(ടർക്കിഷ് നോവലിസ്റ്റ് എലിഫ് ശഫാകിന്റെ ബുക്കർ പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 Minutes, 38 Seconds in
this Strange World എന്ന നോവൽ മൗലികവാദ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ സ്‌ഫോടനാത്മകമായ സാമൂഹിക യാഥാർത്ഥ്യങ്ങൾ ആവിഷ്‌കരിക്കുന്നു)
തുർക്കി സാഹിത്യത്തിൽ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ്
ശഫാക്. ദി ബാസ്റ്റാർഡ് ഓഫ് ഇസ്താൻബൂൾ, ദി ഫോർട്ടി റൂൾ സ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്‌സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ അവരുടെ കൃതികൾ ഒട്ടുമിക്ക ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തുർക്കിയിലും ഇംഗ്ലീഷിലും എഴുതുന്ന ധീരയായ ഈ എഴുത്തുകാരി വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊപ്പം ഭരണകൂട ഭീഷണിക്കും ഇരയാട്ടുള്ളത് അവരെ പ്രവാസവഴിയിലും എത്തിച്ചിരിക്കുന്നു. തുർക്കി സമൂഹത്തിലെ സമകാലിക യാഥാർത്ഥ്യങ്ങൾ നിശിതമായി നിരീക്ഷിക്കുന്ന എലിഫ് ശഫാക്കിന്റെ കൃതികളിൽ പൊതുവായി കണ്ടെത്താവുന്ന ഉത്കണ്ഠകൾ വേഗം തിരിച്ചറിയാനാകും. 2019-ലെ ബുക്കർ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച 10 Minutes, 38 Seconds in
this Strange World നോവലിസ്റ്റിന്റെ മറ്റൊരു ശക്തമായ രചനയാണ്.
ദുരൂഹമായ രീതിയിൽ കൊലചെയ്യപ്പെട്ട് ഇസ്താൻബൂളിലെ ഏതോ തെരുവോരത്തെ ചവറ്റുവീപ്പയിൽ കിടക്കുന്ന ലൈല തകീലയെന്ന ലൈംഗികത്തൊഴിലാളിയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധം നടത്തുന്ന ആഖ്യാനമായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. മരണം സംഭവിക്കുമ്പോൾ ബോധം പരിപൂർണമായി അണഞ്ഞുപോകാൻ പത്തു മിനിട്ടും മുപ്പത്തിയെട്ടു സെക്കൻഡും എടുക്കുമെന്ന ആശയത്തിന്റെ ശാസ്ത്രീയത എന്തായാലും പടിപടിയായുള്ള ഇതിവൃത്ത വികാസത്തിനും ചരിത്രഘട്ടങ്ങളോട് അവയെ ചേർത്തുവച്ചുകൊണ്ടുള്ള ആവിഷ്‌കാരത്തിനും ഈ സങ്കല്പനം നോവലിസ്റ്റിനു ഏറെ സഹായകമാകുന്നുണ്ട്. ആദ്യഭാഗമായ ‘മനസ്സ് (mind)’ പരിപൂർണമായും ലൈലയുടെ ആഖ്യാനമാണ്; രണ്ടാം ഭാഗമായ ‘ഉടൽ (body)’ അവളുടെ അഞ്ചു കൂട്ടുകാരുടെയും. മൗലികവാദത്തിന്റെ വളർച്ച, അർമീനിയൻ, യസീദി വിഭാഗങ്ങൾക്ക് നേരെ തുർക്കി ചരിത്രത്തിൽ നിരന്തരം നടന്ന, ഇപ്പോഴും തുടരുന്ന വംശീയ വേട്ടകൾ, ഉണരുന്ന സ്ത്രീത്വത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും നേരെ വർദ്ധിച്ചു വരുന്ന ജിഹാദിസ്റ്റ് കടന്നു കയറ്റങ്ങൾ, ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയവയുടെ നാൾവഴികൾ ലൈലയുടെ മറഞ്ഞുകൊണ്ടിരിക്കുന്ന ബോധത്തിലൂടെ ആവിഷകരിക്കപ്പെടുന്ന സ്മൃതിചിത്രങ്ങളുമായി ചേർത്തുവച്ചു വിവരിക്കപ്പെടുന്നുണ്ട്.
ചരിത്രത്തോട് ചേർന്നുപോകുന്ന ഫിക്ഷൻ
ലൈലയുടെ ആദ്യകാല ഓർമകളിൽ മുതുമുത്തച്ഛന് തങ്ങളുടെ വീട് സ്വന്തമായിക്കിട്ടിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. തുർക്കി ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായ അർമീനിയൻ വംശ വിരുദ്ധതയുടെ ക്രൂരതകളുമായാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്. ആ വീടിന്റെ യഥാർത്ഥ ഉടമയയായിരുന്ന അർമീനിയൻ ഡോക്ടറെയും ഭാര്യയും ആറു പെൺമക്കളും അടങ്ങുന്ന കുടുംബത്തെയും നാടുകടത്താൻ ഒത്താശ ചെയ്താണ് മുത്തച്ഛൻ അത് നേടിയത്. ”ചിലയാളുകൾ ദേശവിരുദ്ധരാണ് എന്നും അവരെ അധികമാർക്കും അതിജീവിനം പ്രതീക്ഷിക്കാനാവാത്ത ദേർസോർ മരുഭൂമിയിലേക്ക് നാടുകടത്തേണ്ടതുണ്ട് എന്നും അധികാരികൾ തീരുമാനിച്ചാൽ അവർക്കങ്ങനെത്തന്നെ വേണം, അവർ നല്ല അയൽക്കാർ ആയിരുന്നാലും, പഴയ സുഹൃത്തുക്കൾ ആയിരുന്നാലും. ആ വിധം സ്റ്റേറ്റിനോടുള്ള തന്റെ കൂറ് തെളിയിച്ച ശേഷം മഹ്മൂദ് സ്ഥലത്തെ ഒരു പ്രധാനിയായിത്തീർന്നു, നാട്ടുകാർ അദ്ദേഹത്തിന്റെ തികഞ്ഞ നിരയൊത്ത മീശയെ, ലതർ ബൂട്ടിന്റെ തിളക്കത്തെ, ശബ്ദത്തിന്റെ ഗാംഭീര്യത്തെ ആരാധിച്ചു. ലോകാരംഭം മുതൽ ക്രൂരന്മാരും അധികാരമുള്ളവരുമായ ആളുകളെ ആരാധിക്കുന്ന വിധത്തിൽ, അങ്ങേയറ്റത്തെ ഭയത്തോടെ, സ്‌നേഹത്തിന്റെ ഒരു തരി പോലുമില്ലാതെ അദ്ദേഹത്തെ ബഹുമാനിച്ചു”.
