നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവിക്കുന്നത്. വ്യത്യസ്തമായ പുസ്തകങ്ങൾ പോലെയാണ് ഓരോ യാത്രയും; എല്ലാറ്റിനും വ്യത്യസ്തമായ അനുഭവങ്ങൾ! യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല.
‘കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം’ എന്നല്ലേ. അങ്ങനെയാവുമ്പോൾ എനിക്ക് എല്ലാം അതിമനോഹരമാണ്. കാരണം യാത്രകൾ വളരെ പരിമിതമായിരുന്നു എന്നുള്ളതു കൊണ്ടു തന്നെ.
വളരെ ആകസ്മികമായാണ് ജപ്പാനിലേക്കുള്ള യാത്ര ഒത്തുവന്നത്. ജപ്പാനിലേക്ക് യാത്ര പോയാലോ എന്ന് വികാരരഹിതമായി ഭർത്താവ് ചോദിച്ചപ്പോൾ കളിയാക്കുകയാണെന്നാണാദ്യം കരുതിയത്. എപ്പോഴും ‘സർപ്രൈസ്’ തരുന്നതിൽ ഇഷ്ടപ്പെടുന്ന അദ്ദേഹം ഇപ്രാവശ്യവും അതുതന്നെ ചെയ്തു. അങ്ങനെ ഉദയസൂര്യന്റെ നാട്ടിലേക്കു പോവാൻ തീരുമാനിച്ചു.
സമ്പന്നമായ സംസ്ക്കാരവും ചരിത്രവുമുള്ള രാജ്യമാണ് ജപ്പാൻ. സഞ്ചാരപ്രിയരുടെ സ്വപ്ന ഭൂമിയും.
ബോംബെയിൽ നിന്ന് യാത്ര തുടങ്ങിയ ഞങ്ങൾ മലേഷ്യ വഴി ജപ്പാനിൽ ടോക്ക്യേയിലെ നെരീറ്റ എയർപോർട്ടിലാണ് ഇറങ്ങിയത്. വളരെ നീണ്ട “ക്യൂ” ആയിരുന്നു എമിഗ്രേഷൻ കൌണ്ടറിനു മുന്നിൽ. എമിഗ്രേഷൻ ക്ലിയറൻസ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമയം രാവിലെ 11 മണിയായി. ഇന്ത്യയിലേക്കാൾ മൂന്നര മണിക്കൂർ മുൻപെ സഞ്ചരിക്കുന്നു ജപ്പാനിലെ ഘടികാരങ്ങൾ..
ചെറിയ വഴികളും കെട്ടിടങ്ങളുമടങ്ങുന്ന ഒരു കൊച്ചുപട്ടണമാണ് നെരീറ്റ . വഴിയിൽ വലിയ തിരക്കു കണ്ടില്ല. എങ്കിലും അതിന്നിടയിൽ തിരക്കിട്ട് എവിടെയൊക്കെയോ എത്തുവാനുണ്ടെന്ന മട്ടിൽ ധൃതിയിൽ നടക്കുന്ന ജാപ്പാനീസുകാർ. അതിന്നിടയിലൂടെ 42 പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഒരു ടൂറിസ്റ്റു ബസ്സിൽ ഏകദേശം 12 മണിയോടെ ഹോട്ടലിൽ എത്തിച്ചേർന്നു.
ഒരു ഡബിൾ കോട്ട്, ടി.വിയും മറ്റുമുള്ള മുറിയിൽ ഞങ്ങളുടെ ലഗ്ഗേജു കൂടി വെച്ചപ്പോൾ കഷ്ടിച്ചു നിന്നു തിരിയാനുള്ള സ്ഥലം മാത്രമേ ആ മുറിയിൽ ഉണ്ടായിരുന്നുള്ളു. ശുചി മുറിയിൽ എല്ലാം സെൻസറുകളാണ്. ടോയ്‌ലറ്റു സീറ്റിന്റെ താപനിലയും അവ ക്രമീകരിക്കുന്നു. കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ചീറ്റുന്ന സ്പ്രേകൾ ഹൈടെക് ആണ്. ഇതിലെ വെള്ളത്തിന്റെ താപനിലയും ചീറ്റുന്നതിന്റെ മർദ്ദവും ക്രമീകരിക്കാനുള്ള സൌകര്യവുമുണ്ട്. അവയേറെയും സ്വയം ശുചിയാക്കുന്നവയുമായിരുന്നു. പൊതുശൌചാലയങ്ങളും ഇപ്രകാരമായിരുന്നു. ജപ്പാൻ യാത്രയിലുടനീളം എന്നെ വല്ലാതെ ആശ്ചര്യചകിതയാക്കിയതും ഇവരുടെ ഈ വൃത്തി ബോധമായിരുന്നു.
പിറ്റേ ദിവസം രാവിലെ 8 മണിക്കു ഞങ്ങളുടെ യാത്ര തുടങ്ങി. ടോക്കിയോയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് സെൻസോജി എന്ന ബുദ്ധക്ഷേത്രം. അവിടത്തെ ഏറ്റവും ജനപ്രിയ ക്ഷേത്രമാണിത്. രണ്ടു കവാടങ്ങളും ഒരു നിര വർണ്ണാഭമായ കടകളും ഒരു പ്രധാന ക്ഷേത്രവും അഞ്ചു നിലകളുള്ള ഒരു പഗോഡയും അടങ്ങുന്ന ഒരു വലിയ വളപ്പിൽ മുഴുവൻ ക്ഷേത്രവും വ്യാപിച്ചു കിടക്കുകയാണ്. ഈ ക്ഷേത്രത്തിൽ ഉച്ചത്തിലുള്ള മന്ത്രോച്ചാരണങ്ങളോ ശബ്ദഘോഷങ്ങളോ ഒന്നുമില്ല. എല്ലാവരും കൈകൂപ്പി നിശബ്ദമായി നിൽക്കുകയാണ്. നിശ്ശബ്ദതയ്ക്കും അദൃശ്യമായ ഒരു ഭാഷയുണ്ടെന്ന് നമുക്കപ്പോൾ മനസ്സിലാവും. നമ്മുടെ ചിന്തയാണ് പ്രധാനം. എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതല്ല…. ക്ഷേത്രത്തിനു പുറത്ത് പ്രകൃതിയുടെ മടിത്തട്ടിൽ ധ്യാനിക്കുന്ന ശാന്തനായ ബുദ്ധപ്രതിമ . അവിടം ശാന്തമാണ് മനോഹരമാണ്…
.സുമിദാനദിയിലൂടെ ഒരു ബോട്ടുയാത്രയായിരുന്നു അതിനു ശേഷം.
നഗരത്തിന്റെ വിശാലദൃശ്യങ്ങൾ ആസ്വദിക്കാനുള്ള മാർഗ്ഗമാണ് സുമിദാനദിയിലൂടെയുള്ള യാത്ര. കപ്പലിൽ കേറി ഇരിപ്പിടങ്ങളിലിരുന്ന് കാറ്റാസ്വദിക്കാനും അതിമനോഹരമായ ആ നഗരത്തിന്റെ ഒരേകദേശ ദൃശ്യം തുറന്നു കാണാനും ഈ യാത്രയിലൂടെ സാദ്ധ്യമാവും. മുകളിൽ ചാരനിറത്തിലുള്ള ആകാശം; ചുറ്റും തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു.
