ഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു.
മണ്ഡപത്തിൽ നിന്റെ വധു, നിനക്ക് അഭിമുഖം നിന്നു കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്. അല്പം കുനിഞ്ഞു മുന്നോട്ടാഞ്ഞു കൊണ്ട് നീ അവളുടെ പിന്കഴുത്തിൽ, മുടിയിഴകൾ വകച്ചു മാറ്റിക്കൊണ്ട് മുല്ലപ്പൂവിന്റെ ഒരു മുഴം കെട്ട് നീണ്ടു കിടന്നതിൽ ഒന്ന് തൊടുകയാണ്. താലിച്ചരട് നീ മുറുക്കി കെട്ടുകയാണ്. നോട്ടം ചരടിന്റെ മഞ്ഞയിലേക്ക് തറഞ്ഞു ചെല്ലുമ്പോൾ പൊടുന്നനെ പകൽവെളിച്ചത്തിലേക്ക്, മുകളിലേക്ക് നീ അശ്രദ്ധം കണ്ണുകൾ അയയ്ക്കുന്നു. വെയിലൊഴുക്കിൽ കണ്ണുകളിൽ ഇരുട്ട് നിറയുന്നു. നീ വീണ്ടും കണ്ണുകൾ മിഴിച്ചു തുറക്കുന്നു; കാരണം, ഇരുട്ടിൽ നീ എന്നെ കണ്ടെത്തുകയാണ്.
ഇരുട്ടായിരുന്നു നിന്റെ കിടപ്പു മുറിയിൽ.
നീ ഉറങ്ങി എഴുന്നേറ്റു തപ്പിത്തിരയുമ്പോൾ ഞാൻ കൈത്തലം നിന്നിലേക്ക് നീട്ടിയിരുന്നു. അതിനു മുൻപ്, ലിവിങ് റൂമിൽ നിന്റെ നീല നിറ കുഷ്യൻ കസേരകളിലായിരുന്നു നമ്മൾ. എതിർ ഭിത്തിയിൽ വലിയ ചതുര ജനാല വലിപ്പത്തിൽ ലോകത്തിന്റെ തുറസ്സിലേക്ക് തുറന്ന ടി വി സ്ക്രീനുണ്ടായിരുന്നു. നീ ഒരു ഫ്രഞ്ച് ചലച്ചിത്രം കാണുകയായിരുന്നു. നീ വച്ചു നീട്ടിയ ചോളപ്പലഹാരത്തിന്റെ നീല പൊതിയിലേക്ക് കൈ കടത്തി കൊണ്ട് ഞാൻ ചോദിച്ചു.
‘Amour sans fin’
എന്താണ് അർഥം?
‘എൻഡ് ലെസ്സ് ലവ്’
‘സിദ്ധാർത്ഥൻ, പ്രേമം എൻഡ് ലെസ്സ് ആണോ?’
‘അല്ല.ഇത് ഒരു oxy moron ആണ്.’
നിന്റെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. അത് ചൂട് കാലമായിരുന്നു. വരണ്ട വേനൽ ദിനങ്ങൾ മെല്ലെ ഈറനാർന്ന പകലുച്ചകളിലേക്ക് ഗതി മാറിത്തുടങ്ങി.വീർത്തു നിന്ന മഴയാകാശത്തിന്റെ അടിവയറിലേക്ക് എത്തി ഉരഞ്ഞു കുത്തിയ ചില്ലകളും ഇലത്തുമ്പുകളും ഒരു കാറ്റിൽ വല്ലപ്പോഴും ആടി നീങ്ങി.
‘എന്തൊരു ചൂടാണ്.’ ലിവിങ് റൂമിലെ ജനലുകൾ നീ തുറന്നിട്ടു. അടുക്കിനു എട്ടു ജനലുകൾ. എട്ടു ചതുരക്കണ്ണുകൾ.
പൊടുന്നനെ ആയിരുന്നു. ചുഴികളിൽ ഉയർന്നു പൊങ്ങിയ ആന്ധിയിൽ പൊടി പറന്നു.