മുൻ അന്തേവാസികൾ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന വിശ്വാസത്തിൽ പുരയിടം കിളച്ചു മറിക്കുന്ന മുത്തച്ഛനും ആർത്തിയുടെ പിന്തുടർച്ചയിൽ അതേ വഴി സ്വീകരിച്ചു വീട് പുതുക്കിപ്പണിയാൻ നിർബന്ധിതനായ പിതാവും ലൈലയുടെ ബാല്യകാല സ്മൃതികളിൽ ഉണ്ട്.
ലൈല: വേട്ടയുടെ പെൺമുഖം
മൗലികവാദം പിടിമുറുക്കിത്തുടങ്ങിയ സമൂഹത്തിൽ ഏറെക്കാത്തിരുന്നു പിറന്ന പെൺകുട്ടിയെന്ന അംഗീകാരത്തിൽ നിന്ന് നാല്പതുകാരനായ അമ്മാവന്റെ പീഡനത്തിന് ആരുമറിയാതെ നിരന്തരം ഇരയായി ചകിതയും ‘പതിത’യുമായി ജീവിതം നേരിടേണ്ടി വരുന്ന ആറു വയസ്സുകാരിയും പതിനാറാം വയസ്സിൽ അതേ നിസ്സഹായതയോടെ ഗർഭിണിയായിത്തീരുകയും കുടുംബത്തിന്റെ അന്തസ്സെന്ന ബലിക്കല്ലിൽ തന്റെ ദുരന്തത്തിനു കാരണക്കാരനായ അതേ ആളുടെ തന്നേക്കാൾ പ്രായം കുറഞ്ഞ മകൻ ടോൾഗയുമായുള്ള ‘മത’ വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനായി ഒളിച്ചോടുകയും സെക്‌സ് ട്രാഫിക്കിങ്ങിന്റെ ഇരയായി ഇസ്താൻബൂളിലെ വേശ്യാലയത്തിൽ അടിഞ്ഞു പോകുകയും ചെയ്യുന്ന ലൈലയുടേത് ഒറ്റനോട്ടത്തിൽ ഒട്ടും പുതുമയുള്ള പുരാവൃത്തമല്ല. രക്ഷകരായി മുന്നിലെത്തുന്നവർതന്നെയാണ് വേശ്യാലയത്തിൽ അവളെ വിറ്റുകളയുന്നത് എന്നറിയുമ്പോഴാണ് ”ഇസ്താൻ ബൂൾ അവസരങ്ങളുടെ നഗരമായിരുന്നില്ല, മുറിവുകളുടേത് ആയിരുന്നു” എന്ന് ലൈല കണ്ടെത്തുന്നത്. എന്നാൽ, ഒരു നിലയ്ക്കും സ്വത്വ/സ്വാതന്ത്ര്യ ബോധത്തിന് വളരാനുള്ള സാഹചര്യമില്ലാത്ത ജീവിത പരിസരങ്ങളിലും പോരാടാനുള്ള വീര്യം ഉള്ളിലുണ്ടായിരുന്നു എന്നിടത്താണ് ലൈല വ്യത്യസ്തയാകുന്നത്. തന്റെ പേരിന്റെ സ്‌പെല്ലിംഗ് ‘ഇന്നലെ (yesterday)യെ സൂചിപ്പിക്കുന്ന ‘y’ യിൽ നിന്ന് അനന്തകാലത്തെ (infinity) സൂചിപ്പിക്കുന്ന ‘i’യിലേക്ക് അവൾ മാറ്റുന്നത് ഉള്ളിൽ എന്നുമുണ്ടായിരുന്ന ജീവിതാസക്തിയുടെ കൂടി ചിഹ്നമാണ്. ഇസ്താൻബൂളിൽ പ്രായം കുറച്ചു കാണിക്കുന്ന തിരിച്ചറിയൽ രേഖ ഉണ്ടാക്കുന്നതും സെക്‌സ് വർക്കിന്റെ സാധ്യതകൾ പൊലിപ്പിക്കാൻ വേണ്ടിയല്ല. ദുസ്സഹമായ തൊഴിലുമായുള്ള ജീവിതം പോലും ലൈലയെ ദോഷൈക ദർശിയാക്കിയിരുന്നില്ലെന്ന് അത്ഭുതത്തോടെയാണ് കൂട്ടുകാരി നാലാൻ നിരീക്ഷിക്കുക. ഒട്ടൊരു വേദനയോടെ അവൾ തിരിച്ചറിയുന്നു: ”ദോഷൈകദൃക്കുകളാണ് ശുഭാപ്തിവിശ്വാസികളേക്കാൾ അതിജീവിക്കുക എന്നതാണ് ലോകചരിത്രത്തിന്റെ അവസാനമില്ലാത്ത മഹാദുരന്തങ്ങളിൽ ഒന്ന്; അഥവാ മനുഷ്യകുലം മുന്നോട്ടു പോയത് അതിൽ വിശ്വസിക്കാത്തവരെ കൊണ്ടാണ്”.
