വസന്തകാലത്തിലെ മൂർദ്ധന്യത്തിലെ ഒരു ഞായറാഴ്ച രാവിലെ – ജോർജ് ബെൻഡ്മാൻ തന്റെ രണ്ടാം നിലയിലെ വീട്ടിലെ സ്വകാര്യമുറിയിലിരുന്ന് വിദേശത്തുള്ള തന്റെ സുഹൃത്തിന് കാത്തെഴുതുകയാണ്. ജോർജിന്റെ വീട് ഒരു നദിയുടെ കരയിൽ നിരയായി നിൽക്കുന്ന വീടുകളിൽ ഉയരം കൊണ്ടും പെയിന്റ് ചെയ്ത ഭംഗി കൊണ്ടും എടുത്തു കാണിക്കുന്നതാണ്. കത്തെഴുതി കവറിലാക്കി ഒട്ടിച്ച് പുറത്ത് പുഴയോരവും പാലവും കഴിഞ്ഞ് അതിന് പിറകെ കാണുന്ന കുന്നുകളിലേക്കും വിദൂരതയിലേക്കും നോക്കി കുറച്ചു നേരം ജോർജ് ആലോചനയിൽ മുഴുകി.

റഷ്യയിലേക്ക് പലായനം ചെയ്ത ആ വിദൂര സുഹൃത്തിനെക്കുറിച്ചായിരുന്നു അയാൾ ആലോചനയിൽ മുഴുകിയത്. ആദ്യമൊക്കെ തരക്കേടില്ലാതെ നടന്നുകൊണ്ടിരുന്ന സെയിൻറ് പീറ്റെർഴ്സ് ബെർഗിലെ ബിസിനെസ്സ് ഇപ്പോൾ മോശം അവസ്ഥയിലാണ്. ചെറുപ്പം മുതൽക്കേ ജോർജിന് തന്റെ സുഹൃത്തിനെ അറിയാം. എടുത്തു കാണിക്കുന്ന മീശയും താടിയും മഞ്ഞപ്പനി വന്ന പോലെ തോന്നിക്കുന്ന മഞ്ഞ ശരീരവും ജോർജ് മറന്നിട്ടില്ല. പക്ഷേ ഈ കാഴ്ചയൊക്കെ ഇപ്പോൾ ഒരു രോഗിയുടേതെന്ന് തോന്നിക്കുന്ന കാഴ്ചയായി മാറിയിരിക്കുന്നു. സുഹൃത്തിന് റഷ്യയിൽ കൂട്ടുകാരോ ബന്ധുക്കളോ ആരുമില്ല. പുറം ലോകവുമായും അധികം കൂട്ടുകെട്ടില്ല. തന്റേതായ ഒരു കൂടാരത്തിൽ ഒരു ‘വിധിക്കപ്പെട്ട അവിവാഹിതനെ’പ്പോലെ അയാൾ കഴിഞ്ഞു കൂടുന്നു.
ഇങ്ങനേയുള്ള ഒരു മനുഷ്യന്, സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടവനെപ്പോലെ കഴിയുന്ന ഒരുവന് എന്തെഴുതാൻ ?
ഒരുപക്ഷേ നാട്ടിലേക്ക് മടങ്ങിവന്ന് തന്റെ സുഹൃത്തുകളും പഴയ ബന്ധങ്ങളും പുതുക്കി പുതിയൊരു ജീവിതം തുടങ്ങാൻ ഉപദേശിക്കാവുന്നതാണ്. തന്റെ മുൻ-കാല ബിസിനസുകളെല്ലാം പൊളിഞ്ഞ സ്ഥിതിക്ക് നാട്ടിൽ വന്ന് തന്റെ പഴയ സുഹ്രത്തുക്കളുടെയൊക്കെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ഉൾക്കൊണ്ട്, താൻ ഇപ്പോഴും വളർച്ചയെത്തിയിട്ടില്ലാത്ത ഒരു കുട്ടിയാണെന്നും സ്വയം അറിഞ്ഞ് ഒതുങ്ങി ജീവിക്കാൻ ശ്രമിക്കുക, വിജയിച്ച സുഹൃത്തുക്കളെ കണ്ടു പഠിക്കുക – ഇതൊക്കെ ആയിരിക്കില്ലെ അവന് എഴുതാൻ പാകത്തിലുള്ള കാര്യങ്ങൾ? മാത്രമല്ല, ഇത്രയൊക്കെ എഴുതി ഫലിപ്പിച്ചാൽ തന്നെയും നാട്ടിൽ നിന്ന് വളരെക്കാലമായി വിട്ടുനിന്നതുകൊണ്ട് ആരുമായും ചങ്ങാത്തങ്ങളില്ലെന്നും നാട്ടിലെ തന്റെ അവസ്ഥയും വിഭിന്നമായിരിക്കില്ലെന്നും അതുകൊണ്ടു തന്നെ തത്കാലം എവിടേക്കും വരുന്നില്ലെന്നുമായിരിക്കും അവന്റെ മറുവിചാരം. ആ വിചാരങ്ങളാണ് ശരി എങ്കിൽ തന്റെ പരിതസ്ഥിതിയുടെ സമ്മർദം ഒന്നു കൊണ്ട് മാത്രം തന്റേതല്ലാത്ത കാരണങ്ങളാൽ താൻ ഒറ്റപ്പെട്ടുപോയെന്നും അതു കൊണ്ട് തന്നെ ഇനിയൊരു യാത്രയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ലെന്നും അവന് തോന്നിയാൽ അതിൽ പരാതിപ്പെടാനാവുമോ? ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഇപ്പോഴുള്ള സ്ഥലത്തു തന്നെ തുടരുകയാണ് അഭികാമ്യം എന്നു തോന്നിയാൽ കുറ്റപ്പെടുത്തുവാനും വയ്യ. പ്രത്യേകിച്ച് ഈയൊരു അവസ്ഥയിൽ അയാൾ നാട്ടിലേക്ക് തിരിച്ചു വന്നാൽ ജീവിതം പച്ച പിടിക്കുമെന്ന് ഉറപ്പാക്കാനും കഴിയില്ല.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ അവന് കത്തെഴുത്തുമ്പോൾ നാട്ടിലെ വിശേഷങ്ങൾ അതിന്റെ നിജസ്ഥിതിയിൽ എഴുതി അറിയിക്കാനും തോന്നുന്നില്ല. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് അവൻ നാട്ടിൽ ഒരു യാത്ര വന്ന് പോയത്. ചോദിക്കുമ്പോൾ അവന് പറയാനുള്ളത് റഷ്യയിലെ രാഷ്ട്രീയ കാലാവസ്ഥ അനിശ്ചിതവും പ്രവചനാതീതവുമാണെന്നാണ്. തന്നെപ്പോലൊരു ചെറിയ ബിസിനസസ്കാരൻ ഒരു ചെറിയ കാലാവധിക്കു പോലും ഒന്നു മാറി നിന്നാൽ എന്തു സംഭവിക്കും എന്ന് ഒരു നിശ്ചയവുമില്ല. ആയിരക്കണക്കിന് റഷ്യൻ ബിസിനസസ്കാർ ലോകമൊട്ടുക്കു സഞ്ചരിച്ച് സുരക്ഷിതരായി ജീവിക്കുമ്പോഴാണ് അവന്റെ ഈ വിലാപങ്ങൾ! പക്ഷേ, വാസ്തവമൊന്നുണ്ട് – ഈ മൂന്നു വർഷങ്ങളിൽ ജോർജിന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു – രണ്ടു വർഷം മുമ്പ് ജോർജിന്റെ അമ്മ മരിച്ചു. അതിന് ശേഷം അവനും അവന്റെ അച്ഛനും കൂടിയാണ് വീട്ടുകാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. ഒരു അനുശോചനസന്ദേശത്തിൽ താൻ കുറെ തുറന്ന രീതിയിൽ അവനെ എഴുതി അറിയിച്ച പോലെ, ‘ഈ ദു:ഖം വീട്ടിനുള്ളിൽ തന്നെ അനുഭവിച്ചു തീർക്കേണ്ടതാണ്’. അതു കൊണ്ട് തന്നെ കുറേക്കൂടി സമയവും ശ്രദ്ധയും തന്റെ ബിസിനെസ്സ് കാര്യങ്ങളിലും വീട്ടു കാര്യങ്ങളിലും ജോർജ് കൊണ്ടുവരികയും ഉണ്ടായി. ചിലപ്പോൾ അതു നല്ലതിന്നായിരിക്കാം. കാരണം ജോർജിന് അതുവരെ ബിസിനെസ്സ് കാര്യങ്ങളിൽ വലിയ ശ്രദ്ധയുണ്ടായിരുന്നില്ല. എല്ലാ തീരുമാനങ്ങളും എടുത്തിരുന്നതും നടപ്പിലാക്കിയിരുന്നതും അയാൾ തനിച്ചായിരുന്നു. അമ്മയുടെ മരണശേഷം അച്ഛൻ കുറെയേറെ ബിസിനെസ്സ് കാര്യങ്ങൾ സ്വന്തം വരുത്തിക്ക് വിട്ടുകൊടുത്തു. ഭാഗ്യമെന്നു തന്നെ പറയണം, ആ രണ്ടു വർഷങ്ങളിൽ ബിസിനെസ്സ് നല്ലവണ്ണം അഭിവൃദ്ധി പ്രാപിച്ചു. ജീവനക്കാർ പതിന്മടങ്ങായി. വരുമാനം ഇരട്ടിയായി. ബിസനെസ്സ് അഞ്ചിരട്ടി വർദ്ധിച്ചു. എല്ലാം കൊണ്ടും നല്ല പുരോഗതിയുണ്ടായി – മുന്നിൽ വളർച്ചയുടെ പാത തുറന്നു കിട്ടി.
