എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒരു കുട്ടിക്കാലം പുഷ്പാകരനുണ്ടായിരുന്നു. പിന്നീട് വായനയിലൂടെ, അച്ഛമ്മ(മുത്തശ്ശി) പറഞ്ഞു കൊടുത്ത കഥകളിലൂടെ, അമ്മാമൻ തോളത്തിരുത്തി കാണിച്ചു കൊടുത്ത നാട്ടുവേലകളുടേയും, പുരാവൃത്തങ്ങളുടേയും ഓർമകളിലൂടെ പുഷ്പാകരൻ തന്റേതു മാത്രമായ ഒരു ഭാവനാലോകം രേഖകൾ കൊണ്ട് കടലാസിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വളരെ സൂക്ഷ്മമായി, നൂലുകൊണ്ട് വസ്ത്രങ്ങൾ നെയ്യുന്നതു പോലെ.
ഇൻഡ്യൻ ഇങ്കിൽ മുക്കിയ ബ്രഷും വരയ്ക്കുവാനുള്ള കടലാസുകളും കൈയ്യിലെടുത്ത് ദിവസവും പുഷ്പാകരൻ രേഖകളിലൂടെ നടക്കുവാനിറങ്ങും. Paul Klee എന്ന ചിത്രകാരൻ പറഞ്ഞ പോലെ; “A line is a dot that went for a walk.” പുഷ്പാകരൻ ഇങ്ങിനെ രേഖകളിലൂടെ പ്രവേശിക്കുന്നത് തന്റെ ചിന്തകളുടേയും സ്വപ്നങ്ങളുടേയും അയഥാർത്ഥ ദൃശ്യങ്ങളുടെ ഒരു ഭ്രമാത്മക ലോകത്തേക്കാണ്. ആഖ്യാനരീതിയിൽപ്പെട്ട ( Narrative Style) സംസാരിക്കുന്ന ചിത്രങ്ങളാണെല്ലാം. രേഖകൾ അനുസ്യൂതമായി രാഗ വിസ്താരത്തിന്റെ ഏറ്റക്കുറച്ചിലുകൾ പോലെ നിരവധി ബിംബ നിർമിതികളിലൂടെ മുത്തശ്ശി പറഞ്ഞ കഥകളിൽ നിന്ന് പറയാത്ത കഥകളിലേയ്ക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. ചില ചിത്രങ്ങളിലെ സങ്കീർണമായ ബിംബങ്ങൾ സൂക്ഷ്മവായന ആവശ്യപ്പെടുന്നുണ്ടെങ്കിൽ പോലും ആസ്വാദകന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നില്ല.
തൃശൂരിനടുത്തുള്ള വേലുരാണ് പുഷ്പാകരന്റെ വീട്.തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛനും കർഷക തൊഴിലാളിയായ അമ്മയും മകനെ ചിത്രകാരനാക്കുവാൻ വേണ്ടി ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു സഹോദരനും സഹോദരിയും കൂടിയുണ്ട്, പുഷ്പാകരന്. (അനിയനാണ് ഇവനേക്കാൾ നന്നായി വരച്ചിരുന്നതെന്ന് പുഷ്പാകരന്റെ അച്ഛൻ). പക്ഷേ, അനിയൻ ജീവിതത്തിൽ നിന്ന് യാത്ര പറഞ്ഞു. മരണത്തിലൂടെ തന്റെ കഴിവുകൾ മുഴുവൻ ഏട്ടനു കൊടുത്ത അനിയനും, കുട്ടിക്കാലത്ത് കഥകൾ പറഞ്ഞു കൊടുത്തിരുന്ന മുത്തശ്ശിയും അദൃശ്യരായി പുഷ്പാകരന്റെ കൂടെയുണ്ട്. ചിത്രങ്ങളുടെ ഒരു മായാലോകം സൃഷ്ടിക്കുവാൻ പ്രേരിപ്പിച്ചു കൊണ്ട്.