നിധി കുഴിക്കുന്ന മുതിർന്നവരെയോർത്തു മുത്തും പവിഴവും നിറഞ്ഞ നാട് സ്വപ്‌നം കണ്ടുറങ്ങിയ കുട്ടിക്കാലത്ത് ഒരു ബെല്ലിഡാൻസർ ആവാൻ ആഗ്രഹിച്ച പെൺകുട്ടി, അത്തരം തോന്നലുകൾ ശെയ്ത്താന്റെ പണിയാണെന്നും ശെയ്ത്താൻ എപ്പോഴും ചഞ്ചല മനസ്‌കരായ സ്ത്രീകളിലൂടെയാണ് പാപത്തിന്റെ പഴം സമൂഹത്തെ തീറ്റിക്കുക എന്നും വിശ്വസിക്കുന്ന പിതാവിന്റെ തീവ്ര മതാത്മകതയ്ക്ക് എതിരറ്റത്തു കുഞ്ഞുന്നാളിലേ സ്വയം അടയാളപ്പെടുത്തിയിരുന്നു. നാട്ടിൽ പിടി മുറുക്കുന്ന മൗലിക വാദത്തിന്റെ ഫലമായി ഉമ്മയും ആന്റിയും ഹിജാബ് ധരിച്ചു തുടങ്ങുന്നത് അവൾ അറിയുന്നുണ്ട്. എന്നാൽ, ‘സെക്കുലറിസമെന്നാൽ ശെയ്ത്താന്റെ ഭരണത്തിന്റെ മറ്റൊരു പേരാണ്’ എന്ന് വിശ്വസിക്കുന്ന പിതാവ് പുസ്തകങ്ങളും വാർത്തകൾ കേൾക്കലും നിരോധിക്കുമ്പോൾ കളിക്കൂട്ടുകാരൻ സിനാനിന്റെ സഹായത്തോടെ അവൾ അതൊക്കെ അറിയാൻ ശ്രമിക്കുന്നുണ്ട്.
”ഞാൻ നിന്റെ വിധ്വംസക (sabotage) റേഡിയോ ആണ്” എന്ന സിനാനിന്റെ ഫലിതത്തിൽ നിന്നാണ് അവൾ അവനെ ‘സബോട്ടാഷ് സിനാൻ’ എന്ന് വിളിച്ചു തുടങ്ങുക. അമ്മാവന്റെ മൂത്ത മകളുടെ വിവാഹഘട്ടത്തിലാണ് വിവാഹ ശേഷം നടത്തപ്പെട്ടേക്കാവുന്ന പരിശോധനയിൽ കന്യകാത്വനഷ്ടം കണ്ടുപിടിക്കപ്പെടുന്നതിന്റെ ഭീകരതയിൽ ലൈല കിടുങ്ങിപ്പോവുന്നതും തന്റെ ഗർഭാവസ്ഥയുടെ സത്യം വീട്ടിൽ അറിയിക്കുന്നതും. അമ്മാവൻ തന്റെ ബാല്യത്തിന്റെ
നിസ്സഹായതകൾ സമർത്ഥമായി ഉപയോഗിച്ച് എല്ലാം അവളുടെ തെറ്റായിരുന്നു എന്ന് വരുത്തിത്തീർത്ത അതേ നിലപാടിലാണ്
പിതാവും തന്റെ ഗർഭധാരണത്തെ കാണുന്നത് എന്നറിയുമ്പോഴാണ് അവൾ പൊട്ടിത്തെറിക്കുന്നത്. മാനം കാക്കാനും എല്ലാം
‘നോർമൽ’ ആണെന്ന് വരുത്തിത്തീർക്കാനും കണ്ടെത്തുന്ന മാർഗത്തിന്റെ അസംബന്ധം അവൾ വലിച്ചു പുറത്തിടുന്നു:
”ഈ വീട് നിറയെ നുണകളും ചതികളുമാണ്. നമ്മുടെ ജീവിതം ഒരിക്കലും നോർമൽ ആയിരുന്നിട്ടില്ല. നമ്മളൊരു നോർമൽ കുടുംബം അല്ല. എന്തിനാണ് നിങ്ങൾ എല്ലായ്‌പോഴും അഭിനയിക്കുന്നത്?” ദൈവ നീതിയുടെ അസംബന്ധത്തെ ചോദ്യം ചെയ്യുന്ന മനോനില സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിൽ കുഞ്ഞുനാളിലേ ലൈലയിൽ രൂഢമാകുന്നുണ്ട്.
തെരുവുപിള്ളാരുടെ ആക്രമണം നേരിടുന്ന യസീദി വൃദ്ധനെ കുറിച്ച് ‘യസീദികൾ ചീത്തയാണ്’ എന്ന വംശവെറിയുടെ ധാരണ പങ്കുവയ്ക്കുന്ന ഉമ്മയോട് അവൾ തർക്കിക്കുന്നു: ”ദൈവം അവരെ യസീദികൾ ആയി സൃഷ്ടിച്ചു. എന്നിട്ട് അവർ യസീദികൾ ആയതിനു അവരോടു കോപിക്കുകയും ചെയ്തു. അത് അർഥമില്ലാത്തതാണ്”.
മുൻകർ-നകീർ മലക്കുകൾ മനുഷ്യചെയ്തികളുടെ കണക്കെടുപ്പ് നടത്തിക്കൊണ്ടേയിരിക്കുകയാണെന്ന ആശയം അവൾക്ക് തമാശയായി തോന്നുന്നുണ്ട്: അത് വാചാ പരീക്ഷിയായിരിക്കുമോ അതോ എഴുത്തോ? മുഖാമുഖം? ഒറ്റവാക്കിൽ ഉത്തരം? നെഗറ്റീവ് മാർക്ക് കാണുമോ? ഫ്രാൻസിലെയും കാനഡയിലെയും ആളുകൾ എങ്ങനെയാകും പരീക്ഷ നേരിടുക? ‘ഒരാൾ സ്വന്തം അഹം ബോധവുമായി (നഫ്‌സ്) ജീവിതകാലം മുഴുവൻ നടത്തേണ്ട യുദ്ധം എന്നതിൽ നിന്ന് അവിശ്വാസികൾക്കെതിരായ യുദ്ധം എന്നതു മാത്രമായി ജിഹാദ് എന്ന ആശയം മാറി’ എന്നതിന്റെ തെളിവാണ് ബാബയിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്ന് ആരും പറയാതെത്തന്നെ ലൈല തിരിച്ചറിയുന്നുണ്ട്.
