ശ്രീജ പള്ളം എന്ന ചിത്രകാരിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ സച്ചിദാനന്ദന്റെ ‘സ്ത്രീകൾ‘ എന്ന കവിതയിലെ ചില വരികളാണ് ഓർമ്മവന്നത്.
“ഒരു സ്ത്രീ ചായമടർന്നുപോയ വീട് തലയിലേറ്റി
വിതുമ്പിക്കരഞ്ഞ് തിരക്കിട്ട് നടക്കുന്നു.
ഒരു സ്ത്രീ ഒരു വണ്ടിയും നിർത്താത്ത
ഒരു സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുന്നു.
ഒരു സ്ത്രീ മിന്നാമിനുങ്ങുകളാൽ ചുററപ്പെട്ട്
കൂരിരുട്ടിൽ നക്ഷത്രങ്ങളിലേയ്ക്ക് നടക്കുന്നു”.

സ്വതന്ത്രകളാവാൻ കൊതിക്കുന്ന സ്ത്രീകളുടെ സ്വപ്നങ്ങളുടെ, വിഹ്വലതകളുടെ വാഗ്‌വിസ്മയമായ ഈ കവിത എന്നെ ശ്രീജയുടെ “തൊഴിലിടങ്ങളിലെ സ്ത്രീകൾ” എന്ന ചിത്രപരമ്പരയിലെ സ്ത്രീകളിലേക്കാണ് നയിച്ചത്. ഈ സ്ത്രീകളെല്ലാം ഓരോരോ തൊഴിൽ ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നവരാണ്. മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്നൊന്നുമവർക്കൊരു പ്രശ്നമല്ല. അവർ അവരുടെ ലോകത്തിലാണ്. അതേസമയം അവർ അവരുടെ വേവലാതികളുടെയും വ്യഥകളുടേയും ലോകത്തുകൂടിയാണ്. വ്യത്യസ്ത തൊഴിലുകൾ ചെയ്യുന്ന സ്ത്രീകളുടെ നൂറോളം ചിത്രങ്ങളാണ് ഈ പരമ്പരയിലുള്ളത്. ആട് മേക്കുന്നവർ, മുട്ടവിൽക്കുന്നവർ, തെങ്ങുകയറുന്നവർ, ട്രാക്ടർ ഓടിക്കുന്നവർ, കാറ് നന്നാക്കുന്നവർ, ചായപ്പീടിക നടത്തുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ തുടങ്ങി അനേകം ജോലികളിലേർപ്പെട്ടിരിക്കുന്ന ഈ സ്ത്രീകളെല്ലാം അധ്വനിക്കുന്നത് നിത്യവൃത്തിക്കു വേണ്ടിയാണ്. ഈ ചിത്രങ്ങൾ അതിന്റെ സൗകുമാര്യം കൊണ്ടും ചിത്രീകരണസ്ഥലിയിലെ വിന്യാസം കൊണ്ടും അതിന്റെ പിന്നിലുള്ള സന്ദേശത്തെ കൂടി കാഴ്ചക്കാരനുമായി പങ്കുവെക്കുന്നുണ്ട്.

ഗൃഹാന്തർഭാഗത്തെ പ്രവൃത്തികളിൽ നിന്ന് ചിത്രകലയുടെ ദൃശ്യകേന്ദ്രത്തിലേക്കുള്ള ശ്രീജയുടെ യാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല. നിരന്തരമുള്ള സാധനയും, കുട്ടിക്കാലം മുതലുള്ള വായനയും, നിരീക്ഷണ പാടവവും ചേർന്നുള്ള പ്രവർത്തനങ്ങളുടെ ഫലമായിരുന്നു, ശ്രീജ എന്ന ചിത്രകാരിയുടെ ജനനം. ശ്രീജ പള്ളത്തിന്റെ ചിത്രങ്ങൾ തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചകളാണെങ്കിലും അതിൽ ചിത്രകാരിയുടെ അനുഭവങ്ങളുടേയും അറിവിന്റേയും തലങ്ങളും ദൃശ്യമാണ്.
ശ്രീജ ജനിച്ചത് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിലാണ്. ചിത്രകലയുടെ പ്രാഥമിക പഠനങ്ങൾക്കു ശേഷം, വിവാഹിതയായി ഭർത്താവിന്റെ കൂടെ ഉത്തരേന്ത്യൻ ജീവിതത്തിന്റെ സമയത്താണ്, തന്റെ വഴി ചിത്രകലയുടേതാണെന്നും, അതിലൂടെ സഹജീവികളുടെ ജീവിതത്തെ കുറിച്ചുള്ള ദൃശ്യാവിഷ്ക്കാരങ്ങളിലൂടെ തന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ആക്ടിവിസ്റ്റിനെ (activist) കൂടി ഉണർത്തുവാൻ സാധിക്കുമെന്നും ശ്രീജ കണ്ടെത്തിയത്. ഉത്തരേന്ത്യൻ ജീവിതത്തിനു ശേഷം ഇപ്പോൾ ഒറ്റപ്പാലത്ത് താമസിക്കുകയും ഒരു ചിത്രകലാ അദ്ധ്യാപികയായി ജോലി നോക്കുകയും ചെയ്യുന്നു.
