മരിച്ചു കഴിഞ്ഞ മരത്തിന്റെ
നീലിച്ച വേരുകളെ
താലോലിച്ചുകൊണ്ട്
അനാഥമായി റോഡരികിലിരിക്കുന്നുണ്ട്
ചില മണ്ണോർമകൾ,
പുറന്തോടു പൊട്ടിച്ച്
കാൽവിരലൂന്നി
നെഞ്ചിലേക്കിറങ്ങിയത്,
കുഞ്ഞിക്കൈകളായി
ഇളം പച്ചകൾ
ചുരുണ്ടു വിടർന്നത്,
ഉയർന്നുയർന്ന്
പൂക്കളായി ചുവന്നു ചിരിച്ചത്,
തേനൂറുന്ന മധുരങ്ങളായി
ഉമ്മ വച്ചു തുടുപ്പിച്ചത്,
ഒരുമിച്ച് കൊണ്ട
വെയിൽചീളുകളെത്ര
മഞ്ഞുവീഴ്ചകളെത്ര,
മഴത്തോരലുകളിലെ
പെയ്തുതുടങ്ങലുകളെത്ര,
വേരോട്ടങ്ങളുടെ
പ്രണയമണത്തിലും
ഇളം ചൂടിലും
തളിർത്ത് നിൽക്കുന്ന
മൺതരിയുടലുകൾക്കു മീതേ,
ഒരു വെളുപ്പിൽ
ഞെട്ടറ്റ പച്ചക്കൂട്ടങ്ങൾ
വേദനയുടെ കറമണമുള്ള
മുറിഞ്ഞ ഞരമ്പുകൾ
കിളിമറന്ന കൂടുകൾ,
നനവാറിയ തണലിടങ്ങൾ,
നക്ഷത്രങ്ങളേറ്റുവാങ്ങിയ
ഇരുൾപച്ചത്തുടിപ്പുകൾ…
വരണ്ടുണങ്ങി നീറുന്ന
ഓർമകളുടെ വിഭ്രാന്തികളിൽ
വീശുന്നുണ്ട് കാറ്റിെപ്പാഴും
മാഞ്ഞുപോയ ചില്ലകളിൽ,
ഓരോയിടങ്ങളിലും
പരതിമടങ്ങി തളർന്ന്
നഷ്ടപ്പെടലിന്റെ വേവിൽ
മണ്ണിങ്ങനെ വിളറുമ്പോൾ,
ഉള്ളടരുകളിലെ കാടിളകുന്നു
കാട്ടാറ് വഴിതെറ്റിയൊഴുകുന്നു…