വേശ്യാലയ നടത്തിപ്പുകാരി ബിറ്റർ മായുടെ ആലയത്തിലെ ‘സാവധാനത്തിലുള്ള മരണം’ തന്നെയാണ് ഇനിയങ്ങോട്ടുള്ള തന്റെ ജീവിതമെന്ന് ലൈല മനസ്സിലാക്കുന്നു. കഠിനാധ്വാനിയാണ് എന്നതും പതിറ്റാണ്ടുകൾക്ക് മുമ്പ് ബാൾക്കൻ ദേശത്തുള്ള വീട്
വിട്ടുപോരുമ്പോൾ നഷ്ടമായ ഇളയ സഹോദരിയെ എങ്ങനെയൊക്കെയോ ഓർമിപ്പിക്കുന്നു എന്നതും ബിറ്റർ മാക്ക് ലൈലയെ പ്രിയപ്പെട്ടവൾ ആക്കുന്നു. അമേരിക്കൻ സൈനികർ ഇസ്താൻബൂളിൽ ഇറങ്ങാൻ പോകുന്നുവെന്ന അറിവ് വലിയൊരു ബിസിനസ് സാധ്യതയായി മുന്നിൽ കാണുന്ന ബിറ്റർ മാ എല്ലാം ഒരുക്കി വെടിപ്പാക്കി കാത്തിരിക്കുന്നു. എന്നാൽ ഇടതു പക്ഷ വിദ്യാർത്ഥികളുടെയും പ്രക്ഷോഭകരുടെയും കടുത്ത എതിർപ്പു മൂലം മറീനുകൾ ഇസ്താൻബൂളിൽ ഇറങ്ങാതെ തിരിച്ചു പോകുന്നതിനെ തുടർന്ന് അത് നടക്കാതെ പോകുന്നത് അവരെ ചൊടിപ്പിക്കുന്നു:
”അവളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസമെന്നത് അതായിരുന്നു: മാന്യരും സദുദ്ദേശ്യക്കാരുമായ ആളുകളുടെ കഠിനാധ്വാനത്തെ അതിഭീകരമായി തുലച്ചുകളയൽ.” ലൈലയോടുള്ള താത്പര്യം പക്ഷെ ലാഭത്തിൽ വിട്ടുവീഴ്ച ചെയ്യാനൊന്നും ഒരു ഘട്ടത്തിലും കാരണമാകുന്നില്ലെന്ന് ഡി/അലിയിൽ നിന്ന് വമ്പിച്ചൊരു തുക കൈപ്പറ്റിയ ശേഷമാണ് അവളെ അയാൾക്ക് വിവാഹം ചെയ്തു കൊടുക്കാൻ ബിറ്റർ മാ തയ്യാറായതെന്നതിൽ വ്യക്തമാണ്. ഒരു ട്രോട്‌സ്‌കിയിസ്റ്റ് കലാപകാരിയായി അപകടകരമായ ജിവിതം നയിക്കുന്ന ചെറുപ്പക്കാരന് വേശ്യാലയത്തിൽ ഒടുങ്ങിപ്പോവുന്ന യുവതിയോട് തികച്ചും പ്ലേറ്റൊണിക് ആയ പ്രണയമെന്നതിലെ അതികാല്പനികത അയാളുടെ ആദർശാത്മകതയുടെ തുടർച്ചതന്നെയായാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. സംഘർഷഘട്ടത്തിൽ കൊല്ലപ്പെടുന്ന ചെറുപ്പക്കാരൻ പ്രണയ സാഫല്യത്തിനായി രഹസ്യമായി വട്ടിപ്പലിശക്കാരോടുപോലും വാങ്ങിക്കൂട്ടിയ വൻബാധ്യതകളുടെ ബലതന്ത്രത്തിലാണ് ഒരിക്കൽ കൂടി ബിറ്റർ മായുടെ ഏറ്റവും വിലകൂടിയ തെരഞ്ഞെടുക്കപ്പെട്ട കക്ഷികളിലേക്കും ദുരൂഹമായ ദുർവിധിയിലക്കും ലൈല
ചെന്നെത്തുക.
രക്തത്തേക്കാൾ കട്ടിയുള്ള ജലം
ലൈലയുടെ ജീവിതത്തിൽ സ്‌നേഹ സാന്നിധ്യങ്ങളാകുന്ന അഞ്ചു സുഹൃത്തുക്കളിൽ ‘സബോട്ടാഷ് സിനാൻ’ ഒഴികെ മറ്റു നാലുപേരും അവളെ പോലെത്തന്നെ ദുർവിധികളുടെ ബലിയാടുകളാണ്. മറയുന്ന ബോധത്തിന്റെ നൂൽപാലത്തിൽ നിന്ന് ലൈല അവരെ ഓരോരുത്തരെയായി ആഖ്യാന ഭൂമികയിൽ കുടിയിരുത്തുന്നു. അവരാണ് രക്തബന്ധ കുടുംബം കയ്യൊഴിയുന്ന ലൈലയുടെ മൃദദേഹത്തിനു പോലും തുണയായെത്തുന്ന അവളുടെ ‘ജലകുടുംബം’. പ്രസ്തുത ദ്വന്ദ്വവും ചിലപ്പോഴെങ്കിലും ജലം രക്തത്തേക്കാൾ കട്ടിയുള്ളതായിരിക്കുമെന്നതും നോവലിൽ വളരെ പ്രധാനമാണ്. ആരും ഏറ്റുവാങ്ങാൻ തയ്യാറില്ലാത്തപ്പോഴും അവിശ്വസനീയമായ സമർപ്പണത്തോടെ ആരുമില്ലാത്തവരുടെ ശ്മശാനത്തിൽ അടക്കിയ മൃദദേഹം വീണ്ടെടുത്ത് ലൈലയുടെ ആഗ്രഹപ്രകാരം അതിനൊരു വിശ്രാന്തി നൽകാൻ ജീവൻ പണയപ്പെടുത്തിയും കൂട്ടുകാർ തയ്യാറാകുന്നു എന്നതും ഈ പ്രമേയ ധാരയിൽ പ്രധാനമാണ്. മോർച്ചറി ഓർഡർലിയായ വയോധികൻ
എഫെൻഡി ഇതര അധികൃതരിൽ നിന്ന് വ്യത്യസ്തമായി ദുരന്ത വിധിക്കാരികളായ ലൈംഗികത്തൊഴിലാളികൾ മറ്റുള്ളവരേക്കാൾ സ്വർഗത്തിന് അർഹരാണ് എന്ന് വിശ്വസിക്കുന്നു. അയാളിൽ നിന്നാണ് ലൈലയുടെ അടക്ക സ്ഥലത്തെ കുറിച്ച് കൂട്ടുകാർ അറിയുന്നതും. ”ശവമടക്കം ജീവിച്ചിരിക്കുന്നവർക്കു വേണ്ടിയാണ്; അത് തീർച്ച”. എഫെൻഡി കൂട്ടുകാരെ ഓർമിപ്പിക്കുന്നു,: ”ദു:ഖം ഒരു മീവൽ പക്ഷിയാണ്… ഒരു ദിവസം ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് തോന്നും അത് പൊയ്ക്കഴിഞ്ഞുവെന്ന്, എന്നാൽ അത് ചിറകുകൾക്ക് ചൂട് തേടി മറ്റേതോ ഒരിടത്തേക്ക് ദേശാടനം ചെയ്തതേയുള്ളൂ. വൈകാതെ അത് തിരികെയെത്തും. നിങ്ങളുടെ ഹൃദയത്തിൽ ചേക്കേറുകയും ചെയ്യും”. അനധികൃത കുടിയേറ്റത്തിന്റെയും അഭയാർത്ഥി പ്രവാഹത്തിന്റെയും സമകാലിക പരിതോവസ്ഥയുടെ ബാക്കിപത്രമായി തീരത്തടിയുന്ന അജ്ഞാത ജഡങ്ങളുടെ സെമിത്തേരി ഇസ്താൻബൂളിലെ ഏറ്റവും ജീർണമായ ഇടങ്ങളിൽ ഒന്നാണ്.
