കഥാകൃത്തും ചിത്രകാരനുമായ പ്രഭാശങ്കറിന്റെ രചനകളിലേക്ക് ഒരു എത്തിനോട്ടം.
“ചങ്ങമ്പുഴയുടെ മനസ്സ് കഥയിലെന്നപോലെ വിജയന്റെ വരക്കാഴ്ചകൾ കവിതയിലെന്നപോലെ ഒരപൂർവ്വത പ്രഭാശങ്കറിൽ സമ്മേളിക്കുന്നുണ്ട്. ഉന്മാദിയുടെ പ്രണയത്തിൽ അലിഞ്ഞില്ലാതെയാകൽ പോലെയാണ് പ്രഭാശങ്കറിന്റെ രചനയും ജീവിതവും.” വി.ആർ. സുധീഷ് പ്രഭാശങ്കറിന്റെ “മാങ്ങ” എന്ന കഥ സമാഹാരത്തിനെഴുതിയ മുഖവുരയിൽ.
“ജോലി, തെണ്ടിത്തിരിയൽ. ഇതിനിടയിൽ, കഥകളെഴുതി, വായിക്കുന്നവരെ ബുദ്ധിമുട്ടിപ്പിക്കുന്നു. എണ്ണച്ചായങ്ങൾ കൊണ്ട് വികൃതചിത്രങ്ങൾ വരച്ച് ആസ്വാദകരെ വിഷമിപ്പിക്കുന്നു. പിന്നെ ലോകത്തിലുള്ള പക്ഷികളുടെ മുഴുവൻ ഊരും പേരും, ആൺപെൺ വ്യത്യാസവുമൊക്കെ പഠിക്കുന്നു.” പ്രഭാശങ്കർ എന്ന എഴുത്തുകാരൻ “ഉയരമുള്ളവർ ഞങ്ങൾ” എന്ന തന്റെ ഒരു കഥയിൽ, ഇങ്ങിനെയാണ് സ്വയം പരിചയപ്പെടുത്തുന്നത്.
പ്രഭാശങ്കറിനെ ഒരു ഗ്രാഫിക് ആർട്ടിസ്റ്റ് എന്ന നിലയിലാണ് 90-കളുടെ ആദ്യത്തിൽ മുംബൈയിൽ വെച്ച് പരിചയപ്പെടുന്നത്. പിന്നീട് വളരെ വർഷങ്ങൾക്കു ശേഷം, അഹല്യയിൽ വന്നപ്പോഴാണ് വീണ്ടും കാണുന്നത്. അന്ന് പ്രഭാശങ്കർ വരച്ച കുറെ ചിത്രങ്ങൾ ഞാൻ കണ്ടു. ലളിതവും സുതാര്യവുമായ വർണതേപ്പുകളാൽ ഭംഗിയാർന്ന ലാൻഡ്സ്കേപ്പുകളായിരുന്നു, കൂടുതലും. ചാര നിറങ്ങളിലും പച്ചയുടെ വിവിധ ടോണുകളാലും സമ്പന്നമായിരുന്നു, അവയെല്ലാം. ആരോരും കൂട്ടില്ലാതെ നിൽക്കുന്ന വൃക്ഷങ്ങൾ, മലനിരകൾ, ഒറ്റക്കു നിൽക്കുന്ന പാറകൾ, തുടങ്ങിയവ എല്ലാ ചിത്രങ്ങളിലും എന്റെ ശ്രദ്ധയെ ആകർഷിച്ചിരുന്നു.
പക്ഷേ, അപ്പോഴും എന്റെ ശ്രദ്ധയിൽ പെടാതിരുന്ന ഒരു കാര്യം പ്രഭാശങ്കറിന്റെ കഥകളായിരുന്നു. കഥകൾ എഴുതിയിരുന്നുവെന്നും, ഒരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ടെന്നും, ഞാനറിഞ്ഞത് ഈയ്യിടെ ഞാനൊരു പുസ്തകപ്പുഴു ആയപ്പോഴായിരുന്നു. അഹല്യയിലെ പുസ്തകശാലയിലെ പുസ്തകങ്ങളിൽ എനിക്ക് തിന്നാനുള്ളത് വല്ലതുമുണ്ടോ എന്ന് പരതിക്കൊണ്ടിരിക്കുമ്പോഴാണ് “മാങ്ങ” എന്ന കഥാസമാഹാരം കയ്യിൽ കിട്ടുന്നത്. പഴുത്ത മാങ്ങകൾ വളരെയധികം ഇഷ്ടമായ എന്റെ മുമ്പിലേക്കു വന്ന ഈ പുസ്തകം മറിച്ചു നോക്കിയപ്പോഴാണ് പ്രഭാശങ്കറിന്റെ കഥാലോകത്തെക്കുറിച്ച് ഞാനറിയുന്നത്.
പാലക്കാട് രാമനാഥപുരത്ത് ജനിച്ച് വിദ്യാഭ്യാസാനന്തരം കഥകളെഴുതിയ എൺപതുകളും തൊണ്ണൂറുകളും പിന്നിട്ട് ജോലി തേടി മുംബൈയിലെത്തിയ പ്രഭാശങ്കർ, അവിടെ വിവിധ പരസ്യക്കമ്പനികളിൽ മീഡിയാവിഭാഗത്തിൽ ജോലി ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മാത്രം 30-ഓളം കഥകൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാട്ടിൽ, ഉരുണ്ടുകൂടി പെയ്യാതെ നില്ക്കുന്ന കാർമേഘത്തുണ്ടുകൾ പോലെ മനസ്സിൽ നിറയെ കഥകളും എന്നാൽ ധാരാളം ചിത്രങ്ങൾ വരച്ചും ഒതുങ്ങികൂടിയിരിക്കുന്നു.
മുംബൈയിൽ ചെന്നിറങ്ങിയ പ്രഭാശങ്കർ, പതുക്കെ കഥകളുടെ ലോകത്തു നിന്ന് ചിത്രങ്ങളുടെ ലോകത്തിലേക്ക് മാറി. ഒരു ഗ്രാഫിക് ഡിസൈനറായി. ഒറ്റക്കും കൂട്ടമായും ഇരിക്കുന്ന പക്ഷികളും മനുഷ്യരും നിറഞ്ഞ ഇപ്പോഴത്തെ ചിത്രങ്ങൾ കാണുമ്പോൾ ബാലാമണിയമ്മയുടെ ഒരു കവിതാശകലമാണ് ഓർമ്മവരുന്നത്. “വിട്ടയയ്ക്കുക കൂട്ടിൽ നിന്നെന്നേ / ഞാനൊട്ടു വാനിൽ പറന്നു നടക്കട്ടെ”/. പക്ഷികളെപ്പോലെ ആകാശത്ത് പറന്നു നടക്കുവാൻ വെമ്പുന്ന ഒരു മനസ്സിന്റെ ആഗ്രഹമല്ലേ, ഈ ചിത്രങ്ങളിലൂടെ ചിത്രകാരൻ പറയുന്നത് എന്നു ചിന്തിച്ചാലും അതിൽ തെറ്റില്ലെന്നേ ഞാൻ പറയു. ഇങ്ങിനെ ചിന്തിക്കുമ്പോൾ, അമൂർത്ത സ്വഭാവം ഉൾക്കൊള്ളുന്ന ഈ ചിത്രങ്ങളിലൂടെ, തനിക്ക് പറയുവാനുള്ളത് കഥകളിലൂടെ പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതലായി പറയുവാൻ സാധിക്കുമെന്ന് ചിത്രകാരനായ പ്രഭാശങ്കർ കണ്ടെത്തിയിരിക്കുന്നു. അതിന് തന്റേതായൊരു ചിത്രഭാഷയും കരസ്ഥമാക്കിയിട്ടുണ്ട്. റിയലിസത്തിന്റേയും അബ്സ്ട്രാക്ഷന്റേയും നേർത്ത അതിർത്തി