പൊടി പറന്നു മുറിയിൽ തിക്കിയൊഴുകി. നിന്റെ നീലസോഫയെ നീ സ്നേഹിച്ചിരുന്നു. ടീപോയിലെ വിളക്കിനെയും ഭിത്തിപ്പുറത്തെ ഗുസ്തേവ് ചിത്രത്തിൽ ചുംബിച്ചു നില്കുന്നവരെയും നീ സ്നേഹിച്ചിരുന്നു. അത് കൊണ്ട്, ധൃതിയിൽ നീ ജനാലകൾ പൂട്ടി. മഞ്ഞ ഇലക്ട്രിക്ക് വിളക്കുകൾ ഒന്നൊന്നായി തെളിച്ചു.ഓടി ചെന്ന് നീല സോഫയിൽ നിന്നു പൊടി തട്ടി.
‘ഒരു ഗ്യാസ് ചേംബർ പോലെ.എന്തൊരു ചൂടാണ് ദില്ലിയിൽ.ഇവിടിരിക്കാൻ പറ്റില്ല.’
നമ്മൾ കിടപ്പു മുറിയിലേക്കു നടന്നു, എ സി യുടെ കുളിര്മയിലേക്ക് നമ്മൾ ചേക്കേറി.
‘ലിവിങ് റൂമിൽ കൂളർ എങ്കിലും വേണം.’ ഞാൻ ഓർത്തു.
അത് കേട്ടിട്ടെന്ന പോലെ നീ പറഞ്ഞു, ‘ശരിയാണ്. ലിവിങ് റൂമിൽ ഒരു കൂളർ വേണമല്ലേ.’ നമ്മൾ തോന്നലുകൾ കൊണ്ടാണ് വിനിമയം ചെയ്തിരുന്നത്. ജനൽ തട്ടത്തിലേക്ക് നോട്ടമയച്ചു കൊണ്ട് ഞാൻ ഒരു കോപ്പ ലിച്ചി പഴച്ചാറിനു കൊതിക്കുമ്പോൾ നീ ചുമലിൽ തട്ടിക്കൊണ്ട് ചോദിക്കുന്നു.
”നിനക്ക് ലിച്ചി പഴച്ചാറു വേണമോ?”
വേണ്ടാ എന്ന് അറിയിച്ചിട്ടും നീ ലിവിങ് റൂമിൽ ചെന്ന് റെഫ്രിജറേറ്ററിൽ നിന്ന് ഒരു സ്ഫടികകോപ്പ നിറച്ചും പഴച്ചാറു കൊണ്ട് വന്നു.കോപ്പ എനിക്കരികിൽ വച്ചു. ഇങ്ങനെ ആശയവിനിമയം നടത്താൻ നമുക്കെങ്ങനെ കഴിയുമെന്ന് ഞാൻ അന്തിച്ചു പോയി. എന്നാൽ നമ്മുടെ സാമ്യമുഖങ്ങളെക്കാൾ വലിയ അതിശയമായിരുന്നില്ല അത്. കോണിപ്പടികൾ കയറി ഞാൻ നിന്റെ വീടിന്റെ വളവിൽ ഒന്ന് നിന്നു കാളിങ് ബെൽ മുഴക്കുമ്പോൾ നീ മുന്നിൽ വന്നു. കതകിന്റെ പാളിയിൽ പിടിച്ചു കൊണ്ട് ‘ഹലോ ഞാൻ നിന്റെ അയൽക്കാരി’ എന്നറിയിക്കുമ്പോൾ നീയും ഞാനും അമ്പരന്നു പോയ്.