പക്ഷേ ഈ മാറ്റങ്ങളെയൊന്നും തന്റെ നല്ലതിനായി ജോർജിന്റെ സുഹൃത്ത് കണ്ടില്ല. നേരെമറിച്ച് ജോർജിനെയും ബിസിനെസ്സിനായി സെയിൻറ് പീറ്റേർസ് ബെർഗിലേക്ക് കടക്കാൻ അയാൾ നിർബ്ബന്ധിച്ചു. ജോർജിന്റെ ഇപ്പോഴത്തെ ബിസിനസ്സിൽ ഉണ്ടാകുവാൻ പോകുന്ന വളർച്ചയും വികാസവുമൊക്കെ കത്തുകളിലൂടെ എഴുതി ഫലിപ്പിക്കാൻ അയാൾ ആവോളം കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ തന്റെ ബിസിനസ്സ് രഹസ്യങ്ങളോ വളർച്ചയുടെ സൂക്ഷ്മ തലങ്ങളോ പങ്ക് വെക്കാതെ സുഹൃത്ത് തന്റേതായ നിലപാടുകൾ തുടർന്നു. ഇനി അതൊക്കെ എഴുതി കത്ത് വലുതാക്കുവാൻ ജോർജ് ആഗ്രഹിക്കുന്നില്ല. സുഹൃത്തിന്റെ മനസ്സിലെ സങ്കല്പങ്ങളെ തകർക്കാതെ തന്നെ തന്റെ നഗരത്തെ, ചുറ്റുപാടുകളെ കാര്യമായി സ്പർശിക്കാതെ തന്നെ ജോർജ് കത്തെഴുതി മുഴുമിപ്പിച്ചു. വിദൂര ഓര്മ്മകളിൽ മാത്രം നിലനിന്നിരുന്ന ഒരു സുഹൃത്തിന്റെ വിവാഹനിശ്ചയത്തെ കുറിച്ചും മാറ്റും അങ്ങനെ അപ്രധാനങ്ങളായ കുറെ സംഭവങ്ങളാണ് കത്തിൽ എഴുതി നിറച്ചത്. കഴിഞ്ഞ മൂന്നു കത്തുകളിലെയും സംഭവങ്ങൾ ഏതാണ്ടിപ്രകാരം തന്നെ.
തന്റെ, ഫ്രോലിൻ ഫ്രീഡ ബ്രെൻഡോൺ ഫീൽഡ് – മായുള്ള വിവാഹ നിശ്ചയം കത്തിൽ സ്പർശിക്കുക പോലും ചെയ്തില്ല, മനപ്പൂർവം തന്നെ. നല്ലൊരു കുടുംബത്തിൽ ജനിച്ചു വളർന്ന ഫ്രോലിൻ ഫ്രീഡയുമായി ജോർജ് സംഭാഷണങ്ങളിൽ എർപ്പെട്ടു. പലപ്പോഴും തന്റെ അകലെയുള്ള ഈ സുഹൃത്തിനെക്കുറിച്ചും അവളോട് പറഞ്ഞു.
‘അപ്പോൾ അയാൾ നമ്മുടെ വിവാഹത്തിന് വരില്ല, അല്ലെ? എന്നാലും എനിക്കും താങ്കളുടെ സുഹൃത്തുക്കളെ അറിയുവാനുള്ള അവകാശം ഉള്ളതല്ലേ’? – അവൾ ചോദിച്ചു.
‘എനിക്കവനെ ബുദ്ധിമുട്ടിക്കണമെന്നില്ല’ – ജോർജിന്റെ ഉത്തരം അതായിരുന്നു. ‘ഇതൊക്കെയറിഞ്ഞുകഴിഞ്ഞാൽ ഒരു പക്ഷേ അവൻ കഷ്ടപ്പെട്ട് നാട്ടിലെത്തുമായിരിക്കും. പക്ഷേ, അവനെ നിർബ്ബന്ധിച്ചത് കൊണ്ടാണെന്ന് അവന് തന്നെ തോന്നും, അവന് നഷ്ടമായ ഭാഗ്യങ്ങളോർത്ത് വേദനിക്കുകയും ചെയ്യും. ചിലപ്പോൾ, എന്നോടു ചെറുതായ അസൂയയും തോന്നിക്കൂടായായ്കയില്ല. ഏറ്റവും ഒടുവിലായി ആകെ മനം മടുത്ത് ഒരു വിധത്തിൽ വിവാഹ സമയം കഴിച്ചുകൂട്ടി അവന് തിരിച്ചു പോകേണ്ടതായും വരും, തനിച്ചു തന്നെ. എന്തിന് വെറുതെ ഈ കഷ്ടപ്പാടുകളൊക്കെ?’
‘അതൊക്കെ സമ്മതിക്കുന്നു. പക്ഷേ ഇനി അവൻ മറ്റൊരാളിൽ നിന്നും വിവാഹവാർത്ത അറിഞ്ഞാൽ-’?
‘തീച്ചയായും, അതെന്റെ കൈയിലല്ല. പക്ഷേ അവന്റെ ഇപ്പോഴുള്ള ജീവിതരീതി നോക്കിയാൽ അവൻ ഈ വിവരം അറിയാൻ പോകുന്നില്ല’.
‘നിനക്കു ഇത്തരം സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെങ്കിൽ വിവാഹ നിശ്ചയം പോലും ഒഴിവാക്കണമായിരുന്നു’.