ജയിലിൽ വച്ചാണ് ലൈല നാലാനെ പരിചയപ്പെടുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ അവൾ അനടോളിയയി
ലെ കർഷക കുടുംബത്തിൽ നിന്ന് ഇസ്താൻബൂളിൽ എത്തിയതുതന്നെ അതിനായിരുന്നു – ദൈവത്തിനു പറ്റിയ തെറ്റു തിരു
ത്താൻ. ”ജീവിതകാലം മുഴുവൻ അവൾ അപരിചിതമായ ഒരു വിദേശ പദം നാവിനെന്ന പോലെ തീർത്തും അപരിചിതമായ ഒരു ഉടലിൽ തടവിലായിരുന്നു”. ഒസ്മാൻ എന്ന പഴയ പേരുപേക്ഷിച്ച് നാലാൻ ആയ അവളെ ലൈലയാണ് നൊസ്റ്റാൾജിയയെന്നു വിളിച്ചു തുടങ്ങുക. സുഹൃത്തുക്കളിൽ ഏറ്റവും കരുത്തുള്ള കഥാപാത്രം മാത്രമല്ല സഹൃദയത്വവും പ്രകടിപ്പിക്കുന്നത് നാലാൻ ആണ്. ”അവർ ലാറ്റിൻ അമേരിക്കക്കാർക്ക് ദു:ഖവും സെക്‌സും കൂട്ടിക്കലർത്തുന്ന ഒരു പ്രത്യേക രീതിയുണ്ട്. മിക്ക ദേശങ്ങളും ഏതെങ്കിലും ഒന്ന് കൂടുതൽ നന്നായി അവതരിപ്പിക്കുമായിരിക്കും, എന്നാൽ ഈ ലാറ്റിനോകൾ രണ്ടിലും വെന്നിക്കൊടി പാറിക്കും” എന്ന് നെരൂദയുടെ കവിതയെ വിലയിരുത്തുന്നുണ്ട് നാലാൻ.
ലൈംഗികത്തൊഴിലിൽതന്നെയും നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളുടെ ബലിയാട് കൂടിയാണ് അവൾ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയാകുമ്പോൾ അതിന്റെ മാരകമായ പാർശ്വഫലങ്ങളെ കുറിച്ച് ആരും അവളെ ബോധ്യപ്പെടുത്തിയിരുന്നില്ല. വേശ്യാലയങ്ങളിൽ ആരും അത്തരക്കാരെ സ്വീകരിച്ചില്ല; അതിനു നിയമം അനുവദിച്ചതുമില്ല. ”അവൾക്കു വേണ്ടി നിർത്തിയ ഓരോ കാറും അവളുടെ സംവേദനം നശിച്ച ആത്മാവിൽ പാടുകൾ വീഴ്ത്തി,
വിജനമായ മണൽപ്പുറത്തെ ടയറുകൾ പോലെ”. അവളെ തേടിയെത്തിയ കക്ഷികളിലെല്ലാം കടുത്ത പുച്ഛവും മൃഗീയമായ ആസക്തിയും കൂടിക്കുഴഞ്ഞു. പോലീസ് എല്ലായ്‌പോഴും അവളിൽ മാത്രം സദാചാര ഭീഷണി കണ്ടെത്തുകയും കൂട്ടാളിയെ വെറുതെ വിടുകയും ചെയ്തു. ”ഞാൻ വെറുപ്പിനെ ആകർഷിക്കുന്ന ഒരു മാഗ്‌നറ്റ് ആണ്; മരിക്കുമ്പോൾ കൂട്ടരാരും ഇല്ലാത്തവരുടെ സെമിത്തേരിയിൽ ഞാൻ അടക്കപ്പെടും” – അവൾ പറഞ്ഞു. ശവമോഷ്ടാക്കൾ പോലും ഒഴിവാക്കിയ ശാപഗ്രസ്തരുടെ ശ്മശാനത്തിൽ ലൈലയെ അടക്കിയത് അതുകൊണ്ടുതന്നെ നാലാന്ന് താങ്ങാനാവുന്നതല്ല. ലൈംഗിക രോഗ പരിശോധനയ്ക്കായി ഇസ്താൻബൂൾ ആശുപത്രിയിലേക്കുള്ള പതിവുസന്ദർശനത്തിൽ പരിചയപ്പെടുന്ന ആദ്യസുഹൃത്തായിരുന്നു ജമീല. ”ഒരു വിദേശി, എല്ലാ വിദേശികളെയും പോലെ, മറ്റെങ്ങോ നിന്നുള്ളവൾ എന്ന നിഴൽ പേറിയവൾ”. മുസ്ലിം പിതാവിന്റെയും ക്രിസ്ത്യൻ മാതാവിന്റെയും മകളായി മൊഗാദിഷുവിൽ ജനിച്ച ജമീല പള്ളിയിൽ പോകുന്നതിലൂടെ അമ്മയുടെ മരണത്തിനപ്പുറത്തു നിന്നുള്ള ബന്ധം നിലനിർത്തി. ”അവളെ സംബന്ധിച്ച്, അവൾ രണ്ട് അബ്രഹാമിക് മതങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പൊന്നും നടത്തിയിരുന്നില്ല, അവൾ തന്റെ അമ്മയുമായി ബന്ധിക്കപ്പെട്ട ഒരദൃശ്യ നൂലിൽ പിടിച്ചുനിൽക്കുക മാത്രമായിരുന്നു. പക്ഷെ ആരും അത് ആ രീതിയിൽ കണ്ടില്ല. ആരും ഒരിക്കലും അവൾക്കു മാപ്പ് കൊടുത്തില്ല”. ‘വലിയ വായ’ മുഹമെദ് സിയാദ് ബാരെക്കെതിരായ കലാപത്തിലെ കൂട്ടക്കുരുതികളുടെ നാളുകളിൽ തുർക്കിയിൽ ജോലി വാഗ്ദാനം ചെയ്യപ്പെട്ടത് സെക്‌സ് ട്രാഫിക്കിങ്ങിന്റെ ചതിക്കുഴിയായിരുന്നെന്ന് ഏറെ വൈകിയാണ് അവൾ മനസ്സിലാക്കുക. ”ലോകസഞ്ചാരം നടത്തിയിട്ടില്ലാത്തവന് കണ്ണുകളില്ല”. മനോബലം തകർക്കുന്ന അനുഭവങ്ങളുടെ നൈരന്തര്യത്തിലും രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാത്ത പ്രകൃതമാണ് ജമീലയുടെത്.