അതിഥിമുറിയിൽ കണ്ണാടി ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ ചേർത്തു പിടിച്ച് കൊണ്ട് എന്താണ് നമ്മുടെ മുഖങ്ങൾക്ക് ഇത്ര സാമ്യമെന്ന് ചോദിച്ചേനേ. ഈ മറുനാട്ടിൽ ഒരുമിച്ചു നടക്കുമ്പോളൊക്കെ, അവർ അയൽക്കാർ മട്ടുപ്പാവുകളിൽ നിന്നു താഴെ ചെടിത്തലപ്പുകൾക്കിടയിലേക്ക് ഇറങ്ങി വന്നു നമ്മളെ നിരീക്ഷിച്ചു; നിങ്ങൾ ജ്യേഷ്ഠനും അനിയത്തിയുമെന്ന പോലെ എന്ന് അഭിപ്രായപ്പെട്ടു. എനിക്ക് പുറത്ത് നടക്കാൻ ആയിരുന്നു ഇഷ്ടം. നിനക്ക് ഇഷ്ടം അകത്ത്, ലിവിങ് മുറിയിൽ വലിയ ടി വി യിലോ ലാപ്ടോപിലോ ചലച്ചിത്രങ്ങൾ കണ്ടു രസിക്കാനായിരുന്നു. ലോക സിനിമകൾ. എപ്പോളും നിന്റെ കണ്ണുകൾ മറ്റൊരു അയഥാർത്ഥലോകത്തെ /യഥാർത്ഥ ലോകത്തെ തിരഞ്ഞു നടന്നു. (എന്താണ് യഥാർത്ഥം എന്താണ് അയഥാർത്ഥം എന്ന് ഞാൻ അമ്പരന്നിട്ടുണ്ട്.)
കിടപ്പു മുറിയിൽ,ലാപ്ടോപ്പ് തുറന്ന് ഒരു മിനി എയർപോർട്ടിന്റെ നീല വെളിച്ചങ്ങൾ കീബോർഡിന്റെ കരയിൽ തെളിച്ചു കൊണ്ട് നീ കട്ടിൽ തലയിലേക്ക് ചാരി ഇരുന്നു. നീ ഫ്രഞ്ച് ചലചിത്രത്തിൻറെ ബാക്കി കാണുകയാണ്.
കട്ടിലിനെതിരെ ഒരു കസേര.അവിടിരുന്നു കൊണ്ടാണ് ഞാൻ, മരിച്ചിട്ടും സ്വർണ മുടി നീണ്ടു വളരുന്ന ആ കൊളംബിയൻ പെൺകുട്ടിയെപ്പറ്റി നിന്നോട് പറഞ്ഞത്. ഈ കഥ നീ വായിച്ചിട്ടുണ്ടോ?
ഇല്ല?
‘നിനക്ക് മർകേസിന്റെ കഥകൾ ഒരുപാട് ഇഷ്ടമാണല്ലോ.’
‘സിദ്ധാർത്ഥൻ, മർകേസിന്റെ കഥകളിൽ നഷ്ടപ്പെട്ടവർ തിരികെ എത്താനുള്ള സാദ്ധ്യതകൾ കൂടുതൽ ഉണ്ട്.ഞാൻ, ആ സാധ്യതകളിൽ വിശ്വസിക്കുന്നു.മരിച്ചവർ ഉയിർത്തു വരുമെന്നും അവർ മറവിയുടെ വഴിത്താരകൾ കടന്ന് ഓർമയുടെ ഒരു കൂട മഞ്ഞശലഭങ്ങളുമായി മുന്നിൽ വന്നു നമ്മെ അതിശയിപ്പിച്ചേക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.’
കഥകൾ പറഞ്ഞു കേൾപ്പിക്കാൻ എനിക്കിഷ്ടമായിരുന്നു.ഇരട്ടസഹോദരന് കേൾക്കാനെന്ന പോലെ കസേരയിൽ നിന്നെഴുന്നേറ്റു നിന്റെ അരികിലേക്ക്, നിന്റെ കിടക്കയിലേക്ക്, ഞാൻ ചാടിക്കയറി. അപ്പോളാണ് അത് കണ്ടത്. നിന്റെ കഴുത്തിൽ ചതുരാകൃതിയിൽ ഒരു കാക്കപ്പുള്ളി.
‘ഇതാ സിദ്ധാർത്ഥൻ,എന്റെ കഴുത്തിലും…”
അല്ലെങ്കിലും നിന്റെ കണ്ണുകൾ, നിന്റെ നീണ്ട മൂക്ക്,നിന്റെ നേർത്ത ചുണ്ടുകൾ എല്ലാം എന്റേത് പോലെ തന്നെ .
” സിദ്ധാർത്ഥൻ !
നമുക്ക് തമ്മിൽ നല്ല ഛായ ഉണ്ട്.’
