(മാജിക്കല്‍ റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഇതിഹാസ നോവൽ. ‘കറ’ യുടെ ഉൾക്കഥകളെക്കുറിച്ച് സാറാ ജോസഫ് എസ് ഹരീഷിനോടും കെ ജെ ജോണിയോടും സംസാരിക്കുന്നു.)
ജോണി: ടീച്ചർ ഈ നോവലിന്റെ രചനയിൽ എർപ്പെട്ടിട്ട് നാല് വർഷത്തിലധികമായി എന്നു തോന്നുന്നു. അപ്പോൾ ഈ നോവലിനകത്ത് സാമൂഹ്യപശ്ചാത്തലത്തിൽ നോക്കിയാലും അല്ലാതെയും ഒരു ക്ളാസിക് കൃതി വായിക്കുന്നതുപോലെ വായിക്കാം എന്നു ഞാൻ മനസിലാക്കുന്നു. അതായത്, ഒരു ഇതിഹാസത്തിൽ നിന്നു വേറൊരു ഇതിഹാസം ഉണ്ടാവുകയാണ്. മറ്റ് നോവലുകളിൽ നിന്നും ഭാഷാപരമായിട്ടും അതിന്റെ തീമിലും എങ്ങനെയാണ് ടീച്ചർ ഇതിനെ വേറിട്ടു കാണുന്നത്?
സാറാജോസഫ്: ഞാനീ നോവൽ എഴുതുമ്പോൾ ബൈബിളിലെ സോദോം ഗൊമൊറ (Sodom and Gomorrah) എന്നീ നഗരപ്രദേശങ്ങളുടെ നാശവും അബ്രഹാമിന്റെ മരുമകനായ ലോത്തും എന്റെ മനസിലുണ്ടായിരുന്നു. അതിലുപരി കുട്ടിക്കാലത്തു തന്നെ ലോത്തിന്റെ ഭാര്യ ദൈവത്തിന്റെ വാക്ക് തെറ്റിച്ചതു കൊണ്ട് ഒരു ഉപ്പ് തൂണായി മാറി എന്ന കഥ വേദപാഠം ക്ലാസിൽ പഠിച്ചിരുന്നു. അന്നതിൽ ഭയങ്കര വിഷമം തോന്നിയിട്ടുണ്ട്. കാരണം ഒരു വശത്ത് ദൈവത്തിന്റെ ശിക്ഷ വളരെ ശരിയായിരുന്നു എന്നു പഠിപ്പിക്കുമ്പോഴും പച്ചക്ക് ഒരു സ്ത്രീ ഉപ്പുതൂണായി മാറുന്നു എന്ന ഒരു സംഭവം ഉൾക്കൊള്ളാൻ വിഷമമായിരുന്നു.
പിന്നെ അത് സങ്കൽപിക്കുകയായിരുന്നു. ഒരു ഇരുണ്ട ലോകത്ത് ആരുമില്ലാതെ ഒറ്റക്ക് ഉപ്പുതൂണായി നിൽക്കുക. അങ്ങനത്തെ പല പല ചിത്രങ്ങൾ നമ്മുടെ മനസിൽ വന്നും പോയുമിരുന്നു. ഒരുപക്ഷെ ‘ബുധിനി’ എഴുതുന്നതിനു മുൻപ് തന്നെ അത് എന്റെ മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതത്ര ചെറിയ കളിയല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് കുറച്ച് ഒരുങ്ങിത്തന്നെയെ ഇത് എഴുതാൻ പറ്റുള്ളൂ. പിന്നെ അത് വികസിച്ചതെങ്ങനെന്നു വെച്ചാൽ എന്തായിരുന്നു സൊദോം ഗൊമൊറയുടെ പാപം എന്ന ചോദ്യമായിരുന്നു. അതിന് കാരണമായത് ചില ഗെ (gay) എഴുത്തകാരുടെ ചിന്തകളാണ്. അവർ പറയുന്നത് ബൈബിൾ വ്യാഖ്യാനത്തിൽ ലെസ്ബിയൻ-ഗെ ആളുകളായിരുന്നു അവിടെ ജീവിച്ചിരുന്നതെന്നും ഹോമൊസെക്ഷ്വാലിറ്റി ആണവരുടെ പാപം എന്നൊക്കെയാണെങ്കിലും അതിന് തെളിവുകളില്ല എന്നതാണ്. അതെന്താണ് അവരങ്ങനെ പറയാൻ കാരണമെന്നതിന് കുറെ അന്വേഷണം ഞാൻ നടത്തി. കുറെ വായിച്ചു. കുറെ ഫിലിമുകൾ കണ്ടു. അപ്പോൾ എനിക്ക് തോന്നി പാപം വേറെയാണ്; അതായത് പാപം വേറെയുമുണ്ട് എന്ന്. അത് തേടിയുള്ള വായനയിലാണ് ബൈബിളിലെ ചിതറിക്കിടക്കുന്ന സൊദോം-ഗൊമൊറയെ കുറിച്ച് ശാപവാക്കുകൾ ഉച്ചരിക്കുന്ന ഒരുപാട് പ്രവാചകന്മാർ ഒരുപാട് സ്ഥലങ്ങളിൽ, ഇങ്ങേയറ്റം പുതിയ നിയമത്തിൽ യേശു അടക്കം ഈ പാപത്തെ പറ്റി പറയുന്നത് ഞാൻ ശ്രദ്ധിച്ചത്. ആ പാപമെന്തെന്നായി പിന്നെ എന്റെ ചിന്ത. അപ്പോഴാണ് ‘അവരുടെ മുന്തിരി നമ്മുടെ മുന്തിരിയല്ല, അവരുടെ പാറ നമ്മുടെ പാറയല്ല’ എന്ന ബൈബിൾ വചനങ്ങളിൽ നിന്നുപോയത്. അപ്പോഴതെന്തെന്നായി. അവരുടെ മുന്തിരി വിഷമാണ് അത് തീ തുപ്പുന്ന വ്യാളിയുടെ വിഷത്തേക്കാൾ ഭയങ്കരമാണ്, ഈ മുന്തിരി വിൽക്കുന്ന ബാബിലോൺ ശപിക്കപ്പെട്ടതാണ് അങ്ങനെ ബൈബിളിലുടനീളം ഈ മുന്തിരി എന്ന സാധനം കിടക്കുന്നുണ്ട്. പിന്നെ അതിന്റെ ശാസ്ത്രയമായ കാര്യങ്ങളിലേക്ക് അന്വേഷണം പോയി. 3400 ബിസി മുതൽക്കേ ആ പ്രദേശത്ത്, ഇപ്പോഴത്തെ ജോർദ്ദാൻ, മെഡിറ്ററേനിയൻ പ്രദേശങ്ങളിലുടനീളം, കറുപ്പിന്റെ, അതായത് മയക്കുമരുന്നിന്റെ വ്യാപാരം, ഉണ്ടായിരുന്നതായി മനസിലാക്കുന്നത്. ബാബിലോൺ അതേറ്റെടുത്തതോടെയാണ് അതിന്റെ വിനാശം തുടങ്ങുന്നതെന്ന് പറയുന്നുണ്ട്. എത്ര സുന്ദരിയായിരുന്ന ആ നഗരം, എത്ര ഗംഭീരമായ ആ നഗരം എങ്ങനെ നശിച്ചു? അവിടെക്ക് അബ്രഹാം കൂടി കടന്നുവരികയാണ്. ആരാണ് അബ്രഹാം? അതന്വേഷിക്കേണ്ടതുണ്ട്. നാം പരിചയിച്ച പിതാവായ അബ്രഹാം എന്നതിനപ്പുറം ഒരു സാമൂഹ്യ പരിഷ്ക്കർത്താവ് – അദ്ദേഹത്തിന്റെ ഗോത്രം ആ ഗോത്രത്തിന്റെ സ്വഭാവം. അവരും മറ്റു ഗോത്രങ്ങളുമായുള്ള ബന്ധം. പിന്നെ ആ സമൂഹത്തിൽ നിലനിന്നു പോന്ന കാര്യങ്ങൾ, ആചാരങ്ങൾ, അങ്ങനെ പരന്നതും ആഴത്തിലുള്ളതുമായ ഒരന്വേഷണം വേണ്ടി വന്നു. അതിനായ് ഞാൻ ഒരു വിധം നന്നായി തന്നെ അദ്ധ്വാനിച്ചു എന്നു പറയാം.
ഹരീഷ്: ആദ്യം ഈ നോവൽ വായിച്ച ആളെന്ന സന്തോഷത്തോടെ പറയാം. നിയമം, നീതി എന്നീ കാര്യങ്ങളെ കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഇതിലുള്ളതായി എനിക്കു തോന്നി. അതായത് നിയമനിർമാതാക്കളാണല്ലൊ ലോത്തും അബ്രഹാമും. അവർ തന്നെയാണല്ലൊ അതിന്റെ ലംഘകരാവുന്നതും. മനുഷ്യൻ എന്നും നിയമം നിർമിക്കുന്നു. എന്നാൽ അത് ലംഘിക്കാനുള്ള ത്വര അവനിലുണ്ട്. അങ്ങനെയൊരു ചിന്ത ടീച്ചർക്കുണ്ടായിരുന്നോ?
സാറാജോസഫ്: നമ്മൾ മനുഷ്യരുടെ സാമൂഹ്യജീവിതത്തെ കുറിച്ച് ചിന്തിക്കുന്നു. മാർക്സ്-എംഗൽസിന്റെ കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം എന്ന പുസ്തകത്തിൽ എങ്ങനെയാണ് പടിപടിയായി സ്ത്രീകൾ അടിമകളാക്കപ്പെട്ടതെന്ന് പറയുന്നുണ്ട്. ആദ്യ കാലഘട്ടത്തിൽ, നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നത് സ്ത്രകൾക്കെതിരായിട്ടാണ്. ഈ നിയമവ്യവസ്ഥ പ്രാകൃതമായ സൂഹത്തിൽ കൊണ്ടുവരാൻ ശ്രമിച്ച ഒരാളായിട്ടാണ് ഞാൻ അബ്രഹാമിനെ കാണുന്നത്. അങ്ങനെ ഒരു വ്യവസ്ഥക്ക് മാത്രമെ ഒരു മതമുണ്ടാക്കാൻ സാധിക്കയുള്ളൂ. അതുവരെ ഇല്ലാതിരുന്ന കുറെ വിലക്കുകൾ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട വിലക്ക് സ്ത്രീ-പുരുഷ ബന്ധത്തിനു മുകളിൽ കൊണ്ടുവരുന്നതാണ്; നിങ്ങൾ നിങ്ങളുടെ ചാർച്ചക്കാരുമായി ബന്ധപ്പെടരുത് എന്നതാണത്..
ഹരീഷ് : അതിനെ സ്ത്രീകൾ ഇതിനകത്ത് അനുകൂലിക്കുന്നുണ്ടല്ലൊ?