വേലൂർ അർണോസ് പാതിരിയുടെ നാടാണ്. ജർമൻ ജസ്യൂട്ട് പ്രീസ്റ്റായിരുന്ന അദ്ദേഹം ഒരു മലയാളം – സംസ്കൃതം കവി കൂടി ആയിരുന്നു. വേലൂർ ഗ്രാമത്തെ ഒരു മിത്തിക്കൽ തലത്തിലേക്കുയർത്തിയ കഥാപാത്രമായിരുന്നു, അർണോസ് പാതിരി. മണിമലർകാവും വേലുരാണ്. ഒരു പക്ഷേ ഈ കാവിലെ മാത്രം പ്രത്യേകതയായിരിക്കാം മരക്കുതിര. ധാരാളം കൊത്തുപണികളുണ്ട് ഈ തിരിക്കുതിരയിൽ. മണിമലർകാവിലെ വേലയ്ക്കുപയോഗിക്കുന്ന ഈ മരക്കുതിര അപൂർവ്വങ്ങളിലൊന്നാണ്. ഇങ്ങിനെയുള്ള വേലുർ എന്ന ഗ്രാമത്തിന്റെ മിത്തുകളുടെ ഇടവഴികളിലൂടെയാണ് ഇവരെയെല്ലാം കഥാപാത്രങ്ങളാക്കി പുഷ്പാകരൻ ദിവസവും രേഖകളിലൂടെ നടന്നുകയറുന്നത്. വളരെക്കുറച്ചു പേർ മാത്രം സഞ്ചരിക്കുന്ന പാതയിലൂടെയാണ് പുഷ്പാകരന്റെ യാത്ര. “I took the one less travelled by, And that has made all the difference……..” എന്ന് Robert Frost എഴുതിയതു പോലെ, അധികം പേരും ഉപയോഗിക്കാത്ത മാദ്ധ്യമമായ ഇൻഡ്യൻ ഇങ്കും ബ്രഷും കൊണ്ടാണ് ചിത്രങ്ങൾ വരയ്ക്കുന്നത്.
വേലൂരിലെ സ്കൂൾ പഠനകാലത്ത് രാജൻ എന്ന ഡ്രോയിംങ്ങ് മാഷുടെ സഹായത്തോടെ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ച പുഷ്പാകരൻ, പിന്നീട് ജോൺസൻ വേലൂർ എന്ന ശില്പിയുടെ ശിക്ഷണത്തിലും അദ്ദേഹത്തിന്റെ പ്രേരണയാൽ കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ നിന്ന് BFA – യും എടുത്തു. തൃപ്പുണിത്തുറ RLV കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ നിന്ന് MFA. പിന്നെ ചിരകാലാഭിലാഷമായിരുന്ന ശാന്തിനികേതൻ എന്ന സ്വപ്ന ഭൂമികയിലേയ്ക്ക് പോയ പുഷ്പാകരൻ, അവിടെ അഡ്മിഷൻ കിട്ടാതെ വന്നപ്പോൾ കുറച്ചു കാലം അവിടെത്തന്നെ താമസിക്കുകയും സാമ്പത്തികപ്രശ്നം വന്നപ്പോൾ തിരിച്ചു വരികയും ചെയ്തു. പക്ഷേ ശാന്തിനികേതനിലെ പ്രകൃതി പുഷ്പാകരനു വേണ്ടി ഒരു ഗൂഢാലോചന നടത്തി.സൗത്ത് ആഫ്രിക്കൻ ചിത്രകാരനായ William Kentridge-ന്റെ ഡ്രോയിംങ്ങുകൾ അവിടുത്തെ ലൈബ്രറിയിൽ നിന്ന് കാണാനവസരം ലഭിച്ച പുഷ്പാകരൻ തന്റെ ഗ്രാമത്തിന്റെ പുരാവൃത്തങ്ങളെ ഓർത്തു. മുത്തശ്ശി പറഞ്ഞു കൊടുത്ത കഥകളെ ഓർത്തു. തിരിച്ച് തന്റെ ഗ്രാമത്തിലേയ്ക്ക് വണ്ടി കയറിയ പുഷ്പാകരൻ രേഖാചിത്രരചനയാണ് തന്റെ ലക്ഷ്യമെന്ന് കണ്ടെത്തി. The Alchemist – ൽ Paulo Coelho എഴുതിയതു പോലെ ; “When you want something, all the universe conspires in helping you achieve it.” പിന്നീട് RLV – യിലെ സഹപാഠികൾക്കൊത്തുള്ള ഒരു പ്രദർശനം വീണ്ടുമൊരു വഴിത്തിരിവായി. C .D.ജെയിൻ എന്ന ആർട്ടിസ്റ്റ് കം ആർട്ട് പ്രൊമോട്ടറെ കണ്ടുമുട്ടുകയും അദ്ദേഹത്തിനുവേണ്ടി വരച്ച ചിത്രങ്ങൾ Pollock Foundation – ന് അയച്ചു കൊടുക്കുകയും അവരുടെ സ്കോളർഷിപ്പ് കിട്ടുകയും ചെയ്തത് ചരിത്രം.
ഇതിനിടക്കെല്ലാം പുഷ്പാകരൻ നിലനില്പിന്നായി കമ്മേഴ്സ്യൽ ആർട്ടിസ്റ്റായും മറ്റും ജോലികൾ ചെയ്തിട്ടുണ്ട്. ഒരു ഫർണീച്ചർ ഇൻഡസ്ട്രിക്കു വേണ്ടി കേരളത്തിലെ മര വ്യാപാരത്തെകുറിച്ച് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കേരള ഗ്രാമീണ മര തൊഴിലാളികളുടെ ജീവിതം രേഖകൾ കൊണ്ടാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ക്രിയേറ്റീവ് പോർട്രെയ്റ്റ് സീരീസിൽ പൊളിറ്റിക്കൻ ആക്ടിവിസ്റ്റ് ആയ C.P. John – ന്റെ ഒരു ചിത്രം (creative portrait of C.P. John ) വരച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനന സ്ഥലത്തിന്റേയും, അദ്ദേഹം കൊടുത്ത പുസ്തകങ്ങളുടേയും യാത്രാ സൂചകങ്ങളായി ഭൂപടങ്ങളുടെയും പ്രപഞ്ചത്തിന്റെ അപാരതയുടെ രൂപകങ്ങൾ കൊണ്ടും നിറഞ്ഞ ചിത്രം രേഖകൾ കൊണ്ടുള്ളതാണ്.
പുഷ്പാകരന്റെ സ്കെച്ച് ബുക്കിൽ വന്നു വീഴുന്ന കൊച്ചു കൊച്ചു ചിന്തകളുടെ ചിത്രീകരണത്തിന്റെ പൂർണതയാണ് വലിയ ചിത്രങ്ങളിൽ കാണുന്നത്. അതു തന്നെ മാസങ്ങളോളമെടുക്കുന്ന തപസ്യയുടെ ഫലം. കുട്ടിക്കാലത്ത് മുത്തശ്ശി, തന്റെ അടുത്തു നിന്ന് പോകാതിരിക്കുവാൻ പുഷ്പാകരനെ പറഞ്ഞു പേടിപ്പിച്ചിരുന്ന കരടി രൂപത്തെ, നാടോടി സർക്കസ് കാരുടെ കൂട്ടത്തിൽ നേരിട്ടു കണ്ടപ്പോൾ മായാത്ത പോലെ അത് മനസ്സിൽ കുടിയേറി. പിന്നീട് ചിത്രകാരനായപ്പോൾ ചിത്രങ്ങളിലൂടെ അതിനെ തുറന്നു വിട്ടു. പക്ഷേ കുട്ടിക്കാലത്തെ ഭയപ്പെടുത്തിയിരുന്ന കരടി രൂപമല്ല, ചിത്രങ്ങളിൽ. ചിത്രത്തിലെ കരടി ഒരു ദിവാസ്വപ്നക്കാരനാണ്. ഭക്ഷണപ്രിയനാണ്. പാട്ടുകാരനാണ്. കുഴലൂത്തുകാരനായി ഒരു ചിത്രത്തിൻ വരുന്ന കരടിയുടെ തോളത്തൊരു പക്ഷിയും കഴുത്തിൽ ഇലകൾ കൊണ്ടുള്ളൊരു മാലയും കാണാം. (Reconstruction a dream my childhood – 2 ; Gimbal device that reveals enigma of mysterious memories and time ; Between the sky and sea a silent conversation ; Stacked dream of childhood – 2 എന്നീ ചിത്രങ്ങൾ). ചിത്രകാരനും ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ സ്വപ്നലോകത്തിലെ ദൃശ്യങ്ങൾ കണ്ടു കൊണ്ട് ആകാശത്തുകൂടി പറക്കുന്ന കുട്ടിയായി. കുട്ടിക്കാലത്തു കണ്ടിരുന്ന, തോളിൽ ചാക്കുമായി വന്നിരുന്ന കൊമ്പൻ മീശക്കാരനായ ഒരു ഓട്ടുപാത്രക്കച്ചവടക്കാരന്റെ ഓർമകൾ ചില ചിത്രങ്ങളിലുണ്ട്. (അമ്മാമനും കൊമ്പൻ മീശയുണ്ടായിരുന്നുവെന്ന്, പുഷ്പാകരൻ).