ലൈംഗിക അടിമത്തം മാത്രമല്ല ഗതികേടിന്റെ ചിത്രമായി നോവലിൽ തെളിഞ്ഞു നിൽക്കുന്നത്. ലബനാനിലെ സുന്നി കുടുംബത്തിൽ കുള്ളന്മാർക്ക് പേരുകേട്ട ഗ്രാമത്തിൽ ഉയരക്കുറവുള്ള മാതാപിതാക്കളുടെ മകളായി ജനിച്ച സൈനബ് 122, തന്റെ പേരിന്റെ സ്‌പെല്ലിംഗ് അത്രയും വിധത്തിൽ എഴുതാനാവുമെന്നും തന്റെ ഉയരം കൃത്യമായും അത്രയും സെന്റിമീറ്റർ ആണെന്നും അവകാശപ്പെടും. മറ്റു സഹോദരങ്ങൾ സാധാരണ ഉയരമുള്ളവർ ആയിരുന്നതുകൊണ്ട് അവരൊക്കെ വിവാഹിതരായി. ഉയരക്കമ്മിയോടൊപ്പം നട്ടെല്ലിനു വളവും ഉണ്ടായിരുന്ന സൈനബ് മാതാപിതാക്കളുടെ തീരാവേദനയായിരുന്നു. ആരോഗ്യ കാരണങ്ങളാൽ ബയ്‌റൂത്തിൽ എത്തിയ സന്ദർഭത്തിൽ പ്രഗത്ഭയായ രാശിനോട്ടക്കാരിയിൽ നിന്ന് ആ വിദ്യ പഠിക്കുന്ന സൈനബ് തന്റെ ഉയരക്കുറവ് ഗുണപരമായി ഉപയോഗിക്കാവുന്ന ഒരു മേഖലയായി അതിനെ ഉപയോഗിക്കാം എന്ന വിശ്വാസത്തിലാണ് ഒരു അർമീനിയൻ കുടുംബത്തിന്റെ സഹായത്തോടെ ഇസ്താൻബൂളിൽ എത്തുന്നത്. ഹെയർ ഡ്രസ്സർ ആയി ജോലി ചെയ്യുന്നതിനിടെ ബിറ്റർ മായുടെ കണ്ണിൽപ്പെടുന്നതോടെ വേശ്യാലയത്തിലെ തൂപ്പുകാരിയായി എത്തുന്നതാണ് ലൈലയേയും സൈനബിനെയും അടുപ്പിക്കുന്നത്. ഡി/അലിയുമായുള്ള ലൈലയുടെ വിവാഹത്തിനു കാർമികത്വം വഹിക്കുക കടുത്ത മതഭക്ത കൂടിയായ സൈനബ് ആണ്.
നാലാമത് കൂട്ടുകാരി ഹുമൈറയ്ക്കും ദുരന്ത ഭൂതകാലത്തിന്റെ കഥ പറയാനുണ്ട്. മെസോപ്പൊട്ടേമിയയിലെ മാർദിനിൽ
സെന്റ് ഗബ്രിയേൽ മഠത്തിനടുത്ത് ഇടത്തരം കുടുംബത്തിൽ ജനിച്ച ഹുമൈറയുടെ ജീവിതം കലങ്ങിമറിഞ്ഞത് പതിനാറാം വയസ്സിൽ ഇഷ്ടമില്ലാതെ നടത്തപ്പെട്ട വിവാഹത്തെ തുടർന്നായിരുന്നു. ദുസ്സഹമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ നിന്ന് ഇസ്താൻബൂളിലേക്ക് ഒളിച്ചോടുകയായിരുന്നു അവൾ. പാട്ടുകാരിയെന്ന നിലയിൽ പേരെടുത്ത ഹുമൈറ ഹോളിവുഡ് ദു:ഖപുത്രികളുടെ ആരാധികയായിരുന്നു. തെരുവിൽ കാണപ്പെട്ട ഗുരുതരമായി മുറിവേറ്റ പൂച്ചക്കുഞ്ഞിനെ മൃഗഡോക്ടറെ കാണിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ലൈല അവളെ പരിചയപ്പെടുന്നത്. തന്നെ അന്വേഷിച്ചെത്താൻ ഇടയുള്ള സഹോദരന്റെ കയ്യാൽ ഒരു അഭിമാനക്കൊലയുടെയോ, ബത്ത്മാൻ പോലുള്ള തെക്ക് കിഴക്കൻ അനടോളിയൻ ദേശങ്ങളിൽ പതിവായ വിധം ഒരു നിർബന്ധിത ആത്മഹത്യയുടെയോ ഇരയാവാനുള്ള സാധ്യത എപ്പോഴും ഭയപ്പെടുന്ന ‘ഹോളിവുഡ്’ ഹുമൈറ, എപ്പോഴും ലൈലയെ ആശ്രയിക്കുന്നു.