സാറാജോസഫ്: അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ടുമുണ്ട്. രക്തബന്ധവിവാഹം ആദ്യം ഇല്ലാതെയായി എന്നാണ് എംഗൽസ് പറയുന്നത്. മനുഷ്യന്റെ സാമൂഹികജീവിതം ചിട്ടപ്പെടുന്നതിന്റെ ഭാഗമായിട്ട് മൃഗങ്ങളെ പോലെ ചോദനകൾക്കനുസരിച്ച് ലൈംഗികത അനുഭവിച്ചുപോന്ന മനുഷ്യർ അതിൽ നിന്നു പതുക്കെ പതുക്കെ വിട്ടുപോരുകയാണ്. അത് സ്വകാര്യ സ്വത്തു കാരണമെന്നാണ് എംഗത്സ് സ്ഥാപിക്കുന്നത്. ഇങ്ങനെ വിട്ടുപോരാൻ ബലമായി ക്രമപ്പെടുത്തുന്ന ഒന്നാണ് രക്തബന്ധ വിവാഹം. അതാണ് നമ്മൾ ബൈബിളിൽ കാണുന്നത്. നിങ്ങൾ നിങ്ങളുടെ ചാർച്ചക്കരുമായി ബന്ധപ്പെടരുത് എന്ന് ഞാനെഴുതിയ വാചകം ബൈബിളിലുള്ളതാണ്. അപ്പോൾ ആരാണ് ഞങ്ങളുടെ ചാർച്ചക്കാർ എന്നു ചോദിക്കുന്നു. അപ്പോൾ, നിന്റെ ആദ്യ ചാർച്ചക്കാർ നിന്റെ അപ്പനും അമ്മയും തന്നെ എന്നാണ് പറയുന്നത്. ആദ്യകാലത്ത് എല്ലാവരും തമ്മിൽ പരസ്പരം ബന്ധപ്പെടുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത്. അതിൽ നിന്ന് ആരോഗ്യപരവും ശാസ്ത്രയവുമായ രീതിയിലേക്ക് കാര്യങ്ങൾ മാറുകയാണ്. അങ്ങനെ എല്ലാത്തിനും നിയമങ്ങൾ കൊണ്ടു വരുന്ന ഒരാളായിട്ടാണ് ബൈബിളിൽ അബ്രഹാമിനെ നമ്മൾ കാണുന്നത്.
പിന്നെ നീതി. ലോത്തിനെ സംബന്ധിച്ച് അതിന്റെ തന്നെ ഇരയായിട്ട് അദ്ദേഹം മാറുകയാണ്. അയാളെപറ്റി പിന്നൊന്നും പറയുന്നില്ല. സൊദോം ഗൊമൊറ നഗരങ്ങൾ കത്തിപ്പോയി. പിന്നെ അദ്ദേഹം പെൺകുട്ടികളെയും കൊണ്ട് മലമുകളിലെ ഗുഹയിലേക്ക് പോയി താമസിച്ചു. അവിടെ പുതിമാരും അപ്പനും തമ്മിൽ ബന്ധപ്പെട്ടു. പിന്നൊന്നും അതിനെപറ്റി പറയുന്നില്ല. ആ ഒരു സ്പേസ് വലിയ സാദ്ധ്യതയായി ഞാനുപയോഗിച്ചു.
ഹരീഷ്: നിയമ നിരമാതാക്കളായ ഇവർ തന്നെ സ്ത്രകളോട് വലിയ അനീതി പ്രവർത്തിച്ചില്ലെ? ഉദാഹരണത്തിന് അബ്രഹാം ഭാര്യ സാറായെ തന്റെ പെങ്ങളാണെന്നു പറഞ്ഞ് ഫറവോയുടെ അടുത്തു വിടുന്നു. അതുകൊണ്ട് വലിയ നേട്ടം പുള്ളിക്കുണ്ടാവുന്നു. ലോത്താണെങ്കിൽ സ്വന്തം മക്കളെ ആൾക്കൂട്ടത്തിന് കൊടുക്കാൻ തയ്യാറാവുന്നു. അപ്പോൾ അവർ ചെറുത്തുനിൽക്കുന്നുണ്ട്. ശരിക്കും, അക്കാലത്ത് സ്ത്രീകൾ ചെറുത്തു നിന്നിട്ടുണ്ടോ അതൊ എഴുത്തുകാരിയുടെ ഒരാഗ്രഹമാണോ അത്?
സാറാ ജോസഫ്: ചെറുത്തു നിന്നിട്ടുണ്ടാവണം. ബൈബിൾ നമ്മൾ സൂക്ഷമമായി വായിക്കുകയാണെങ്കിൽ മൂന്നു വിരുന്നുകാർ വരുന്ന സന്ദർഭം. സാറയോട് അവൾക്കൊരു കുട്ടിയുണ്ടാകമെന്ന് അവർ പറഞ്ഞപ്പോൾ അവൾ മറയുടെ ഉള്ളിൽ നിന്ന് ചിരിച്ചു. അപ്പോൾ അവരിലൊരാൾ ചോദിച്ചു ‘നീ എന്തിനു ചിരിച്ചു’ എന്ന്. അപ്പോൾ അവൾ പറയുന്നു ‘ഞാൻ ചിരിച്ചില്ല’ എന്ന്. ഈ ഒരു പരിഹാസം ആ സ്ത്രീയുടെ ഉള്ളിൽ അന്നേയുണ്ട്, പിന്നെ നമ്മൾ വായിച്ചെടുക്കുന്ന പോലെ അവർ ലോകമാതാവൊന്നുമല്ല, ഒരു പച്ച മനുഷ്യത്തിയാണ്. കാരണം ഹാഗറിനോടുള്ള വെറുപ്പ്, കുട്ടിയോടുള്ള വെറുപ്പ്, ഹാഗറിന്റെ മകൻ ഇസ്മയിലിനോടുള്ള വെറുപ്പ് .മാത്രമല്ല, അവർക്ക് ഫറവോനോട് നല്ല ദേഷ്യവുമുണ്ട്.
പിന്നെ ഒരു കാര്യം നോക്കിയിൽ ഇവർ സഞ്ചാരികളാണ്. അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ പലപ്പോഴും യുദ്ധം ചെയ്യേണ്ടിവരും. അങ്ങനെ ഈജിപ്തിലുമെത്തി. അവിടെ ഫറവോനോട് ഭാര്യയാണെന്ന് പറഞ്ഞാൽ ഭർത്താവിനെ കൊല്ലും. പെങ്ങളാണെന്ന് പറഞ്ഞാൽ കുറച്ച് ആനുകൂല്യം കിട്ടും. പക്ഷെ അതനുഭിവിക്കേണ്ടിവരുന്ന സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് കഠിനമാണ്.
ഹരീഷ്: ലോത്തിന്റെ പെൺമക്കൾ പലപ്പോഴും ‘അച്ഛൻ ഞങ്ങളെ ആൾക്കൂട്ടത്തിന് കൊടുക്കുമെന്ന് പറഞ്ഞില്ലെ’ എന്ന് ചോദിക്കുന്നുണ്ട്. പുരുഷൻ മതത്തിനു വേണ്ടിയും ദൈവത്തിനു വേണ്ടിയും നിലകൊള്ളുമ്പോൾ സ്ത്രീകൾ മനുഷ്യകുലത്തിന്റെ നിലനിൽപ് ആണ് ആലോചിക്കുന്നത്.
സാറാ ജോസഫ്: അതെ, അതാണ് . ലോത്തിന്റെ മക്കളും അത് തന്നെയാണ് ചെയ്തത്. അത് അവർക്ക് ഒരു ശാരീരിക ആവശ്യമല്ല. സൗകര്യങ്ങൾ വളരെ പരിമിതമാണ്. ഒരു മലമുകളിലെ ജീവിതം. ഒരു പുരുഷനും രണ്ട് സ്ത്രീകളും മാത്രമുള്ള ഒരു ലോകം. അതു തന്നെയാണ് അവര് ഏമ്യരുമായി ബസപ്പെടുമ്പോഴും തീരുമാനിച്ചത്. കുലം മുന്നോട്ട് പോകണം. അതിന് കുട്ടികളുണ്ടാവണം. അങ്ങനെയാണ് രണ്ട് വംശം ഉണ്ടാവുന്നത്. രണ്ട് സാമ്രാജ്യങ്ങളായി അത് മാറി.
ഹരീഷ് : ബൈബിളാണ് നോവലിന്റെ പ്രമേയം. എന്നാൽ ബൈബിൾ ഭാഷ ഈ നോവലിൽ വളരെ കുറച്ചെ കാണാനുള്ളൂ. എന്താണതിനു കാരണം?
സാറാ ജോസഫ്: അത് ബോധപൂർവ്വം ചെയ്തതാണ്. ചെടിപ്പുണ്ടാവരുതെന്നു വിചാരിച്ചു. ഇത് ബൈബിളല്ലല്ലൊ. ഒരു സ്വതന്ത്രരചനയല്ലെ. മാത്രമല്ല, എല്ലാം വ്യാഖ്യാനങ്ങളാണ്. ബൈബിൾ ഇതര കഥാപ്രാത്രങ്ങളാണിതിലധികവും. പിന്നെ അവിടുത്തെ സാമൂഹ്യജീവിതവും ഭൂമിശാസ്ത്രവും ഒക്കെയായി നമുക്ക് നിർമിച്ചെടുക്കാൻ കഴിഞ്ഞ സങ്കൽപ ലോകമാണ്.
ഹരീഷ് : പുരുഷന്റെ സഹനങ്ങളും നോവലിലുണ്ടെന്നു തോന്നുന്നു. അതിലേറ്റവും ശക്തമായത് ലോത്ത് തന്റെ ഉള്ളിലെ കാമവുമായി മല്ലടിക്കുന്ന ഭാഗമാണ്. വളരെ ഗംഭീരമായിരുന്നു അത്. എങ്ങനെയായിരുന്നു അതിന്റെ എഴുത്ത്?
സാറാ ജോസഫ്: അത് സങ്കൽപിച്ചതാണ്. അത്രയും ശക്തമായി അത് കൊണ്ടുവരാനാവുന്നില്ലെന്ന് തോന്നിയപ്പോഴാണ് ഞാൻ ആ മൃഗത്തെ കൊണ്ടു വന്നത്. ലോത്ത് തന്റെ പെൺകുട്ടികളുടെ നഗ്നത കാണുന്നുണ്ട്. ഏറ്റവും വലിയ വിലക്ക് അതായിരുന്നു. വിലക്കിനെ മറികടക്കുക എന്നതാണല്ലൊ മനുഷ്യരുടെ സഹജമായ ഒരു രീതി. പിന്നെ സാഹചര്യവും അതിനു പറ്റിയതായിരുന്നു.
ഹരീഷ്: സ്ത്രകളെ കഠിനമായി പീഢിപ്പിക്കുന്ന ചില ഭാഗങ്ങളുണ്ടല്ലോ. ടീച്ചർ ആ ഭാഗമെഴുതുമ്പോൾ ആ വേദനയനുഭവിച്ചോ?
സാറാ ജോസഫ്: വളരെയധികം. അതിലും ഭീകരമായത് ശിശുഹത്യയുടെ രംഗങ്ങളാണ്. അതിനെക്കുറിച്ചുള്ള ഓരോ വായനയും നടുക്കമുളവാക്കിയിട്ടുണ്ട്. ബാൽ, മൊളെക് എന്നിങ്ങനെയുള്ള പഗാൻ ദൈവങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശിശുഹത്യകൾ ഭീകരമാണ്. അവരുടെയൊക്കെ പ്രീതിക്കായ് നൽകിയിരുന്നത് ആദ്യസന്താനങ്ങളെയാണ്. ബൈബിളിലുടനീളം അത് കാണാം. അപ്പോൾ ശിശുക്കളെ ബലി കൊടുക്കുന്നതിനെക്കുറിച്ച് വായിക്കുമ്പോഴൊക്ക അത് നമ്മളെ ഭയങ്കരമായി പീഢിപ്പിച്ചു.
ഹരീഷ് : ദൊസ്തയോവ്കി പറയുന്ന ഒരു കാര്യമുണ്ട്. കുട്ടികളുടെ സഹനത്തിന് നീതീകരണമില്ലെന്ന്. ഇതിനകത്ത് എനിക്കങ്ങനെ തോന്നി. നഗരം കത്തുമ്പോൾ ആ പെൺകുട്ടികൾ പറയുന്നുണ്ടല്ലൊ. കുട്ടികൾക്കെന്തു പറ്റി എന്നൊക്കെ.
സാറാ ജോസഫ്. അവിടെയാണ് ദൈവത്തിന്റെ നീതി എന്ന പ്രശ്നം ഇവിടെ വന്നത്. ഒരു നഗരം കത്തിക്കാൻ ദൈവം തീരുമാനിക്കുന്നു. അവിടെ 10 നീതിമാന്മാർ പോലുമില്ല എന്നതാണ് കാരണം. അവിടെ ഒരു നീതിമാനെ ഉള്ളു. അദ്ദേഹത്തെ രക്ഷിച്ചു നഗരം കത്തിച്ചു. അപ്പോൾ കുഞ്ഞുങ്ങൾ? അതൊരു ചോദ്യമല്ലെ.
ജോണി: ദൈവം ഇത്തരം നീതി പലപ്പോഴും കാണിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ജൂമി മുഴുവൻ നശിപ്പിക്കുന്നുണ്ടല്ലോ?.
സാറാ ജോസഫ്: അത് അബ്രഹാം ചോദിക്കുന്നുണ്ട്. കുറെ പേർ തെറ്റ് ചെയ്തതിന്റെ പേരിൽ നീ എല്ലാവരെയും കൊല്ലുമൊ? അങ്ങനെ അവർ തമ്മിൽ ഒരു വാക്കുതർക്കം ഉണ്ടാവുന്നുണ്ട്.
ഹരീഷ്: മനുഷ്യസംസ്കാരത്തിന്റെ ഒരു ചരിത്രം. അത് ഈ നോവലിലുണ്ടെന്ന് എനിക്ക് തോന്നുന്നു. ഉദാഹരണത്തിന് പേഗനിസം. ഏക ദൈവ വിശ്വാസം, പിന്നെ ക്രൈസ്തവം.
സാറാ ജോസഫ്: ക്രൈസ്തവത്തിലേക്ക് നമ്മൾ പോയിട്ടില്ല. അത് അവസാനത്തെ അദ്ധ്യായത്തിൽ വരുന്നത് ലോത്ത് കാണുന്ന ഒരു കാഴ്ചയായിട്ടാണ്. അത് അയാളുടെ വിഷമത്തിൽ നിന്നാണ് തോന്നുന്നത്. താൻ തെറ്റു ചെയ്തു എന്ന തോന്നൽ അയാളെ വല്ലാതെ അലട്ടി. തെറ്റും ശരിയും നിർമിക്കുന്നത് മനുഷ്യൻ തന്നെയാണ്. ദൈവത്തെ നിർമിക്കുന്നതും മനുഷ്യൻ തന്നെയാണ്. മനുഷ്യൻ നിർമിച്ച ഈ ദൈവത്തിന് മനുഷ്യൻ തന്നെ ഏൽപിച്ച നീതിയാണ് സോദോം-ഗൊമൊറ കത്തിക്കുന്നത്തിലെത്തിയത്.
പിന്നെ ഞാനതിൽ ചെയ്തതെന്തെന്നു വെച്ചാൽ ക്രമം.
പറുദീസ എന്നു പറയുന്നത് പെറുക്കിത്തിന്നുന്ന കാലഘട്ടമായിട്ടാണ്. അവിടെ ‘ചോയ്സ്’ ഇല്ല. എം. മുകുന്ദൻ അത് എഴുതിയിട്ടുണ്ട്. പറുദീസയിൽ നമ്മൾ പെറുക്കിത്തിന്ന് ജീവിക്കുന്നു മനുഷ്യരാശിയുടെ തുടക്കത്തിൽ അങ്ങനെ തന്നെയായിരുന്നു. നൊമാഡുകൾ . പിന്നെ അവിടെ നിന്നു വേറൊരു സ്ഥലത്തേക്ക് പോകുന്നു. കൃഷിയും സമൂഹവുമൊക്കെയാവുന്നത് പിന്നൊരു കാലഘട്ടത്തിലാണല്ലൊ. അതിന്റെ കൂടെയാണ് സംസ്കാര നിർമിതി നടക്കുന്നത്. അപ്പോൾ എംഗത്സിന്റെ ഒരു പഠനവും ബൈബിൾ നിർമിതിയുമായി ചേർത്ത് വെക്കാം. മനുഷ്യന് കാർഷികവ്യവസ്ഥയിൽ സ്വകാര്യസ്വത്തുണ്ടാവുന്നു; സ്വകാര്യസ്വത്ത് സംസ്കാര നിർമിതിക്ക് കാരണമാവുന്നു; സംസ്കാരം സ്ത്രീവിരുദ്ധവും അടിമത്തവും ദളിത വിരുദ്ധവുമൊക്കെയായി രൂപപ്പെടുന്നു.
ഹരീഷ്: അത് മനുഷ്യവംശത്തിന്റെ ഒരു പെരുകലും കൂടെയാണല്ലൊ.
സാറാ ജോസഫ്: അതെ എല്ലാ ആശംസകളും പെരുകാനാണല്ലൊ.
ഹരീഷ് : ടീച്ചർ വേദപാഠം പഠിച്ചയാളാണല്ലൊ, അല്ലെ?
സാറാ ജോസഫ്: ഉം. ക്ലാസിലൊന്നും പോയിട്ടില്ല.
ഹരീഷ്: ഞാൻ വിചാരിച്ചത് വേദപാഠം പഠിക്കുന്നതുകൊണ്ട് ആർക്കുമൊരു ഗുണവുമുണ്ടാവില്ല എന്നാണ്. ടീച്ചറിനത് ഗുണമുണ്ടായി.