‘ഉവ്വ്… എനിക്കും തോന്നിയിരുന്നു. ‘
പുറത്ത് വേപ്പിന്റെ കയ്പ്പിലകളിൽ ഉഷ്ണക്കാറ്റിളകി. ഫ്രഞ്ച് പടത്തിൽ, ചുവന്ന തലമുടിയുള്ളൊരു പെണ്ണ് അവളുടെ കണ്ണാടി ഉടുപ്പുകൾ ഊരുന്നു.നീ പുസ്തകം വാങ്ങി വച്ച് എന്നോട് സ്ക്രീനിലേക്ക് ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു.അപ്പോളാണ് എനിക്ക്, നമ്മുടെ സാമ്യങ്ങൾ കണ്ടറിയണമെന്ന് തോന്നിയത്.ഇപ്പോൾ ഫ്രഞ്ച് പെൺകുട്ടി മുടി മുറിച്ച് കൊണ്ട് ഒരു ആൺകുട്ടിയുടെ വേഷം കെട്ടുന്നു. നിന്റെ തുറന്നിട്ട അലമാരകളിൽ നിന്ന് മുട്ടോളമെത്തുന്ന ഒരു ടി ഷർട്ടിലേക്ക് മാറിക്കൊണ്ട്, കട്ടിൽത്തലയിൽ ചാരിക്കൊണ്ട് ഞാൻ …
പൊടിക്കാറ്റിന് ശക്തി കൂടുകയായിരുന്നു.ഫ്രഞ്ച് പടം അവസാനിച്ച് ‘എൻഡ് ലെസ്സ് ലവ്’ എന്നെഴുതികാണിക്കുമ്പോൾ ലാപ്ടോപ്പ് നീക്കി വച്ച് കൊണ്ട് നീ കട്ടിലിലേക്ക് മലർന്നു. എന്റെ ഇരട്ട നീ എന്ന് സ്ഥാപിക്കാൻ മാത്രമായി ഞാൻ നിന്റെ കാക്കപ്പുള്ളിയിൽ ഒന്ന് തൊട്ടു.നീ ന്റേതിലും.മറ്റെവിടെയെങ്കിലും എന്തെങ്കിലും തെളിവുകൾ?കൂടുതൽ സാധ്യതകൾ? അതേപ്രതി ഞാൻ ചിന്തിക്കുമ്പോൾ,സിദ്ധാർത്ഥാ, നീ, തോന്നലുകളിലൂടെ വിനിമയം ചെയ്യുന്നവൻ, എന്റെ (അല്ല ടി ഷർട്ട് നിന്റേതായിരുന്നുവല്ലോ) ടി ഷർട്ട് നീ ഊരിയെടുത്തു.കൈകൾ മുകളിലേക്ക് ഉയർത്തുമ്പോൾ നീ എന്റെ നെഞ്ചിൽ, ഹൃദയത്തിനു മുകളിലായി പൊള്ളലിന്റെ പാട് കണ്ടു.അപ്പോൾ നെഞ്ചിലെ നീലരോമം നീക്കിക്കൊണ്ട് നീ, നിനക്കും ഉണ്ട് കുട്ടിക്കാലത്തു എണ്ണ വീണു പൊള്ളിയൊരു പാടെന്നോ മറ്റോ പറയാൻ തുടങ്ങി. പൂത്തിരി കത്തിച്ചു നീ നെഞ്ചിലേക്ക് പിടിച്ചെന്നും, വെളിച്ചത്തിന്റെ പൊട്ടിത്തെറികൾ നിന്നെ എന്നും ആകർഷിച്ചിരുന്നെന്നും പിന്നെ പഠനമുറിയുടെ ഇരുട്ടിൽ ചെന്നിരുന്നു നീ നെഞ്ചിലെ തീ ഊതിക്കെടുത്തിയെന്നും അകാലത്തിൽ അണഞ്ഞ തിരിനക്ഷത്രങ്ങൾ പോൽ ചുവന്നു കറുത്ത പാടുകൾ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും…
സിദ്ധാർത്ഥൻ,നമുക്കറിയാമായിരുന്നു;സാദൃശ്യങ്ങളുടെ വികര്ഷണം കൊണ്ട് നമ്മൾ രണ്ടായി പോയവരെന്ന്.
