കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ് 1902-ൽ ബ്രസീലിൽ മിനാസ് ജറാസിലെ ഇറ്റാബിറ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ഖനിത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമാണ് ഇറ്റാബിറ. ബ്രസീലിയൻ ആധുനികതയുടെ മുഖ്യ വക്താവും ബ്രസീലിലെ ഏറ്റവും പ്രമുഖ കവിയുമായിരുന്നു കാർലോസ്. തികച്ചും സ്വകീയമായ ഒരു കാവ്യശൈലിയാണ് കാർലോസിന്റെ മുഖ്യ സംഭാവന. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജീവസ്സുറ്റ, വ്യതിരിക്തമായ ഒരു കാവ്യശൈലിയായിരുന്നു അത്. മെറ്റാഫിസിക്കൽ കവിതകൾ, രാഷ്ട്രീയ കവിതകൾ, ഇറോട്ടിക് കവിതകൾ ഇങ്ങനെ വിഭിന്നങ്ങളായ കവിതകൾ രചിച്ചു. കവിതകൾക്കു പുറമേ സാഹിത്യ വിമർശനം, കമന്ററി, ചെറുകഥകൾ ഇവ എഴുതിയിട്ടുണ്ട്. ഒരു കോളമിസ്റ്റ് എന്ന നിലയിലും പ്രശസ്തൻ. അറുപത് വർഷത്തോളം ദീർഘമായ രചനാനുഭവങ്ങളുള്ള കാർലോസിന്റെ കവിതകൾക്ക് നിരവധി ഭാഷകളിൽ പരിഭാഷ വന്നിട്ടുണ്ട്. 1987ൽ മരണം.
കാർലോസിന്റെ കവിതകൾ ആദ്യമായി ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജോൺ നിസ്റ്റ് (John Nist) ആണ്. ഇലിസബത്ത് ബിഷപ്പ് എന്ന പരിഭാഷകയാണ് ആദ്യമായും ഫലപ്രദമായും കാർലോസിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.ഇലിസബത്തിന്റെ ‘ട്രാവലിങ് ഇൻ ദ ഫാമിലി’, സെലക്റ്റഡ് പോയംസ് (റാൻഡം ഹൗസ് ) ഇവ വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ സമാഹാരത്തിൽ ഗ്രിഗറി റബാസയും ഒരു കവിത വിവർത്തനം ചെയ്തിട്ടുണ്ട്. ഇവിടെ പരിഭാഷയ്ക്ക് അവലംബമായിട്ടുള്ളത് റിച്ചാഡ് സെനിത്ത് പരിഭാഷ നിർവഹിച്ച ‘മൾറ്റിറ്റ്യൂഡിനസ് ഹാർട്ട്’ (Multitudinous Heart) എന്ന ഗ്രന്ഥമാണ്. (പെൻഗ്വിൻ ബുക്സ്)
ഈ കുടുംബ ഫോട്ടോ
ആകെ പൊടിപിടിച്ചിരിക്കുന്നു.
എന്റെ പിതാവിന്റെ മുഖം നോക്കിയാൽ
നിങ്ങൾക്ക് കാണാനാവില്ല,
എത്ര പണം അദ്ദേഹം സമ്പാദിച്ചുവെന്ന്.
എന്റെ രണ്ട് അമ്മാവന്മാരെ നോക്കൂ
അവർ ചെയ്ത യാത്രകളുടെ മുദ്രകൾ
അവരിൽ കാൺമാനേയില്ല.
മഞ്ഞനിറം പിടിച്ചും മൃദുവായും ഇരിക്കുന്ന
മുത്തശ്ശിയിൽ ഏകശാസനാധികാരത്തിന്റെ
ഓർമ്മകളൊന്നും ശേഷിച്ചിരിപ്പില്ല.
കുട്ടികൾ എത്രയധികമാണ് മാറിപ്പോയത്.
സുന്ദര സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന
പെദ്രൊയുടെ മുഖം ശാന്തമായിരുന്നു,
ഷുയാവൊ മുൻപത്തെ പോൽ
ഒരു നുണയനേ ആയിരുന്നില്ല.
പൂന്തോട്ടം ഒരു സർറിയൽ
ചിത്രം പോലിരിക്കുന്നു.
പൂക്കൾ വൃത്താകാരം പൂണ്ടിരുന്നു.
മൃതമായ പാദങ്ങൾക്കടിയിലെ മണൽ
പുകമഞ്ഞിന്റെ സമുദ്രമായി മാറുന്നു.
അർധവൃത്താകൃതിയിൽ വിന്യസിച്ച
കസേരകളിൽ ചില ചലനങ്ങൾ
ശ്രദ്ധിക്കാവുന്നതാണ്.
കുട്ടികൾ തങ്ങളിൽ സ്ഥാനം വച്ചു മാറാൻ
ശ്രമിക്കുന്നു, നിശ്ശബ്ദം.
ഇതൊരു ഛായാചിത്രമാണ്.
ഇരുപത് വർഷങ്ങൾ വളരെ ദീർഘം.
മാറ്റിപ്പണിയും ഏത് രൂപത്തെയും
ഒന്ന് പതുക്കനെ മങ്ങുകയാണെങ്കിൽ
മറ്റൊന്ന് പുഞ്ചിരിച്ചു കൊണ്ട് സ്വയം
അവകാശം സ്ഥാപിക്കുന്നു.
അവിടെയിരിക്കുന്ന ആ അപരിചിതർ
എന്റെ ബന്ധുക്കളോ?
ഞാനതു വിശ്വസിക്കുന്നില്ല.
അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന
സ്വീകരണമുറിയിൽ
അവർ തമാശ പറഞ്ഞിരിക്കുന്ന
സന്ദർശകർ മാത്രം.
ചില കുടുംബ സവിശേഷതകൾ
അവരുടെ ശരീരനിലകളിൽ
അതിജീവിക്കുന്നുണ്ട്.
ഒരു ശരീരമെന്നത് നിറയെ
വിസ്മയങ്ങളാണ് എന്ന് സൂചിപ്പിക്കുവാൻ
വേണ്ടുവോളം .
ഈ ഛായപടത്തിലെ മനുഷ്യരെ
എന്തിനെന്നറിയാതെ ഒരു ചട്ടത്തിനുള്ളിൽ
കുടിയിരുത്തുന്നു.
ഇരുപ്പ് സ്വേച്ഛാപൂർവ്വമെങ്കിലും
ആവശ്യമെങ്കിൽ ഏതുനിമിഷവും
പറന്നകലാനിടയുണ്ട്.
ആ മുറിയുടെ നിഴലും വെളിച്ചവുമാർന്ന
വിരുദ്ധ ഭാവത്തിലേക്ക് സ്വയം അഴിഞ്ഞു
പോവുകയോ ഏതെങ്കിലും
ഗൃഹോപകരണങ്ങളുടെ
ഇടുക്കിലേയ്ക്കോ പഴയ കുപ്പായത്തിന്റെ
പോക്കറ്റുകളിലോ അവർക്ക്
ചെന്നു വസിക്കാം .
വീടിന് ധാരാളം മേശവലിപ്പുകൾ,
കടലാസ്സു സമുച്ചയങ്ങൾ, നീണ്ട
സ്റ്റെയർകേസുകളുണ്ട്.
വസ്തുക്കൾ ബോറടി മാറ്റാൻ മറ്റെന്തു
തന്ത്രമാണ് അവലംബിക്കേണ്ടത്?
കുടുംബചിത്രം ഒന്നും ഉരിയാടിയില്ല.
എന്റെ മങ്ങിയ കണ്ണുകളിലേക്ക് അത്
ഉറ്റുനോക്കിക്കൊണ്ടേയിരുന്നു.
മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ
എന്റെ ബന്ധുക്കൾ ചില്ലിനുള്ളിൽ
പെരുകിക്കൊണ്ടേയിരുന്നു.
ആര് പോയി ആര് ശേഷിച്ചു..
എനിക്കറിയില്ല… എനിക്കറിയില്ല.
ആകെയറിയുന്നത് ശരീരത്തിനുള്ളിലൂടെ
ഒഴുകുന്ന കുടംബം എന്ന
വിചിത്ര ആശയത്തെക്കുറിച്ചു മാത്രമാണ്.
പരിഭാഷ: ബെന്നി ഡൊമിനിക്
Mobile: 80861 88013