അന്നൊരു ഞായറാഴ്ചയായിരുന്നു,
ബീച്ചിൽ നിറയെ തിരക്കായിരുന്നു,
കുട്ടികളെയും കൊണ്ട് ധാരാളം പേർ വന്നു.
കളിപ്പാട്ടക്കച്ചവടക്കാരൻ പീപ്പിയൂതി നോക്കി
കുട്ടികൾ നോക്കിനിന്നതല്ലാതെ
ഒന്നും വേണമെന്ന് വാശിപിടിക്കാഞ്ഞത്
അയാളെ നിരാശപ്പെടുത്തി.
അയാൾ നമസ്കാരം പറയുന്ന
മീട്ടുമുയലിനെ കാണിച്ചുനോക്കി.
അച്ഛാ, അതു വേണമെന്ന് പറഞ്ഞ്
ഒരു കുട്ടിയും കുസൃതി കാട്ടാഞ്ഞത്
അയാളെ അസ്വസ്ഥനാക്കി.
അയാൾ ചെണ്ട കൊട്ടുന്ന കുരങ്ങനെ
നിലത്തിറക്കി.
ഒരു കുട്ടിയും എന്തു രസമെന്നു
പറഞ്ഞ് അയാളുടെ
അടുത്തുവന്ന് നിന്നില്ല.
അയാൾ സന്ധ്യയ്ക്ക് സാധനങ്ങളുമായി
നിരാശയോടെ വീട്ടിലേക്ക് മടങ്ങി.
റോഡരികിൽ നിന്ന നാലഞ്ച് പൂക്കൾ
കാറ്റിലാടുന്നത്
തന്നെ കയ്യാട്ടി വിളിക്കുകയാണെന്ന്
അയാൾക്ക് തോന്നി.
അയാൾ അവയെ അടുത്ത് പിടിച്ച് തലോടി.
കളിപ്പാട്ടം വാങ്ങാൻ അടുത്തേക്ക് വന്ന
കുട്ടികളുടെ കവിളിൽ
തലോടുന്നതു പോലെ
അയാൾ അവയെ തലോടി,
മണത്തു നോക്കി.
പക്ഷേ അവയ്ക്കൊന്നിനും മണമില്ലായിരുന്നു.
പലപൂക്കൾ അയാൾ മണത്തുനോക്കി.
അവയ്ക്കും മണമില്ലായിരുന്നു.
അയാൾ കുട്ടിക്കാലത്തെപ്പോലെ
തേനൂറി നോക്കി,
അവയ്ക്ക് തേനില്ലായിരുന്നു.
കളിപ്പാട്ടം വേണ്ടാത്ത കുട്ടികളെയും
തേനില്ലാത്ത പൂക്കളെയും ഓർത്തു നടന്ന്
അയാൾക്കന്ന് വീട്ടിലേക്കുള്ള വഴിതെറ്റി.