നമ്മൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നൊരു ഉച്ച. മുറിയിലെ വെളിച്ചം നീ കെടുത്തി. കൺപോളകൾ പിടച്ചു തുറക്കുന്ന വേഗത്തിൽ ഒരൊറ്റ ചരട് നീക്കി കൊണ്ട് കിടപ്പു മുറിയുടെ ജാലകമറകൾ നീ നിവർത്തിയിട്ടു.വെളിച്ചത്തെ നീ അൽപനേരം മറച്ചു പിടിച്ചു. പുറത്ത് പകലാണ്.അകത്താകട്ടെ കൂരിരുട്ടും.
എനിക്ക് തോന്നി.സിദ്ധാർത്ഥൻ, നമ്മൾ ആഴസമുദ്രത്തിന്റെ അടിത്തട്ടിൽ കൊടും നീല ഇരുട്ടിലാണെന്ന്. നിന്റെ നീണ്ട വിരലുകൾ ഇഴഞ്ഞു വന്നെന്നെ തഴുകി നിന്നു. ‘സിദ്ധാർത്ഥൻ, വഴുകുന്നൊരു മൽസ്യം പോലെ നിന്റെ ശരീരം എന്നെ തെന്നി നീങ്ങി മുട്ടുന്നു. നമ്മൾ ആഴത്തിന്റെ ആന്ധ്യം പൂണ്ട ഇരുട്ടിൽ ചെളിയിൽ പതിഞ്ഞു കിടക്കുന്ന രണ്ടു കടൽജീവികളാണ് ?’
‘ആർ ദി species സെയിം? ‘
‘നോ ‘
ശരിയാണ്.ഒന്നിൽ നിന്നുണ്ടായതെങ്കിലും രണ്ടു സ്പീഷ്യസിലേക്ക് പരിണമിക്കുന്ന ആദിമകാലജീവികൾ.നമ്മുടെ വിഷാദം തളം കെട്ടിയ കടലിന്റെ നീല കിടക്കവിരി. അത് ചുളിയുന്നു.ഇളകുന്നു.കുഴഞ്ഞു മറിയുന്നു.ഒടുവിൽ തലയിണയുടെ തടങ്ങളിൽ നാം ഒരുമിച്ചു ചിതറുന്നു.
സിദ്ധാർത്ഥൻ, എ സി യുടെ തണുപ്പ് നിനക്ക് താങ്ങാനാകുമായിരുന്നില്ല .ഞാൻ ആകട്ടെ മലർന്നു മുലക്കണ്ണുകൾ മച്ചിലേക്ക് തുറിച്ചു കൊണ്ട് വെന്റിൽ നിന്നു ചരിഞ്ഞു പരക്കുന്ന കുളിർമയിലേക്ക് വിരലുകൾ എത്തുകയായിരുന്നു.
എൻഡ് ലെസ്സ് ലവ് എന്നാൽ എന്താണ്?
ഒന്നിൽ നിന്നു രണ്ടായി പിളർന്ന് മാറി, ഒരു കോശത്തിൽ നിന്നു പിളർന്നു രണ്ടു വിഭിന്ന ജീവികളായി വളർന്നു പരിണമിച്ചവർ തമ്മിലുള്ള ആകർഷണം ? അത് എൻഡ് ലെസ്സ് ലവ് ആണോ?
വേനലുകൾ നഷ്ടപ്പെട്ട് കൊഴിഞ്ഞു.കിടപ്പു മുറിയുടെ കൃതിമ കുളിർകാലങ്ങൾക്ക് അറുതി വരുത്താനെന്നോണം മഞ്ഞു കാലം എത്തുകയായിരുന്നു.ഇലകൾ ഇറുന്ന് പോയ മരങ്ങൾക്ക് മുകളിൽ വെള്ള ദേശാടനപക്ഷികൾ വരി വച്ച് പറന്നു.അവ പോയ വഴി ഉതിർന്നു വീണേക്കാവുന്ന തൂവലുകൾക്കായി നമ്മൾ മട്ടുപ്പാവിൽ കാത്തു നിന്നു. ഒരിറ്റു തുള്ളി പോലും അടർന്നു വീണില്ല. തണുത്തു മരച്ച ദില്ലിയാകാശത്തിൽ പുകമറകൾക്കു പിന്നിലായ് ഒരു പിടി നക്ഷത്രങ്ങൾ സൂചിമൊട്ടു പോലെ പ്രകാശിയ്ക്കുമ്പോൾ നീ എന്നെ അറിയിച്ചു, ‘അമ്മ വരുന്നു.’
