വേപ്പുമരത്തിലെക്കാറ്റ്
അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ
ഞാനെന്റെ ജാലകം തുറന്നിടുന്നു
അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ
ഒരു ചില്ലയനക്കത്തിൽ പുറകിലാക്കി
അത് പറന്നു പോകുന്നു.
വർത്തമാനകാലത്തെ ഒരു ചിറകനക്കത്തിൽ
ഭൂതകാലമെന്നെഴുതി അതിദ്രുതം
ആ നിമിഷത്തെ കടന്നു പോകുന്നൊരു
മാന്ത്രികൻ!
ഈ പ്രപഞ്ചത്തിൽ
ഉത്തരങ്ങളേക്കാൾ ദുഷ്കരമാണ്
ചോദ്യങ്ങളെ തുറന്നു വിടുക എന്നത്
തനിക്ക് താങ്ങാവുന്നതിലധികം ഭാരവുമായി
ചിലപ്പോളത് തിരികെ എത്തിയേക്കാം.
ജീവിതം ഒരു കണ്ണാടിയല്ല
ശ്വാസത്തെപ്പോലെ സ്വന്തമല്ലാത്ത പലതുമാണ് നാം.
ഹൃദയമൊരു വിരുന്നുകാരനാകുമ്പോൾ
ജീവിതമതിന്റെ വിരുന്നുമേശയാകുന്നിടം മാത്രമാണ്
നമുക്കീ ലോകം.
നമുക്ക് മുകളിൽ
പാടിത്തീർത്ത ഓരോ പകലുമായി കിളികൾ,
കൂട്ടിലേയ്ക്കു പറക്കുന്നു.
വസന്തങ്ങൾ കൊഴിഞ്ഞു തീരുമ്പോഴും
വേനലുകൾ പടർന്നു പെരുകുമ്പോഴും
പാട്ടുകളുമായവർ കാലങ്ങൾക്കു കുറുകെ
പറന്നു പോകുന്നു.
ലോകമോ, നമ്മെയും എന്നപോലെ
ഓരോന്നിനെയും
പൂരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മഞ്ഞുകാലങ്ങൾ മനുഷ്യനെ
പുതപ്പുകളിലേയ്ക്ക് ചുരുട്ടിക്കളയുന്നു
മഴക്കാലം കുഴലൂതുമ്പോൾ
എത്രയെത്ര ഈയലുകൾ മരണനൃത്തം ചെയ്യുന്നു!
ഗ്രീഷ്മം ജലഉടലുകളുമായി
ഗാഢപ്രണയത്തിന്റെ ഒന്നാകലുകളിലേയ്ക്ക്
ഓരോ അടരുകൾ, പടവുകൾ ഇറങ്ങിപ്പോകുന്നു.
വേനൽ, വയലിലും കാറ്റിലും
വിണ്ട ലിപികൾ കൊണ്ടടയാളം വയ്ക്കുന്നു.
അപ്പോഴൊക്കെയും
ഏതു തീപ്പൊരി വീണാളിപ്പോകുമെന്നറിയാതെ
പാതിയുമുണങ്ങിയ ജീവിതങ്ങളും കൊണ്ട്
നാമുലയുന്നു.
നോക്കി നോക്കിയിരിക്കെ
ഒരു ശരത്കാലത്തെ കാറ്റുവന്നു ജാലകം ചാരുന്നു,
ചുറ്റും ഇലകൾ പൊഴിയുമ്പോൾ
നഗ്നമാകുന്നു ജീവിതം.
കിളിക്കുഞ്ഞുങ്ങൾ പറക്കാൻ പാകമാകുമ്പോൾ
കൂട്ടിലവശേഷിക്കുന്ന
നനുത്ത ചില തൂവലുകൾ പോലെ
നാം ചിലത് ബാക്കിയാക്കുന്നു,
ജീവന്റെ അടയാളങ്ങളെന്നു തോന്നിക്കാത്തവണ്ണം
കാലങ്ങളിലൂടെ എത്ര അലസമായവ
പാറിപ്പോകുന്നെന്ന് കാണൂ!
ഒരു കാലം
തെളിവുകൾ നിരത്തി നിരത്തി വയ്ക്കുന്നു
മറുകാലം
അതിനെയെല്ലാം പൊട്ടും പൊടിയും മാത്രമാക്കി
വിഴുങ്ങിക്കളയുന്നു.
നമ്മുടെ ശരീരങ്ങളും,
ഏതോ കാലത്തിന്റെ തെളിവുകൾ
മറ്റേതോ കാലമതിനെ
അപ്പാടെ വായിലാക്കുവാൻ
പൂച്ചപ്പതുക്കങ്ങളുമായി കൂടെയുണ്ടെന്നത്
ഇന്നും മാറ്റമില്ലാതെ തുടർച്ചകളെ പെറുന്നു.
ഓരോ ശിലയും
ആദരപൂർവം കടന്നുപോകേണ്ടുന്ന
കാലങ്ങളും കൂടിയാണ്
ഏതേതു ദൈവങ്ങളെ സ്വതന്ത്രമാക്കിയ
(അതോ ബന്ധനത്തിലാക്കിയതോ!)
ഉളിയൊച്ചകളെ ധ്യാനിക്കുന്നു അവയെന്ന്
നാമറിയുന്നില്ല,
ദൈവകാലത്തേക്ക് ഉയർന്നുപോയവരുടെ
പൂർവാശ്രമച്ചീളുകളിലൂടെ നാം!
പകലുകൾ ഓരോന്നും
ഉടഞ്ഞു പോകുന്നെന്നോ
അലിഞ്ഞു പോകുന്നെന്നോ നാം
ആസ്വദിക്കുകയോ ആകുലപ്പെടുകയോ ചെയ്യുന്നു
ഉടഞ്ഞുപോകുന്നത് ഓരോരോ നമ്മളെന്നു,
നമ്മുടെ സമയമെന്ന്
വീണ്ടുമാ സൂര്യനുദിക്കുന്നു.
നിങ്ങളറിയുന്നോ
ജീവിതം അതിന്റെയാ
ഒറ്റച്ചുംബനംകൊണ്ട് ഒപ്പുവച്ച
നമ്മുടെയേതോ വസന്തകാലത്തിലായിരിക്കണം
നാമിപ്പോൾ
ചേക്കേറിയിരിക്കുന്നത്.