ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും അവിടത്തെ ഭാഷ സംസാരിക്കാനെങ്കിലും പഠിക്കണമെന്നുള്ളത്. അതൊരു അലിഖിത നിയമമാണ്. കാരണം, ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാഷയിലൂടെ മാത്രമേ ഏതൊരു നാട്ടിലെയും സംസ്കാരവുമായി ഇഴുകിച്ചേരാനാവുകയുള്ളൂ.
ഇന്ത്യയിലെ അന്യഭാഷാസംസ്ഥാനങ്ങളിൽ മാത്രമല്ല, എല്ലാ വിദേശരാജ്യങ്ങളിലും മലയാളികളെത്തി പലവിധ ഉപജീവനമാര്ഗങ്ങള് സ്വീകരിച്ച് കഴിഞ്ഞുവരുന്നുവെന്നുള്ള വസ്തുതയിൽ ഇന്ന് അതിശയോക്തിയൊന്നുമില്ല. ആംസ്ട്രോംഗ് ചന്ദ്രനിൽ കാല് കുത്തിയപ്പോള് അവിടെ ചായക്കച്ചവടം നടത്തുന്ന മലയാളിയെ കണ്ടുമുട്ടുകയുണ്ടായെന്ന തമാശ പോലും ഉദാഹരണമാക്കിയാണേല്ലാ മലയാളിയുടെ പ്രവാസജീവിതത്തെക്കുറിച്ച് നാം ഊറ്റംകൊള്ളുന്നത്.
എന്നാൽ മലയാളി എവിടെയെത്തിയാലും അവിടത്തെ ഭാഷ യാന്ത്രികമായല്ലാതെ ആത്മാര്ത്ഥമായി സ്വായത്തമാക്കുന്നതിൽ താത്പര്യം കാട്ടുന്നുണ്ടോ എന്ന് ഒരു ആത്മപരിശോധന നടത്താനുള്ള കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു എന്നുവേണം പറയാൻ.
ഇത്തരമൊരു വൈരുധ്യത്തിൽ ഊന്നൽ നല്കുന്നതാണ് മുംബൈ മലയാളികൾ മറാഠിഭാഷ സ്വായത്തമാക്കുന്നതിൽ പ്രകടമാക്കുന്ന വൈമുഖ്യം.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാനഭാഷ നമ്മുടെ ദേശീയഭാഷയായ ഹിന്ദിയാണെന്നുള്ള കാര്യം സമ്മതിച്ചുകൊടുക്കാം. ലക്ഷക്കണക്കിന് മലയാളികളും അതേ അനുപാതത്തിൽ മറ്റ് അന്യസംസ്ഥാനക്കാരും ഒപ്പം മഹാരാഷ്ട്രക്കാരുമുള്ള ഒരു മെട്രോപൊളിറ്റൻ നഗരമായ മുംബൈയിലെയും പ്രധാന സംസാരഭാഷ ഹിന്ദിതന്നെ.
മലയാളികളെ സംബന്ധിച്ചിടത്തോളം ഇതൊരു പിടിവള്ളിയാണ്. ശുദ്ധമായിട്ടില്ലെങ്കിലും തത്കാല വിനിമയത്തിനായി മലയാളികൾ ഈ ഭാഷ ഏതാണ്ടൊരുവിധം പറഞ്ഞൊപ്പിക്കുന്നു.
എന്നാൽ ഇവിടത്തെ അടിസ്ഥാനഭാഷയായ മറാഠിയെ മലയാളികൾ ഇപ്പോഴും പുച്ഛത്തോടും ഒരുതരം പേടിയോടും കൂടിയാണ് വീക്ഷിക്കുന്നതെന്നുള്ള യാഥാര്ത്ഥ്യം മറച്ചുവയ്ക്കാനാവുകയില്ല. അതിനാൽ ആ ഭാഷ സംസാരിക്കാൻ പഠിക്കാനുള്ള ഒരു സന്മനസ്സ് പോലും മുംബൈ മലയാളികൾക്കിടയിൽ കാണുന്നില്ല. 40-ഉം 50-ഉം വര്ഷങ്ങളായി ഇവിടെ സ്ഥിരതാമസമാക്കി വരുന്നതായി അഹങ്കാരം കൊള്ളുന്ന മലയാളികളിൽ നല്ലൊരു വിഭാഗത്തിന് മറാഠിയിൽ ഒരു വരിയെങ്കിലും പറയാനോ കേട്ടാൽ മനസ്സിലാക്കാനോ കഴിയാത്തതും അതുകൊണ്ടുതന്നെയാണ്.
മുംബൈയിലെ (മഹാരാഷ്ട്രയിലെ) ഔദ്യോഗികഭാഷ ഇപ്പോൾ മറാഠിയാണ്. അതിനാൽ പോലീസ് സ്റ്റേഷനുകളിൽ പോലും പരാതി സ്വീകരിക്കുന്നത് മറാഠിയിലാണ്. ഇത്തരം സാഹചര്യങ്ങൾക്കിടയിൽ, മറാഠിഭാഷ സംസാരിക്കാനറിയുന്നവരും ഒരു നിശ്ചിത കാലം മുതൽ ഇവിടെ താമസിച്ചു വരുന്നവർക്കും മാത്രമേ ഇവിടെ തുടരാനവകാശമുള്ളൂ എന്ന ശിവസേന തലവൻ ബാൽ താക്കറെയുടെ ആ പഴയ മണ്ണിന്റെ മക്കൾ വാദം മഹാരാഷ്ട്രയുടെ കുത്തക ഏറ്റെടുത്ത് അവസരോചിതമായ ചില ഇളവുകളോടെ എം.എൻ.എസ്. നേതാവ് രാജ് താക്കറെയെപ്പോലുള്ളവര് ഇടയ്ക്കിടെ ആവർത്തിക്കാറുണ്ട്. ഇത്തരം തീട്ടൂരങ്ങൾ മുഖവിലക്കെടുക്കാതെ തന്നെ ഇവിടെ കഴിയുന്ന മലയാളികളടക്കമുള്ള എല്ലാ പ്രവാസികളും മറാഠിഭാഷ പഠിക്കണമെന്നത് ധാർമികമായ ഒരു ഉത്തരവാദിത്തം തന്നെയാണ്.
അതേസമയം It is not easy to teach an old lazy dog എന്ന ഇംഗ്ലീഷ് ചൊല്ലിനെ അന്വര്ത്ഥമാക്കുന്നതാണ് ഇനിയും മറാഠി സംസാരിക്കാൻ കഴിയാത്ത ഇവിടത്തെ പഴയ മലയാളികളുടെ അവസ്ഥ. എങ്കിലും അവരുടെ സന്തതികളായ പുതിയ തലമുറക്കാര് മറാഠി ഭാഷ എല്ലാ വിധത്തിലും കൈകാര്യം ചെയ്യാൻ പ്രാപ്തരാണെന്നുള്ള കാര്യം ആശ്വാസകരവും അഭിമാനകാരവുമാണ്.
എന്നാൽ ആ പുതിയ തലമുറക്കാര്ക്ക് അവരുടെ മാതൃഭാഷയായ മലയാളം അന്യമായിക്കൊണ്ടിരിക്കുകയല്ലേ എന്ന ആശങ്കാജനകമായ ഒരവസ്ഥയും സമീപകാലം വരെ നിലനിന്നിരുന്നു. അതിനൊരു പരിഹാരമാണ് ഇവിടെ തുടർന്നു വരുന്ന കേരള സർക്കാരിന്റെ മലയാളം മിഷൻ പ്രവർത്തനങ്ങൾ.
Mobile: 80971