‘ഈയൊരു കാര്യത്തിൽ നമ്മൾ രണ്ടുപേരും തെറ്റുകാർ തന്നെ’ – അവന്റെ ഇറുക്കിയുള്ള ചുംബനങ്ങൾക്കിടയിലും അവൾ ഇത്രയും പറഞ്ഞൊപ്പിച്ചു – ‘ഈ പ്രവൃത്തി എന്തായാലും എന്നെ വിഷമിപ്പിക്കുന്നു’.
ഈയൊരു വാർത്ത അവനെ അറിയിച്ചെങ്കിൽ ജോർജ് മനസ്സിൽ കണ്ട പോലെയുള്ള കാര്യങ്ങളൊന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല എന്ന് ജോർജിന് തന്നെ തോന്നി. അതാണ് തന്റെ പ്രത്യേകത എന്ന് സ്വയം ചിന്തിച്ചുറപ്പിക്കുകയും ചെയ്തു – ‘തന്നെ അംഗീകരിക്കാമെങ്കിൽ മതി. മറ്റുള്ളവർക്ക് പാകത്തിൽ തന്റെ സ്വരൂപത്തെ മാറ്റിയെടുക്കുവാനൊന്നും തയ്യാറല്ല’.
പക്ഷേ, വാസ്തവം അതൊന്നുമായിരുന്നില്ല. അന്നെഴുതിയ കത്തിൽ വിശദമായിതന്നെ അയാൾ തന്റെ സുഹൃത്തിന് തന്റെ വിവാഹനിശ്ചയത്തെകുറിച്ച് എഴുതി.
‘ഞാൻ നിനക്കു വേണ്ടി ആ നല്ല വാർത്ത സൂക്ഷിച്ചതായിരുന്നു. നല്ലൊരു കുലീന കുടുംബത്തിലെ പെൺകുട്ടിയുമായി – ഫ്രോലിൻ ഫ്രീഡ ബ്രണ്ടൻഫീൽഡ് – എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. നീ ഒരിക്കലും അറിയാൻ വഴിയില്ലാത്ത കുടുംബമാണ് അവരുടേത്. അവളെക്കുറിച്ച് കുറെ എഴുതാനുണ്ട്- അതിനൊക്കെയുള്ള സന്ദർഭങ്ങൾ ഇനിയും വരും. ഞാനതൊക്കെ പിന്നീടുള്ള കത്തുകളിലേക്കായി മാറ്റി വെക്കുന്നു. എങ്കിലും ഒരു കാര്യം തീർത്തും പറയാം – ഞാൻ വളരെ സന്തുഷടനാണ്. കൂടാതെ നീയുമായുള്ള സൌഹൃദത്തിൽ ഇനി മുതൽ നീയും എന്റെ സാധാരണ സുഹൃത്ത് മാത്രമായിരിക്കുകയില്ല. നീയും എന്നെപ്പോലെത്തന്നെ സന്തുഷ്ടനായ ഒരു സുഹൃത്തായിരിക്കും. കൂടാതെ അവളും – ഫ്രോലിനും – നിനക്കൊരു ഉത്തമ സുഹൃത്തായിരിക്കും – ഒരു ഉത്തമ പെൺ സുഹൃത്ത്, തീർച്ചയായും നിന്റെ അവിവാഹിത പദവി അംഗീകരിച്ചു കൊണ്ട് തന്നെ! എനിക്കറിയാം നിനക്ക് ഒന്നിലധികം കാരണങ്ങൾ കൊണ്ട് ഈ വിവാഹത്തിൽ പങ്കെടുക്കുവാൻ കഴിയുകയില്ല എന്ന്. എന്നിരുന്നാലും ഈ ഒരവസരം മറ്റേതു പ്രതിബന്ധങ്ങളെയും മാറ്റിവെച്ച് പങ്കെടുക്കുവാൻ തക്ക അവസരമായി നീ കണക്കാക്കുമെന്നും എനിക്കറിയാം. ഞാനൊന്നും നിർബ്ബന്ധിക്കുന്നല്ല, നിനക്കു ഉചിതമായത് ചെയ്യാം’.
കത്ത് പൂർത്തിയാക്കി ജോർജ് കുറെനേരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് ഒരു വഴിപോക്കൻ കൈവീശുന്നുണ്ടെങ്കിലും ജോർജ് പ്രതികരിച്ചില്ല – അയാളുടെ മനസ്സ് മറ്റെവിടെയോ ആയരുന്നു. ഒടുവിൽ കത്ത് മടക്കി പോക്കറ്റിൽ നിക്ഷേപിച്ച് അയാൾ എഴുന്നേറ്റു. കുറെ ദിവസങ്ങളായി, മാസങ്ങളായി എന്ന് തന്നെ പറയാം, താൻ പോകാത്ത മുറിയിലേക്ക്, അച്ഛന്റെ സ്വകാര്യമുറിയിലേക്ക് ജോർജ് കടന്നു ചെന്നു. അതിന് പ്രത്യേകമായി കാരണമൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജോലിസ്ഥലത്ത് രണ്ടുപേരും ഒരുമിച്ചാണ്. ഉച്ച സമയത്ത് ഭക്ഷണവും ഒരുമിച്ചു തന്നെ. പിന്നെ, വൈകുന്നേരങ്ങളിലാവട്ടെ, സാധാരണ നിലയിൽ അവർ രണ്ടു പേരും പൂമുഖത്ത് അന്നത്തെ ദിനപ്പത്രങ്ങളുമായി കുറെ നേരം ഇരിക്കും – ജോർജിന് പ്രത്യേകമായി സുഹൃത്തുക്കളുടെ ആരുടെയും ക്ഷണമില്ലെങ്കിൽ, അല്ലെങ്കിൽ ഭാവി വധുവിനെ സന്ദർശിക്കാൻ പോയില്ലെങ്കിൽ.
മുറിയിൽ കടന്ന ഉടനെ ജോർജ് അമ്പരക്കുകയായിരുന്നു, അച്ഛന്റെ മുറിയിൽ പകലും വെളിച്ചം തീരെയില്ലല്ലോ! മുറിയാകെ ഇരുട്ടിൽ മുങ്ങിയിരിക്കുന്നു. ഇത്ര കാലവും താൻ ഇത് ശ്രദ്ധിച്ചില്ലല്ലോ എന്ന് അയാൾ ഓർമിച്ചു. ആ മുറിയ്ക്ക് എതിരായി പണിതുയർത്തിയ ചുമര് വെളിച്ചത്തെ മുഴുവനായി മറച്ചിരിക്കുന്നു. മുറിയുടെ അറ്റത്ത് മൂലയ്ക്കുള്ള കസേരയിൽ ദിനപ്പത്രം കണ്ണോടടുപ്പിച്ച് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു, അച്ഛൻ. തൊട്ടടുത്ത് അമ്മയ്ക്ക് പലപ്പോഴായി കിട്ടിയ സമ്മാനങ്ങൾ കൊണ്ട് മുറി അലങ്കരിച്ചു വെച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ മേശപ്പുറത്ത് പ്രാതൽ കഴിച്ചു കഴിഞ്ഞ് അൽപ്പം ഭക്ഷണം ബാക്കി വെച്ചിരിക്കുന്നു.
‘ഹായ്, ജോർജ്’! – ജോർജിനെ കണ്ടയുടൻ അദ്ദേഹം എഴുന്നേറ്റ് അഭിവാദനം ചെയ്തു. അദ്ദേഹം കസേരയിൽ നിന്ന് എഴുന്നേറ്റപ്പോൾ ധരിച്ചിരുന്ന കനം കൂടിയ ഗൌൺ ഇളകിയാടി, അടിയിൽ കിടന്ന സ്കർട്ട് ഉരഞ്ഞ് ശബ്ദമുണ്ടാക്കി. തന്റെ പിതാവ് ശരിയ്ക്കുമൊരു മാന്യപുരുഷൻ തന്നെയെന്ന് ജോർജ് മനസ്സിൽ കരുതി.
‘ഇതിനകത്ത് സഹിക്കാൻ കഴിയാത്ത വെളിച്ചക്കുറവാണല്ലോ’? – ജോർജ് അല്പം ഉറക്കെതന്നെ പറഞ്ഞു.
‘അതേ, ശരിക്കും ഇരുട്ടു തന്നെ’ –
‘എന്നിട്ടും ജനാലകളൊക്കെ അടച്ചിരിക്കുന്നു’
‘അതേ, അതാണെനിക്കിഷ്ടം’
‘പുറത്ത് നല്ല ചൂടാണ്’ – തുടർച്ചയെന്നോണം അങ്ങിനെ പറഞ്ഞ് ജോർജ് കസേരയിൽ ഇരുന്നു. മേശപ്പുറത്തെ പാത്രങ്ങളൊക്കെ ഒതുക്കി ഒരു ഷെൽഫിന് പുറത്തു വെച്ച് അച്ഛൻ അവിടമൊക്കെ ചെറുതായി വൃത്തിയാക്കി.
‘ഞാൻ അതു പറയാൻ വേണ്ടിയാണ് വന്നത്’ – ജോർജ് പറഞ്ഞു, ‘എന്റെ വിവാഹ നിശ്ചയ വാർത്ത ഞാൻ സെയിൻറ് പീറ്റേർസിലേക്ക് എഴുതി അറിയിച്ചു’. പൊക്കെറ്റിൽ മടക്കിവെച്ച കത്ത് പുറത്തെടുത്ത് ജോർജ് വീണ്ടും അതവിടെത്തന്നെ നിക്ഷേപിച്ചു.
‘സെയിൻറ് പീറ്റേർസ് ബെർഗ്’? – അച്ഛൻ അത്ഭുദത്തോടെ ചോദിച്ചു.
‘അതേ, എന്റെ സുഹൃത്തിനു തന്നെ’ – അയാൾ അതു പറയുമ്പോൾ അച്ഛന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.
‘ഹോ.. നിന്റെ സുഹൃത്ത്, അല്ലെ’? – അച്ഛൻ ഒന്നുകൂടി ഉറപ്പിനു വേണ്ടി പറഞ്ഞു.
‘അതെ, അച്ഛനറിയാവുന്നതല്ലേ, ഞാൻ ഈ വിവരം അവനെ ഇപ്പോൾ അറിയിക്കില്ലെന്ന് കരുതിയതായിരുന്നു. പിന്നെ ഞാനും അവനും തമ്മിലുള്ള ബന്ധം മാത്രം പരിഗണിച്ചു കൊണ്ട് – അതു മാത്രമാണ് കാര്യം. അവനെത്ര മാത്രം ബുദ്ധിമുട്ടിലാണെന്ന് അച്ഛനറിയാവുന്നതാണല്ലോ. ഇനി ഞാനല്ലാതെ മറ്റാരെങ്കിലും പറഞ്ഞ് അവനിതറിഞ്ഞാൽ – അതിന് വലിയ സാധ്യതയില്ലെങ്കിൽ തന്നെ – അതവനെ എത്ര മാത്രം വിഷമിപ്പിക്കും’ –?
‘അപ്പോൾ നീ നിന്റെ മനസ്സ് മാറ്റി, അല്ലെ’? – അച്ഛൻ താൻ വായിച്ചിരുന്ന പത്രം മടക്കി മേശപ്പുറത്ത് വെച്ചു, അതിനു മുകളിൽ മുഖത്ത് നിന്നും ഊരിയെടുത്ത കണ്ണടയും.
‘അതെ, ഞാൻ എന്റെ മനസ്സ് മാറ്റിയെടുത്തു. അവൻ എന്റെ യഥാർത്ഥ സുഹൃത്താണെങ്കിൽ ഇതറിയുമ്പോൾ എന്നെപ്പോലെ അവനും സന്തോഷമായിരിക്കും. അങ്ങനെയെങ്കിൽ എന്തു കൊണ്ട് സന്തോഷിക്കാനുള്ള ഒരവസരം നീട്ടി വെക്കണം എന്നു ഞാൻ ആലോചിച്ചു. എന്നാലും കത്തെഴുതി തപാലിൽ ഇടുന്നതിന്നു മുമ്പ് അച്ഛനെ ഈ വിവരം അറിയിക്കണമെന്ന് എനിക്ക് തോന്നി.
‘ജോർജ്’, പല്ലുകളില്ലാത്ത വായ വലുതായി തുറന്ന് അച്ഛൻ പറഞ്ഞു – ‘ശ്രദ്ധിക്കൂ, നീ വന്നത് ഈ വിവരം പറയാനും ഇതിനുള്ള എന്റെ അഭിപ്രായം കേൾക്കാനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, നീ ഇതെന്നോട് പറഞ്ഞില്ലെങ്കിലും ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. എനിക്ക് ഇത്തരം കാര്യങ്ങൾ ചൊറിഞ്ഞ് വലുതാക്കണമെന്നുമില്ല. നിന്റെ അമ്മയുടെ മരണശേഷം അസുഖകരമായ കുറെ സംഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടായി എന്നത് സത്യം തന്നെയാണ്. എന്റെ ശ്രദ്ധയിൽപ്പെടാതെ ഒട്ടേറെ കാര്യങ്ങൾ കടയിൽ സംഭവിക്കുന്നുണ്ട്. ഇനി അറിയുന്നുണ്ടെങ്കിൽ തന്നെ അവയൊക്കെ ശ്രദ്ധിക്കാനും നേർവഴിക്കാക്കാനും ഇന്നെനിക്ക് ശക്തിയില്ല. ഇത്തരം സൂക്ഷ്മ കാര്യങ്ങളൊന്നും ശ്രദ്ധിക്കാനുള്ള ത്രാണിയില്ല, ഇന്നെനിക്ക്. എന്റെ ഓർമശക്തി കുറെയൊക്കെ നശിച്ചു തുടങ്ങിയിരിക്കുന്നു. കുറെയൊക്കെ പ്രായാധിക്യം കൊണ്ടായിരിക്കാം, കുറെ നിന്റെ അമ്മയുടെ നേരത്തെയുള്ള മരണം കൊണ്ട് വന്ന വിടവു കൊണ്ടുമായിരിക്കാം. പക്ഷേ, ഇന്ന് ഈ സമയത്ത് നീ ഇത്തരമൊരു കത്തിനെക്കുറിച്ചും അതിലെ ഉള്ളടക്കത്തെക്കുറിച്ചും സംസാരിച്ച നിലയ്ക്ക് ഞാൻ നിന്നോട് യാചിക്കുകയാണ്, എന്നെ നീ വഞ്ചിക്കാൻ ശ്രമിക്കരുത്! ഇതൊരു മാരണമാണെന്ന് എനിക്കറിയാം – ഈ വിഷയം സ്പർശിച്ച് സംസാരിക്കാൻ തന്നെ എനിക്ക് മടിയുണ്ട്. സത്യം പറയൂ, നിനക്കിങ്ങനെയൊരു സുഹൃത്തുണ്ടോ, സെയിൻറ് പീറ്റേർസ് ബെർഗിൽ – നീ പറയുന്നതു പോലൊരു സുഹൃത്ത്’?
