മലവേട്ടുവ ഭാഷ
നാങ്കവന്നതും നീങ്ക വന്നതും
ഒരു വൈമലെ
നീങ്ക പോണതും നാങ്ക പോണതും
ഒരു ദിക്കിലെക്കെന്നെ
നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും
നീങ്ക പണം കണ്ട് വളന്തത്
നാങ്ക മണ്ണ് കണ്ട് വളന്തത്
വെല മണ്ണ് തന്നെ
അന്തി മോന്തി വരെ നാങ്ക കെളയ്ക്കും
നീങ്ക കെടക്കും
നാങ്കട ചോര നീങ്കടെ തടി
തല്ല് പറ്റ് ചെണ്ടയ്ക്ക്
പൈച്ച് പറ്റ കൊട്ടിയവങ്ക്
അപ്പൻ പറഞ്ച് തന്ത കഥയിത്.
ഞങ്ങടെ ചോര നിങ്ങടെ മാംസം
ഞങ്ങൾ വന്നതും നിങ്ങൾ വന്നതും
ഒറ്റവഴി
നിങ്ങൾ പോകുന്നതും ഞങ്ങൾ പോകുന്നതും ഒരേ ദിക്ക്
ഞങ്ങൾ കുറച്ച് കറുത്തതും നിങ്ങൾ കുറച്ച് വെളുത്തതും
നിങ്ങൾ പണം കണ്ടാണു വളർന്നത്
ഞങ്ങൾ തളിർമണ്ണ് കണ്ട് വളർന്നു
വില ഞങ്ങടെ മണ്ണിനു തന്നെ
സായംകാലവും സാന്ധ്യാകാശവും ചോന്നു തുടുക്കും വരെ
ഞങ്ങൾ കിളയ്ക്കും
നിങ്ങൾ കിടക്കും
ഞങ്ങടെ ചോര നിങ്ങടെ മാംസം
ഉടൽത്തല്ലേൽക്കുന്നത് ചെണ്ട
പണം നക്കിപ്പറ്റുന്നത് കൊട്ടിയവൻ
അപ്പൻ പറഞ്ഞുതന്ന കുലകഥയിത്.
സ്വതന്ത്ര പരിഭാഷ: ഇന്ദു മേനോൻ