ഒരു ഭാഷയ്ക്കുള്ളിൽ / ഭാഷകൾക്കുള്ളിൽ നിരവധി ഭാഷകൾ
കുതറുന്നുണ്ട്. അതിന്റെ സ്വത്വം ലിപിരഹിതമായിരിക്കാം. ആ ഭാഷയുടെ ജനങ്ങൾ സാമൂഹികമായി അടിച്ചമർത്തപ്പട്ടവരും അദൃശ്യരുമായിരിക്കും. അവരുടെ ഭാഷയ്ക്കും ജീവിതത്തിനും വംശംനാശം സംഭവിക്കാം. അത്തരം ജനസമൂഹത്തെ നമ്മൾ ഗോത്രജനതയെന്ന് വിളിക്കുന്നു. മലയാളം, കന്നട, തമിഴ്, തെലുങ്ക്
തുടങ്ങിയ അധീശഭാഷകൾ അടിച്ചമർത്തിയ ഭാഷകൾ ഗോത്രസമൂഹത്തിനുണ്ട്. അവരവരുടെ സാമൂഹിക ജീവിതത്തിനുള്ളിൽ നിന്ന് പൊതുമണ്ഡലത്തിലേക്ക് ആ ഭാഷ ഇനിയും എത്തിച്ചേർന്നിട്ടില്ല. അങ്ങനെ എത്തിച്ചേരാനുള്ള ശ്രമങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ എവിടെയുമില്ല. ഫോക് സൗന്ദര്യാനുഭവമായി ഈ ഭാഷകളെയും അത്തരം സംസ്കാരങ്ങളെയും നമ്മൾ പഠിക്കുന്നു.
കൗതുകങ്ങളുടെ ഷോകെയ്സുകളിൽ നാം അവയെ പ്രതിഷ്ഠി
ക്കുകയും ചെയ്യുന്നു.
എന്നാൽ ഗോത്രസമൂഹത്തിൽ നിന്ന് കവി
തയും സാഹിത്യവും അവരുടേതായ ഭാഷയിൽ ഉണ്ടായിവരുന്നതുവരെ മാത്രമേ നമുക്ക് ഇത്തരം ഫോക് സൗന്ദര്യങ്ങളിൽ അഭി
രമിക്കാനാവൂ. ശക്തമായ സമകാലിക കവിതകൾ ഗോത്രഭാഷകളിൽ രചിക്കപ്പെടുന്നു എന്നതിന്റെ തെളിവായിരുന്നു സമീപകാലത്ത് ഭാഷാപോഷിണിയും (മാർച്ച്) ദേശാഭിമാനി വാരികയും (17
മാർച്ച്) പുറത്തിറക്കിയ ഗോത്രകവിതാപതിപ്പ്.
മലയാളലിപിയിൽ ലിപിരഹിതമായ തങ്ങളുടെ മാതൃഭാഷയെ
സന്നിവേശിപ്പിച്ചുകൊണ്ടാണ് ഈ ഗോത്രകവികൾ തങ്ങളുടെ
സർഗലോകത്തെ തുറന്നുവച്ചത്. ഇത് വ്യത്യസ്തമാനങ്ങളിലുള്ള സമരമുഖമാണ് തുറക്കുന്നത്. ഭാഷാപോഷിണി ഗോത്രകവി
താപതിപ്പിന്റെ അവതാരകനായ പി രാമൻ എഴുതുന്നു: ”മലയാളത്തിൽ എഴുതുന്ന ഘട്ടം പിന്നിട്ട് ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള എഴുത്തുകാർ സ്വന്തം ഭാഷകളിൽ എഴുതിത്തുടങ്ങിയിരിക്കുന്നു. ഈ മാറ്റം വളരെ പ്രധാനമാണ്. മാതൃഭാഷയിൽ എഴുതുന്നത് സ്വന്തം ഭാഷയും സംസ്കാരവും ജീവനോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന് ഈ എഴുത്തുകാർ കരുതുന്നു”.