ഒറ്റ രാത്രി കൊണ്ട് പാടം മുഴുവൻ ഉഴുതുമറിച്ച ഒടിയനുമായി ബന്ധപ്പെട്ട കഥകൾ മുഖം മൂടിയണിഞ്ഞ വ്യത്യസ്ത മ്യഗങ്ങളുടെ രൂപകങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അർണോസ് പാതിരിയുടെ ഓർമയിൻ നിന്നാണ് മാന്ത്രികരായ സഞ്ചാരികൾ വരുന്നത്. ( A Wizard sailor and his untold stories ; Flying lamps from the diary of an ancient sailor and the angels of time with them ; Camoflaoughed saints ; Wandering souls of jew, തുടങ്ങിയ ചിത്രങ്ങൾ). കസ്റ്റാർഡ് ആപ്പിൾ ട്രീ, വീടിനുപുറകിലുള്ള ആത്തചക്ക മരമാണ്. ( A Prince near by custard apple tree എന്ന ചിത്രം. അതിനു താഴെ ഒരു പാട് കഥകൾ ഉറങ്ങി കിടക്കുന്നുണ്ടെന്നും, അവയെ പതുക്കെ ഉണർത്തണമെന്നും, പുഷ്പാകരൻ ). ക്രിസ്ത്യൻ, ഹിന്ദു പ്രതീകങ്ങൾ, യാത്രകളിൽ കണ്ടിട്ടുള്ള ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന പഴയ മെഷിനറീസിന്റെ ഭാഗങ്ങളുടെ ഓർമകൾ,
( Travelogue of dreams from the Eternal to Eternity എന്ന ചിത്രം), വിമാനം, തീവണ്ടി, വിളക്കുകൾ(വിളക്കിൽ നിന്നും മരം മുളച്ചു വരുന്നതായി ഒരു ചിത്രത്തിൽ കാണാം), പറക്കുന്ന പരവതാനിയിലെ ആനകൾ, നിരവധി മൃഗങ്ങളും പക്ഷികളും തുടങ്ങി വിചിത്രജീവികളടങ്ങിയ വിസ്മയ പ്രകൃതി, പരസഹസ്രം മറ്റു രൂപകങ്ങൾ കൊണ്ട് നിബിഡമായ ചിത്രങ്ങൾ സ്വപ്നങ്ങളുടെ യാത്രാസുവിശേഷങ്ങൾ തന്നെയാണ്. പുഷ്പാകരൻ പറഞ്ഞ പോലെ ; ‘വിശദീകരിക്കുവാൻ പറ്റാത്ത നിമിഷങ്ങളുടെ ആകസ്മിക കൂടി ചേരലുകളാണ് ‘ , ചിത്രങ്ങളിലെല്ലാം കാണുന്നത്.
കവി വാക്കുകൾ ഉപയോഗിക്കുന്നതുപോലെ, പാട്ടുകാരൻ ശബ്ദത്തെ വിനിയോഗിക്കുന്നതുപോലെ, പുഷ്പാകരൻ രേഖകളെ താളനിബദ്ധമായ സംയോജനത്തോടെ തന്റെ ചിത്രീകരണപ്രതലത്തിൽ വളരെ സമർത്ഥമായ കയ്യടക്കത്തോടെ ഉപയോഗിച്ചിട്ടുണ്ട്. യാഥാർത്ഥ ദൃശ്യങ്ങളുടേയും സ്വപ്നങ്ങളുടേയും ഭാവനാത്മകമായ ഒരു കൂടിചേരൽ ചിത്രങ്ങളിലെമ്പാടും കാണാം. പുരാവൃത്തങ്ങളുടേയും സമകാലികാവസ്ഥകളുടേയും സങ്കലനം ചില ചിത്രങ്ങളിൽ പ്രത്യേക ബിംബങ്ങളിലുടെ അവതരിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യ പരിസരങ്ങളെ തന്റേതായ രീതിയിൽ വിമർശിച്ചിട്ടുമുണ്ട്. ചിത്രം വായിയ്ക്കുവാനുളള ധാരാളം സാദ്ധ്യതകളാണ് ഒരു കവി കൂടി ആയിരുന്ന പുഷ്പാകരൻ, കാഴ്ചക്കാരന്റെ ദൃഷ്ടിക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്. ഇപ്പോൾ പുഷ്പാകരൻ കവിതകൾ എഴുതാറില്ല. പകരം ചിത്രങ്ങൾ കവിതയുടെ ഭാഷ സംസാരിക്കുന്നു.