രേഖകളിലൂടെയാണ് ചിത്രങ്ങളുടെ രചന. രേഖീയമാണ് കൂടുതലും ചിത്രങ്ങൾ. പക്ഷികളുടെയും മനുഷ്യരുടേയും പാരസ്പര്യത്തോടെയുള്ള കൂടിചേരൽ ചിത്രങ്ങളിലെമ്പാടും കാണാം. അവനവനോടുള്ള ഭാഷണങ്ങളാണ് ചിത്രങ്ങളോരോന്നും. നേരത്തെ എഴുതിയിരുന്ന കഥകളിലും അതുതന്നെയല്ലേ ചെയ്തിരുന്നതെന്ന് അറിയുമ്പോൾ അത്ഭുതപ്പെടേണ്ടതില്ല. ഊഷ്മളമായ നിറങ്ങളിലൂടെ പ്രതീകാത്മകമായി രൂപങ്ങളെ ക്രമീകരിക്കുന്ന ഈ ചിത്രികരണരീതി ചില ആദിവാസി ഗോത്രസമൂഹങ്ങളിൽ നിലനിന്നു വരുന്ന ചിത്രീകരണശൈലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രചനകൾ കൂടിയാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യം കഥകളിലെന്നപോലെ ചിത്രങ്ങളിലും കാണാം.
കഥകളിൽ കാണുന്ന മനുഷ്യ കേന്ദ്രീകൃത സംഭവങ്ങളുടെ രീതി, പക്ഷേ പ്രഭാശങ്കറിന്റെ ചിത്രങ്ങളിൽ കാണുന്നില്ല. പരന്നതും വരണ്ടതും വിജനവുമായ ഭൂപ്രകൃതിയിലുള്ള പ്രകൃതിദൃശ്യങ്ങളും, മനുഷ്യരുടേയും പക്ഷികളുടേയും രേഖീയമായ പാരസ്പര്യങ്ങളിലുള്ള ചിത്രങ്ങളും ചെറുകഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഇപ്പോൾ വരയ്ക്കുന്ന ചിത്രങ്ങളെല്ലാം രൂപത്തിന്റെ ജ്യാമിതീയ രീതികളിലുള്ളതാണ്. അമൂർത്തതയാണതിന്റെ ഭാഷ. പക്ഷേ, പ്രകൃതി ചിത്രങ്ങളിൽ ഒരു കാവ്യാത്മക റിയലിസത്തിന്റെ മണ്ഡലത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു. പ്രഭാശങ്കർ തന്റെ കഥകളെ ആത്മഭാഷണത്തിന്റെ വിചിത്ര വഴികളിലൂടെ നടത്തുമ്പോൾ, ചിത്രങ്ങളെ തന്റെ ഉള്ളിലെ വിഷാദങ്ങളിൽ നിന്നകലുവാനുള്ള ധ്യാനപ്രകാശനങ്ങളാക്കി മാറ്റുകയാണ്.
പ്രഭാശങ്കറിന്റെ കഥാലോകത്തേക്കു കൂടി ഞാൻ ഒന്നു കടക്കുന്നു. ‘മാങ്ങ ‘ എന്ന കഥാസമാഹാരത്തിലെ ആദ്യകഥ ‘മാങ്ങ’ യിലെ നായകനെ നോക്കു. മാവിൻ ചുവട്ടിലേക്ക് മാങ്ങ പെറുക്കുവാൻ കൂട്ടുകാരിയെ വിളിച്ചുകൊണ്ടുപോവുകയും അവളുടെ മടിയിൽ കിടന്ന് തത്വചിന്തകളിൽ മനസ്സിനെ വിഹരിക്കുവാൻ വിടുന്ന ഒരു കാല്പനികഹൃദയമുള്ള നായകനെ ആ കഥയിൽ കാണാം. മിക്കവാറും എല്ലാ കഥകളും ഏകപക്ഷീയമായ സംവാദങ്ങളാണ്. വിരക്തികളെ കുറിച്ചും, ശോകവും വിഷാദവും ഇടക്കിടെ തലപൊക്കുന്ന സംഭാഷണ ശകലങ്ങളിലൂടെ പ്രണയത്തിന്റെ നൂലിഴകളും ചേർത്ത് കഥ പറയുന്ന പ്രഭാശങ്കർ, കഥകളിൽ സമകലീന സംഭവവികാസങ്ങളും ഉൾപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്.
