നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദതയുടെ ഒരു ഇടവേള വേണം എന്ന് തോന്നുന്നതിൽ ഒരു അപാകതയും ഇല്ല.
ഈ ചിന്തയാണ് കുറച്ചു കാലമായി എന്നെ നയിച്ച് കൊണ്ടിരുന്നത്. ദിനപത്രങ്ങൾ ഇല്ലാത്ത, ചാനലുകൾ ഇല്ലാത്ത, മൊബൈൽ ഫോണുകൾ അബോധാവസ്ഥയിലായി പോകുന്ന ഒരു കോണ്. അവിടെ മനുഷ്യശബ്ദമോ മനുഷ്യനിർമ്മിതിയായ ശബ്ദമോ ഉണ്ടാവരുത് – കാറ്റ് ഇലകളുടെ നെറുക തടവി പോകുന്ന ചെറു മർമ്മരം, പക്ഷിമൃഗാദികളുടെ ജൽപനങ്ങൾ തുടങ്ങിയ ആദിമ ശബ്ദങ്ങൾ മാത്രം. കാഴ്ചകളും അത് പോലെ – സംസ്‌കാരത്തിൽ നിന്ന് ഏറെ അകന്ന്…
സ്ഥലം സ്വന്തമാക്കാൻ അല്ല കേട്ടോ. വെയിൽ പൊരിക്കുന്ന മണൽപ്പരപ്പുകൾ താണ്ടുന്ന പാന്ഥന് മരുപ്പച്ച പോലെ ഒരിടം. തിരിച്ച് പോകേണ്ടത് വെയ്യിൽപ്പരപ്പിലേക്ക് തന്നെ അല്ലെ.
അങ്ങിനെ അന്വേഷിച്ചു അന്വേഷിച്ചു കാടുകേറി പോകുന്നതിനിടയിലാണ് ആ സ്ഥലം കണ്ടത്.
മാമരങ്ങളും അടിക്കാടും തിങ്ങി നിന്നിരുന്ന പ്രദേശത്തു ഒരു തുറസ്സ്. കയ്യിൽ കരുതിയിരുന്ന വടികൊണ്ട് വഴിയുണ്ടാക്കി അവിടെ എത്തിപെട്ടപ്പോൾ എനിയ്ക്കുവേണ്ടി ഒരുക്കി വെച്ച സ്ഥലം പോലെ തോന്നി. ഇതായിരിക്കും എൻ്റെ മരുപ്പച്ച.
ഒരു വലിയ മരത്തിന്റെ തായ്ത്തടിയിൽ നിന്ന് ഇറങ്ങിച്ചെല്ലുന്ന രണ്ടു വേരുകൾക്കിടയിൽ ഇരുപ്പ് ഉറപ്പിച്ചു. കൈയിൽ കരുതിയിരുന്ന (നിർഭാഗ്യവശാൽ, പ്ലാസ്റ്റിക്) കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളമിറക്കി ചുറ്റിലും നോക്കി.
കഷിടിച്ച് ഒരു അമ്പതു അടി അർദ്ധവ്യാസത്തിൽ വൃത്താകൃതിയിലുള്ള പ്രദേശമായിരുന്നു അത്. സൂക്ഷിച്ച് നോക്കിയപ്പോൾ മനുഷ്യരുടെത് എന്ന് തോന്നിപ്പിക്കുന്ന ചില എല്ലിൻ കഷ്ണങ്ങൾ അവിടിവിടെയായി കാണുന്നത് പോലെ തോന്നി. നെഞ്ചിൽ ഒരു ആന്തൽ ഉണ്ടായി എന്നത് സത്യമാണ്.
മെല്ലെ എഴുന്നേറ്റ് പോകാൻ ഒരുങ്ങുമ്പോൾ തൊട്ട് മുകളിലായി അടക്കിപ്പിടിച്ച ഒരു ചിരികേട്ടു. അടിമുടി തോന്നിയ പെരുപ്പ് വകവെക്കാതെ മുകളിലേക്ക് നോക്കി. ഒരു സത്വം എന്നെ തന്നെ നോക്കി മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നു.
പേടിക്കേണ്ട. വന്ന ഉദ്ദേശം അറിയാം. ഇവിടെ ആരും അങ്ങിനെ വരില്ല. ഞാൻ ഉപദ്രവകാരിയുമല്ല.
ഏതാ നീ – ചോദിച്ചു പോയി.
വീണ്ടും ചിരി. ഒഴിഞ്ഞ ശ്മശാനത്തിൽ മരക്കൊമ്പിൽ ആടികിടക്കുന്ന എന്നെ നോക്കിയാണോ നീ ചോദിക്കുന്നെ.. നീ അമർചിത്ര കഥയോ അമ്പിളിയമ്മാവനോ ഒന്നും വായിച്ചിട്ടില്ലെ?
ഓ.. നിൻറെ കാലം കഴിഞ്ഞില്ലേ… വിക്രമാദിത്യൻ മണ്ണടിഞ്ഞു ആയിരക്കണക്കിന്ന് കൊല്ലമായല്ലോ..
അയാൾ മനുഷ്യനല്ലേ.. പോരാത്തതിന്ന് രാജാവും. രാജാക്കന്മാർക്ക് അധികം ആയുസ്സു ഇല്ല എന്ന് അറിയില്ലേ. വേതാളങ്ങൾക്ക് അത് ബാധകമല്ല.
വടക്ക് ഗുപ്തന്മാരുടെ തട്ടകത്തിൽ ആയിരുന്നില്ലേ പണ്ടത്തെ വാസം. തെക്കോട്ട് എടുത്തത് എന്തിന്..
ഓ.. അവിടെ സമാധാനമായി തൂങ്ങികിടക്കാൻ പറ്റാതായി.. ഇവിടെയാണെങ്കിൽ വലിയ പ്രശ്നങ്ങൾ ഒന്നും എനിക്ക് ഇല്ല.. ഉൾകാട്ടിലുള്ള ആദിവാസികൾ ഇടയ്ക്ക് വരും.. ദഹിപ്പിക്കാനോ കാരണവന്മാർക്ക് ബലികൊടുക്കാനോ ഒക്കെയായി.. അപ്പൊ ഞാൻ ഒളിഞ്ഞിരിക്കും.. ഇനി ഇപ്പോ കണ്ടാലും പ്രശ്നവുമില്ല.. അവർ ആർക്കും സ്വൈരക്കേട് ഉണ്ടാക്കില്ല.
അപ്പൊ ഞാൻ വന്നതോ.
മനുഷ്യരെ മടുത്തിട്ട് വന്നതല്ലേ.. നീയായിട്ട് പ്രശനം ഉണ്ടാവില്ല എന്ന് എനിയ്ക്ക് അറിയാം. പിന്നെ മനുഷ്യരോട് മിണ്ടിയും പറഞ്ഞും ഇരുന്നിട്ട് എത്ര കാലായി എന്ന് അറിയോ.. കഥപറഞ്ഞ് കഥപറഞ്ഞ് കഥ കേട്ടവൻ കഥയായി. ഇനി ഇപ്പോ നിന്റെ ഊഴമാവും.. വീണ്ടും ചിരി.
പിന്നെയും ഞങ്ങൾ അതും ഇതും പറഞ്ഞുകൊണ്ടിരുന്നു.
ഉച്ച കഴിഞ്ഞു വെയിൽ പടിഞ്ഞാട്ട് നീങ്ങാൻ തുടങ്ങി. വീണ്ടും സംസ്കാരത്തിലേക്ക് മടങ്ങാൻ സമയമായി.
മടങ്ങുന്നതിന്ന് മുമ്പ് ഞങ്ങൾ ചില കാര്യങ്ങളിൽ ധാരണയായി.
തോന്നുമ്പോൾ ഒക്കെ എനിയ്ക്ക് ഇവിടെ വരാം. പകൽ ആയിരിക്കണം എന്ന് മാത്രം. എൻ്റെ എന്ത് സംശയവും ചോദിക്കാം. ഭൂതവും ഭാവിയും വർത്തമാനവും അറിയുന്ന ത്രികാല ജ്ഞാനിയായ വേതാളം അതിന്ന് ഉത്തരം തരും.
പക്ഷെ ഒരു കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. മാധ്യമ പ്രവർത്തകൻറെ സ്വഭാവം പുറത്തെടുക്കരുത്. അതായത് ഈ സ്ഥലത്തെ കുറിച്ച് മറ്റൊരാളെ അറിയിച്ചാൽ… അപ്പോഴായിരിക്കും തല പൊട്ടിത്തെറിക്കുന്നത്.
ആ.. പോകുന്നതിന് മുമ്പ് ഒരു കാര്യം.. ഇനി പ്ലാസ്റ്റിക് കുപ്പിയുമായി ഇവിടെ കാലുകുത്തിപോകരുത്..