ഭൂമി വിലപിക്കുന്നത് കേട്ട്
ഞാനുണർന്നു.
ആകാശത്തിൻ്റെ കൈകളിൽ
രാജ്യങ്ങളെ ചേർത്തു
പിടിച്ചിരുന്നെങ്കിലും
അവയൊക്കെ
കടലുകളിലേക്ക്
ഊർന്നു വീഴുന്നത്
ഞാൻ കണ്ടു.
വലിയ തിമിംഗലങ്ങൾ
രാജ്യങ്ങളെ
വിഴുങ്ങുന്നതും കണ്ടു.
എനിക്കു ഭയമായി.
ആകാശം കൈവിട്ട,
കടലുകളും
തിമിംഗലങ്ങളും
വിഴുങ്ങിയ ഞാൻ
ഏതോ രാജ്യത്തിലെ
പൗരത്വമില്ലാത്തവനായി
മാറിയിരിക്കുന്നു.
തിമിംഗലങ്ങൾ ചിലപ്പോൾ
ഏതെങ്കിലും ദേശത്ത്
മനുഷ്യരെ
ചർദ്ദിച്ചിടുമെന്ന് കേട്ടിട്ടുണ്ട്.
കടലുകൾ ,തിരമാലകളിൽ കൊണ്ട് വന്ന്
ഏതെങ്കിലും തീരത്ത്
ഉപേക്ഷിക്കുമെന്നും .
എങ്കിൽ എവിടെ?
കടലും
ആകാശവും
തിമിംഗലവുമൊക്കെ
എന്നോടൊന്നും പറയില്ലല്ലോ?
ഞാൻ ചോദിച്ചാൽ
വിലപിച്ചാൽ
ആരു കേൾക്കാൻ?