ലൈലയുടെ അഞ്ച് ആത്മസുഹൃത്തുക്കളിൽ ഏറ്റവും പഴയ ആളും ഏക പുരുഷനുമായ സിനാൻ, അവളുടെ സമപ്രായ
ക്കാരനായ കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. തക്ക സമയത്ത് അവളോടുള്ള ഇഷ്ടം തുറന്നു പറയാനോ രക്ഷിക്കാനോ കഴിഞ്ഞില്ലെന്ന കുറ്റബോധം അയാൾക്കുള്ളിൽ എന്നുമുണ്ട്. ലൈല ഒളിച്ചോടുമ്പോൾ അവനു മാത്രം എല്ലാം അറിയാമായിരുന്നു; അതിന്റെ കാരണങ്ങളും. ഒരു പ്രായശ്ചിത്തത്തിന്റെ കൂടി ഹൃദയഭാരത്തോടെയാണ് വിവാഹിതനും കുടുംബസ്ഥനും ആയിരുന്നിട്ടും അയാൾ അഞ്ചു കൂട്ടുകാരിൽ ഒരാളായിത്തുടരുക.
ത്രില്ലർ ചേരുവ/ വിജിലാന്റിസം
ലിബറലിസം, സുഖലോലുപത, പാശ്ചാത്യവത്കരണം എന്നീ മൂന്ന് സ്വാധീനങ്ങൾ തുർക്കി യുവതയെ കീഴ്‌പ്പെടുത്തിയപ്പോൾ
മൗലികവാദവും അതിതീവ്ര ദേശീയ വാദവും ഇസ്താൻബൂളിനെയും പിടികൂടുന്നതിന്റെ ലക്ഷണമായി ഡി/അലി താമസത്തിനു
തെരഞ്ഞെടുക്കുന്ന ‘ഹെയറി കാഫ്ക’ തെരുവിന്റെ പേരിലെ ജൂത സാന്നിധ്യത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ നോവലി
സ്റ്റ് ചൂണ്ടിക്കാണിക്കുന്നു. ബിറ്റർ മായുടെ ആലയത്തിന്റെ ചുമരിൽ സുൽത്താൻ അബ്ദുൽ അസീസിന്റെ പടം തൂക്കിയതിനു ശകാരിക്കുകയും അത് എടുത്തുകളയാൻ നിർബന്ധിതയാക്കുകയും ചെയ്ത തീവ്ര ദേശീയവാദി, വേശ്യാവൃത്തിയിൽ ഏർപ്പെടുന്നവർ മുസ്ലീങ്ങൾ ആയിരിക്കില്ലെന്നും അത്തരം നീചവൃത്തിക്ക് ഓട്ടോമൻ സാമ്രാജ്യത്തിൽ ലൈസൻസ് ലഭിക്കില്ലെന്നും പറയുന്നു. അയാൾക്ക് സിഫിലിസും ഗൊണേറിയയും ഉറപ്പുവരുത്തിപ്രതികാരം ചെയ്യാൻ ബിറ്റർ മാ മറക്കുന്നില്ല. സൈക്കൊപാത്ത്/വിജിലാന്റിസ്റ്റ് നിഗൂഢതകൾ അകമ്പടി സേവിക്കുന്ന ലൈലയുടെ അന്ത്യം ഫണ്ടമെന്റലിസ്റ്റ് ഫാഷിസത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് അരങ്ങേറുന്നതെന്ന് നോവലിൽ സൂചനയുണ്ട്. ഉപരി സമൂഹവും കീടജന്മങ്ങളുമെന്ന ദ്വന്ദ്വത്തിലേക്ക് ഇതിവൃത്തസംഘർഷങ്ങളെ കൊണ്ടുപോകുന്നത് നോവലിന്റെ രണ്ടാം ഭാഗത്തിന് ഒരു ‘യെസിൽകാം’ (ഗണലധഫഡടബ – ഇസ്താൻബൂളിലെ തുർക്കി സിനിമയുടെ കേന്ദ്രം) ത്രില്ലറിന്റെ ചടുലത പ്രദാനം ചെയ്യുന്നു. അഞ്ചു സുഹൃത്തുക്കളും ചേർന്ന് ലൈലയുടെ മൃദദേഹം വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ നടത്തുന്നുവെങ്കിലും അധികൃതർ രക്തബന്ധുക്കൾക്ക് മാത്രമേ അതിനർഹതയുള്ളൂ എന്ന ഔദ്യോഗിക നിലപാടിൽ അവരെ തൃണവത്ഗണിക്കുന്നതിനു പിന്നിൽ
അവരുടെ അധകൃത സാമൂഹിക പദവി തന്നെയാണ് നിർണായകമാകുന്നത്.