മുംബൈയിലേക്ക് കുടിയേറിയപ്പോഴാണ് കഥകളിൽ വിഹരിച്ചിരുന്ന മനസ്സ് ചിത്രങ്ങളിലേക്ക് തിരിഞ്ഞതെന്ന് നേരത്തെ പറയുകയുണ്ടായല്ലോ. എങ്കിലും ഒന്നുരണ്ടു കഥകൾ നഗരപശ്ചാതലത്തിൽ എഴുതിയിട്ടുണ്ട്. ആ കഥകൾ മുംബൈയെ കുറിച്ചറിഞ്ഞ അല്ലെങ്കിൽ ദൃഷ്ടിക്കു ഗോചരമായ ദൃശ്യങ്ങളുടെ ഒരു റിയലിസ്റ്റിക് പതിപ്പുതന്നെയാണ്. ആദ്യകാല കഥകളിലാകെ ഒരു റൊമാന്റിക് പരിവേഷത്തോടൊപ്പം അന്തർമുഖത്വത്തിന്റെ ധാരയും പ്രകടമാണ്. പക്ഷേ, മുംബൈയിലെത്തിയതിനു ശേഷം എഴുതിയ കഥകളിൽ കാൽപനിക പരിവേഷം കുടഞ്ഞു കളഞ്ഞുകൊണ്ട് സമൂഹാഭിമുഖ്യതയുള്ള നായകകഥാപാത്രങ്ങളുള്ള രചനകളും എഴുതിയിട്ടുണ്ട്. ചിത്രങ്ങളിൽ പ്രതീകങ്ങളെ കൊണ്ടുവരുന്നതുപോലെ കഥകളിലും പ്രതീകങ്ങളുണ്ട്. പ്രകൃതി പരന്നു കിടക്കുന്ന കഥാപശ്ചാത്തലത്തിൽ മാങ്ങ, കൈക്കോട്ട്, തേങ്ങ, ഇത്യാദി പ്രതീകങ്ങളിലൂടെ പ്രഭാശങ്കർ കഥയെ മുന്നോട്ടു നയിയ്ക്കുന്നു.
ആൾക്കൂട്ടങ്ങളിൽ വിഹരിച്ചിരുന്ന പ്രഭാശങ്കർ ഈയ്യിടെയായി തന്നിലേക്കുതന്നെ ഒതുങ്ങി, നിശ്ശബ്ദതയെ പ്രണയിച്ചു കൊണ്ട് ഒരാത്മീയത തേടി അലയുകയാണ്. പക്ഷേ, ഈ പിൻവാങ്ങലിലും ചിത്രങ്ങളിലൂടെ നിരന്തരം മനസ്സിനെ വിഹരിച്ചു കൊണ്ടിരിക്കുകയാണ്. ടി.ഗോപി എഴുതിയ ” അതിജീവനങ്ങൾ” എന്ന കവിതയാണ് എനിക്കിപ്പോൾ ഓർമ്മ വരുന്നത്.
“അററങ്ങൾ അനവധിയുണ്ട്. /
കൂട്ടിമുട്ടിക്കാൻ കൈകൾ രണ്ടേയുള്ളു. /
സാഹസം സഹിക്കവയ്യാഞ്ഞിട്ടാണ് /
ജീവിതത്തെ ഉപേക്ഷിക്കാമെന്ന് വച്ചത്./
ജീവിതമോ നിഴൽ പോലെ പിന്നാലെ /
കരഞ്ഞുകൊണ്ട് ചിലപ്പോൾ മുന്നാലെയും.”