എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ എന്ന് ഒരാളെ മാറ്റി നിർത്തി പറയാനാവില്ല. അവരിൽ എല്ലാവരും പ്രമുഖർ തന്നെയാണ്. കാക്കനാടനും മുകുന്ദനും പുനത്തിലും സക്കറിയയും എം സുകുമാരനും സേതുവും എം പി നാരായണ പിള്ളയും പത്മരാജനും ഒക്കെ നമ്പർ വൺ ആണ്.

ഇവരൊക്കെ തന്നെ ഇവരുടെ ഏറ്റവും പ്രമുഖമായ കഥകൾ എഴുതിയതും അതു പ്രസിദ്ധീകരിച്ചതും എം ടി എന്ന പത്രാധിപരുടെ കാലത്താണ്.
കുറെ കഥകളൊക്കെ വന്നു കഴിഞ്ഞിട്ടാണ് ഇവരുമൊക്കെയായിട്ട് എം ടി ചെറിയ അടുപ്പമൊക്കെ കാണിച്ചുതുടങ്ങിയത്.
അതിൽ ചില രസകരമായ കഥകൾ ഉണ്ട്.
ഇവരിൽ പലരോടും എം ടി കൂടുതൽ അടുപ്പം കാണിച്ചിരുന്നു. പ്രത്യേകിച്ചും മുകുന്ദനോടും പുനത്തിൽ കുഞ്ഞബ്ദുള്ളയോടും.
പുനത്തിൽ വടകര ഹോസ്പിറ്റൽ നടത്തി കൊണ്ടിരുന്ന കാലത്ത് വല്ലപ്പോഴും എം ടി യുടെ ചെറിയ ചെറിയ അസുഖങ്ങൾ ചികിൽസിച്ചിരുന്നത് ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള ആയിരുന്നു. പലപ്പോഴും അസുഖ വിവരങ്ങൾ എം ടി ഫോണിൽ പറയും വടകര ഇരുന്നു കൊണ്ടു ഡോക്ടർ ചികിത്സക്കുള്ള മരുന്നുകൾ പറഞ്ഞു കൊടുക്കും. എം ടി അത് എഴുതി എടുക്കും.
എം ടി തിരിച്ചും പുനത്തിലിനെ ചികിൽസിച്ചിട്ടുണ്ട്. അത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ കൃതികളെ ആയിരുന്നു. പുനത്തിലിന്റെ ഇതിഹാസമാനമായ സ്മാരകശിലകളെ എം ടി നന്നായി ചികിൽസിച്ചിട്ടുണ്ട്. നോവലിനു സ്മാരകശിലകൾ എന്ന പേരിട്ടത് തന്നെ എം ടി ആയിരുന്നു. അതിന്റെ ഓരോ അദ്ധ്യായങ്ങളും എം ടി വെട്ടി തിരുത്തിയിരുന്നു എന്നു പുനത്തിൽ തന്നെ ഒരൂ എം ടി പതിപ്പിലേക്കുള്ള ലേഖനത്തിൽ എഴുതിയിട്ടുണ്ട്.
മരുന്ന് എന്ന നോവലും എം ടി ചികിത്സ ഏറ്റ കൃതിയാണ്. അവസാന കാലം വരെ എം ടി യോട് ആദരവും അതീവ ബഹുമാനവുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളക്ക്.
ഡൽഹി വാസത്തിൽ കഴിയുമ്പോഴാണ് എം പി നാരായണ പിള്ള കഥാകൃത്താവുന്നത്. കള്ളൻ, ജോർജ് ആറാമാന്റെ കോടതി, മുരുകൻ എന്ന പാമ്പാട്ടി തുടങ്ങിയ കഥകൾ എഴുതി പെട്ടെന്ന് പ്രസിദ്ധി നേടിയ നാരായണ പിള്ള 1960കളുടെ മദ്ധ്യത്തോടെ ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്നു. അവിടെ ‘ഫാർ ഈസ്റ്റേൻ എക്ണോമിക് റിവ്യൂ’വിൽ ജോലിയിലുമായി. അതുകൊണ്ട് മറ്റു പല കഥാകൃത്തുക്കളൊക്കെ എം ടി യെ കാണുകയും അറിയുകയും ചെയ്ത പോലെ നാരായണ പിള്ളക്ക് എം ടി യുമായി കാണാൻ അവസരങ്ങൾ ഒന്നും ഉണ്ടായില്ല.