എന്റെ മുഖസാദൃശ്യമുള്ള നിന്റെ അമ്മ.
അമ്മ.
അമ്മ നേർത്ത വെയിൽചൂടിലൂടെ എയർപോർട്ട് റോഡ് മുറിച്ചു കടന്ന് എനിക്കരികിലേക്ക് വന്നു. അമ്മയുടെ മൂക്കുത്തി സൂര്യകാന്തി തിളങ്ങി. വെയിലിൽ അത് വെട്ടി മിന്നി.അതിന്റെ മിനുപ്പിലേക്ക് നോക്കുമ്പോൾ അമ്മ എന്റെ താടിയ്ക്കു പിടിച്ചോമനിച്ചു.അമ്മയുടെ നേരങ്ങളിൽ നീയും ഞാനും നീല കുഷ്യൻ കസേരകളിൽ രണ്ട് അനുസരണക്കുട്ടികളെ പോലിരുന്നു. ഒരു തീന്മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നു കൊണ്ട് ചോറും കറിയും പങ്കു വച്ചു. അമ്മ ആർക്ക് കൂടുതൽ വിളമ്പി എന്ന് നീ ചിലപ്പോളൊക്കെ സംശയിച്ചിരുന്നു.
നേർത്ത മഞ്ഞിന്റെ വൈകുന്നേരങ്ങളായിരുന്നു. നമ്മൾ അമ്മയ്ക്കൊപ്പം പൂന്തോട്ടങ്ങളുടെ ചുറ്റുവഴികളിലൂടെ നടന്നു. കല്ല് പാകിയ വഴിത്താരയിലൂടെ മഞ്ഞു കാലത്ത് കിന്നരിത്തൊപ്പികളണിഞ്ഞു കൊണ്ട് നടപ്പിനിറങ്ങിയ സ്കൂൾകുട്ടികളുടെ ഉത്സാഹം നമുക്കുമുണ്ടായിരുന്നു.
‘അമ്മേ ,ഇതാണ് പോപ്പി പൂക്കൾ.ചുവന്ന പട്ടിന്റെ ചിറകുകളുള്ള കറുത്ത കണ്ണുകൾ…’ ഇതളുകൾ നിറം മങ്ങിയ ഒരു പോപ്പിപ്പൂവിന്റെ ഒറ്റക്കണ്ണിലേക്ക് നോക്കി ഞാൻ നിന്നു.’ആരെ നീ പ്രേമിക്കുന്നു’വെന്നു നീ ചോദിച്ചു.കണ്ണാടിയുടെ തുണ്ട് പോലെ മൂർച്ചയുള്ളതും എന്നാൽ തരളവും അബലവുമായ ബാലിശപ്രേമങ്ങളെ കേൾക്കെ, നീ പൊട്ടി ചിരിച്ചു. അമ്മ നമുക്ക് പിന്നിലാണ് നടന്നത്. അമ്മ, നമ്മൾ ചിരിക്കുന്നത് മാത്രം കേട്ടു.
വേനൽ തിരികെ എത്തുമ്പോൾ അമ്മ മടങ്ങുകയായിരുന്നു.മരങ്ങളിൽ ഇലകൾ പൊടിച്ചു തുടങ്ങിയിരുന്നു. വേലിത്തലപ്പിൽ കാട്ടു പൂക്കളുടെ അധിനിവേശകാലം. പിന്നെയും നമ്മൾ വിയർത്തു കൊണ്ട് ലിവിങ് റൂമിൽ നിന്ന് കിടപ്പു മുറിയിലേക്ക് അഭയം പ്രാപിച്ചു. വിളക്കുകൾ അണഞ്ഞ് ഇരുട്ട് മൂടുകയായിരുന്നു.ഞാൻ നിനക്ക് അരികിലേക്ക് നീങ്ങി – ഇളിച്ച ചിരിമുഖം ഉള്ളൊരു ഏകാന്ത മൽസ്യമായ് ചിറകുകൾ ഇളക്കിക്കൊണ്ട് ഞാൻ നിന്നെ ചുറ്റിപ്പറ്റി. മുൻപേ വന്നു പോയ വേനലിലെ പോലെ തന്നെ,കമിഴ്ന്നു കിടന്നുകൊണ്ട് നിന്റെ പാദങ്ങളിൽ ഞാൻ തല ചേർത്തു വച്ചു.പെരുവിരലിൽ അരുമമായ് കൊത്തി നോവിച്ചു.
വെന്റിലേറ്റർ ഹോളിലൂടെ അരിച്ചിറങ്ങിയ പകൽവെളിച്ചത്തിന്റെ കൂർത്ത സൂചി എന്റെ കണ്ണുകളെ നോവിച്ചു. കണ്ണുകൾ അടച്ചു പൂട്ടിക്കൊണ്ട് ഞാൻ നിന്നെ ഇരുട്ടിന്റെ പടുതികളിലേക്ക് വലിച്ചിട്ടു. പൊടുന്നനെ നീ വെളിച്ചത്തെ ആശ്ലേഷിക്കുന്നു. ജനാലമറകൾ നീക്കി പകലിനെ ക്ഷണിച്ചിരുത്തുന്നു. അരണ്ട നിറങ്ങളിലേക്കത് മടങ്ങിയകലുമ്പോൾ ഇടനാഴികളിൽ നീ നിയോൺ വിളക്കു മാലകൾ തെളിയ്ക്കുന്നു. അനന്ത സംഖ്യകളിലേക്ക് പരിവർത്തനപ്പെടാനും, വെളിച്ചം ചിതറിയ ഉപരിതലത്തിലേക്ക് നീന്താനും തുടങ്ങുകയായിരുന്നു നീ.
എങ്കിലും, നീ ഇടയ്ക്കിടെ മടങ്ങിവന്ന് ഇരുട്ടിന്റെ ചുഴിയിൽ,റോന്തുകളിൽ എനിക്കൊപ്പം നീന്തി. എങ്കിലും ഞാൻ അറിഞ്ഞു; നീ ഒരുങ്ങുകയാണെന്ന്, മടക്കമില്ലാത്ത യാത്രയ്ക്ക്, ഒടുക്കമില്ലാത്ത പകലിന്റെ ഭൂമികയിലേക്ക്.
ഒടുവിലൊരു ഫ്രഞ്ച് ചലച്ചിത്രം; പാതിയിൽ അതിനെ ഉപേക്ഷിച്ചു കൊണ്ട് നീണ്ട സംഭാഷണത്തിനായി മുറിയ്ക്കു പുറത്തേക്ക് നീ ചെല്ലുമ്പോൾ വേനൽ ഒടുങ്ങുന്നത് ഞാൻ അറിഞ്ഞു. മഴയുടെ നേർത്ത തുണ്ടുകൾ എന്റെ കൺതടങ്ങളിൽ കുതിർന്നൊട്ടി. നിന്റെ വിവാഹം നിശ്ചയിച്ചിരുന്നു.
നേരിയ തണുപ്പുള്ള മഴക്കാലത്ത് ഒരു സായാഹ്നം, നനഞ്ഞ മുടി തോർത്തിക്കൊണ്ട് നീ വാതിൽ തുറന്നു. പരിണാമപ്രക്രിയയ്ക്ക് വിധേയപ്പെടുന്ന, മത്സ്യത്തിൽ നിന്നു കൂർമത്തിലേക്ക് മൊഴി മാറുന്ന ജാള്യത്തിൽ നീ എനിക്ക് നേരെ പുഞ്ചിരിയ്ക്കുകയായിരുന്നു. ഞാൻ നിന്റെ അറ്റു വീണ സ്ഫടിക ചിറകുകളെ വാങ്ങി ഓമനിച്ചു. മുതുകിനു കടുപ്പം വന്നു ഭാരമേറുന്നതിൽ നീ പരിഭവിച്ചു. ഈ പ്രക്രിയയിൽ അത് സർവ സാധാരണമെന്നു ഞാൻ ഓർമിപ്പിച്ചു. ജലോപരിതലത്തിൽ, കടും നിറ വെളിച്ചം നിന്നെ ഭയപ്പെടുത്തിയെന്ന് നീ പരിഭവിച്ചു.ആശങ്കപ്പെട്ടു കൊണ്ട് തിരികെ എത്തുമ്പോൾ ഞാൻ നിന്നെ ആശ്വസിപ്പിയ്ക്കുയായിരുന്നു.