ടോക്കിയോയിലെ വളരെ പ്രശസ്തമായ 634 മീറ്റർ ഉയരമുള്ള സ്കൈ ട്രീ ടവർ ദൂരെ ഉയർന്നു നിൽക്കുന്നത് ഗൈഡ് ഞങ്ങൾക്കു കാണിച്ച തന്നു. ഈ ടവർ ടോക്യോയുടെ സെൻട്രൽ ടവറാണ്. ഇത് ടോക്കിയോയുടെ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ടെലി കമ്യൂണിക്കേഷൻ ടവറാണെന്നും ഗൈഡ് പറഞ്ഞു തന്നു. ഈ നദിയിലൂടെയുള്ള യാത്ര അദ്വിതീയവും ശാന്തവുമായ ടോക്കിയോ കാഴ്ചകൾ കാണാനും ആസ്വദിക്കാനും സഹായിച്ചു. ചരിത്രപരവും വാസ്തുവിദ്യാപരവും അതിമനോഹരവുമായ ധാരാളം പാലങ്ങളെ വേർപെടുത്തി നദി മുറിച്ചു കടന്ന് അവക്കു താഴെയായി പോകുമ്പോൾ ഉണ്ടാകുന്ന ഒരു “ത്രിൽ” അതനുഭവിക്കുക തന്നെ വേണം. ശൈത്യകാലത്ത് ഇല പൊഴിച്ചു പൂത്തു നിൽക്കുന്ന ചെറിബ്ലോസം മരങ്ങൾ! അവ കാഴ്ചയുടെ ഒരു മായാപ്രപഞ്ചം തന്നെ ഒരുക്കി. ഈ പുഷ്പക്കൂട്ടങ്ങളെ കാണാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും സഞ്ചാരികളെത്താറുണ്ട്. ചുറ്റുപാടും ചെറിപൂക്കളുടെ അനന്തമായ കടൽ! അടിമുടി പൂത്തുനിൽക്കുന്ന മരങ്ങൾ നയനാനന്ദകരമാണ്.. .
“ഒരിക്കൽ ഫ്യൂജി കയറാത്തവൻ മണ്ടനാണ്, ഒന്നിലധികം കയറിയവനും” എന്നൊരു പഴഞ്ചൊല്ലുണ്ട്. ജപ്പാനിലെ ഏറ്റവും ഉയരമുള്ളതും പവിത്രവുമായ് കരുതുന്ന പർവ്വതമാണ് മൌണ്ട് ഫ്യൂജി. 3776 മീറ്റർ ഉയരമുള്ള ഈ പർവ്വതം മറ്റൊരു ലോകത്തേയ്ക്കുള്ള കവാടമായി കരുതുന്നവരാണ് ജപ്പാൻ ജനത. നല്ല തെളിഞ്ഞ ദിവസങ്ങളിൽ വല്ലാത്തൊരു വശ്യതയാണതിന്. പക്ഷേ മേഘങ്ങളുടെ മൂടുപടമില്ലാതെ ഫ്യൂജിയെ കാണുവാൻ പലപ്പോഴും സാധിക്കാറില്ല എന്നതാണ് വാസ്തവം.
നല്ല തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു. അസാദ്ധ്യ തണുപ്പും തോന്നി. മഴയുടെ ഒരു ചെറിയ ലാഞ്ഛനയും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫ്യൂജി മേഘങ്ങളാൽ മൂടപ്പെട്ടു കിടക്കുകയാണ്. അവിടെ ഒരു പർവ്വതം ഉണ്ടെന്നു പോലും വിശ്വസിക്കാനാവുന്നില്ല. പക്ഷേ പെട്ടെന്ന് മേഘങ്ങളെല്ലാം അപ്രത്യക്ഷമായി. മുഴുവനായി കാണാൻ സാധിച്ചില്ലെങ്കിലും തലമാത്രം കാണാനായി. വല്ലാത്തൊരനുഭൂതിയോടെ നോക്കിനിന്നു ഞങ്ങളേവരും. മൌണ്ട് ഫ്യൂജി എന്നാൽ Everlasting Life എന്നാണത്രെ അർത്ഥം. ജപ്പാന്റെ ചരിത്രത്തിൽ ഫ്യൂജി എന്നും ഒരു മുഖചിത്രമാണ്. മറ്റൊരഗ്നിപർവ്വതവും ഒരു രാജ്യത്തിന്റെ കലയും സംസ്ക്കാരവുമായി ഇത്രയധികം ബന്ധപ്പെട്ടിട്ടുണ്ടാവില്ല. മുഴുവനായും കണ്ടില്ലെങ്കിലും അതു മനോഹരമായിരുന്നു.
വളരെ സന്തോഷത്തോടെ അവിടെ നിന്ന് ഹിരോഷിമയിലേക്ക് തിരിച്ചു.ബുള്ളറ്റ് ട്രെയിനിൽ ആയിരുന്നു യാത്ര. അത് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു. 320 km വേഗതയിൽ ഓടുന്ന ഷിൻകാൻസെൻ (ബുള്ളറ്റ് ട്രെയിൻ ഷിൻകാൻസെൻ എന്ന പേരിലാണവിടെ അറിയപ്പെടുന്നത്) കൃത്യനിഷ്ഠക്കു പേരുകേട്ടതാണത്. 1964 മുതൽ പ്രവർത്തിക്കുന്ന ഈ ട്രെയിൻ ഇക്കാലമത്രയും ഒരു അപകടമോ അതിനെ തുടർന്നു ഉണ്ടാകുന്ന യാത്രക്കാരുടെ മരണമോ പരിക്കോ ഒന്നും ഉണ്ടായിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അത് ഈ സംവിധാനങ്ങളുടെ എൻജിനീയറിംഗ് മികവിനെയാണ് സൂചിപ്പിക്കുന്നത്.
ലോകത്തിലാദ്യമായി അണുബോംബു വർഷിച്ച ഹിരോഷിമയിലേക്കുള്ള യാത്ര ആകാംക്ഷാഭരിതമായിരുന്നു. 1945 Aug 6 ന് : 8.15നായിരുന്നു അവിടെയുള്ള ജനങ്ങൾക്ക് നേരെ അമേരിക്ക ആറ്റംബോംബാക്രമണം നടത്തിയത്. ഹിരോഷിമാദിനം എന്ന പേരിൽ ഇന്നും അവരതോർക്കുന്നു. രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താനായി അമേരിക്ക കണ്ടെത്തിയ അവസാനമാർഗ്ഗമായിരുന്നു ഈ അണുവായുധപ്രയോഗം. നിഷ്ക്കളങ്കരായ ജനതക്കുമേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടും ഭീകരത! പക്ഷേ ഇന്ന് ഹിരോഷിമകളും നാഗസാക്കികളുമൊക്കെ ജപ്പാൻ അതിജീവിച്ചു എന്നതാണ് യാഥാർത്ഥ്യം.. സത്യത്തിൽ ഹിരോഷിമയുടെ മണ്ണിൽ ചവിട്ടുമ്പോഴും ഒരു സാധാരണ ഹിരോഷിമക്കാരന്റെ മുഖത്തു നോക്കുമ്പോഴും ഒരു കുറ്റബോധത്തിന്റെ അനുതാപം നമ്മളെ ഉലക്കും.
നഗരവീഥിയിലൂടെ യുദ്ധസ്മാരകത്തിലേക്കെത്തിയതോടെ അന്തരീക്ഷത്തിനൊരു മാറ്റം വന്ന പോലെ തോന്നി. ഈ സമാധാന മ്യൂസിയം ലോകത്തോടു സംസാരിക്കുകയാണ്, അവർ അനുഭവിച്ച കെടുതികളെപ്പറ്റി. എത്ര നിരപരാധികളാണ് മരണപ്പെട്ടത്! അതിന്റെ അനുഭവക്കുറിപ്പുകൾ വരകളായും ഫോട്ടോകളായും വീഡിയോ ക്ലിപ്പുകളായും മറ്റും ഈ മ്യൂസിയം നമ്മോടു സംസാരിക്കും. ഇതെല്ലാം കണ്ട് ചിലർ കണ്ണു തുടക്കുന്നതു കണ്ടു. അതിൽ ബ്രിട്ടീഷുകാരും അമേരിക്കക്കാരുമുണ്ടായിരുന്നു. 1945 രാവിലെ അമേരിക്കയുടെ യുദ്ധവിമാനം അണുബോംബു വർഷിച്ചപ്പോൾ ആ നഗരത്തിലെ നിരപരാധികളായ ആബാലവൃദ്ധരുടെ മേൽ അതു തീമഴയായി പെയ്തിറങ്ങിയ ഭീകര ചിത്രങ്ങൾ കണ്ടാൽ ആരുടേയും കണ്ണിൽ അറിയാതെ നനവു പടരും. അഗ്നിയിൽ വെന്തുരുകിയ മക്കളെക്കുറിച്ചുള്ള വിവരണങ്ങൾ, കത്തിക്കരിഞ്ഞ അവരുടെ സ്ക്കൂൾ യൂണിഫോമുകൾ , ഉരുകിപ്പോയ അവരുടെ ചോറ്റുപാത്രങ്ങൾ, കുഞ്ഞു സൈക്കിളുകൾ , ഇവയൊക്കെ ആ ആണവയുദ്ധത്തിന്റെ ഭീകരത അനാവരണം ചെയ്യുന്നു. ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും ചിലവിട്ട ശേഷമേ ഇവിടന്നു പുറത്തുകടക്കാനാവൂ.
സഡാക്കോ സസാക്കി എന്നൊരു കൊച്ചുമിടുക്കിയെ പറ്റി പറയാതെ ഹിരോഷിമ പൂർണ്ണമാവില്ല. അവൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അവിടെ അണുബോംബിടുന്നത്. പക്ഷേ സഡാക്കോ മരണത്തിൽ നിന്നു അപ്പോൾ രക്ഷപ്പെട്ടെങ്കിലും മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തി വെച്ചു. കടലാസ്സു കൊണ്ട് ആയിരം കൊക്കുകളെ ഉണ്ടാക്കിയാൽ ഏതസുഖത്തിൽ നിന്നും രക്ഷപ്പെടാമെന്ന ഒരു വിശ്വാസം ജപ്പാൻകാർ വെച്ചുപുലർത്തിയിരുന്നു. ജപ്പാൻകാർക്ക് കൊക്കുകൾ പവിത്രങ്ങളായ പക്ഷികളാണ്. അങ്ങനെ കൂട്ടുകാരികളുടെ ഉപദേശപ്രകാരം സഡാക്കോ മരണക്കിടക്കയിലിരുന്ന് കടലാസ് കൊക്കുകളെ ഉണ്ടാക്കാൻ തുടങ്ങി. പക്ഷേ ആയിരം തികക്കാനായില്ല അവൾക്ക്. 644 എണ്ണം ഉണ്ടാക്കിത്തീർത്തപ്പോഴേക്കും മരണം അവളെ കീഴടക്കി കഴിഞ്ഞിരുന്നു. പിന്നീട് അവളുടെ കൂട്ടുകാരികൾ ബാക്കി 356 കൊക്കുകളേയും ഉണ്ടാക്കി, ആ കൊക്കുകൾക്കൊപ്പമാണ് അവളെ അടക്കം ചെയ്തത്. അവളുടെ ഓർമ്മക്കായി സ്വർണ്ണക്കൊക്കുമായി നിൽക്കുന്ന സഡാക്കോവിന്റെ ഒരു പ്രതിമ ഹിരോഷിമാ സമാധാന പാർക്കിൽ നമുക്കു കാണാം. അവിടെ ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു — “This is our cry , This is our prayer, Peace in the world.”.
സഡാക്കോവിനെ അനുസ്മരിച്ച് സമാധാനസന്ദേശങ്ങളുയർത്തി സ്മാരകത്തിൽ കടലാസ് കൊക്കുകളുണ്ടാക്കി ഇപ്പോഴും കുട്ടികൾ അവിടെ തൂക്കാറുണ്ട്.
പാതി ഉരുകിപ്പോയ ഒരു ബുദ്ധവിഗ്രഹത്തിനരികിലൂടെ മ്യൂസിയത്തിനു പുറത്തു വന്നപ്പോൾ ദൂരെ ജെൻബകു ഡോം (Genbaku Dome) അല്ലെങ്കിൽ ഹിരോഷിമ പീസ് മെമ്മോറിയൽ 78 കൊല്ലം മുൻപു നടന്ന ആക്രമണത്തിൽ കുറേയേറെ അവയവങ്ങൾ തകർന്നെങ്കിലും തല കുനിക്കാതെ നിൽക്കുന്നതു കണ്ടു. ഓർമ്മകൾ സ്മാരകങ്ങളായി നട്ടുവളർത്തിയ വിശാലമായ പാർക്കിൽ സഡാക്കോയുടെ ഭാഗ്യം ചെയ്ത പിൻഗാമികൾ ആർത്തുല്ലസിക്കുന്നു.
തിരിച്ചു നടക്കുമ്പോൾ ചരിത്രത്തിലെ ആദ്യത്തെ ആണവക്കുരുതിയിൽ ഹോമിക്കപ്പെട്ടവരുടെ പേരുകൾ എഴുതിവെച്ചിരിക്കുന്ന ശവകുടീരത്തിൽ മുന്നിൽ ഇതും എഴുതപ്പെട്ടിരിക്കുന്നു– ” ഇനിയീ തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.”(Rest in peace. For the error shall not be repeated)..
ഈ യാത്രയിൽ ഞങ്ങൾ സന്ദർശിച്ച ഏറ്റവും മനോഹരവും ശാന്തവുമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു ക്യോട്ടയിലെ അരാഷിയാമ ബാംബൂ ഫോറസ്റ്റ്. ഇതൊരു പ്രകൃതിദത്തമായ മുളംകാടാണ്. ആയിരക്കണക്കിനു മുളമരങ്ങൾ നിറഞ്ഞ ഈ സ്ഥലം ഒരു വ്യത്യസ്തമായ അനുഭൂതി തോന്നിച്ചു. ഉയർന്നു നിൽക്കുന്ന പച്ചമുളങ്കമ്പുകൾ തണലിന്റെ ഒരു മേലാപ്പു തന്നെ സൃഷ്ടിച്ചിരിക്കുന്നു. പ്രകൃതിയുടെ മനോഹാരിതയിൽ മുങ്ങി മുഴുകി ആ മുളങ്കാട്ടിലൂടെ നടക്കുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും തോന്നി. അതിമനോഹരമായ ഒരു കാഴ്ചയാണിത്. നിഗൂഢത തോന്നിക്കുന്ന ആ മുളങ്കാടുകളിൽ നിന്ന് തിരിച്ചു പോവാൻ എനിക്കു തോന്നിയില്ല. മനസ്സിലാക്കാൻ കഴിയാത്ത ഒരു കവിത പോലെ ആ മുളങ്കാടുകളുടെ സൌന്ദര്യം എന്റെ മനസ്സിൽ തുളുമ്പി നിൽക്കുന്നു.. ഞാനാ കാടുകളിൽ നിന്ന് തിരിച്ചു നടന്നപ്പോൾ എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അവിടെ ഉപേക്ഷിച്ച പോലെ തോന്നിപ്പോയി. മുളങ്കാടിനോടു തോന്നിയ പ്രണയമാവാം കാരണം. ത്യജിക്കേണ്ടി വന്നപ്പോൾ ,തിരികെ പോകേണ്ടി വന്നപ്പോൾ ഉണ്ടായ ആ വേദന വാക്കുകളിൽ വിവരിക്കാനാവില്ല…
ജപ്പാനിൽ ആദ്യമായെത്തുന്ന വ്യക്തി അവിടത്തെ വൃത്തിയും വെടിപ്പുമുള്ള റോഡുകളും നഗരങ്ങളും കണ്ട് ആശ്ചര്യപ്പെട്ടേക്കും. കാരണം അവ വൃത്തിയാക്കുന്ന ഒരു ജോലിക്കാരേയും ഞങ്ങളവിടെ കണ്ടില്ല. അതു മാത്രമല്ലാ മാലിന്യവും കടലാസ്സ് കഷണങ്ങളും നിക്ഷേപിക്കാനുള്ള dustbins ഉം ഒന്നുമവിടെ കണ്ടില്ല. അവിടെ ശുചിത്വം നടപ്പാക്കുന്നത് ജോലിക്കാരല്ലാ മറിച്ച് അവിടത്തെ ജനങ്ങൾ തന്നെയാണ് എന്നതാണ് വാസ്തവം. വളരെ കാലത്തെ മഹത്തായ ഒരു സംസ്ക്കാര പാരമ്പര്യമുണ്ടെന്ന് വീരവാദം മുഴക്കുന്ന നമ്മൾ അവരുടെ മുന്നിൽ ഒന്നുമല്ലെന്ന തിരിച്ചറിവ് – അതു മനസ്സിലാക്കിയാണ് ഞങ്ങൾ അവിടെ നിന്ന് പടിയിറങ്ങിയത്.
യാത്രകൾ തുടരുകയാണ്. ഇനിയും കൊതി തീരാത്ത യാത്രകൾ, ലക്ഷ്യമില്ലാത്ത വഴികൾ: അവയാണ് യാത്രയുടെ കാതൽ.