മലയാളഭാഷ മരിച്ചുകൊണ്ടിരിക്കുന്നു എന്ന വരേണ്യമധ്യവർ
ഗ മിത്തിനെ അപനിർമിക്കുന്ന എഴുത്തുകളാണ് ഈ കവികളിൽ
നിന്നുണ്ടാവുന്നത്. ഭാഷ സമൂഹത്താൽ ബന്ധിതമാണ്. അതുകൊണ്ടുതന്നെ സമൂഹ്യ വികാസത്തിനനുസരിച്ച് ഭാഷയും വി
കസിക്കും. ഗോത്രകവിതകൾ നമ്മുടെ ഭാഷയിലെതന്നെ പുതിയതരത്തിലുള്ള വികാസമാണ്. മലയാള ലിപിയിലേക്ക് വ്യത്യസ്ത ഗോത്രസമൂഹത്തിന്റെ ഭാഷയും അനുഭവവും സന്നിവേശിക്കപ്പെടുമ്പോൾ മലയാളഭാഷയിലേക്ക് പുതിയ വാക്കുകൾ വന്നെത്തുകയാണ്. തീരദേശത്തുനിന്നും വരുന്ന ഡി അനിൽകുമാറിന്റെ ചങ്കൊണ്ടോ പറക്കുണ്ടോ എന്ന കാവ്യസമാഹാരം ഈവിധം പൂർണ അർത്ഥത്തിൽ തുറയിൽ നിന്നുള്ളവരുടെ സവിശേഷ ഭാഷയിൽ എഴുതപ്പെട്ടവയായിരുന്നു. അയാൾ മലയാള ഭാഷയിൽ പുതിയ വാക്കുകളും വസ്തുക്കളും കൂട്ടിേച്ചർക്കുകയായിരുന്നു. ഗോത്രഭാഷയിൽ എഴുതുമ്പോഴാണ് കവിയെന്ന നിലയിയിൽ തനിക്ക്
ജീവിക്കാൻ കഴിയുന്നതെന്ന് മുതുവാൻ ഭാഷയിൽ കവിത എഴുതുന്ന അശോകൻ മറയൂർ പറയുന്നു. നാമിതുവരെ പഠിക്കാത്ത
കാടിന്റെ (ഭാഷയുടെയും) വ്യാകരണം നാം പഠിക്കുന്നത് ഇത്ത
രം ഗോത്രകവിതകളിലൂടെയാണ്.
”നാണൊരങ്ങ
എക്ക് കേക്കാൻണ്ടി
അട്സ്പിയ്യ
മയസത്തത്ത്ന
എക്കാക
വെറ്റും വരപാടും
തന്നിസത്തം.”
പരിഭാഷ:
ഞാൻ ഉറങ്ങേ
ഞാൻ കേൾക്കാതെ പോയ
മഴ ശബ്ദത്തെ
എനിക്കായ്
വറ്റും വരെ പാടും
വെള്ളച്ചാട്ടം.
(ഭാഷാപോഷിണി മാർച്ച് 2019)
മലയാളത്തിലെ ഏതൊരു കവിതയ്ക്കുമപ്പുറമുള്ള അനുഭവ
ങ്ങളാണ് ഈ വരികൾ നൽകുന്നത്. സുകുമാരൻ ചാലിഗദ്ധ റാവുള ഭാഷയിലെ ആദ്യത്തെ കവിയായി സ്വയം സാക്ഷ്യപ്പെടുത്തി
ക്കൊണ്ടാണ് തന്റെ കവിത അവതരിപ്പിക്കുന്നത്. മലയാളത്തിൽ
അർത്ഥം കണ്ടെത്താനാവാത്ത നിരവധി വാക്കുകൾ റവുള ഭാഷയിലുണ്ടെന്ന് കവി പറയുന്നു. അതുകൊണ്ടുതന്നെ ആ വാ
ക്കിൽ കവിതയെഴുതി മലയാളത്തിലേക്ക് മാറ്റാനാവില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന
തങ്ങളുടെ ഭാഷയെ കവിതയിൽ ഡോക്യുമെന്റ് ചെയ്തു വയ്ക്കുകയും വരുംകാലത്തെ തലമുറയ്ക്ക് തങ്ങളുടെ ഭാഷയെയും
സംസ്കാരത്തെയും കുറിച്ച് അറിവുള്ളവരുമാക്കുക എന്ന ബോധ്യം ഈ കവികൾക്കെല്ലാമുണ്ട്.
”അക്ള് എന്നട്ട
രാമായണത്തപ്പറ്റ്ത്ല
രാമനെപ്പറ്റ്ത്ല കേണ്ടറ്
എക്ക് രാമായണള
അയ്റ്റ്ള്ള രാമന് പറ്റ്ത്ല
ചാന്ത്ള തിരിയാണ്ട്”
പരിഭാഷ:
”അവരെന്നോട്
രാമായണത്തെക്കുറിച്ചും
രാമനെ കുറിച്ചും ചോദിച്ചു
എനിക്ക് രാമായണവും
അതിലെ രാമനെ കുറിച്ചും
ഒന്നും അറിയില്ല”
മാവിലാൻ തുളു ഭാഷയിലെഴുതുന്ന ധന്യ വേങ്ങച്ചേരി ഈ
കവിതയുടെ രാഷ്ട്രീയം ഗോത്രജീവിതം പോലെ തെളിഞ്ഞതാണ്. ഗോത്രകവിതയിൽ രാഷ്ട്രീയം പലപ്പോഴും പ്രത്യക്ഷമാണ്.
തങ്ങളുടെ മണ്ണിലേക്കും മനസ്സിലേക്കും അധിനിവേശത്തിന്റെ ശ
ക്തികൾ കടന്നുവരുന്നതിനെ ഈ കവികൾ തിരിച്ചറിയുന്നുണ്ട്.
”നാമ് വാള്ന്തേമ് കാടിതി
വന്തേവാശി വന്തെ കാട്ക്കെ
പിന്നെമ് നാമ് വെളിയേ
ഇനി നാമ് എപ്പ ഉള്ളെ?
പരിഭാഷ:
ഞങ്ങൾ ജീവിച്ചു കാട്ടിൽ
കുടിയേറ്റക്കാർ വന്നു കാട്ടിലേക്ക്
പിന്നെയും ഞങ്ങൾ പുറത്ത്
ഇനി നമ്മൾ എപ്പോഴാണ്
അകത്തേക്ക്?
(ഭാഷാപോഷിണി മാർച്ച്)
ഇരുള ഭാഷയിൽ എഴുതപ്പെട്ട ശിവലിംഗൻ പിയുടെ ഈ കവിത അധിനിവേശങ്ങളാൽ പാർശ്വവത്കരിക്കപ്പടുകയോ അദൃശ്യവത്കരിക്കപ്പെടുകയോ ചെയ്യുന്ന ഗോത്രജനതയുടെ നേർചോദ്യമാണ്.
മാതൃഭാഷയിൽ സ്വപ്നം കാണാനും സൗന്ദര്യത്തെ സൃഷ്ടി
ക്കാനും പ്രതിരോധശബ്ദമുയർത്താനും ഗോത്രജനതയ്ക്ക് ഊർ
ജം നൽകുന്ന കവിതകളാണിവ. മണികണ്ഠൻ അട്ടപ്പാടി ഇരുള
ഭാഷയിൽ ഒരു കവിത ഇങ്ങനെ എഴുതിത്തുടങ്ങുകയാണ്:
”വ്ള്ളി മീന്ക ഇറ്ക്ക മാന
എവ്ളവ് ബല്ലത്
ബല്ലത ഇറ്ക്ക മാനത്തെ കണക്കെ
മന്സൻത്ത് മനസ് ഇറ്ക്ക്ത?
(ഭാഷാപോഷിണി)
പരിഭാഷ:
നക്ഷത്രങ്ങളുള്ള വാനം
എത്രയോ വലുത്
വിശാലമായ മാനത്തെപ്പോലെ
മനുഷ്യന്റെ മനസ്സുണ്ടോ?
ഗോത്രവർഗകലാകാരൻ രമേഷ് എം ആറിന്റെ വരകൾ ദേശാഭിമാനി വാരികയിലെ ഗോത്രകവിതകളെ കൂടുതൽ മിഴിവുറ്റതാ
ക്കി.
ഈ കവിതകളുടെ അവതാരകയായ ഇന്ദുമേനോൻ തന്റെ
ലേഖനം ഇങ്ങനെ തുടങ്ങുന്നു: ”ഗോത്രസാഹിത്യം എന്ന് ഞാനീ എഴുത്തുകളെ വിളിക്കുകയില്ല. അതിലേറെ ഔന്നത്യമുള്ള ജാവസാഹിത്യമാണിത്”. ഈ വാക്കുകൾ അവർ എന്താണ് യഥാർ
ത്ഥത്തിൽ പറയാൻ ശ്രമിച്ചുവോ അതിന്റെ നേർവിപരീത അർത്ഥ
ത്തിൽ ചെന്നു കലാശിക്കുകയാണ്. ഗോത്രവർഗ സാഹിത്യത്തേ
ക്കേൾ ഔന്നത്യമുള്ള മറ്റെന്തോ സാഹിത്യമുണ്ടെന്നും ഗോത്രവർ
ഗ സാഹിത്യം എന്നത് ഒരു താഴ്ന്നയിനം സാഹിത്യമാണെന്നും
അവർ പറയാതെ പറഞ്ഞു. ഒരു വിഷയത്തെ അതിന്റെ രാഷ്ട്രീ
യ പരിപ്രേക്ഷ്യത്തിൽനിന്ന് അടർത്തിമാറ്റി അക്കാദമിക് വ്യവഹാരം മാത്രമായി അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന അപകടമാണിത്.