‘മടങ്ങി പോകുക.വെളിച്ചം നിന്റെ കണ്ണുകളെ വേദനിപ്പിക്കും.എങ്കിലും പോകുക.’
‘ഈ വേദനകൾ നിനക്കെങ്ങനെ അറിയാം ?’
‘ഞാൻ വെളിച്ചത്തെ സ്വപ്നം കാണുമായിരുന്നുവല്ലോ. കിനാകാഴ്ചകളിൽ, എന്റെ കണ്ണുകളെ വെളിച്ചം കുത്തി വേദനിപ്പിച്ചിരുന്നു.’
സിദ്ധാർത്ഥൻ , ഞാൻ നിന്റെ വീടിന്റെ കോണി ഇറങ്ങി മുറ്റത്തു നിന്നു.പതിവ് പോലെ, ഒരു മാതളത്തിന്റെ ഇല പറിച്ചു കൊണ്ട്… മധുമാലതി പടർപ്പിന്റെ ഒരു കുല അടർത്തു കൊണ്ട്… അതിന്റെ വിളറിത്തൊഴിഞ്ഞ പൂവുകളിലേക്ക് പകൽ വാടി മറയുന്നത് കണ്ടു കൊണ്ട്…
സിദ്ധാർത്ഥൻ, ഇപ്പോൾ നിന്റെ കയ്യിൽ മുല്ലപ്പൂവിന്റെ വെളുപ്പ് നിറയുന്നു.കൈത്തലങ്ങളിൽ മുല്ലപ്പൂമണം ചതഞ്ഞു ചേരുന്നു. ആഴചേറിന്റെ ഗന്ധം വിട്ടകന്നു, ഉപരിതലത്തിലേക്ക് ചെന്ന് വെളിച്ചമുണ്ട് കൊണ്ട് നീ കരയിലേക്ക് ഇറങ്ങി നടന്നു മറയുന്നത്, ഞാൻ അറിയുന്നു.
‘ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ!’ (ക്ഷയത്തിൽ നിന്ന് ത്രാണനം ചെയ്യിക്കുന്നത് എന്താണോ അത് ക്ഷേത്രം.)
ക്ഷേത്രത്തിന്റെ പാദശില ചവിട്ടിക്കടന്നുകൊണ്ട് വധുവിന്റെ കൈ പിടിച്ചു ചുറ്റെടുത്ത് കൊണ്ട് നീ നടന്നകലുമ്പോൾ ഇരുട്ടിൽ, ഇരുട്ടിന്റെ ഒടുവിലത്തെ ഒഴുകുന്ന പടിയിൽ, നിന്റെ നീലവിരിയുടെ ഞൊറിവുകളിലേക്ക് ഞാൻ മുഖം പൂഴ്ത്തി.കമിഴ്ന്നു കിടന്നു കൊണ്ട് ഞാൻ കൊതിച്ചു. ലിച്ചി പഴച്ചാറ്.
വിനിമയത്തിന്റെ തുരങ്കവാതിൽ നീ എന്നേക്കുമായി അടച്ചിരുന്നു. ലോകത്തിന്റെ പരിണാമ നിയമം ആണതെന്നു നമ്മൾ അറിഞ്ഞിരുന്നു. പരിണാമത്തിന്റെ നിയമങ്ങൾ കർക്കശമായിരുന്നു. നമുക്ക് മറികടക്കാൻ സാധിക്കില്ല തന്നെ.
ഓ ! വംശ നാശം സംഭവിച്ച അനേകം ജലജീവികളുടെ പുസ്തകത്തിലേക്ക്, ഞാൻ എഴുതിച്ചേർക്കപെടുകയാണ്.
സിദ്ധാർത്ഥൻ, Oxymoron-കളുടെ കൗതുക ഡിക്ഷനറിയിൽ ഞാൻ നിന്നെ പറ്റിച്ചേരുന്നു. അറ്റു പോകാനാകാതെ അസംബന്ധമായൊരു വിരോധഉക്തിയുടെ തുറുങ്കിൽ ഞാൻ പിടയുകയാണ്.
Mob: