അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് ദൈനംദിന പ്രവർത്തനങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്ന ഒരു മലയാളി വനിതാ സാന്നിധ്യമാണ് തലശ്ശേരിക്കാരിയായ കാർത്ത്യായനി മേനോൻ.
ഒരു ചിത്രകാരിയോ ചിത്രകലയുടെ ആരാധികയോ അല്ലാതിരുന്നിട്ടും എം.എഫ്. ഹുസൈൻ അടക്കമുള്ള ലോകപ്രശസ്തരും അല്ലാത്തവരുമായ ചിത്രകാരന്മാരുടെ സ്നേഹാദരങ്ങൾ ഒരേസമയം ഏറ്റുവാങ്ങാൻ കഴിഞ്ഞവരാണവർ. അത് കേവലമൊരു തൊഴിൽ സ്ഥാപനവും അവിടത്തെ ജീവനക്കാരിയും തമ്മിലുള്ള ബന്ധമായിട്ടല്ല, മറിച്ച് സുദൃഢവും ഊഷ്മളവും വൈകാരികവുമായ ഒരാത്മബന്ധമായിട്ടാണ് ഇപ്പോഴും തുടരുന്നത്. അതിനാൽ ജഹാംഗീർ ആർട്ട് ഗാലറിയുടെ ഇന്നത്തെ വളർച്ചയിൽ അവരുടെ സംഭാവനയും നിഷേധിക്കാനാവാത്തതാണ്. ആ ബന്ധത്തിന് തുടക്കം കുറിക്കുന്നത് 1968ലാണ്. അതായത് എല്ലാ തൊഴിലന്വേഷകരെയും പോലെ തലശ്ശേരിയിലെ മഠത്തിൽ കൃഷ്ണൻ നായരുടെയും ലക്ഷ്മിയമ്മയുടെയും മകളായ കാർത്ത്യായനി എന്ന യുവതിയും ആദ്യമായി അന്നത്തെ ബോംബെയിൽ എത്തിയതു മുതൽ തന്നെ. ആ കഥ അവരിൽ നിന്നു തന്നെ കേൾക്കാം:
ബോംബെയ്ക്കടുത്ത് ഉല്ലാസ്നഗറിൽ താമസക്കാരിയായ സഹോദരിയോടൊപ്പമാണ് ഞാൻ ബോംബെയിൽ എത്തിയത്. ടൈപ്പും ചരുക്കെഴുത്തും (ഷോർട്ട് ഹാൻഡ്) അറിയാമായിരുന്നു. ഒരു ജോലിക്കുവേണ്ടി ശ്രമിക്കുന്നതിനിടയിൽ അയൽക്കാരനായ ഒരു സുഹൃത്ത് മുഖാന്തിരം ജഹാംഗീർ ആർട്ട് ഗാലറിയുടെ ഓഫീസിൽ ക്ലാർക്കായി ജോലി കിട്ടി. അങ്ങനെ ഒരു ക്ലാർക്കിന്റെ കസേരയിൽ മാത്രം ഒതുങ്ങിക്കഴിയാതെ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ സേവനമനസ്കതയോടെ പ്രവർത്തിച്ചാണ് ഞാൻ 1990-ൽ ഗാലറിയുടെ സെക്രട്ടറിയാകുന്നത്. അതിനെന്നെ അർഹയാക്കിയത് എന്റെ കുടുംബത്തിനെന്നപോലെ, ഒരുപക്ഷെ അതിലും കവിഞ്ഞോ ഗാലറിയുടെ പ്രവർത്തനങ്ങൾക്കായി ഞാൻ സമർപ്പിച്ച ആത്മാർത്ഥവും സത്യസന്ധവുമായ കഠിനാധ്വാനവും സർവോപരി മാനേജിങ് കമ്മിറ്റിയുടെ പരിപൂർണ പിന്തുണയും സഹകരണവും വിശ്വാസവും കൂടിയാണ്. അതിനു തെളിവാണ് ഗാലറിയുടെ വജ്രജൂബിലിയാഘോഷത്തിൽ എനിക്ക് ലഭിച്ച ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും അതുപോലെത്തന്നെ ഔദ്യോഗിക കാലാവധി കഴിഞ്ഞിട്ടും സെക്രട്ടറിസ്ഥാനത്തു തുടരാൻ മാനേജ്മെന്റ് എന്നോടാവശ്യപ്പെട്ടതും.
ജഹാംഗീർ ആർട്ട് ഗാലറിയിൽ ആദ്യമായി ചേരുമ്പോൾ ആരൊക്കെയാണ് മാനേജിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്?
ആർട്ടിസ്റ്റ് കെ.കെ. ഹെബ്ബർ, എം.ജി.കെ. മേനോൻ, നിർമല രാജഭോസ്ലെ തുടങ്ങിയവർ.
കലയോടുള്ള സമീപനം?
ഒരു കലാകാരിയല്ലാത്ത ഞാൻ ഒരിക്കലും കലയെ സ്നേഹിച്ചിരുന്നില്ല. എന്നാൽ ഒരുപാട് കലാകാരന്മാരെ പ്രമോട്ട് ചെയ്തിട്ടുള്ള എനിക്ക് അവരുടെ അനുഗ്രങ്ങളും സ്നേഹാദരങ്ങളും നേടാൻ കഴിഞ്ഞിട്ടുണ്ട്. അതൊരു ഭാഗ്യമായി ഞാൻ കരുതുന്നു. ഒരു കലാകാരിയായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ പ്രൊമോട്ട് ചെയ്തുകൊണ്ടിരുന്നേനെ. അപ്പോൾ മറ്റുള്ളവരെ പ്രമോട്ട് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല. അതേസമയം ഈ രംഗത്ത് ഞാൻ കാണാത്തവരും പരിചയപ്പെടാത്തവരുമായ മുതിർന്ന കലാകാരന്മാരില്ല എന്നുള്ളത് എനിക്ക് അഭിമാനത്തിന് വക നൽകുന്നു.
ജഹാംഗീർ ആർട്ട് ഗാലറി പ്രമോട്ട് ചെയ്തിട്ടുള്ള മലയാളി ആർട്ടിസ്റ്റുകൾ ആരൊക്കെ?
മുത്തുക്കോയ, പൊറിഞ്ചുകുട്ടി, രാമചന്ദ്രൻ, ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ അക്കൂട്ടത്തിൽ ചിലരാണ്. പൊതുവെ മലയാളികൾ ഇവിടെ വരാറില്ലായിരുന്നു. അല്ലെങ്കിൽ വളരെ കുറച്ചു പേർ മാത്രമാണ് വന്നിരുന്നത്. അതിനു പല കാരണങ്ങളുണ്ട്. നമ്മുടെ നാട്ടിലെ സർക്കാർ ആർട്ടിസ്റ്റുകളെ പ്രമോട്ട് ചെയ്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം ഞാൻതന്നെ കുറേക്കാലം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശഷം ചിലരൊക്കെ വരാൻ തുടങ്ങിയിരുന്നു.
ജഹാംഗീർ ആർട്ട് ഗാലറിയിൽ ഒരു പ്രദർശനം നടത്തുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റെയും അഭിമാന സ്വപ്നമാണ്. എന്നാൽ പലരും അവസരം ലഭിക്കാതെ നിരാശരാണല്ലോ?
ഇവിടെ ഏഴ് ആർട്ടിസ്റ്റുകൾക്ക് ഒരേസമയം പ്രദർശനം നടത്താവുന്ന ഏഴ് ഗാലറികളുണ്ട്. ഒരുവർഷം ഏഴായിരത്തോളം അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. ഇപ്പോൾത്തന്നെ 2027 വരെയുള്ള ബുക്കിംഗ് കഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ ഊഴത്തിനായി ക്യൂവിലാണ്.
പ്രദർശനത്തിനായി ഗാലറി കിട്ടാൻ ഒരു ആർട്ടിസ്റ്റ് എന്ത് ചെയ്യണം?
ഓരോ വർഷവും സെപ്റ്റംബറിൽ ഇവിടെനിന്നും അച്ചടിച്ച അപേക്ഷാഫോറം ലഭ്യമാകും. 250 രൂപയാണ് അപേക്ഷാഫോറത്തിന്റെ വില. അതു വാങ്ങി പൂരിപ്പിച്ചശേഷം അതേവർഷം ഒക്ടോബറിനും നവംബറിനുമിടയിൽ സമർപ്പിക്കാം. മുതിർന്ന ആർട്ടിസ്റ്റുകളും വിദഗ്ധരുമടങ്ങുന്ന ഒരു പത്തംഗ സബ്കമ്മിറ്റിയായിരിക്കും അപേക്ഷകൾ പരിഗണിക്കുക. അടുത്ത വർഷം മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സംവിധാനമുണ്ടാകും.
ജഹാംഗീർ ആർട്ട് ഗാലറിയിൽ അംഗത്വസമ്പ്രദായമുണ്ടോ?
ഉണ്ടായിരുന്നു. ഇപ്പോഴില്ല.
ഇവിടെ പ്രദർശനം നടത്തുന്ന കലാസൃഷ്ടികൾ വിൽക്കാൻ സഹായിക്കാറുണ്ടോ?
പ്രദർശനത്തിനെത്തുന്ന കലാസൃഷ്ടികളുടെ വിൽപനയുമായി ജഹാംഗീർ ആർട്ട് ഗാലറിക്ക് യാതൊരു ബന്ധവുമില്ല.
ഗാലറിയുടെ നടത്തിപ്പിനായി സർക്കാരിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ധനസഹായമുണ്ടോ?
പണ്ട് ഗ്രാൻഡ് ലഭിച്ചിരുന്നു. പിന്നീടത് നിർത്തലാക്കി. ഇപ്പോൾ പ്രദർശനങ്ങളിൽനിന്നുള്ള വരുമാനം മാത്രം. കലാകാരന്മാരെ പ്രമോട്ട് ചെയ്യുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. അല്ലാതെ ലാഭമുണ്ടാക്കുന്ന കച്ചവടമല്ല. അതിനാൽ വരുമാന നികുതിയിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
ജഹാംഗീർ ആർട്ട് ഗാലറിയിലെ ഇത്രയും കാലത്തെ സേവനത്തിനിടയിൽ പിന്തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?
സന്തോഷവും അഭിമാനവുമുണ്ട്. അതിനു കാരണം ഇക്കാലത്തിനിടയിൽ എനിക്ക് നേടാൻ കഴിഞ്ഞ ബന്ധങ്ങളും അതുപോലെ തന്നെ പല ആർട്ടിസ്റ്റുകൾക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞ
സഹായങ്ങളുമാണ്.
ആ ബന്ധങ്ങളെക്കുറിച്ച്?
ടാറ്റ, ബിർള, ഗോദ്റെജ്, ജിൻഡാൽ എന്നീ വ്യവസായ കുടുംബങ്ങൾക്ക് പുറമെ ശിവസേനാനേ വായിരുന്ന ബാലാ സാഹേബ് താക്കറെയും അദ്ദേഹത്തിന്റെ കുടുംബവും, ആർട്ടിസ്റ്റ് എം.എഫ്. ഹുസൈൻ കുടുംബം, ആർട്ടിസ്റ്റ് കെ.കെ. ഹെബ്ബർ, ബേന്ദ്രെ, അമിതാഭ് ബച്ചൻ തുടങ്ങി മറ്റു പലരും അതിലുണ്ട്.
കലയോട് താല്പര്യമില്ലെങ്കിലും ജീവിതത്തിന്റെ നല്ലൊരു ഭാഗം കലയുമായി ബന്ധപ്പെട്ട ലോകത്ത് ചെലവഴിച്ചതിനിടയിൽ മറക്കാനാകാത്ത സംഭവം?
പലതുമുണ്ടെങ്കിലും അതിൽ എം.എഫ്. ഹുസൈൻ സാറിന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് മറക്കാനാവില്ല. അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയും ഞാൻ അദ്ദേഹത്തിന് മകളെപ്പോലെയുമായിരുന്നു. നാലാണ്മക്കളും രണ്ട് പെണ്മക്കളുമടക്കം ആറ് മക്കളുള്ള അദ്ദേഹം എന്നെ ഏഴാമത്തെ മകളായിട്ടാണ് കരുതിയിരുന്നത്. അദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും ആ കുടുംബവുമായുള്ള അടുത്ത ബന്ധം ഇപ്പോഴും തുടരുന്നു.