മന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ
ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ?
നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം വിട്ടും
കൈകാലുകൾ പരസ്പരം കോർത്തും
ചുമരിലേക്ക് ഒളിഞ്ഞുനോക്കുന്ന രണ്ടു കണ്ണുകൾ.
കത്തിപ്പോയ പ്രണയത്തിന്റെ ചാരംവീണ് കലങ്ങിയ
ഇത്തിരിപോലും തിളക്കമില്ലാത്ത കണ്ണുകൾ
ചത്തമീനിന്റെ കണ്ണുകളെ ഓർത്തെടുക്കുന്നു.
കാരണം മറന്നുപോയ ഉപേക്ഷിക്കലുകളും
അറിയാതെ ഉച്ചരിച്ചുപോയ ശാപവാക്കുകളും
ഒറ്റയ്ക്കായിപ്പോയ തലയിണകളും
സെലിബ്രിറ്റി പ്രണയത്തിന്റെ ബാക്കിപത്രം!