വല്ലാത്തൊരു വിഷമത്തോടെ ജോർജ് തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ‘എന്റെ സുഹൃത്തുക്കളെയോർത്ത് അച്ഛന് ആകാംക്ഷ വേണ്ട. ഒരായിരം സുഹൃത്തുക്കളുണ്ടെങ്കിലും എന്റെ അച്ഛന് പകരമാവാൻ അവർക്കാവില്ല. എനിക്കിപ്പോൾ തോന്നുന്നത് എന്താണെന്നറിയാമോ അച്ഛന്’? അച്ഛൻ സ്വന്തം കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല. പ്രായാധിക്യം അതിന്റേതായ രീതിയിൽ ശരീരത്തിൽ ആഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. ബിസിനസ്സിൽ അച്ഛനെ ഒഴിവാക്കികൊണ്ട് എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി അതാണ് അച്ഛന്റെ ആരോഗ്യത്തെ അപഹരിക്കുന്നതെങ്കിൽ നാളേക്ക് നാളെ ബിസിനെസ്സ് നിർത്താൻ ഞാൻ തയ്യാറാണ്. ഇങ്ങനെ പോയാൽ പറ്റില്ല, അച്ഛന്റെ ജീവിതചര്യയിൽ കാര്യമായ മാറ്റങ്ങളുണ്ടാവണം – ഒരു സമൂല മാറ്റം. ധാരാളം വെളിച്ചമുള്ള മുറിയിൽ ഇരിക്കുന്നതിന്നു പകരം അച്ഛൻ ഇരുട്ടു നിറഞ്ഞ ഈ മുറിയിൽ നിശ്ശബ്ദനായി ഇരിക്കുന്നു; സ്വന്തം ശരീരബലത്തെകുറിച്ച് ഒന്നും ചിന്തിക്കാതെ എന്തോ കൊത്തിക്കൊറിച്ച് എന്നും പ്രാതൽ ഒഴിവാക്കുന്നു. ജനാലകളടച്ച ഇരുട്ടുമുറിയിൽ ശബ്ദവും വെളിച്ചവും ഏൽക്കാതെ അച്ഛൻ ഇങ്ങനെയിരിക്കുന്നത് ശരിയല്ല. നമുക്ക് നല്ലൊരു ഡോക്ടറെ കാണണം, അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അറിയണം; അദ്ദേഹം പറഞ്ഞതനുസരിച്ച് ജീവിക്കണം. ആദ്യം, അച്ഛൻ ഈ മുറിയൊന്ന് മാറാം. എന്റെ പ്രകാശമുള്ള മുൻവശത്തെ മുറിയിലേക്ക് മാറണം; ഞാൻ ഇവിടേക്ക് മാറി താമസിക്കാം. അച്ഛൻ ഒന്നുമറിയേണ്ട, ഈ മുറിയിലെ സാധനങ്ങളൊക്കെ ഒരെണ്ണം പോലും കളയാതെ മുൻവശത്തെ മുറിയിലേക്ക് മാറ്റാം. പക്ഷേ, ഇപ്പോൾ ഈ വക കാര്യങ്ങൾ സംസാരിച്ച് സമയം കളയേണ്ട. അച്ഛൻ കിടക്കാൻ നോക്കൂ. ഇതിനൊക്കെ ഇനിയും സമയമുണ്ടല്ലോ, അച്ഛന് ഇനിയും വിശ്രമം വേണം. അച്ഛന്റെ ഉടുപ്പുകൾ മാറ്റി തുടങ്ങൂ, ഞാനും സഹായിക്കാം. അല്ല, ഇനി ഇപ്പോൾ തന്നെ താമസം മുൻവശത്തേക്ക് മാറ്റാമെങ്കിൽ തത്കാലം എന്റെ കിടക്കയിൽ തന്നെ കിടക്കാം. അതായിരിക്കും, ഒരു പക്ഷേ, ബുദ്ധിപൂർവമായ തീരുമാനം’.
ജോർജ് അച്ഛന്റെ അടുത്ത് തന്നെ നിന്നു.
അച്ഛൻ തന്റെ തല കുനിച്ച് തന്റെ തന്നെ ചുമലുകളിൽ താങ്ങി പതുക്കെ പറഞ്ഞു – ‘ജോർജ്’ – പെട്ടെന്ന് തന്നെ ജോർജ് അച്ഛന്റെ പാദങ്ങളിൽ വീണ് മുഖത്തേക്ക് നോക്കി. ആ കൺകോണുകളിൽ നിന്ന് പ്രകാശം വമിക്കുന്നത് ജോർജ് കണ്ടു.
‘നിനക്ക് സെയിൻറ് പീറ്റേർസ് ബെർഗിൽ ഒരു സുഹൃത്തുമില്ല. നീ എല്ലായ്പോഴും മറ്റുള്ളവരെ കളിയാക്കുകയായിരുന്നു. എന്നെയും നീ വെറുതെ വിട്ടില്ല. നിനക്ക് എങ്ങിനെയാണ് അത്രയും അകലെ ഒരു സുഹൃത്തുണ്ടാവുക? ഞാനത് വിശ്വസിക്കുന്നില്ല’.
‘കുറച്ച് പുറകോട്ടു ചിന്തിക്കാൻ ശ്രമിക്കൂ, അച്ഛാ’ – അച്ഛനെ പതുക്കെ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സഹായിച്ചുകൊണ്ടു ജോർജ് പറഞ്ഞു. പറയുന്നതിനിടയിൽ അയാൾ അച്ഛന്റെ പുറം കുപ്പായം പതുക്കെ അഴിച്ചു മാറ്റിയിരുന്നു.
‘ഇന്നേക്ക് മൂന്നു വർഷത്തിനടുത്തായിരിക്കുന്നു, ആ സുഹൃത്ത് അവസാനമായി നമ്മളെ കണ്ടു കഴിഞ്ഞിട്ട് – ഇതിന് മുമ്പ് കുറഞ്ഞത് രണ്ടു തവണയെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ട്, അവൻ എന്റെ കൂടെ മുറിയിൽ ഇല്ലെന്ന്. എനിക്കറിയാം, അച്ഛന് അവനെ ഇഷ്ടമായിരുന്നില്ല, എന്ന്. അവൻ ഒരു പ്രത്യേകതരം സ്വഭാവക്കാരനായിരുന്നു. പക്ഷേ അതിനുശേഷവും അച്ഛൻ അവനുമായി നല്ല അടുപ്പത്തിലായിരുന്നുവല്ലോ, ഞാൻ ചിലപ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ട്, അഭിമാനിച്ചിട്ടുണ്ട്, നിങ്ങൾ രണ്ടുപേരും നല്ല രീതിയിൽ സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ. ചോദ്യങ്ങളും തലയാട്ടലുകളും കൊണ്ട് നിങ്ങൾ രണ്ടു പേരും നല്ല ഉത്സാഹത്തിൽ തന്നെയായിരുന്നുവല്ലോ! കുറച്ചു പുറകോട്ട് ഓർത്ത് നോക്കിയാൽ അച്ഛന് ഓർമ്മ കിട്ടും. റഷ്യൻ വിപ്ലവത്തന്റെ രസകരമമായ കുറെ കഥകൾ അവനല്ലെ നമുക്ക് പറഞ്ഞു തന്നത്? ഞാൻ ഒരു ഉദാഹരണം പറയാം – ഒരിക്കൽ അവൻ ബിസിനെസ്സ് ആവശ്യത്തിന് ‘കീവീ’ൽ പോയപ്പോൾ ഒരു ലഹള നടക്കുന്നിടത്ത് ചെന്നുപെട്ടതും അവിടെ ബാൽക്കണിയിൽ നിന്നിരുന്ന ഒരു പാതിരി തന്റെ കൈപ്പത്തിയിൽ തന്നെ കത്തി കൊണ്ട് കുരിശ് വരയ്ക്കുകയും ചോര വാർന്ന തന്റെ കൈകളുയർത്തി ലഹള അവസാനിപ്പിക്കാൻ ജനക്കൂട്ടത്തോട് ആഹ്വാനം ചെയ്തതും മറ്റും.. കുറെ തവണ ഈ കഥകൾ അച്ഛൻ തന്നെ ആവർത്തിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്’.
ഈ പറയുന്നതിനിടയിൽ അച്ഛന്റെ കുപ്പായങ്ങളും അകത്തെ ട്രൌസറും സോക്സും എല്ലാം ജോർജ് തന്നെ ഊരി മാറ്റി കഴിഞ്ഞിരുന്നു. ഉള്ളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളിലെ അഴുക്ക് കണ്ടു ജോർജിനു തന്നെ വിഷമം തോന്നി. തന്റെ ഉത്തരവാദിത്വമില്ലായ്മ ഓർത്ത് ജോർജിനു തന്നെ ലജ്ജ തോന്നി, വേദന തോന്നി. ഇതുവരെ തന്റെ വധുവിനോട് അച്ഛന്റെ കാര്യങ്ങൾ വിശദമായി സംസാരിച്ചിരുന്നില്ലെങ്കിലും അവർ രണ്ടു പേരും കൂടി ഒരു കാര്യം മനസ്സിൽ കുറിച്ചിട്ടിരുന്നു – ഒരു മുറിയിൽ അച്ഛനെ എല്ലാ സൌകര്യങ്ങളോടും കൂടി തനിച്ചു താമസിപ്പിക്കണം. എന്നാൽ ഇപ്പോൾ, ജോർജിനു തോന്നി, അതൊരിക്കലും ശരിയാവുകയില്ല, അച്ഛൻ തന്റെ കൂടെത്തന്നെ കഴിയുകയാണ് ഉചിതം. അച്ഛന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരുവാനും കുറേക്കൂടി താത്പ്പര്യം കാട്ടുവാനും ഇനി വൈകിക്കൂടെന്ന് ജോർജിന് തോന്നി.
കൈകളിൽ ചുമന്നു കൊണ്ട് ജോർജ് അച്ഛനെ കിടപ്പുമുറിയിലേക്ക് കൊണ്ട് പോയി – കിടത്തുന്നതിന്നു മുമ്പ് ഒരു കാര്യം ശ്രദ്ധിച്ചപ്പോൾ ജോർജിന് പെട്ടെന്ന് വല്ലായ്മ തോന്നി – അച്ഛൻ തന്റെ കൈയ്യിലെ വാച്ച് ചെയിനിൽ ശ്രദ്ധ മുഴുവൻ കൊടുത്ത് അത് തിരിക്കുകയും അതിൽ മുറുകെ പിടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. കിടക്കയിൽ കിടത്താൻ നേരം ഒന്നു കൂടി ബലമായി അതിൽ പിടിക്കുകയല്ലാതെ ആ വിഷയത്തിൽ നിന്ന് മാറുന്നില്ല. കിടത്തിക്കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി. പുതപ്പ് ആവശ്യത്തിൽ കൂടുതൽ തലയ്ക്കു മുകളിലേക്ക് വലിച്ചിട്ട് കൊണ്ട് അച്ഛൻ ജോർജിനെ തന്നെ നോക്കി കിടന്നു.
പ്രോൽസാഹിപ്പിച്ചു കൊണ്ട് ജോർജ് ചോദിച്ചു – ‘ഇപ്പോൾ ആ സുഹൃത്തിനെ ഓർമ്മ വരുന്നുണ്ട്, ഇല്ലേ’?
‘പുതപ്പ് ശരിയായി കാല് വരെ മൂടിയിട്ടുണ്ടല്ലോ, അല്ലെ’? എന്ന ചോദ്യത്തോടെ അച്ഛൻ ജോർജിന് നേരെ നോക്കി.
‘പുതയ്ക്കുന്നത് സുഖം തരുന്നുണ്ട്, അല്ലെ’? എന്ന് പറഞ്ഞു കൊണ്ട് ജോർജ് കാൽ ഭാഗത്തെ പുതപ്പ് ഒന്നു കൂടി ശരിയാക്കി.
‘ശരിയ്ക്ക് എല്ലാ ഭാഗവും മറച്ചിട്ടുണ്ടല്ലോ’ എന്ന ചോദ്യവുമായി അച്ഛൻ ശരീരം വീണ്ടും മുഴുവൻ പരിശോധിച്ചു.
‘എല്ലാം ശരിയായിട്ടുണ്ട്’
‘ഇല്ല’ – ഉറക്കെ അങ്ങിനെ പറഞ്ഞുകൊണ്ട് പുതപ്പ് മുകളിലേക്ക് നീട്ടിയെറിഞ്ഞ് കൊണ്ട് അച്ഛൻ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഒരു കൈ ഉയർത്തി, അയാൾ പാഞ്ഞു –
‘നിനക്കെന്നെ പുതപ്പിച്ച് കിടത്താൻ തിടുക്കമായി, അല്ലെ? എന്നെ അങ്ങനെ ഒതുക്കാമെന്ന് കരുതേണ്ട. എന്റെ അവസാന ശക്തി ചോരും വരെ ഞാൻ ചെറുത്തു നില്ക്കും. തീർച്ചയായും നിന്റെ സുഹൃത്തിനെ എനിക്കറിയാം. അവൻ എനിക്ക് മറ്റൊരു മറ്റൊരു മകനെ പോലെ ആയിരുന്നു. അതുകൊണ്ടു തന്നെയാണ് നീ അവനെ തള്ളി പറഞ്ഞത്. അല്ലാതെ പിന്നെന്തിന് നീ അവനെ എന്നിൽ നിന്നും ഒളിച്ചു വെച്ചു? ഞാനവന് വേണ്ടി കരയുക വരെയുണ്ടായി. അവന് നുണക്കഥകൾ കാണിച്ച് കത്തെഴുതുവാൻ തന്നെ ആയിരുന്നു നിന്റെ പദ്ധതി. അതിന് വേണ്ടിയാണ് നീ വാതിലുകൾ അടച്ച് ഓഫീസുമുറിയിൽ ഇരുന്ന് ഏഴുതിയിരുന്നത്. പക്ഷേ നീ ഒരു കാര്യം അറിയണം – ഏതൊരു അച്ഛനും അയാളുടെ മകന്റെ ഉള്ളിൽ കയറിയിരുന്ന് കാര്യങ്ങൾ അറിയാൻ കഴിയും. ഇപ്പോൾ നീ കരുതുന്നു, അച്ഛനെ ഒതുക്കിയെന്ന്! നിനക്ക് തനിച്ചായി തീരുമാനങ്ങൾ എടുക്കാമെന്ന്! എല്ലാറ്റിനും പുറമെ, വിവാഹവും കഴിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിയാമെന്ന്..’
തന്റെ അച്ഛന്റെ ഇതുവരെ കാണാത്ത ഭീകരമുഖം നോക്കി ജോർജ് അല്പനേരം അന്തം വിട്ടു നിന്നു. നിമിഷങ്ങൾക്ക് മുമ്പ് അറിയില്ലെന്നു പറഞ്ഞ തന്റെ സെയിൻറ് പീറ്റേർസ് ബെർഗിലെ സുഹൃത്തിനെ നന്നായി അറിയാമെന്ന് അച്ഛൻ പറഞ്ഞത് തന്നോട് ഏതു തരത്തിൽ പ്രതികരിക്കണമെന്ന് അറിയാതെ ജോർജ് കുഴങ്ങി. റഷ്യയിലെവിടെയോ നഷ്ടമായ തന്റെ സുഹൃത്തിനെ ഒരു നിമിഷം അയാൾ വിഷാദത്തോടെ ഒർത്തു. പഴയ വീട്ടുസാമാനങ്ങൾക്കിടയിൽ, തന്റെ ഓര്മ്മകളുടെ ഇരുണ്ട അറകളിൽ അയാൾ തല നിവർന്നു നില്ക്കാൻ പാടുപെട്ടു. എന്തിനാണ് തന്റെ സുഹൃത്ത് ഇത്രയകലേക്ക് അപ്രത്യക്ഷമായത് എന്ന് അയാൾ അദ്ഭുതപ്പെട്ടു.
‘ഇവിടെ ശ്രദ്ധിക്ക്’ – അച്ഛൻ അവന്റെ ശ്രദ്ധ ആകർഷിക്കുമാറ് ഉറക്കെ നിലവിളിച്ചു. കേട്ട ഉടൻ ജോർജ് ഓടി അടുത്തെത്തുമ്പോഴേക്കും – അച്ഛൻ അയാളുടെ അടിവസ്ത്രം പൊക്കി വിളിച്ചു പറഞ്ഞു – ‘ഇതാ ഇതുപോലെ അവള് സ്കർട്ട് പൊക്കി’- പിന്നെ അയാൾ താളത്തിൽ തന്റെ സ്കർട്ട് പൊക്കിക്കൊണ്ട് വീണ്ടും പറഞ്ഞു – ‘അവൾ സ്കർട്ട് പൊക്കി.. ഇതാ ഇത് പോലെ.’. – ഇപ്പോൾ അച്ഛന്റെ തുടയിൽ യുദ്ധകാലത്തുണ്ടായ മുറിവ് വ്യക്തമായി കാണാറായി.
‘അവൾ സ്കേർട്ട് പൊക്കിയത് കൊണ്ട് നീ അവളുടെ പിറകെ പോയി. നിനക്ക് സ്വകാര്യ ലോകം വേണമായിരുന്നു. അതിന് വേണ്ടി നീ അമ്മയെ മറന്നു, നിന്റെ സുഹൃത്തിനെ ഒറ്റപ്പെടുത്തി. അവസാനം സ്വന്തം അച്ഛനെയും മുറിയിൽ തടവിലാക്കി. പക്ഷേ നിന്റെ അച്ഛന് ഇതിൽ നിന്നും പുറത്തു വരാനാകും.. തീർ ച്ചയായും’….
അങ്ങനെ പറഞ്ഞുകൊണ്ട് അച്ഛൻ എഴുന്നേറ്റു നിന്നു. ആത്മവിശ്വാസം ആ മുഖം പ്രകാശമാനമാക്കി. ജോർജ് അച്ഛനിൽ നിന്നും അകലെ മാറി നിന്നു, കഴിയുന്നത്ര അകലത്തിൽ. കുറെ വർഷങ്ങൾക്കു മുമ്പു തന്നെ ഇത്തരം പെരുമാറ്റങ്ങളെ സാധാരണ പോലെ നോക്കിക്കാണാനും പ്രതികരിക്കാനും സ്വയം താക്കീത് ചെയ്തായിരുന്നു ജോർജ്. പക്ഷേ ഈ നിമിഷത്തിൽ അതെല്ലാം ഓർത്തെടുത്തെങ്കിലും ഉടനെ തന്നെ അതൊക്കെ മറന്നു; ഒരു നൂൽ സൂചയിൽ ശ്രദ്ധാപൂർവം കോർക്കുന്നത് പോലെ ശ്രദ്ധയുണ്ടായിരുന്ന പഴയ കാലം..
‘പക്ഷേ നിന്റെ സുഹൃത്തിനെ ആരും തഴഞ്ഞിട്ടില്ല, ഇവിടെ’. അച്ഛൻ സ്വന്തം നേർക്ക് വിരൽ ചൂണ്ടി വീണ്ടും ഉറക്കെ പറഞ്ഞു – ‘ഞാനുണ്ട് അവന്റെ കൂടെ’
‘അച്ഛൻ എന്തു കോമാളിത്തമാണ് പറഞ്ഞു കൂട്ടുന്നത്’? – പെട്ടെന്നുള്ള ആവേശത്തിൽ ജോർജിന് പറയാതിരിക്കാൻ കഴിഞ്ഞില്ല. കണ്ണുകൾ തള്ളി നാവ് കടിച്ച് ജോർജ് വിറയ്ക്കാൻ തുടങ്ങി.
‘അതെയേടാ, ഞാൻ ഒരു കോമാളിയാണ് – എന്നെ കോമാളിയെന്നു തന്നെ വിളിക്കണം! അത്രയും പൂർണ്ണമായ വേറൊരു വാക്കില്ല! ഈ തനിച്ചായ, പ്രായം ചെന്ന പാവം അച്ഛനെ അങ്ങിനെ തന്നെ വിളിക്കണം. അങ്ങിനെ വിളിക്കുമ്പോൾ നീ എന്റെ പഴയ പ്രിയപ്പെട്ട മകനായി എങ്ങനെ തുടരും? എല്ലാം നഷ്ടപ്പെട്ട എനിക്ക് ഇനിയെന്താണ് ബാക്കിയുള്ളത് ഇത്രയൊക്കെ നോക്കി വലുതാക്കികഴിഞ്ഞ് ലോകത്തിൽ തനിച്ച് സ്വന്തം കാലിൽ നിൽക്കാൻ തക്കവണ്ണം കഴവുള്ളവനാക്കി കഴിഞ്ഞ് നീ അങ്ങനെതന്നെ പറയണം! എന്റെ മടിയിൽ കിടന്നു വളർന്ന നിന്നെ ഞാൻ സ്നേഹിക്കുന്നില്ലെന്ന് നിനക്ക് പറയാനാവുമോ’?
അച്ഛൻ കുനിഞ്ഞ് വീഴാൻ പോവുകയാണെന്നും വീണ് കഷണങ്ങളായി ചിതറുമെന്നും ജോർജിന് വെറുതെ തോന്നി. മുന്നോട്ട് കുനിഞ്ഞ് നിന്നെങ്കിലും വീഴാതെ അച്ഛൻ ശരീരം നേരെയാക്കി നിന്നു.
‘നീ നിന്റെ കാര്യം നോക്കി ജീവിക്ക്! ഇനി എനിക്ക് നിന്നെ ആവശ്യമില്ല! നിനക്കൊരു തോന്നലുണ്ട്, നീ കാരണമാണ് ഇവിടെയെല്ലാം വേണ്ട രീതിയിൽ നടന്നു പോകുന്നതെന്ന്! എന്റെ മന:ശ്ശക്തിക്ക് ഒരു കുറവും വന്നിട്ടില്ല. നിന്റെ അമ്മയിൽ നിന്ന് വേണ്ടത്ര ശക്തിയും ആത്മവിശ്വാസവും ഞാൻ നേടിയിട്ടുണ്ട്. നിന്റെ കൂട്ടുകാരും ഇടപാടുകാരുമൊക്കെയായി എനിക്ക് ബന്ധങ്ങൾ ഉണ്ടാക്കുവാനായി കഴിഞ്ഞിട്ടുണ്ട്’!
അച്ഛനെ നോക്കി ജോർജ് തമാശ രൂപത്തിൽ ചിന്തിച്ചു – അദ്ദേഹത്തിന്റെ അടിവസ്ത്രങ്ങൾക്കു പോലും പോക്കറ്റുകളുണ്ട്, ഒരു വിഡ്ഡിക്കുള്ളതു പോലെ. അങ്ങനെ ചിന്തിച്ചെങ്കിലും ജോർജ് ആകെ അസ്വസ്ഥനായി മാറി. പെട്ടെന്ന് എല്ലാം ഓർമ്മയിൽ നിന്ന് മായുന്നതു പോലെ!
‘നീ നിന്റെ വധുവുമായി കൈകോർത്ത് എന്റെ മുന്നിൽ വാ.. അവളെ ഞാൻ നിന്നിൽ നിന്ന് തെറുപ്പിക്കും! നിനക്കറിയില്ല, എന്നെ’!
ജോർജ് വിശ്വാസം വരാതെ ആകെ അന്തം വിട്ടു നിന്നു. അച്ഛന് കൂസലൊന്നുമില്ല. ഇനിയും രോഷത്തോടെ എന്തൊക്കെയോ പറയാനുള്ള തയ്യാറെടുപ്പിലാണ്.
‘ഇന്ന് നീ എത്ര കൌശലത്തോടെയാണ് എന്റെ മുന്നിൽ വന്ന് വിഷയം അവതരിപ്പിച്ചത്?.. നിന്റെ സുഹൃത്തിനെ വിവാഹ നിശ്ചയം അറിയിക്കേണ്ടതുണ്ടോ എന്നും മറ്റും.. വിഡ്ഡീ അവന് ഇതൊക്കെ അറിയില്ലെന്നു കരുതിയോ? അവന് ഇതൊക്കെ നേരത്തെ തന്നെ അറിയാം! ഞാനിതൊക്കെ അവനെ നേരത്തെ തന്നെ എഴുതി അറിയിച്ചു കഴിഞ്ഞു. അതു കൊണ്ടല്ലേ കഴിഞ്ഞ കുറെ വർഷങ്ങളായി അവൻ ഇവിടെ വരിക പോലും ചെയ്യാത്തത്? ഇടതു കൈയ്യിൽ നീയെഴുതിയ കത്തുകൾ നശിപ്പിക്കുമ്പോൾ വലതു കൈയ്യിൽ ഞാനെഴുതിയ കത്തുകൾ അവൻ വായിക്കുകയാണ്.
ആവേശം കൊണ്ട് അയാൾ തന്റെ കൈകൾ രണ്ടും തലയ്ക്കു മുകളിൽ വീശിക്കൊണ്ട് പറഞ്ഞു – ‘നിന്നെക്കാൾ ആയിരം മടങ്ങ് വ്യക്തമായി അവന് എല്ലാ കാര്യങ്ങളും അറിയാം’.
‘ആയിരമല്ല, പതിനായിരം തവണ’ – ജോർജിന്റെ വായില് വാക്കുകൾ പിറന്നെങ്കിലും പുറത്തു വരാതെ അയാൾ നിയന്ത്രിച്ചു.
‘വർഷങ്ങളായി നിനക്കുള്ള ഉത്തരങ്ങൾ ഞാൻ കരുതി വെച്ചിരിക്കുകയായിരുന്നു. എനിക്ക് മറ്റെന്ത് പണിയാണ് ഇവിടെയുള്ളത്? നീ എന്തു വിചാരിച്ചു? ഞാൻ പത്രങ്ങളിൽ മുഴുകി സമയം കളയുകയായിരുന്നുവെന്നോ’?
അയാൾ പത്രത്തിലെ ഒരേട് കീറി കിടയ്ക്കയ്ക്കു മുകളിൽ എറിഞ്ഞു – ഏതോ ഒരു പഴയ പത്രം, പേരു പോലും ജോർജിന് പരിചിതമല്ല.
‘എത്ര കാലമെടുത്തു, നീയീ നിലയിലെത്താൻ? നിന്റെ അമ്മ മരിച്ചുപോയി, അവൾക്ക് അതു കാണുവാനുള്ള ഭാഗ്യമുണ്ടായില്ല. മൂന്നുവർഷങ്ങൾക്ക് മുമ്പു തന്നെ നിന്റെ സുഹൃത്തും സ്ഥലം വിട്ടു. അവനിപ്പോൾ റഷ്യയിൽ കുറേശ്ശെയായി മരിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഞാൻ എത്ര ഉഷാറായി ജീവിക്കുന്നു എന്ന് നീ തന്നെ കാണ്’!
‘അപ്പോൾ അച്ഛൻ ഇതുവരെ കള്ളം പറയുകയായിരുന്നു’ – ജോർജ് ആക്രോശിച്ചു.
‘നീ ഇത് നേരത്തെ തന്നെ പറയുമെന്നാണ് ഞാൻ കരുതിയത്. ഏതായാലും ഇതിപ്പോൾ പറയുന്നതിൽ ഔചിത്യമില്ല’.
പിന്നീട് ശബ്ദമുയർത്തി തന്നെ അച്ഛൻ മകനോട് പറഞ്ഞു –
‘നീയെന്താണ് കരുതിയത്? ഈ ലോകത്തിൽ നീ മാത്രമല്ല. ഇതുവരെ നിനക്കറിയാവുന്നത് നിന്നെ മാത്രമായിരുന്നു. നീ, ഒന്നുമറിയാത്ത പയ്യൻ! പക്ഷേ നീയിപ്പോൾ ചെകുത്താനാണ്! അതു കൊണ്ട് ഞാൻ തന്നെ വിധി വായിക്കാം – നീ മുങ്ങിച്ചാവണം, മരണം വരെ മുങ്ങണം’!
ജോർജ് അതു കൂടി കെട്ടതോടെ മതിയാക്കി. മുറിയിൽ നിന്നും പുറത്തേക്കോടുമ്പോൾ പിന്നിൽ അച്ഛൻ കിടക്കയിലേക്ക് വീഴുന്ന ശബ്ദം ചെവിയിൽ അലച്ചു. കോണിപ്പടികൾ ഉരസിയിറങ്ങാനുള്ള തിണ്ണയായി ജോർജിന് അനുഭവപ്പെട്ടു. താഴെ മുറി വൃത്തിയാക്കുന്ന സ്ത്രീ എതിരെ വരുന്നുണ്ടായിരുന്നു. അവളെ ഇടിച്ചു-ഇല്ല എന്ന നിലയിൽ അവൻ ഒഴിഞ്ഞു മാറി. ‘കർത്താവേ’ എന്നുറക്കെ വിളിച്ചുകൊണ്ട്, അവൾ മുഖം മേൽമുണ്ട് കൊണ്ട് മറച്ച് മുറിയെ ലക്ഷ്യമാക്കി ഓടി മറഞ്ഞു. അയാൾ മിന്നല് പോലെ വീടിന് പുറത്തേക്കോടി. വിശന്നു വലഞ്ഞവനെപ്പോലെ അഴകളിൽ ഇറുകിപ്പിടിച്ച്, അയാൾ തന്റെ യൌവ്വന കാലത്തെ ജിംനാസ്റ്റിനെ ഓർമ്മിപ്പിക്കത്തക്ക നിലയിൽ പുറത്തേക്ക് തെറിച്ചു വീണു. തന്റെ മാതാപിതാക്കൾക്ക് അഭിമാനമായ ചെറുപ്പത്തിലെ ജിംനാസ്റ്റായി അയാൾ മാറി.
പാഞ്ഞു വന്ന ഒരു ബസ്സിന്റെ അഴികൾക്കടിയിൽ അവന്റെ ഉറക്കെയുള്ള ശബ്ദം ഉയർന്നു താഴ്ന്ന് അസ്തമിച്ചു – ‘എന്റെ മാതാപിതാക്കളെ, ഞാനെന്നും നിങ്ങളെ സ്നേഹിച്ചയിട്ടേയുള്ളൂ’!
ആ സമയത്ത് പാലത്തിന്നു മുകളിലൂടെ എണ്ണമറ്റ വാഹനങ്ങൾ ഒഴുകിയകന്നു.
(The Judgement)
വിവർത്തനം: ബി. നന്ദകുമാർ