Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു പോകുന്ന പ്രണയം

രാജേഷ് കെ എരുമേലി March 29, 2020 0

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,
നിന്റെ സ്വരമൊന്നു കേൾക്കട്ടെ,
നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ
(ഉത്തമഗീതം)

വിശുദ്ധ പ്രണയത്തിന്റെ മാനിഫെസ്റ്റോ തുറന്നിടുകയാണ് ടി.ഡി. രാമകൃഷ്ണൻ തിരക്കഥയെഴുതി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് എ വി അനൂപ് നിർമിച്ച ‘ഓള്’ എന്ന സിനിമ. ഭ്രമാത്മകതയുടെയും അത്ഭുതത്തിന്റെയും ലോകം എക്കാലത്തും സിനിമയുടെ പരീക്ഷണമായി മാറിയിട്ടുണ്ട്. പ്രണയം തൊടുന്ന സിനിമകളിലധികവും ഫാന്റസിയുടെ ലോകത്തെയാണ് നിർമിക്കാറുള്ളത്. പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവൻ ഇത്തരമൊരു വാർപ്പ് മാതൃകയാൽ നിർമിക്കപ്പെട്ടതാണ്. അതിനുശേഷമുള്ള മറ്റൊരു പരീക്ഷണമാണ് ഓൾ. ഈ അർത്ഥത്തിൽ ഓളും ഫാന്റസിയെ മുൻനിർത്തി സമകാലിക പ്രണയ സങ്കല്പങ്ങളെയും സ്ത്രീ അനുഭവങ്ങളെയുമാണ് പ്രശ്‌നവത്കരിക്കുന്നത്.

ഷാജി എൻ. കരുൺ

നോവൽ എഴുത്തിൽ ടി.ഡി. രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഫാന്റസിയുടെ മറ്റൊരു കാഴ്ചയാണ് ഓളിലുമുള്ളത്. വലിയ വെല്ലുവിളിയാകാവുന്ന രംഗങ്ങളെ പരീക്ഷണത്തിന് വിധേയമാക്കുകയാണ് ടി.ഡിയും ഷാജിയും എന്നു വിലയിരുത്താം. സാങ്കേതിക വിദ്യയുടെ വളർച്ചയ്‌ക്കൊപ്പം പ്രണയത്തിന്റെ മാറ്റത്തെയും സിനിമ കണ്ടെത്തുന്നുണ്ട്. യോജിപ്പിനിടയിലും ചില വിയോജിപ്പുകളെ ചേർത്തു വച്ചു മാത്രമേ ഓളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മുന്നോട്ട് വയ്ക്കാൻ കഴിയൂ. വടക്കൻ മലബാറിന്റെ പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന സിനിമയെന്ന നിലയിൽ അവിടുത്തെ
മനുഷ്യരുടെ സംഭാഷണമാണ് സിനിമയിലുടനീളമുള്ളത്. പ്രണയം, ബലാത്സംഗം, സ്ത്രീകർതൃത്വം, അന്ധവിശ്വസം, ചരിത്രത്തിന്റെ ബദൽവായന, ഇത്തരത്തിൽ നിരവധി വിഷയങ്ങളോടുള്ള പ്രതികരണം/സംവാദം എന്ന നിലയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

പ്രണയത്തിന്റെ മുറിവും സ്ത്രീ ഉയിർത്തെഴുന്നേല്പും പ്രണയത്തെക്കുറിച്ച് ടോൾസ്റ്റോയ് അന്നാ കരേനീനയിൽ രേഖപ്പെടുത്തിയ വാക്കുകൾ സ്‌ക്രീനിൽ തെളിയുന്നതോടെയാണ് ഓൾ ആരംഭിക്കുന്നത്. വിശുദ്ധ പ്രണയമെന്നത് നുരഞ്ഞു പതയുന്ന വീഞ്ഞുപോലെയാണ്. എപ്പോഴും അത് മധുരം പകർന്നുകൊണ്ടേയിരിക്കും. എവിടെ നിന്നാണ് അവ ഒഴുകിയെത്തുന്നത് എന്ന് കാണാൻ കഴിയില്ലെങ്കിലും അത് ഹൃദയങ്ങളെ ചേർത്തുവയ്ക്കുന്നു. നിർമലമായ പാദങ്ങൾ പോലെയാണത്. ഇളംകാറ്റിലിളകുന്ന മുടിയിഴകളിലൂടെ ഒഴുകി നീങ്ങുന്ന കൈവരിൽപോലെ.
അങ്ങനെ അവസാനിക്കാത്ത നിർവചനങ്ങളായും അവസാനിക്കാത്ത വാക്കുകളായും വിശുദ്ധ പ്രണയം കാലത്തെ മറികടക്കുന്നു എന്നാണ് ഓൾ നൽകുന്ന പാഠം.