സാറാ ജോസഫ്: വേദപാഠം നെഗറ്റീവ് ആയിരുന്നു. ഇങ്ങനെയൊക്കെ തോന്നലുണ്ടായി. അക്കാലത്ത് വേറെ പുറത്തേക്കൊന്നും പോക്കില്ല. സ്കൂളിൽ പോവുക വേദപാഠത്തിന് പോവുക. അവിടുന്നു കിട്ടുന്നത് സ്വാഭാവികമായിട്ടും കനലുപോലെ നമ്മുടെ ഉള്ളിൽ കിടക്കുമല്ലൊ. പിന്നെ നമ്മുടെ ചിന്ത വികസിക്കുകയും നമ്മൾ കാര്യങ്ങൾ വേറെ രീതിയിൽ അന്വേഷിക്കുകയും ചെയ്യുമ്പോഴായിരിക്കും മഹാ മണ്ടത്തരങ്ങളാണ് പഠിച്ചു വെച്ചതെന്നു മനസിലാവുക.
ഹരീഷ്: കൃസ്ത്യൻ മനസിന് ജന്മനാ ഒരു പാപബോധമുണ്ട്. ഹിന്ദുക്കൾക്ക് ചെറുപ്പത്തിൽ തന്നെ ജാതി ബോധം കിട്ടുന്നതുപോലെ തന്നെ. ടീച്ചറിന്റെ കഥാപാത്രത്തിൽ ലോത്തും അബ്രഹാമും പാപബോധത്തിൽ വല്ലാതെ ഞെരുങ്ങുന്നുണ്ട്. എന്തുകൊണ്ടാണ് ക്രിസ്ത്യാനിറ്റിയിൽ ഇത്രയേറെ പാപബോധം വരുന്നത്?
സാറാ ജോസഫ്: വർത്തമാന കാലത്തെ പാപബോധം മതത്തിന്റെ നിർമിതിയാണ്. കത്തോലിക്ക മതം ഉണ്ടാക്കിയിട്ടുള്ളതാണത് ഏറ്റവും കൂടുതൽ. ഇതിൽ ഞാനധികം ആശ്രയിച്ചിട്ടുള്ളത് മതം എന്നുള്ളതിനെക്കാളേറെ യഹൂദരുടെ ഒരു ജീവിതം; ഹിബ്രു ഭാഷ സംസാരിക്കുന്നവരുടെ ഭാഷ്യമാണ് ഉപയോഗിച്ചിട്ടുള്ളത്. അബ്രഹാമിന്റെ കുട്ടിക്കാലം ബൈബിളിൽ ഇല്ല. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഗുഹയിലടക്കപ്പെട്ടതോ വിഗ്രഹങ്ങൾ തല്ലിയുടക്കുന്നതോ ഒന്നുമില്ല. അത് ഹീബ്രു ബൈബിളായ ‘തനക്കി’ൽ കാണാം. അത് പഴയ നിയമം മാത്രമാണ്, അതിൽ ആദ്യത്തെ അഞ്ച് അദ്ധ്യായമാണ് ‘തോറ’, ഇത് അവരുടെ പ്രാമാണിക ഗ്രന്ഥമാണ്. പക്ഷെ ഈ തോറക്കു തന്നെ ഒരുപാട് വിമർശന ഗ്രന്ഥങ്ങളുണ്ട്. പലപല വാഖ്യാനങ്ങൾ. ആ വായന എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്.
അവിടെയൊക്കെ തുടക്കത്തിൽ സൊസ്സെറ്റി രൂപീകരണത്തോടെ പാപം കടന്നുവരികയാണ്. തെറ്റും ശരിയും കടന്നു വന്നു. അതോടെ സ്വാഭാവിക ചലനങ്ങൾ നിയന്ത്രിക്കപ്പെട്ടു. മനുഷ്യനാണ് ഏറ്റവും കൂടുതൽ ചലനം നിയന്ത്രിക്കപ്പെട്ടിട്ടുള്ള ജീവി. എങ്ങനെ നടക്കണം എങ്ങനെ ഇരിക്കണം എങ്ങനെ കിടക്കണം എന്നതിനൊക്കെ മനുഷ്യന് നിയമങ്ങളുണ്ട്. വിശേഷിച്ചും സ്ത്രീകൾക്ക്. ആ രീതിയിലുള്ള വിലക്കുകളാണ് കുറ്റബോധം കൊണ്ടുവരുന്നത്.
ജോണി! മനുഷ്യ വംശശുദ്ധി എന്നൊരു കാര്യം കൂടി ഇതിൽ വരുന്നുണ്ട്. അതെങ്ങനെയാണ്?
സാറാ ജോസഫ്: തീർച്ചയായും. അപ്പാടെ നശിപ്പിച്ചു കളയുകയാണ്. അതാ പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. അങ്ങനെയൊരു വംശഹത്യ എന്തിന് നടത്തി? ദൈവവും അബ്രഹാമും ചേർന്നു തയ്യാറാക്കിയ പ്ലാൻ ആണൊ അതെന്നു വരെ ചോദിക്കുന്നുണ്ട്. ഒരു നഗരത്തിലുള്ള മുഴുവൻ മനുഷ്യരെയും കൂമ്പും കുലയും നുള്ളി പാടെ നശിപ്പിക്കുകയാണ്. അതിനു കാണെ മായി വരുന്നത് സ്വവർഗരതിയിൽ ദൈവം കുപിതനായി എന്നാണ്. ആ ഒരു ദൈവനീതി എന്നു പറയുന്നത് മനുഷ്യനിർമിതമായ ഒരു ദൈവ നീതിയാണ്. അതുപോലെ നോഹയുടെ കഥയിൽ പറയുന്ന പോലെ പ്രളയം. അവിടെയും ഉന്മൂലനമാണ്.
ഹരീഷ് : മനുഷ്യ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനം കറുപ്പിനുണ്ട്. അതുപോലെ മയക്കുമരുന്നുകളും. അതിനായി വലിയ യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്. ഇപ്പഴും വലിയ കാർട്ടലുകൾ അതിനായുണ്ട്. ഇതിനകത്ത് പഴയ കാലത്ത് അതുണ്ടാക്കിയ ഭീകരത ടീച്ചർ ആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ മേൽ അത് ഉപയോഗിക്കുമ്പോഴുള്ള വല്ലായ്മ. മയക്കുമരുന്നിന്റെ ഉപയോഗം, അത് ടീച്ചറെ വ്യാകുലപ്പെടുത്തിയിട്ടുണ്ടോ?
സാറാ ജോസഫ്: വളരെയധികം. നമ്മുടെ കുട്ടികളൊക്കെ നമ്മുടെ കയ്യിൽ നിന്ന് കായക്കൊണ്ടിരിക്കയാണ്. ഒരു സ്കൂളിൽ പോയാലാണ് അതിന്റെ ഭീകരത നമ്മൾ മനസിലാക്കുന്നത്. മിക്കവാറും കുട്ടികൾ മയങ്ങിനഞ്ചു തിന്നുപോലെ ഇരിക്കാറുണ്ടെന്ന് പല ക്ലാസ് ടീച്ചേഴ്സും പറയുന്നു. ഇത് ഞാൻ ചിന്തിച്ചത് സൊദോം-ഗൊമൊറനഗരങ്ങളുടെ കുറ്റമെന്തായിരുന്നു എന്നതിലേക്കാണ്. ആ താഴ്‌വര നഗരങ്ങൾ സമ്പൽ സമൃദ്ധിയിലായിരുന്നു. അതിന്റെ അടിസ്ഥാനം പാപമാണെന്ന് ബൈബിളിൽ പലേടത്തും പറയുന്നുണ്ട്. നിങ്ങളുടേത് ശപിക്കപ്പെട്ട കാശാണ്. അതാണ് കുന്നു കൂടിയത്. അന്തെന്താണ് എന്ന അന്വേഷണത്തിൽ ഞാൻ എത്തുന്നത് കുപ്പിലേക്കാണ്. മെഡിറ്ററേനിയൻ നഗരങ്ങളിൽ അന്നും കറുപ്പ് വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും വിൽക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണെങ്കാൽ സൊദോം ഗൊമൊറ അതിന്റെ ഒരു കുത്തക നഗരമാണ്. മരണത്തിന്റെ വ്യാപാരികൾ എന്നു പറയും പോലെ. ആ നഗരത്തെ നേരെയാക്കിയെടുക്കുക എന്ന കാഴ്ചപ്പാടായിരുന്നു ലോത്തിന്, എന്നാൽ ദൈവത്തിന് അത് നശിപ്പിക്കുക എന്ന കാഴ്ചപ്പാടായിരുന്നു.
ഹരീഷ്: ടീച്ചറിന് ഇനിയും എഴുതാവുന്ന ഒരു കഥ ഈ നോവലിൽ ബാക്കി കിടക്കുന്നുണ്ട്. ഇസ്മയേലിന്റെ വംശത്തിന്റെ കഥ, അതിനെക്കുറിച്ചും ടീച്ചർ അന്വേഷിക്കയും പഠിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടാവും, അല്ലെ?
സാറാ ജോസഫ്: അതെ. ഇസ്മയിൽ മുസ്ലിം അറബ് വിഭാഗത്തിന്റെ ഒരു തുടർച്ചയാണ്. അവനെയും ത്താൻ ഒരു ജനതയാക്കും എന്ന് ബൈബിളിൽ പറയുന്നുണ്ട്. ദൈവം അത്ര അനീതി കാട്ടില്ലല്ലൊ. പക്ഷെ ഇപ്പഴും അവരും ഇവരും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്.
യരുശലേം ദേവാലയം മൂന്നു കൂട്ടർക്കും – ജൂതനും, ക്രിസ്ത്യാനിക്കും മുസ്ലിമിനും – അവകാശപ്പെട്ടതാണല്ലൊ. അതുപോലെ പിതാവായ അബ്രഹാം രണ്ടു കൂട്ടരുടെയും പൊതുസ്വത്താണ്.
ഹരീഷ്: നോവലിൽ ഹാഗർ ഗർഭിണിയായിക്കഴിയുമ്പോഴുള്ള അവളുടെ അധികാരത്തിന്റെ ഉപയോഗം എനിക്ക് ഇഷ്ടപ്പെട്ടു.
സാറാ ജോസഫ്: അതെ. കുഞ്ഞു വയറ്റിൽ കിടക്കുകയല്ലെ. സ്വാഭാവികമായിട്ടും സ്ത്രീ കുറച്ച് നെഗളിക്കാൻ തുടങ്ങി. അത് സാറക്ക് അബന്ധം പറ്റിയ പോലെയായി. കുട്ടിയില്ല എന്ന അബ്രഹാമിന്റെ സ്ഥിരം പല്ലവി കേട്ടുമടുത്താണ് ദാസിയെ ഭർത്താവിനടുത്തേക്ക് അയക്കുന്നത്.
ഹരീഷ്: ടീച്ചറിന്റെ ഈ നോവൽ അവസാനിക്കുന്നത് ഈശോയിലാണല്ലൊ. ആരാണ് കൃസ്തു?
സാറാ ജോസഫ്: എന്നു ചോദിച്ചാൽ ആരുടെയെങ്കിലും ജീവിതരീതി പോലെ ജീവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതാണ് ക്രിസ്തു. പക്ഷെ അത് പറ്റില്ല. അതുകൊണ്ടാണ് അതിന്റെ അവസാനത്തിൽ ഒരു പാട് ആലോയിച്ച് വ്യത്യസ്തമായ ഒരു വാചകം ഞാൻ ചേർത്തത്.