ശ്രീജ പള്ളത്തിന് കലാപ്രവർത്തനം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. താനുൾപ്പെടെയുള്ള സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളോടും അനീതികളോടും ഉള്ള പ്രവർത്തനഫലം കൂടിയാണ് ശ്രീജയ്ക്ക് തന്റെ ചിത്രങ്ങൾ. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടേയും നിത്യവൃത്തിക്ക് വഴിയോരത്ത് തൊഴിലെടുത്തു ജീവിക്കുന്ന സ്ത്രീകളുടേയും ദൃശ്യങ്ങൾ തന്റെ ചിത്രപ്രതലത്തിലൂടെ കാഴ്ചക്കാരുടെ ശ്രദ്ധയേ ആകർഷിക്കുന്നു. തനിക്കു പറയുവാനുള്ളത് ദൃശ്യങ്ങളായി കാണിക്കുകയാണ് ശ്രീജ. അതേ സമയം പാരിസ്ഥിതിക ദർശനത്തിന്റെ തലത്തിലേക്കു കൂടി ചിത്രങ്ങൾ ഉയരുന്നുണ്ട്.
സ്ത്രീകളാണ് കൂടുതലും ചിത്രങ്ങളിൽ ശ്രീജയുടെ കഥാപാത്രങ്ങൾ. ” നൂൽ കെട്ടുകളുടെ ഭാരം” എന്ന ചിത്രപരമ്പരയിൽ കെട്ടുപിണയുന്ന നൂലുകളുടെ texture കൊണ്ടുവന്നിരിക്കുന്നത് കാണാം. അഴിയുംതോറും കെട്ടുപിണയുന്ന സ്ത്രീ ജീവിതങ്ങളുടെ കഥ ഈ ചിത്രങ്ങൾ പറയുന്നു.
ലക്ഷദ്വീപ് ജീവിതത്തെ ആസ്പദമാക്കി വരച്ച “Scream of Island” (2021), അതിന്റെ തന്നെ തുടർച്ചയായ Untitled series ലെ സ്ത്രീകൾ, കൊറോണയുടെ സമയത്ത് വരച്ച “Lone Ways” series തുടങ്ങിയ ചിത്രങ്ങളിലെല്ലാം സ്ത്രീയുടേയും ഭൂമിയുടേയും വേദനകളുടെ പാരസ്പര്യം ലളിതവും ദീപ്തവുമായ വർണവിന്യാസത്തിലൂടെ വരച്ചിരിക്കുന്നു. ചിത്രങ്ങളെല്ലാം realistic രീതികൊണ്ടും രേഖാവിന്യാസത്തിലെ കയ്യടക്കം കൊണ്ടും പക്വത ആർജിച്ചിരിക്കുന്നു.
സമൂഹം ഭൂമിയേയും സ്ത്രീയേയും ചൂഷണം ചെയ്യുന്ന അവസ്ഥകൾക്കെതിരെയുള്ള expressions ആണ് ചിത്രങ്ങളോരോന്നും. പുരുഷ കേന്ദ്രീകൃതസമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്താണെന്നു കൂടി ശ്രീജ തന്റെ ചിത്രങ്ങളിലൂടെ അന്വേഷിക്കുന്നു. അങ്ങിനെയൊരു അന്വേഷണത്തിനൊടുവിലാണ് ശ്രീജ “Women at working places” എന്ന സീരീസിലേക്കെത്തുന്നത്. സ്ത്രീകളുടെ ദുരവസ്ഥകളുടെ ചിത്രീകരണത്തിലൂടെ അവരെ സ്വയം കണ്ടെത്തുവാൻ കൂടിയും കാഴ്ചക്കാരുമായി സംവേദന സാദ്ധ്യതക്കായും ശ്രീജ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നു.
ഈ സീരീസിൽ നിന്ന് വേറിട്ടൊരു ചിത്രം ശ്രീജ ഈ അടുത്തകാലത്ത് വരക്കുകയുണ്ടായി. “The Bride” (2022). വിവാഹക്കമ്പോളത്തിൽ സ്ത്രീയുടെ അവസ്ഥയെ ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ഒരു കമ്പോളത്തിൽ വില്‌പനക്കു വെച്ചിരിക്കുന്ന സാധനമായും അതിൽ സ്ത്രീയുടെ ഉള്ള് neglect ചെയ്യപ്പെട്ടിരിക്കുകയാണെന്നും ശ്രീജ പറയുന്നു.
ഭീമാകാരന്മാരായ ചിലന്തി ശില്പങ്ങളിലൂടെ പ്രശസ്തനായ ഫ്രഞ്ച് – അമേരിക്കൻ ശില്പിയാണ് ലൂയിസ് ബോജ്വ. അദ്ദേഹത്തിന്റെ ഒരു വാചകം കടമെടുക്കുവാൻ ഞാനാഗ്രഹിക്കുന്നു. “The Spider is a repairer. If you bash into the web of a spider, She doesn’t get mad. She weaves and repairs it.” ശ്രീജയും അതുപോലെയാണ്. തന്റെ ചുറ്റുപാടുമുള്ള സഹജീവികളുടെ കല്ലും മുള്ളുമേൽക്കുന്ന ജീവിത സന്ദർഭങ്ങൾ ക്ഷമയോടെ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു.