ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ് അത് പഠിച്ച വിദ്വാന്മാർ പറയുന്നത്, ഞങ്ങൾ ചെന്ന് കയറുമ്പോൾ തന്റെ ലാപ്‌ടോപ് നീക്കി വച്ചുകൊണ്ട് മുത്തുക്കോയ പറഞ്ഞു. 78 വയസ്സിലും ഏറ്റവും പുതിയ ലോക വിവരങ്ങൾ അറിയാനായി ലാപ്‌ടോപ്പിന് മുന്നിൽ തന്റെ ക്ഷീണിച്ച കണ്ണുകളുമായി ഇരിക്കുകയാണ് ഇന്ത്യയിലെ സർറിയലിസ്റ്റിക് ചിത്രങ്ങളുടെ വക്താവായി അറിയപ്പെടുന്ന എൻ.കെ.പി. മുത്തുക്കോയ എന്ന മലയാളി ചിത്രകാരൻ. ചിത്രകലയെ പോലെതന്നെ രാഷ്ട്രീയത്തിലെയും ഓരോ ചലനങ്ങളും അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു പോരുന്നു.
ജർമനിയിലും, പല ആഫ്രിക്കൻ രാജ്യങ്ങളിലും നടന്ന കൂട്ടക്കുരുതികൾക്കു സമാനമായ തയ്യാറെടുപ്പുകളാണ് ഇന്ന് ഇന്ത്യ യിൽ അരങ്ങേറുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം ഒരു ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ല. നമ്മൾ ഒരിക്കലും ഹിറ്റ്‌ലറിനെയല്ല മാതൃകയാക്കേണ്ടത്. മൈൻകാഫ് വായിച്ചാലറിയാം.
ഞാൻ മുസ്ലിമായതോ നിങ്ങൾ ക്രിസ്ത്യാനിയായതോ നമ്മുടെ തീരുമാനങ്ങളല്ല. നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ മതം നമ്മളും പേറുന്നു. ആ ലേബൽ മായ്ച്ചുകളയാനാവില്ല. ഭരണാധികാരികളാകട്ടെ, മാധ്യമങ്ങളിലൂടെ സത്യവും അസത്യവും കൂട്ടിയിണക്കി ജനതയുടെ മുന്നിലെത്തിക്കുന്നു. അത് സിരകളിൽ കയറിയാൽ ജനം അത് വിശ്വസിക്കുന്നു. കാലക്രമേണ ഒരു പുനർവിചിന്തനത്തിൽ അക്കേട്ടതെല്ലാം തെറ്റാണെന്നു മനസ്സിലാക്കിയേക്കാം. പക്ഷെ അപ്പോഴേക്കും എല്ലാം അവരുടെ കൈപ്പിടിയിലമർന്നിരിക്കും.
മാധ്യമങ്ങൾക്കു ഭരണവർഗത്തെ പേടിയാണ്. ജനങ്ങൾക്കും. പണ്ടൊക്കെ വിപ്ലവത്തിന് ഇറങ്ങാൻ ആർക്കും മടിയില്ലായിരുന്നു. ഇന്ന് എന്തെങ്കിലും ബഹളം നടക്കുമ്പോൾ ജനം ഓടി വീട്ടിനകത്തെത്തുന്നു. കാരണം അത് ഇപ്പോഴത്തെ ജീവിതത്തിന്റെ ചുറ്റുപാടുകൾ മൂലമാണ്. തനിക്കു വെടിയുണ്ടയേറ്റാൽ തന്റെ ഭാര്യയും കുട്ടികളും അനാഥരാകുമെന്ന തോന്നൽ; അണുകുടുംബങ്ങളുടെ കാലമാണല്ലോ ഇത്. പണ്ട് മരിച്ചാലും നോക്കാൻ വീട്ടുകാരുണ്ടായിരുന്നു. മുത്തുക്കോയ വാചാലനായി.
1941-ൽ ലക്ഷദ്വീപിൽ ജനിച്ചു. പക്ഷെ അധികം താമസിയാതെ ശക്തമായ കടൽക്ഷോഭത്തിൽ എല്ലാം തകർന്നു കണ്ണൂരിലെ കുടുംബ വീട്ടിലെത്തപ്പെട്ടു. ഉപ്പ നാട്ടിലൊക്കെ അറിയപ്പെടുന്ന ഒരാളായിരുന്നു. അറക്കൽ കുടുംബവുമായൊക്കെ ബന്ധമുണ്ട്. 6 – വയസ്സിൽ ഖുർആൻ മുഴുവൻ പഠിച്ചു. പിന്നീട് പഴയങ്ങാടിയിൽ പ്രൈമറി വിദ്യാഭ്യാസം നടത്തി. 19-ാം വയസ്സിൽ ചിത്രരചന പഠിക്കാനായി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ ചേർന്നു.
അവിടെ പ്രിൻസിപ്പാളായ കെ.സി.എസ്. പണിക്കരുടെ ശിക്ഷണത്തിലാണ് മുത്തുക്കോയ ചിത്രരചന അഭ്യസിക്കുന്നത്. അതിനു സഹായമായത് എം.വി. ദേവനും. ദേവൻ നൽകിയ കത്തുമായാണ് മുത്തുക്കോയ പണിക്കരെ കാണാനെത്തുന്നത്. അവിടെ പ്രവേശന പരീക്ഷയിൽ താമസിച്ചെത്തിയ തന്നെ പണിക്കർ പരീക്ഷയ്ക്കിരിക്കാൻ അനുവദിച്ചത് ഇപ്പോഴും മുത്തുക്കോയ ഓർമിക്കുന്നു.
ആ കാലഘട്ടത്തിൽ പ്രവർത്തിക്കാനായത് ഒരു വല്യ ഭാഗ്യമായി ഞാൻ കരുതുന്നു. കാനായി കുഞ്ഞിരാമൻ, ഹരിദാസ്, വാസുദേവ്, പാരീസ് വിശ്വനാഥൻ, ജയപാലപ്പണിക്കർ, എം.വി. ദേവൻ എന്നിങ്ങനെ എല്ലാവരുമായുള്ള സൗഹൃദങ്ങൾ. ആർട് സ്‌കൂളിന്റെ ബിരുദങ്ങളൊക്കെയുണ്ടെങ്കിലും അവശതയനുഭവിക്കുന്ന കലാകാരന്മാർ അന്ന് മദ്രാസിൽ നിരവധിയായി
രുന്നു. മുംബൈ, ഡൽഹി, കൽക്കട്ട തുടങ്ങിയ വൻ നഗരങ്ങളെപോലെ ചിത്രകലയ്ക്ക് അനുയോജ്യമായ ഒരു നഗരമായിരുന്നില്ല മദ്രാസ്. അതാവാം കെ.സി.എസ്സിനെ കോളേജിൽ നിന്ന് പിരിഞ്ഞപ്പോൾ ചോളമണ്ഡലം സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്. നല്ല വാക്‌ധോരണിയും ബുദ്ധിശക്തിയുമുള്ള പണിക്കരെപോലെ ഒരു കലാകാരൻ അന്ന് മദ്രാസിലില്ലായിരുന്നു.
ചോളമണ്ഡലിൽ ഞാൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തായി കലാകാരന്മാരുടെ ആ ഗ്രാമം പണിതുയർത്തിയപ്പോൾ എനിക്ക് ഒരു വീതം എടുക്കാനുള്ള പണമുണ്ടായിരുന്നില്ല. എങ്കിലും ഞാനവിടെ നിത്യസന്ദർശകനായി. കലയും സാഹിത്യവും സംസ്‌കാരവുമൊക്കെ ചേർത്തിണക്കിയുള്ള ഒരു ലോകം; അതായിരുന്നു ചോളമണ്ഡൽ. വെകുന്നേരങ്ങളിലെ ചർച്ചകൾ, എം. ഗോവിന്ദൻ, കടമ്മനിട്ട തുടങ്ങിയവരൊക്കെ ഇടയ്ക്കിടെ വരും. അവരുമായുള്ള സംവാദങ്ങൾ, എന്നിലെ ആർട്ടിസ്റ്റിനെ പരുവപ്പെടുത്തിയെടുക്കാൻ ഇതെല്ലാമാണ് സഹായിച്ചത്.
മദ്രാസ് സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങുന്നവർക്ക് മുംൈബയിലെ ജെ.ജെ.യിൽ നിന്ന് വരുന്നവരെ പോലെ ഒരു ഡിമാൻഡ് ഇല്ലായിരുന്നു. അങ്ങനെ ഞാൻ ഡൽഹിക്കു വണ്ടി കയറി. അന്നത്തെ കലാകാരന്മാരെല്ലാം ഈ സ്ഥിതിയിലൂടെ കടന്നുപോയവരാണ്. ചിത്രരചനയിലൂടെ ജീവിക്കാനാവില്ലെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ സർക്കാർ ജോലിക്ക് അപേക്ഷിച്ചു. അങ്ങനെ ലക്ഷദ്വീപിൽ ഇന്ത്യാഗവൺമെന്റിന്റെ ഡി.എ.വി.പി വിഭാഗത്തിൽ ജോലി കിട്ടി.
ലോകത്തെവിടെയായാലും ചിത്രകലയെ എക്കാലവും പ്രോത്സാഹിപ്പിച്ചുപോന്നത് രാജാക്കന്മാരോ ധനാഢ്യരോ ഒക്കെത്തന്നെയാണ്. ഇന്ന് വമ്പൻ കോർപറേറ്റുകൾ ആ പണി ചെയ്യുന്നു. സാധാരണക്കാരുടെ സ്വീകരണമുറികളിൽ പൊതുവെ വലിയ ചിത്രങ്ങൾക്ക് സ്ഥാനമില്ല. പട്ടിണി കിടക്കേണ്ടി വന്നിട്ടുള്ള ആർടിസ്റ്റുകൾ നിരവധിയാണ്. ഇന്ന് ആ സ്ഥിതിയൊക്കെ ഒട്ടേറെ മാറിക്കഴിഞ്ഞു.
ബിനാലെ പോലെയുള്ള വലിയ സംരംഭങ്ങൾ ചിത്രകലയ്ക്ക് ഒരു പുതിയ മാനം നൽകുന്നു. അക്കാര്യത്തിൽ ബോസ് കൃഷ്ണമാചാരിയെയും റിയാസ് കോമുവിനെയുമൊക്കെ അഭിനന്ദിക്കാതെ വയ്യ. കൊച്ചിയെ ലോക ആർട് ഭൂപടത്തിലെത്തിക്കുക എന്ന അതിശയിപ്പിക്കുന്ന കാര്യമല്ലേ അവർ ചെയ്യുന്നത്. എല്ലാ വർഷവും ഞാൻ ബിനാലെയ്ക്ക് പോകാറുണ്ട്. ധാരാളം എതിർപ്പുകൾ നേരിട്ടെങ്കിലും അവർ അത് വിജയിപ്പിച്ചു. എല്ലാവരും അത് അംഗീകരിച്ചേ മതിയാവു. ലോകമെമ്പാടുമുള്ള ആർട്ടിന്റെ ട്രെൻഡ് മലയാളിക്ക് ഒരു തളികയിൽ വച്ച് നീട്ടുകയല്ലേ അവർ ചെയ്യുന്നത്. ഇത് വരുന്ന തലമുറയ്ക്ക് ഒരുപാടു ഗുണം ചെയ്യും.
പ്രദർശനങ്ങളിലൂടെയാണ് ഒരു ചിത്രകാരൻ ജനങ്ങളിലെത്തുന്നത്. മാധ്യമങ്ങളും നിരൂപകരും കലാകാരന്മാരെ സൃഷ്ടിക്കുന്ന ഒരവസ്ഥ എക്കാലവുമുണ്ട്. ഒന്നാലോചിച്ചാൽ തിരിച്ചാണ് വേണ്ടത്. പിക്കാസോ പോലും നിരൂപകരുടെ വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. പ്രശസ്ത കലാനിരൂപകനായ ജോൺ ബർഗർ തന്റെ റൈസ് ആൻഡ് ഫാൾ ഓഫ് പിക്കാസോ എന്ന പുസ്തകത്തിൽ പിക്കാസോ ഒരു പ്രകടനപരതയുള്ളയാളാണെന്നു വാദിക്കുന്നു.
എം.എഫ്. ഹുസൈനിലും ആ സ്വഭാവം കാണാം. എന്നാൽ കെ.ജി. സുബ്രഹ്മണ്യനും പണിക്കരുമൊക്കെ ആചാര്യന്മാരായിരുന്നു. ദേവൻ ഒരു ചിത്രകാരനെന്നതിലുപരി സാഹിത്യകാരനാണ്; അപാരമായ ജ്ഞാനം അദ്ദേഹത്തിന്റെ എഴുത്തുകളിൽ പ്രതിഫലിക്കുന്നു.
ചിത്രകാരൻ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം സ്ഥലപരിമിതിയാണ്. ഒന്നാണ് മറ്റൊന്നിന്റെ പ്രചോദനം; വരച്ചുകൊണ്ടേയിരിക്കണം. പക്ഷെ ഇതെല്ലം എവിടെ സൂക്ഷിക്കാനാവും. ഡൽഹി നോയിഡയിലെ താമസസ്ഥലവും, മുംബൈയിലെ മകന്റെ വീടുമെല്ലാം ചിത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു.
മുംൈബയിലെ പ്രസിദ്ധമായ ജഹാംഗീർ ആർട് ഗാലറി, ഡൽഹി തുടങ്ങി എല്ലാ നഗരങ്ങളിലും മുത്തുക്കോയയുടെ ചിത്രപ്രദർശനങ്ങൾ നടന്നിട്ടുണ്ട്. പല ചിത്രങ്ങളും വിദേശത്തുള്ള ഗാലറികളിലും പ്രദർശനത്തിനുണ്ട്. തൃശ്ശൂരിൽ ലളിതകല അക്കാദമിയിലും ഒരു ചിത്രം ഇരിപ്പുണ്ട്.