ഇസ്താൻബൂളിനൊരു പ്രണയഗീതം
ഷഫാക് ശരിക്കും തിളങ്ങുന്നത് അവർക്കിനി സന്ദർശിക്കാനാകാത്ത ”പൊരുതുന്ന, മത്സരിക്കുന്ന, ഏറ്റുമുട്ടുന്ന” ഒരിടമായി
ഇസ്താൻബൂളിനെ ആവാഹിക്കുന്നതിലാണ്, ”പല രീതിയിലും നോവൽ നഗരത്തിനുള്ള ഒരു പ്രണയ ലേഖനമാണ്, അതിന്റെ
വിജൃംഭിക്കുന്ന വാക്യങ്ങൾ അവിടത്തെ സംഘർഷങ്ങളെ പുനരുജ്ജീവിപ്പിക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Johanna Thomas-Corr: theguardian.com). പുസ്തകം ഏറ്റവും വാചാലമാകുന്ന മുഹൂർത്തങ്ങളിൽ ചിലത് ഇസ്താൻബൂളിനെ കുറിച്ച് പറയുന്ന ഇടങ്ങളിലാണ് എന്നത് യാദൃച്ഛികമല്ല: ”രാജകീയ ഇസ്താൻബൂളും ലെസ്ബിയൻ ഇസ്താൻബൂളും; ആഗോള ഇസ്താൻബൂളും പ്രാദേശികവാദത്തിന്റെ ഇസ്താൻബൂളും; വിശ്വപൗരനായ ഇസ്താൻബൂളും സ്വാർത്ഥബുദ്ധിയായ ഇസ്താൻബൂളും; ദൈവനിഷേധിയായ ഇസ്താൻബൂളും ദൈവഭയമുള്ള ഇസ്താൻബൂളും; പുരുഷ മുഖമുള്ള ഇസ്താൻബൂളും സ്ത്രീപക്ഷ ഇസ്താൻബൂളും… പിന്നെ അകലെയെങ്ങോ തുറമുഖങ്ങളിലേക്ക് മുമ്പെങ്ങോ വിട്ടുപോയവരുടെ ഇസ്താൻബൂൾ ഉണ്ടായിരുന്നു. അവർക്ക് ഈ നഗരം എന്നുമൊരു ആസ്ഥാന നഗരമായിരിക്കും, ഓർമകളും മിത്തുകളും നിയോഗ മോഹങ്ങളും നിറഞ്ഞത്, മൂടൽ മഞ്ഞിൽ മറയുന്ന പ്രണയിയുടെ മുഖം പോലെ എപ്പോഴും അകന്നു പോകുന്നത്”. സമ്മിശ്രവികാരങ്ങളോടെയും അങ്ങേയറ്റത്തെ വികാരവായ്‌പോടെയും നോവലിൽ ഉടനീളം നഗരം വീക്ഷിക്കപ്പെടുന്നു. “എല്ലാ നിരാശരും എല്ലാ സ്വപ്‌നാടകരും ഒടുവിൽ എത്തിച്ചേരുന്ന നഗര” മെന്നും “നിനച്ചിരിക്കാത്ത കാഴ്ചകളുടെയും എപ്പോഴും തയ്യാറായ, ജിജ്ഞാസുക്കളായ കാഴ്ചക്കാരുടെയും നഗര” മെന്നും “ബോധപൂർവമായ മറവിരോഗമുണ്ടായിരുന്ന ഇസ്താൻബൂൾ” എന്നും വിവരിക്കപ്പെടുന്ന നഗരം അതിന്റെ വിപരീതങ്ങളിലും തെളിഞ്ഞു നിൽക്കുന്നുണ്ട്. “ലൈല അറിഞ്ഞ ഇസ്താൻബൂൾ ടൂറിസം മന്ത്രാലയം വിദേശികളെ കാണിക്കാൻ ഇഷ്ടപ്പെട്ട ഇസ്താൻബൂൾ ആയിരുന്നില്ല” എന്ന് നോവൽ നിരീക്ഷിക്കുന്നു. ”പാരിസ് പ്രണയത്തിന്റെയും, ജറൂസലേം ദൈവത്തിന്റെയും, ലാസ് വെഗാസ് പാപങ്ങളുടെയും നഗരമായിരുന്നെങ്കിൽ ഇസ്താൻബൂൾ ഭിന്ന ദൗത്യങ്ങളുടെ (multi-tasking) നഗരമായിരുന്നു” നഗരത്തിന്റെ ഭ്രാന്തവൈവിധ്യത്തെ നോവൽ വിവരിക്കുന്നുണ്ട്.
ഡി/അലിയുടെ വാക്കുകൾ അറംപറ്റും പോലെയാണ് ലൈലയുടെയും അയാളുടെ തന്നെയും അന്ത്യവും: “ഇവിടെ (ഇസ്താൻബൂളിൽ) കാര്യങ്ങൾ വ്യത്യസ്തമാണ്. ഈ നഗരം മരിച്ചവരുടേതാണ്. നമുക്കുള്ളതല്ല”. ഒരു പ്രഹേളിക/ മിത്തിക്കൽ ചിത്രമായി നഗരത്തെ വരച്ചുവയ്ക്കുന്നതിലൂടെ ഒരു മക്കോണ്ടോ പരിവേഷം അതിനു നൽകാൻ നോവലിസ്റ്റിനു കഴിയുന്നുണ്ട്: ”ഇസ്താൻബൂൾ ഒരു മിഥ്യയായിരുന്നു, ഒരു മാന്ത്രികന്റെ പാളിപ്പോയ തന്ത്രം. ഇസ്താൻബൂൾ എന്നത് ഹാഷിഷ് തീനികളുടെ മനസ്സിൽ മാത്രം നിലനിന്ന ഒരു സ്വപ്‌നമായിരുന്നു”.
ഇതിവൃത്തപ്രധാനം (plot driven) എന്ന് പറയാവുന്ന ഒന്നാണ് നോവലിന്റെ ഘടന എന്നത് ഒരേസമയം പുസ്തകത്തിന്റെ
ശക്തിയും ദൗർബല്യവും ആയിത്തീരുന്നുണ്ട്. തന്റെ പ്രമേയങ്ങൾ അവതരിപ്പിക്കാനുള്ള ക്യാൻവാസ് ആയി നോവലിനേയും സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നതിലെ പ്രഭാഷണപരത അതികാല്പനികവത്കരണമായും സ്വാഭാവികതയുടെ അതിരുകൾ വലിച്ചു നീട്ടുന്നതിലേക്കും നോവലിസ്റ്റിനെ എത്തിക്കുന്നുണ്ടെന്നു കാണാനാവും. വിശേഷിച്ച് പുതുമ അവകാശപ്പെടാനില്ലാത്ത കഥാസന്ദർഭങ്ങളും ആഗ്രഹ ചിന്തയോളം എത്തുന്ന പാത്രസൃഷ്ടികളും കൃതഹസ്തയായ ഒരെഴുത്തുകാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല. എന്നാൽ ഇസ്താൻബൂളിനുള്ള ഒരു പ്രണയകാവ്യമെന്ന നിലയിൽ അതിന്റെ ജീവിത/ അതിജീവന, സൗന്ദര്യ/വൈരൂപ്യ വൈചിത്ര്യങ്ങൾ അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റിന്റെ ഭാവഗരിമയും കയ്യടക്കവും എടുത്തുപറയേണ്ടതുതന്നെയാണ്.
മൊബൈൽ: 94960 31372