ഹരീഷ്: ടീച്ചറിന്റെ എല്ലാ നോവലുകളും വായിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ എനിക്കിത് വല്ലാതെ ഇഷ്ടപ്പെട്ടു. ടീച്ചറിന്റെ ആഖ്യാന കല ഏറ്റവും ഗംഭീരമായി വരുന്നത് നോവലെഴുത്തിലാണെന്ന് എനിക്കു തോന്നുന്നു. നോവലെഴുത്ത് ടീച്ചറിൽ നൽകുന്ന ആനന്ദം അഥവാ സന്തോഷം എന്താണ്?
സാറാ ജോസഫ്: നമ്മൾ കഥാപാത്രങ്ങളോടൊപ്പം അങ്ങനെ ജീവിക്കുകയാണ്. സത്യം പറഞ്ഞാൽ ലോത്തിനെ അങ്ങനെ അവസാനിപ്പിച്ചിട്ട് ഉറങ്ങാൻ പറ്റായിട്ടില്ല എന്നല്ല, ഒന്നിനും പറ്റിയിട്ടില്ല. എന്നു തന്നെയല്ല അയാളെ ഓർത്തിട്ട് ഒരഗാധമായ വേദനയായിരുന്നു. അയാളെ അങ്ങനെയൊരു ഗുഹയിൽ ഉപേക്ഷിച്ചു എന്നത് സഹിക്കാൻ പറ്റുന്ന ഒരു കാര്യമായിരുന്നില്ല. കാരണം അതൊരു കഥാപാത്രമാണെന്നു പോലും നമ്മൾ മറന്നുപോകും. അങ്ങനെ നമ്മൾ അവരുടെ കൂടെ ജീവിക്കുകയാണ്. അതാണ് നോവലെഴുത്തിന്റെ അനുഭവം.
അത് പല നോവലിനും പല രീതിയിലായിരിക്കും. ബുധിനിക്കൊപ്പം നടന്നതുകൊണ്ട് ആ ഫീൽ ഉണ്ടായിരുന്നു. എന്നാൽ ആലാഹയുടെ പെൺമക്കൾ ഒരു കുസൃതി പോലെയായിരുന്നു ആദ്യം എന്റെയുള്ളിൽ വന്നത്. അതിലൊന്നും അഗാധമായ വേദനയില്ല. അത് നമ്മൾ കണ്ട് പരിചയിച്ച ലോകമാണ്. പക്ഷെ ഈ കഥാപാത സൃഷ്ടി എന്നത് വളരെ സംഘർഷേഭരിതമായ ഒന്നായിരുന്നു. വേറൊന്ന് തീർത്തും അപരിചിതമായ ഒരു സ്ഥലം. നമ്മൾ കേട്ടു തഴമ്പിച്ച ബൈബിളിന്റെ ലോകമേയല്ല ഇതിൽ വരുന്നത്.
ഹരീഷ്: അതായത് നോവലെഴുത്ത് നമ്മളെ മാറ്റുന്നുണ്ട്, അല്ലെ?
സാറാ ജോസഫ്: അതെ. മാറ്റി. വളരെയധികം.
ജോണി. നോവലിന്റെ ഒരു പ്രത്യേകത അതിന്റെ ഭൂമികയാണ്. സോദോം ഗോമെറ എന്ന പ്രദേശത്തിന്റെ മണ്ണ്, പ്രകൃതി മുഴുവൻ നമുക്ക് വായിച്ചെടുക്കാനാവും.
സാറാ ജോസഫ്: അതെ. ആ ഭൂമി കാണാതെ എനിക്കെഴുതാൻ പറ്റില്ലെന്നു ഞാൻ മനസിലാക്കി. ആ സ്ത്രീ ഉപ്പുതൂണായി മാറിയത് ഞാൻ പോയി കണ്ടപ്പോൾ എത്രയോ സഹസ്രബ്ദങ്ങൾക്ക് മുൻപാണത് സംഭവിച്ചതെന്നു പറയുന്നുണ്ടെങ്കിലും നമുക്ക് ഒരു ഫീൽ ഉണ്ടാവും. അത് ലോത്തിന്റെ ഭാര്യയൊ ആരൊ ആവാം. തൊട്ടപ്പുറത്ത് ഉപ്പു കടൽ. കാലിൽ അഗാധ നീലിമ. ആഴമുള്ളിടതമാക്കെ പച്ച. ഇത്രയും നീലയായ ഒരാകാശം ഞാൻ വേറെവിടെയും കണ്ടിട്ടില്ല. അപ്പുറത്തൊക്കെ മലകളും മരുളിയും. ചുറ്റുമുള്ള നിശബ്ദത. അവിടെയാണീ സ്ത്രീയുടെ നിൽപ്, ഭീകരമായ ഒരനുഭവമായിരുന്നു.
ഹരീഷ് : ടീച്ചർ മനസിൽ കണ്ട സ്ഥലമായിരുന്നോ അത്?
സാറാ ജോസഫ്: അല്ല. എനിക്കതിനുള്ള ശക്തിയുണ്ടായിരുന്നില്ല. ഞാനത് ഒരു ഇരുണ്ട ഭ്രൂമികയായാണ് ആലോചിച്ചിരുന്നത്. പക്ഷെ കണ്ടപ്പോൾ വളരെ സ്വച്ഛമായ നീല. നഗരത്തിൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ കടലിന് ചുവപ്പു നിറമായിരുന്നു എന്ന സയന്റിഫിക് പേപ്പറുകളും ഞാൻ വായിച്ചിരുന്നു.
ഹരീഷ്: എന്തായാലും കറ മലയാളത്തിലെ എണ്ണപ്പെട്ട ഒരു നോവലാകട്ടെ എന്ന് ആശംസിക്കുന്നു.