പകൽ കണ്ടാൽ
ഇഷ്ടമാകില്ല.
ഒച്ചവച്ചും വിയർത്തും;
ജീവിക്കാനുള്ള
തത്രപ്പാടിൽ
തിരക്കിട്ടോടിയും;
പൊടിപുരണ്ടും,
വെയിലേറ്റുമങ്ങനെ….
രാത്രിയിൽ വരവ്
സാമ്പ്രാണി മണമുളള
തലമുടിച്ചുരുളുകളിൽ
സന്ധ്യയെ ഒളിപ്പിച്ച്;
കടക്കണ്ണുകളിൽ നിന്നും
ചിറകടിക്കും പറവകൾ
നിരവരിയൊപ്പിച്ച്
കൂടണയാൻ-
ചക്രവാളങ്ങളിൽ
അടയാളപ്പെട്ട്….
അവൾ അപ്പോഴും
തിരക്കിലാണ്.
ദീപമാലകൾ കണ്ണുകളിൽ
തിളങ്ങി നിൽക്കും.
ചിതറിയോടുന്ന യാനങ്ങളാൽ
ഉടൽ ശബ്ദമുഖരിതമാകും.
കണക്കറ്റ
സൗധങ്ങൾക്കിടയിൽ
ധ്യാനിച്ച് നിൽക്കും
ഉറക്കംതൂങ്ങി മരങ്ങൾ
തലോടി വരുന്ന
ഇളം കാറ്റ്
അവിടമാകെ ചുറ്റി നടക്കുമ്പോൾ
നിമിഷനേരത്തേക്ക്
ഗ്രാമ കന്യകയാണെന്ന് നടിക്കും.
വെറ്റില തിന്നു മുഴുത്ത
ചുവന്ന ചുണ്ടുകൾ
ചിരിച്ചു മയക്കും.
വിടരാനൊരുങ്ങും
മുല്ല മാലകളും
കനകാംബരവും കദംബവും
തെരുവുകളെ
സുഗന്ധികളാക്കും.
ദൂരെ –
തിങ്കൾക്കലപ്പൊട്ട്
മേഘരാജികളാം കുറുനിരകളാൽ
മറയ്ക്കും; വെളിവാക്കും.
മേലെ താരകളെ വെല്ലുവിളിച്ച്
താഴെ ഒഴുകി തിളങ്ങുന്ന
അസംഖ്യം വിളക്കുകൾ
പ്രൗഢിയറിയിക്കും.
ശബ്ദമയമാകിലും
ദിവസാവസാനത്തിന്റെ
പ്രശാന്തി നിറയ്ക്കും..!
മനസ്സ് ലഘുവാകും.
കർമഭാരമിറക്കിയ
സുഖത്തിൽ
ഒഴിഞ്ഞ വയറും
നിറഞ്ഞ വയറും
ഒരുപോൽ നിശ്വാസമുതിർക്കും.
നിശാസുന്ദരിയാകുമ്പോൾ
നഗരം എത്ര പ്രിയങ്കരി!
നിരാകരിക്കാനാവാത്ത കാമുകി.