എങ്കിലും അവർ അവതരിപ്പിച്ച കവിതകൾ ഇത്തരം ബോധ്യങ്ങൾ
ക്കപ്പുറമുള്ള തെളിഞ്ഞതും സത്യസന്ധവുമായ ഒരു ലോകത്തെ
അഭിവാദ്യം ചെയ്യുന്നതാണ്. മുള്ളുക്കുറുമ ഭാഷയിലെ അജയൻ
കെ ജിയുടെ വേടന കെണി എന്ന കവിത നാഗരികതയുടെ കെണികളിൽ കുടങ്ങി ഇനിയും തിരിച്ചുവരാൻ കഴിയാത്ത ഒരു ജനതയുടെ നേർച്ചിത്രമാണ്. പണിയഭാഷയിൽ എഴുതപ്പെട്ട നിരവധി കവിതകൾ ഈ പതിപ്പിലുണ്ട്. ബിന്ദു ദാമോദരൻ, ലയേഷ്,
രശ്മി സതീഷ് എന്നിവരുടെ കവിതകൾ അത്തരത്തിലുള്ളതാണ്.
അതോടൊപ്പം ദാമോദരൻ പണിയൂരാളിൽ, പ്രകാശ് കെ ചെന്തളം, ഷിബു നിലമ്പൂർ, സിന്ദു കാലി ചീങ്കീർ സുകുമാരൻ ചാലിഗദ്ദ എന്നിവരുടെ കവിതകളും ഗോത്രഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രതിരോധസ്വഭാവവും കവിതയിലൂടെ ആവിഷ്കരിക്കുകയാണ്.
”നാങ്കള പെറ്റ മണ്ണ്
മണ്ണ് മക്ക നാങ്ക
മണ്ണ് മക്ക നാങ്ക
കുട്ടീ മക്ക പാഞ്ച്കളി
മണ്ണ് തന്നെ തായീ
പൈപ്പടക്കിയമ്മ
(പ്രകാശ് കെ ചെന്തളം. മാവില ഭാഷ)
പരിഭാഷ: (ഇന്ദുമേനോൻ)
ഞങ്ങളെപെറ്റ മണ്ണിത്
മണ്ണ് പെറ്റ മക്കൾ ഞങ്ങൾ
മണ്ണ്മക്കൾ ഞങ്ങൾ
ഭൂമി മക്കൾ ഞങ്ങൾ
കുട്ടികൾ ഓടിക്കളിച്ച
മണ്ണ്തന്നെ അമ്മ
വിശപ്പടക്കുന്ന അമ്മ
എന്നിങ്ങനെ ഭൂമിയുടെ രാഷ്ട്രീയത്തെ തിരിച്ചറിയാൻ ഗോത്രകവികൾക്ക് കഴിയുന്നു എന്നതല്ല, തങ്ങൾക്ക് മാത്രമേ ഭൂമിയെയും വെള്ളത്തെയും മരത്തെയും ഏറ്റവും സൗന്ദര്യാത്മകമായും
സത്യസന്ധമായും ആവിഷ്കരിക്കാൻ കഴിയൂ എന്ന തിരിച്ചറിവ്
കൂടി നൽകുകയാണ്.
ഗോത്രജനതയുടെ കർതൃത്വപരമായ ഈ ഉണർവ് ഒരു തുട
ക്കമാണ്. അത് മലയാള സാഹിത്യത്തിലും ഭാഷയിലും പുതിയ
വിപ്ലവങ്ങൾ സൃഷ്ടിക്കും. മലയാളത്തിൽ ദലിത് കവിത കൈവരിച്ച സർഗാത്മകമായ ഒരിടം ഇനി ഗോത്രകവിതകൾക്കുള്ളതാണ്. അതിനായി പലതരത്തിലുള്ള രക്ഷാകർതൃത്വത്തിന്റെ തണലിൽ നിന്നും വഴിമാറി സഞ്ചരിക്കേണ്ടതുണ്ട്. മാനകഭാഷയും അധികാരവും അച്ചടിയും സ്വന്തമായുള്ളവരുടെ തണൽ ഗോത്രഭാഷയുടെ ചൂടിനെ ചിലപ്പോൾ കെടുത്തിക്കളഞ്ഞേക്കാം. സ്വന്തമായി ആകാശവും ഭൂമിയും ഉള്ളവരല്ലോ നമ്മൾ.