പ്രണയത്തിന്റെ ആഴമെന്നത് ഉടലും മനസും ചേരുന്നതാണെന്ന പുതുപാഠങ്ങൾ സജീവമാകുന്ന സവിശേഷ സന്ദർഭമാണിത്. ഇരുലിംഗ കേന്ദ്രിതമായ (ആൺ-പെൺ) പ്രണയത്തിനപ്പുറം എൽ ജി ബി റ്റി ക്യുർ സമൂഹങ്ങളുടെ പ്രണയം വരെ എത്തിനിൽക്കുന്ന സമയത്താണ് വിശുദ്ധ പ്രണയത്തെ വീണ്ടും കാഴ്ചയിലേക്ക് ഓള് കൊണ്ടുവരുന്നത്. വിശുദ്ധ പ്രണയത്തിന്റെ ആഴങ്ങളെ തുറന്നിടുന്ന നിരവധി സംഭാഷണങ്ങൾ സിനിമയിലുണ്ട്. പെണ്ണൊരു പൂവ് പോലെയാണ് തലയിലും ചൂടാം ചവിട്ടിയരയ്ക്കുയുമാകാം, നമുക്ക് നേരിട്ട് കാണാതെ പ്രണയിക്കാം, നിനക്കെന്റെ
സ്വപ്‌നം ചിത്രമാക്കാമോ, ‘ഹൃദയത്തിൽ എവിടെയാണ് പ്രണയം ഒളിപ്പിച്ചിരിക്കുന്നത്, സൗന്ദര്യം അനുഭവിക്കാൻ കഴിയുന്നൊരു വികാരമാണോ, പരിശുദ്ധ പ്രണയം നിഗൂഢതയാണ്, പലരും പെണ്ണുടലിൽ ഉടക്കിനിൽക്കുന്നു മനസ്സറിയുന്നില്ല’ തുടങ്ങിയുള്ള സംഭാഷണങ്ങൾ സിനിമയിലെ നായികാ കഥാപാത്രമായ മായ നായകനായ വാസുവിനോട് പറയുന്നതാണ്. തന്റെ പൂർവകാല അനുഭവങ്ങളാണ് ഇത്തരം കാഴ്ചപ്പാടുകൾ അവളിൽ പുതുപാഠമായി ഉയർന്നു വരുന്നത്. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് താൻ അഗാധമായി പ്രണിയിച്ചിരുന്ന റൂമിയെ മായയ്ക്ക് നഷ്ടമാകുന്നത്. ആ മുറിവുണങ്ങും മുമ്പേയാണ് നാലു പുരുഷന്മാരാൽ ബലാത്സംഗം ചെയ്യപ്പെട്ട് മായ കായലിൽ ഉപേക്ഷിക്കപ്പെടുന്നത്.

എല്ലാം നഷ്ടമായെന്നു കരുതുമ്പോഴാണ് വെള്ളത്തിൽ കിടക്കുന്ന മായ അശരീരി കേൾക്കുന്നത്. താൻ മരണത്തിന് കീഴടങ്ങേണ്ടവളല്ലെന്നും ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടവളാണെന്നും ആ സമയം മായ തിരിച്ചറിയുന്നു. പരിശുദ്ധമായ പ്രണയത്തിലൂടെ മാത്രമേ ഇത് സാധിക്കൂ.
രാത്രിയുടെ നിശബ്ദതയിൽ കായൽപ്പരപ്പിൽ തോണി തുഴഞ്ഞെത്തുന്ന ചിത്രകാരനായ വാസുവിനോട് തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് മായ പറയുന്നു. സ്ത്രീകർതൃത്വത്തെ ഉയർത്തുന്ന പ്രണയപാഠങ്ങളാണ് വാസുവിന് മുന്നിൽ മായ തുറന്നിടുന്നത്. പൗർണമി നാളിലാണ് ഇരുവരും പരസ്പരം കാണാതെ തങ്ങളുടെ പ്രണയം പങ്കുവയ്ക്കുന്നത്. ഓളിലെ പ്രണയ കാഴ്ചപ്പാടുകൾ പുതിയ കാലത്തെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിന്റെ അടി സ്ഥാനത്തിൽ വിമർശിക്കപ്പെടാവുന്നതാണ്. പ്രകൃതിയുടെ നൈസർഗിക അനുഭൂതി എന്ന നിലയിൽ പ്രണയം ശരീര കേന്ദ്രിതവുമാണ്. എന്നാൽ അത് ശരീരത്തിനുമേൽ അധികാരം സ്ഥാപിക്കലല്ല. മറിച്ച് സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. മായയോട് അഗാധമായ പ്രണയമുള്ളപ്പോഴും കരിയറിന്റെ ഭാഗമായി മുംബൈയിലെത്തുന്ന വാസു മീനാക്ഷിയുമായി മാനസികമായും ശാരീരികവുമായി അടുപ്പത്തിലാകുന്നു. എന്നാൽ മീനാക്ഷിയോട് ശരീരാധിഷ്ഠിത ബന്ധം മാത്രമാണ് വാസൂനുള്ളത്. തന്റെയുള്ളിലെ ചിത്രകാരനെ തിരിച്ചറിയുന്നതും ചിത്രം വരയ്ക്കാനുള്ള പ്രചോദനം ലഭിക്കുന്നതും മായയിൽനിന്നാണ്.

തുരുത്തിലെ ജീവിതവും ബദൽ പാഠങ്ങളും

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ തുരുത്തുകൾക്ക് രേഖപ്പെടുത്താനുള്ളത് ചരിത്രത്തിൽ ഇതുവരെ ഇടം കണ്ടെത്താത്ത അനുഭവങ്ങളെയാണ്. സവിശേഷമായി കീഴാള ജീവിതങ്ങളാണ് തുരുത്തുകളിധലികവും. അവിടുത്തെ മനുഷ്യർ കായലിൽ നിന്ന് മീൻ പിടിച്ചും അവരുടേതായ പരമ്പരാഗത തൊഴിലുകൾ ചെയ്തുമാണ് ജീവിക്കുന്നത്. അതിജീവനത്തിന് ഇടം കിട്ടാതെ പോയ സമൂഹങ്ങളാണ് തുരുത്തുകളെ അഭയം പ്രാപിച്ചിട്ടുള്ളത്.

അവർ തമ്മിലെ വ്യവഹാരങ്ങൾ ബദൽ സംസ്‌കാരത്തെ രൂപപ്പെടുത്തുകയായിരുന്നു. കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളെ നേരിട്ടാണ് ഇവിടുള്ളവർ തങ്ങളുടെ ഉപജീവനം നടത്തിയത്.

ജാതി-ജന്മിത്വത്തിൽനിന്നും കൊളോണിയൽ ആധുനികതയിലേയ്ക്ക് കേരളം പരിവർത്തനപ്പെടുന്ന സന്ദർഭത്തിൽ ക്രിസ്തുമതം സ്വീകരിച്ച കീഴാള മനുഷ്യർ തുരുത്തുകൾ ഉപേക്ഷിക്കുന്നുണ്ട്. ഓളിൽ തുരുത്തിൽ താമസിക്കുന്നവരാണ് വാസുവും കുടുംബവും. എന്നാൽ അവർ കീഴാളരല്ല. ജീവിത സാഹചര്യത്താൽ തുരുത്തിൽ എത്തപ്പെടുന്നവരാണ്. ഇവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്നത് തുരുത്ത് വെള്ളം കയറുമോയെന്ന ഭയമാണ്.

ബാധ ഒഴിപ്പിക്കലും മന്ത്രവാദവുമൊക്കെ കുലത്തൊഴിലായി സ്വീകരിച്ചവരാണ് തിരുമല പണിക്കർ കുടുംബം. ഇവിടുത്തെ പുതിയ തലമുറയിൽപ്പെട്ടയാളുമാണ് വാസു. പക്ഷേ കുലത്തൊഴിൽ വിട്ട് വാസു ചിത്രകാരനായി മാറുന്നു. കായൽതുരുത്തിലെ ഒരു ഹാൻഡിക്രാഫ്റ്റ് ഷോപ്പിനുള്ളിലിരുന്ന് ചിത്രം വരച്ച് ഉപജീവനം നയിക്കുകയാണ് വാസു. പ്രശസ്തരുടെ ചിതങ്ങൾ പകർത്തി വരച്ച് വിറ്റാണ് അയാളുടെ ജീവിതം. മാനസിക നില തകർന്ന സഹോദരിയെയും മുത്തശ്ശിയെയും മറ്റ് കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നത് വാസുവാണ്.

തുരുത്തുമായി ബന്ധപ്പെട്ട, ഒരുപക്ഷേ കേരളത്തിലെ ഇത്തരം ഭൂപ്രദേശങ്ങലുമായി ചേർന്നു കിടക്കുന്ന ചരിത്രത്തിന്റെ അടച്ചുവയ്ക്കലുകളെ വീണ്ടെടുക്കേണ്ടതുണ്ട് എന്ന സൂക്ഷ്മ കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ട് സിനിമ. തുരുത്തിലുള്ളൊരു തിരുമലക്ഷേത്രവും ബുദ്ധമതവുമായുള്ള ബന്ധവും സൂചിപ്പിക്കുന്നത് ഇതാണ്. കേരളത്തിലെ ബുദ്ധമത സ്വാധീനത്തെക്കുറിച്ചും അതിന്റെ അവശേഷിപ്പുകളെക്കുറിച്ചും പഠിക്കാൻ ടിബറ്റിൽനിന്നും രണ്ട് പേർ എത്തുന്നുണ്ട്. അവർ ഗരുഡ മംഗല്യം എന്ന ചിത്രം വരയ്ക്കാൻ വാസുവിനെ ടിബറ്റിലേക്ക് കൊണ്ടുപോകുന്നുമുണ്ട്. ബുദ്ധിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിൽ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത്/ഹൈജാക്ക് ചെയ്യപ്പെട്ടത് എന്ന ആചോലനകളാണ് ഈ സന്ദർഭത്തിലൂടെ ചിത്രം ഓർമിപ്പിക്കുന്നത്. നിർവാണം, മോക്ഷം തുടങ്ങിയ ബുദ്ധിസ്റ്റ് കാഴ്ചപ്പാടുകളെ മായയുമായി ചേർത്ത് അവതരിപ്പിക്കുന്നുണ്ട് ഓളിൽ. മായയുടെ വെള്ളത്തിനടിയിലെ ജീവിതവും പരുശുദ്ധ പ്രണയം എന്ന ആശയങ്ങളും ബുദ്ധനിലേക്കുള്ള യാത്രയാണ്.

മിത്തും ചരിത്രവും ഇഴചേരുമ്പോൾ

സായാഹ്നങ്ങളിൽ ഒറ്റയ്ക്ക് ചെറുവള്ളം തുഴഞ്ഞ് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് വാസുവിന്റെ വിനോദമാണ്. ഒരു പൗർണമി ദിവസം നിലാവ് കായിലിലേക്ക് വീണുകിടക്കുന്ന സമയത്ത് വള്ളത്തിലുറങ്ങുമ്പോൾ വാസുവുന് ചുറ്റും കൈതപ്പൂവിന്റെ മണമുണ്ടാകുന്നു. കണ്ണ് തുറന്ന വാസു കേൾക്കുന്നത് ഒരു പെണ്ണിന്റെ ആകർഷകമായ ശബ്ദം. അത് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മായയുടെ ശബ്ദമായിരുന്നു. മുത്തശ്ശിക്കഥകളിലൂടെ ഐതിഹ്യമായി മാറിയ മായയെ അയാൾ അങ്ങനെ തിരിച്ചറിയുകയായിരുന്നു. സ്‌നേഹിച്ചാൽ പരിശുദ്ധ പ്രണയം തിരിച്ചു തരുന്നവളാണ് മായയെന്ന് വാസു അന്നു മുതൽ അറിഞ്ഞു തുടങ്ങി. നാട്ടുകാർക്കിടയിൽ മായ പ്രേതമാണ്/ബാധയാണ്. കായലിനടിയിൽ ആമ്പൽ വള്ളികളാൽ ചുറ്റപ്പെട്ടവളാണ് മായ. പീഡനമേറ്റ് കായലിൽ ഉപേക്ഷിക്കപ്പെട്ട ഓളുമായി സംസാരിക്കുന്നതോടെ അയാളുടെ ജീവിതം മാറി മറയുകയാണ്.
നാട്ടുകാർ പാമ്പ് വാസു എന്ന് വിളിച്ചിരുന്ന അയാൾ അങ്ങനെ വാസുദേവ പണിക്കർ എന്ന ചിത്രകാരനായി മാറുകയാണ്.

ഇതോടെ മുംബൈയിലെത്തുന്ന വാസുവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവവികാസങ്ങൾ ഓളും ഓനും തമ്മിൽ അകലുന്നതിന് കാരണമാവുകയാണ്. മായ അകലുമ്പോഴുള്ള വാസുവിന്റെ ആത്മസംഘർഷങ്ങളാണ് അവസാന ഭാഗത്തുള്ളത്. ഒടുവിൽ മായയെ കാണാതാവുന്നതോടെ തീവ്ര ദു:ഖത്തിലാകുന്നു വാസു. ഇത് ബാധയാണെന്ന് പറഞ്ഞ് വാസുവിൽനിന്നും ഓളെ ഒഴിപ്പിക്കുമ്പോൾ അവൾ ഒരു കുട്ടിക്ക് ജന്മം നൽകുകയും ആ കുട്ടി പൂർണചന്ദ്രനിലേയ്ക്ക് ലയിച്ചു ചേരുകയും ചെയ്യുമ്പോഴാണ് സിനിമ അവസാനിക്കുന്നത്. ഫാന്റസിയെ സമകാലിക സന്ദർഭത്തോട് ചേർത്ത് അവതരിപ്പിക്കാനാണ് ഓൾ ശ്രമിക്കുന്നത്. ഹിന്ദുത്വവത്കരണത്തിന് പ്രതിരോധമാകുന്ന തരത്തിൽ കീഴാള സമൂഹങ്ങളിലൊക്കെ നിലനിന്നിരുന്ന ബാധയൊഴിപ്പിക്കലും അത്തരം പ്രയോഗങ്ങളും പുതു കാലത്തോട് എത്രമാത്രം സംവദിക്കുന്നതാണ് എന്നത് വിമർശനപരമായി കാണേണ്ടതുണ്ട്. യക്ഷിയും പ്രേത സങ്കല്പങ്ങളുമെല്ലാം ഇന്ന് കാര്യമായി ആൾക്കാരിൽ സ്വാധീനം ചെലുത്താറില്ല എന്നതാണ് യാഥാർത്ഥ്യം. ചിലപ്പോഴൊക്കെ അതിഭാവുകത്വത്തിലേയ്ക്ക് വീഴുന്നതായി അനുഭവപ്പെടുന്ന നിമിഷങ്ങളും ഓളിൽ കാണാനാകും. ഫ്രാൻസിസ് ഇട്ടിക്കോരയിലും സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലും ടി.ഡി. അവതരിപ്പിക്കുന്ന ഭ്രമാത്മകതയുടെ ലോകം ഓളിലും സന്നിവേശിപ്പിക്കാനുള്ള ശ്രമം കൃത്യമായി തിരിച്ചറിയാൻ ഷാജി എൻ. കരുണിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറ്റ് സിനിമകളിൽനിന്നും വ്യത്യസ്തമായ ആഖ്യാന-ദൃശ്യ പരിസരമാണ് ഓളിലുള്ളത് എന്നതുതന്നെ പുതിയ കാഴ്ചപ്പാടുകളെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണ്. ഷാജി എൻ. കരുൺ ‘സ്വപാന’ത്തിന് ശേഷം 5 വർഷങ്ങൾ കഴിഞ്ഞാണ് ഓളുമായി എത്തിയിരിക്കുന്നത്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും കൊൽക്കത്ത രാജ്യാന്തര മേളയിലും ഓള് പ്രദർശിപ്പിച്ചിരുന്നു.