നാരായണപിള്ളക്ക് എം ടി യുടെ സാഹിത്യത്തെ വലിയ ബഹുമാനമായിരുന്നു. എം ടി യുടെ ഇരുട്ടിന്റെ ആത്മാവ് എന്ന കഥയായിരുന്നു നാരായണ പിള്ളക്ക് ഏറ്റവും ഇഷ്ട്ടമായിരുന്നത്. ഹോങ്കോങ്ങിലേക്ക് പോയ ശേഷം നാരായണ പിള്ള അവിടെയിരുന്നു കഥകളൊന്നും എഴുതിയിട്ടില്ല. അങ്ങനെ പത്രാധിപർ-കഥാകൃത്തു ബന്ധവും കരിഞ്ഞു പോയിരുന്നു.
ഹോങ്ങോങ് ജോലി അവസാനിപ്പിച്ചു വന്നിട്ടു കല്യാണം കഴിക്കുകയും തുടർന്നു ജോലി വല്ലതും ചെയ്തേ ജീവിതം തുടരാൻ പറ്റൂ എന്ന ഞെരുക്കത്തിൽ ഒരൂ ടൂത്ത് പേസ്റ്റ് കമ്പനി സ്ഥാപിക്കുകയും താമസിയാതെ അതു പൊട്ടി പൊളിയുകയും ചെയ്തുവല്ലോ. ആ വകയിൽ കോഴിക്കോട് നിന്നു കുറച്ചു പൈസാ കിട്ടാനുള്ളതു വാങ്ങി എടുക്കാനായി നാരായണ പിള്ള കോഴിക്കോട് പോയി. സ്വാഭാവികമായിതോന്നി, എം ടി മാതൃഭൂമി ഓഫീസിൽ ഉണ്ടാവുമല്ലോ. മണി രാവിലെ പതിനൊന്നു കഴിയുന്നു. ഒന്നു കേറി കണ്ടു കളയാം. എം ടി യെ മുഖദാവിൽ കണ്ടിട്ടില്ല. ഡെൽഹിൽ ഒരൂ മീറ്റിങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ ദൂരെ നിന്നു കണ്ടിട്ടേയുള്ളൂ.

അങ്ങിനെ, എം ടിയുടെ ഓഫീസ് മുറിയിൽ ചെന്നു കേറി. കയ്യിലൊരു കടലാസ്സുമായി എം ടി എന്തോ ആലോചിച്ചു കൂട്ടുന്ന സമയമാണ്. മാനുസ്ക്രിപ്റ്റ് ആവാം. പുഞ്ചിരി പോലുമല്ലാത്ത ഒരൂ ചിരിയോടെ പത്രാധിപർ എം പി നാരായണ പിള്ളയെ സ്വീകരിച്ചു. സംസാരത്തിന് ഒട്ടും പിശുക്കില്ലാത്ത നാരായണ പിള്ള സംസാരത്തിന് എന്നും പിശുക്കുള്ള എം ടി യോട് പെട്ടെന്ന് കിട്ടിയ ഒരൂ വിഷയം എടുത്തു വീശി;
കല്ലായിയിലെ തടി വ്യാപരത്തെപ്പറ്റിയാണ് നാരായണ പിള്ള പറഞ്ഞു തുടങ്ങിയത്.
അതങ്ങു നീണ്ടു പോയി. ഉച്ചക്ക് ഒരൂ മണി വരെ. എം ടി അതീവ താൽപ്പര്യത്തോടെ അതു കേട്ടിരുന്നു. ഒരൂ മണി ആയെന്നു കണ്ടപ്പോൾ എം ടി പറഞ്ഞു, നമുക്ക് താഴെ പോയി ഊണു കഴിക്കാം എന്ന്. മാതൃഭൂമി ഓഫീസിന്റെ തൊട്ടടുത്തു തന്നെയുള്ള ഒരൂ മുസൽമാന്റെ ഹോട്ടലിൽ നിന്ന് നല്ല അസ്സൽ മീൻ കറിയും ചോറും വാങ്ങി കൊടുത്തു.
ഒരിക്കലും മറക്കാനാവാത്ത ആ ഊണ് മാത്രമല്ല നാരായണ പിള്ളയെ വശീകരിച്ചത്.
ആ സംഭവത്തെപ്പറ്റി നാരായണ പിള്ള പറഞ്ഞത് ഇങ്ങിനെ: തറവാട്ടിൽ പിറന്നവർക്കേ ഇങ്ങനെ തോന്നൂ. ഉച്ച വരെ തന്റെ മുമ്പിൽ ഇരുന്നു ഡയലോഗടിച്ച അതിഥിയെ ഒരൂ ഷേക്ക് ഹാന്റും തന്നു വിടാമായിരുന്നു. പക്ഷെ എം ടി തറവാടി ആയതു കൊണ്ടു ആഹാരത്തിനു സമയമായെന്നു കണ്ട് കൂട്ടിക്കൊണ്ടുപോയി രസികൻ ഭക്ഷണം വാങ്ങി കൊടുത്തു വിട്ടു.
ഒരൊറ്റ അക്ഷരം സാഹിത്യം പറഞ്ഞില്ല, ആ ഒന്നര മണിക്കൂർ സമയം രണ്ടു സാഹത്യകാരന്മാരും.
ഇടക്കെന്തോ ഗ്രാമങ്ങളിലെ കാറ്റിനെ പറ്റി എം ടി നാലുനാലര വാക്കു പറഞ്ഞു. വീണ്ടും എഴുതുമോ എന്നു പോലും എം ടി, ചോദിച്ചില്ല നാരായണ പിള്ളയോട്. എന്നാൽ വീണ്ടും എഴുതി, മാതൃഭൂമിയിൽ.. യാത്രക്കിടയിൽ, കടിഞ്ഞൂൽ, തുടങ്ങിയ കഥകൾ.
വി ബി ജ്യോതിരാജ് പുതിയ തലമുറയിലെ കഥാകൃത്തായിരുന്നു. എം ടി,
ജ്യോതിരാജിന്റെ കഥകൾ മാതൃഭൂമിയിൽ കൊടുത്തിരുന്നു. മാത്രവുമല്ല എം ടി ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്ന കോളത്തിൽ ജ്യോതിരാജിനെ പരാമർശിച്ചു സ്റ്റാർ ആക്കുകയും ചെയ്തു.
ഇത്തരുണത്തിൽ ജ്യോതിരാജ് ഒരുതരം ആശങ്കയുമില്ലാതെ കോഴിക്കോട് മാതൃഭൂമി ഓഫീസിൽ എം ടി യെ കാണാൻ പോയി. അര ഡസൻ കഥകളെങ്കിലും അപ്പോഴേക്കും ജ്യോതിരാജിന്റെ വന്നിരുന്നു മാതൃഭൂമിയിൽ.
എം ടി യുടെ മുറിയിൽ കടന്ന് ജ്യോതിരാജ് നിന്നു. എം ടി എന്തോ ആലോചിക്കുകയാണ്. മുമ്പിൽ കിടക്കുന്ന കസേര ചൂണ്ടി എം ടി ഇരിക്കാൻ ആഗ്യം കാട്ടി ജ്യോതിരാജിനോട്. ജ്യോതിരാജ് മുന്നിലെ കസേരയിൽ ഇരുന്നു. മൂന്നാലു മിറ്റിട്ട് ആയിട്ടും ഒറ്റ അക്ഷരം മിണ്ടുന്നില്ല. ജ്യോതിരാജ് താമസിയാതെ ആസ്വസ്ഥനാവാൻ തുടങ്ങി. എപ്പോഴോ എം ടി തന്റെ ദിശയിലേക്ക് നോക്കിയപ്പോൾ വെപ്രാളപ്പെട്ടു ജ്യോതി രാജ് പറഞ്ഞു.

ഞാൻ വി ബി ജ്യോതിരാജ്.
ഉത്സാഹമില്ലാതെ എം ടി ഒന്നു തലയാട്ടി.
പിന്നെയും മൗനം
ജ്യോതിരാജ് എണീറ്റു, പോകാനായി.അപ്പോൾ എം ടി പറഞ്ഞു: ‘ആ ജി എൻ പിള്ള അപ്പുറം ഇരിക്കുന്നുണ്ട് ഒന്നു പോയി കണ്ടോളൂ’.
ആശാകിരണങ്ങളൊക്കെ വറ്റിപോയ ജ്യോതിരാജ് ഇതാ എം ടി പറഞ്ഞത് അനുസരിക്കുന്നു.
ജി എൻ പിള്ളയുടെ മുമ്പിൽ പോയി കൈകൂപ്പി സ്വയം പരിചയപ്പെടുത്തി.
ഉടൻ തന്റെ കയ്യിൽ കിടക്കുന്ന മോതിരം ഊരിത്തരാൻ പറഞ്ഞു, ഇതാ വർധിച്ച ആശങ്കയോടെ ജ്യോതിരാജ് ഇനിയും പണയം വച്ചിട്ടില്ലാത്ത മോതിരം ഊരി ജി എൻ പിള്ളയെ ഏൽപ്പിക്കുന്നു. മോതിരം കയ്യിൽ കിട്ടിയപ്പോൾ ജി എൻ പിള്ള കല്പ്പിക്കുന്നു, ജ്യോതിരാജിനോട്, നാക്ക് നീട്ടൂ എന്ന്.
ജ്യോതിരാജ് പേടിച്ചവശനായി നാക്ക് നീട്ടി. നീട്ടിയ നാക്കിൽ ആ മോതിരം കൊണ്ട് ജി എൻ പിള്ള എന്തോ എഴുയിട്ടു പറഞ്ഞു: പോ പോയി എഴുതിക്കോ ഇനി.
എന്നിട്ട് മോതിരം മടക്കി കൊടുത്തു. വീണ്ടും എം ടി യെ ചെന്നു കണ്ടു ജി എൻ പിള്ളയെ കണ്ടു എന്നു പറയാൻ ശക്തി അശേഷം ഉണ്ടായിരുന്നില്ല.
കോഴിക്കോട് എം ടി യും കുറെ സുഹൃത്തുക്കളും പലപ്പോഴും ഒത്തു കൂടുമായിരുന്നു. മാതൃഭൂമി കാലത്ത്. പട്ടത്തുവിള കരുണാകരൻ, എൻ പി മുഹമ്മദ്, തിക്കോടിയൻ അരവിന്ദൻ തുടങ്ങിയവർ. ചിലപ്പോൾ ചീട്ടു കളിയാവും. അല്ലങ്കിൽ കടപ്പുറത്തെ മതിലിൽ ഇരുന്നുള്ള ചർച്ച ആവും. ഒരൂ ദിവസം കടപ്പുറത്തെ വലിയ ചർച്ചയൊക്കെ കഴിഞ്ഞു എല്ലാവരും അവരവരുടെ മാളങ്ങളിലേക്ക് പിരിഞ്ഞു പോയി. തിക്കോടിയനും പട്ടത്തുവിള കരുണാകരനും കൂടി നടന്നു വരുമ്പോൾ പട്ടത്തുവിള റോഡിനു എതിരെയുള്ള തപാൽ പെട്ടി നോക്കി തിക്കോടിയനോട് പറഞ്ഞു,
ഞാൻ ഇതൊന്നു പോസ്റ്റ് ചെയ്തിട്ട് വരട്ടെ എന്ന്.
അതെന്താ സാധനം?
കഥയാണ്; മാതൃഭൂമിയിലേക്ക് പോസ്റ്റ് ചെയ്യാനാണ്.
തിക്കോടിയൻ അത്ഭുതപ്പെട്ടു ചോദിച്ചു, ഇതുവരെ എം ടി ഒപ്പം ഉണ്ടായിരുന്നതല്ലേ. കയ്യിൽ ഏൽപ്പിക്കാമായിരുന്നില്ലേ?
ഇല്ല ഞാൻ അങ്ങിനെ ഒരിക്കലും ചെയ്തിട്ടില്ല.
കഥ പോസ്റ്റ് ചെയ്യാറാണ് പതിവ്
To
The Editor ന്.
ഉള്ളിൽ തീ ജ്വാലയുമായി ഒരൂ കവി എം ടി യുടെ ക്യാബിനിൽ കയറി ചെന്നു. മാതൃഭൂമിയിലെ എം ടി യുടെ രണ്ടാമൂഴമാണ്. നല്ലോണം കുടിച്ചിട്ടുണ്ട് കവി. കയ്ച്ചുരുട്ടിൽ ഒരൂ കവിതയുണ്ട്. അതു എം ടി വാങ്ങി ഉടൻ പണം കൊടുക്കണം.
എം ടി അതിന്റെ ബുദ്ധി മുട്ടൊക്കെ പറഞ്ഞു കൊണ്ട് കീശയിൽ നിന്നു തൽക്കാലം കുറച്ചു പൈസ എടുത്തു കൊടുത്തു. കവിത പിന്നെ അയച്ചു തരൂ എന്നും പറഞ്ഞു.
ഓ, ഈ അയ്യപ്പന് ദാനം തരുന്നോ എന്നായി കവി.
അവസാനം എം ടി ക്കു വല്ലാതെ ദേഷ്യം പിടിച്ചു. മുണ്ടൊക്കെ മടക്കി കുത്തി എം ടി കവിയെ നേരിടാൻ തുടങ്ങുമ്പോൾ അസിസ്റ്റന്റ് ശത്രുഘ്നൻ കയറി ചെല്ലുകയായിരുന്നു, എം ടി യെ ഒരൂ മാറ്റർ കാണിക്കാൻ. രംഗം അങ്ങിനെ ശാന്തമായി പര്യവസാനിച്ചു.
എം ടി യുടെ പത്രാധിപജീവിതത്തിലെ ആയിരത്തി ഒന്നു കഥകൾ എന്നൊരു പുസ്തകത്തിനു വലിയ സ്കോപ്പ് ഉണ്ട്. അനുചരർ അതിനു ശ്രമിക്കണം.