വിജനമായിരുന്നു
ഇരുട്ട് പരന്നിരുന്നു
ചില കിളിയൊച്ചകൾ ഒഴിച്ചാൽ
നിശബ്ദമായിരുന്നു
ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും
തളർച്ച ബാധിക്കാത്ത
മരച്ചോട്ടിലായിരുന്നു
ചിലർ ഉലാത്തുകയായിരുന്നു
മറ്റുചിലർ ഇരിക്കുകയും
ഇനിയും ചിലർ
മുഖം പൂഴ്ത്തിക്കിടക്കുകയുമായിരുന്നു
അവർക്ക് മുന്നിലേക്കാണ് വഴിതെറ്റിപ്പോയ
ആ പെൺകിടാവ് ചെന്ന് പെട്ടത്
അവളെക്കണ്ടപ്പോൾ
ഉലാത്തുന്നവരുടെ നാവ്
നീണ്ടു
മുഖം പൂഴ്ത്തിക്കിടന്നവർ
മുരി നിവർത്തി
എഴുന്നേറ്റു
ഇരിക്കുന്നവർ മൂർച്ചയോടെ
പരസ്പരം നോക്കി
അവളോ..
ഒരു കൂസലുമില്ലാതെ
അവർക്കിടയിലൂടെ നടന്ന്
പോയി
നുണ… കല്ലുവച്ച നുണ…
വിജനമായ ഇടം
കുറെ അവന്മാർ… നിശബ്ദത… ഇരുട്ട്
വഴിതെറ്റിപ്പോയ പെൺകുട്ടി….
എന്നിട്ടും ഒന്നും സംഭവിച്ചില്ല?
ഇല്ലന്നേ…
നായ്ക്കൾ
അങ്ങിനെയാണ്
ഇണയെ കൂട്ടം ചേർന്ന്
ആക്രമിക്കില്ല
ബലാത്സംഗം ചെയ്ത്
കുറ്റിക്കാട്ടിൽ തള്ളില്ല.