എം.ജെ എന്ന ഛായാഗ്രാഹകൻ

എം.ജെ. രാധാകൃഷ്ണൻ

ദൃശ്യങ്ങളിൽ തന്റെ കൈയൊപ്പിട്ട ക്യാമറാമാനായിരുന്നു എം.ജെ. രാധാകൃഷ്ണൻ. സമാന്തരവും മുഖ്യധാരയുമെന്നു വേർതിരിക്കാൻ കഴിയാത്ത തരത്തിൽ തന്റെ ക്യാമറ നിരവധി ചിത്രങ്ങൾക്കു ചലിപ്പിച്ച പ്രതിഭയായിരുന്നു രാധാകൃഷ്ണൻ. ഓളിൽ കായലും നിലാവും ചന്ദ്രനും മുംബൈ നഗരവും ടിബറ്റിന്റെ കാഴ്ചകളും അദ്ദേഹം ഒപ്പിയെടുക്കുന്നുണ്ട്. കായലിന്റെ ഓളപ്പരപ്പും കാറ്റിന്റെ സാമീപ്യവും രാത്രിയുടെ നിശബ്ദതയും വെള്ളത്തിനടിയിലെ കാഴ്ചകളും സ്വാഭാവിക വെളിച്ചത്തിലാണ് എം.ജെ പകർത്തിയിരിക്കുന്നത്. അദ്ദേഹം അടുത്ത സമയത്താണ് വിടപറഞ്ഞത്. മികച്ച ഛായാഗ്രഹണത്തിന് 2018-ലെ ദേശീയ അവാർഡ് എം.ജെയ്ക്ക് ലഭിച്ചത് ഓളിലൂടെയാണ്. കാസർകോട്ടെ അഴിത്തല അഴിമുഖം, കന്നവീട് കടപ്പുറം, ഇടയിലക്കാട് എന്നിവിടങ്ങളിലെ പ്രകൃതിയുടെ അതിന്റെ സൂക്ഷ്മ ചലനങ്ങൾകൊണ്ട് അടയാളപ്പെടുത്താൻ എം.ജെയ്ക്ക് സാധിച്ചിരിക്കുന്നു. നേരിയ വെളിച്ചത്തിൽ ദൃശ്യങ്ങൾ പകർത്താനുള്ള എം.ജെയുടെ കഴവാണ് ഓളിലുമുള്ളത്.

വാസു എന്ന കഥാപാത്രമായി എത്തിയത് ഷെയ്ൻ നിഗവും ഓള് അഥവാ മായ എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് എസ്‌തേർ അനിലും ആണ്. വാസുവിന്റെ മാനസിക വിഭ്രാന്തിയുള്ള സഹോദരിയുടെ വേഷം കനി കുസൃതിയും. ഓലപ്പീപ്പിയിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാഞ്ചനയുടെ മുത്തശ്ശി വേഷവും ഏറെ മികച്ചതാണ്. പി. ശ്രീകുമാർ, ഇന്ദ്രൻസ്, കാദംബരി ശിവായ, സംയുക്ത കാർത്തിക്, രാധിക, മായാ മേനോൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related tags : CinemaErumeliShaji N KarunT D Ramakrishnan

Previous Post

അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു ചങ്ങമ്പുഴ

Next Post

കാട് എന്ന കവിത

Related Articles

CinemaErumeli

അതിരുകളില്ലാത്ത ജീവിതങ്ങൾ ദേശങ്ങളോട് ചേരുമ്പോൾ

CinemaErumeli

ഉടയുന്ന താരശരീരങ്ങൾ, കുതറുന്ന കറുത്ത ശരീരങ്ങൾ

Erumeli

മനുഷ്യർ ലോകത്തെ മാറ്റിയത് ഇങ്ങനെയാണ്

CinemaErumeli

മലയാള സിനിമ ’90: ചരിത്ര ദേശ കാലങ്ങൾ

Erumeli

കെ.ജി. ജോർജിന്റെ സിനിമകളിലെ വ്യക്തി, സമൂഹം, ജീവിതം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven