മുംബയ് പ്രതിഭ തിയേറ്റേഴ്‌സിന്റെ 44-ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ അരങ്ങേറിയ ‘അവൻ അടുക്കളയിലേക്ക്’ എന്ന നാടകം മുംബയ് മലയാള നാടകവേദി ഇപ്പോഴും ബാലാരിഷ്ടതകൾ പിന്നിട്ടിട്ടില്ല എന്നു വെളിവാക്കുന്നു. പ്രമേയത്തിലോ അവതരണത്തിലോ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ നാടകം ബെന്നി എബ്രഹാം, രതി ഷാജി, ജയിംസ് മണലോടി എന്നിവരുടെ മോശമല്ലാത്ത അഭിനയം കൊണ്ടുമാത്രം കാണികളെ ആകർഷിക്കുന്നു. മുംബയിലെ തിരക്കേറിയ ജീവിതവ്യായാമത്തിനിടയിൽ ഈ നാടകം ഇത്രയെങ്കിലുമെത്തിയല്ലോ എന്ന് സ്വാഗതപ്രസംഗത്തിൽ പറയുന്ന പ്രദീപ് റോയിയോട് ഒപ്പം നിൽക്കാനേ കാണികൾക്കാവുന്നുള്ളൂ. 127-ലധികം നാടകങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിനുപോലും ഈ നാടകത്തെ രക്ഷിക്കാനായില്ല എന്ന സത്യം ബാക്കിനിൽക്കുന്നു.
മുംബയ് ദിനപത്രങ്ങളിൽ കാർടൂണിസ്റ്റായ ജയിംസ് മണലോടിയുടെ സംവിധാനരംഗത്തെ ആദ്യസംരംഭമാണ് ഈ നാടകം. തരക്കേടില്ലാത്ത അഭിനയത്തിലൂടെ മുംബയ് നാടകവേദിയിലെ ഒരു നിറഞ്ഞ സാന്നിദ്ധ്യമായ മണലോടി സിനിമയിലും തന്റെ അഭിനയചാതുര്യം തെളിയിച്ചിട്ടുണ്ട്. പക്ഷേ നാടകവേദിയിൽ
വന്നിട്ടുള്ള ശക്തമായ പരീക്ഷണങ്ങളെ ഉൾക്കൊള്ളാൻ മുംബയ് പ്രേക്ഷകർക്കായിട്ടില്ല എന്ന തെറ്റിദ്ധാരണ സംവിധായകനെ കാതങ്ങൾ പിറകോട്ട് വലിക്കുകയാണ്.
കേരള നാടകവേദി ഇന്ന് അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധ നേടുമ്പോൾ പഴകി ദ്രവിച്ച പ്രമേയങ്ങളും അവതരണങ്ങളുമായ പ്രൊഫഷണൽ നാടകമെന്ന തട്ടകത്തിൽ പിടിച്ചുനിൽക്കുന്ന മുംബയ് മലയാളികൾ പുതിയ അവതരണശൈലി പരീക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 44 വർഷം കഴിഞ്ഞു എന്നവകാശപ്പെടുന്ന ‘പ്രതിഭ’യെ പോലുള്ള സംഘടനകൾക്ക് ഇപ്പോഴും മുന്നിലേക്ക് കടന്നുചിന്തിക്കാനാവുന്നില്ല എന്നത് വളരെ പരിതാപകരമാണ്.
സംഭാഷണത്തിലെ അപാകതകൾ റിഹേഴ്‌സലിന്റെ അഭാവത്തെ വ്യക്തമാക്കുന്നു. അതുപോലെതന്നെ സെറ്റും വെളിച്ചവുമെല്ലാം കാണികളെ നിരാശപ്പെടുത്തുന്നതായി. റിഹേഴ്‌സൽ ക്യാമ്പുകൾ ഗൗരവമായി കാണാൻ വിസമ്മതിക്കുന്നിടത്തോളം കാലം കാണികൾക്കു മുന്നിൽ ഒരു പ്രൊഫഷണലാകാൻ അഭിനേതാവിനാവില്ല.