഥയുടെ രാജ ശിൽപ്പിയായ ജോർജ് വർഗ്ഗീസ് കാക്കനാടനേയും കാണാനും പരിചയപ്പെടാനും ജനയുഗം ഓഫീസ് സന്ദർഭമൊരുക്കി. കഥാരംഗത്ത് നക്ഷത്രത്തിളക്കത്തോടെ പ്രകാശിച്ച ഡോക്ടർ ടി.എൽ. ജോൺസ്, ചിത്രകാരനായ ഗോപാലൻ, കാർട്ടൂണിസ്റ്റ്മാരായ യേശുദാസൻ, സോമനാഥൻ, കവിയായ കിഴുത്താനി അരവിന്ദൻ, കാമ്പിശ്ശേരിക്കു ശേഷം ജനയുഗം പത്രാധിപരായ ആര്യാട് ഗോപി, കോളേജദ്ധ്യാപകനായ ഹരിദാസ് തുടങ്ങിയവരെ ഞാൻ ഇന്നും സ്‌നേഹപൂർവ്വം ഓർക്കുന്നു.അതോടൊപ്പം കടപ്പാക്കട മൈതാനത്ത് ബേബിച്ചായനും സംഘവുമായി സാഹിത്യം മാത്രം സംസാരിച്ച് ഉറക്കമൊഴിച്ച രാത്രിയേയും.
Mob: