പൊതുവിൽ മലയാളത്തിൽ സ്വവർഗാനുരാഗത്തെ പ്രതിപാദിക്കുന്ന സിനിമകളെല്ലാം എങ്ങും തൊടാതെ, കൈനനക്കാതെ, അല്ലെങ്കിൽ തൊട്ടും തലോടിയും അതിന്റെ ദീർഘമായ മനുഷ്യ സ്നേഹവശങ്ങളെ, വ്യാപ്തിയെ കുറയ്ക്കാതെ, വെറും വ്യർത്ഥജല്പനകളായി ഒതുക്കിയ ഒന്നാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ മൂല്യ/മത/ സംസ്കാര/ പാരമ്പര്യ ചിന്തകളായി തുടർച്ചകൾ വളരെയധികം ഉണ്ടാവേണ്ട ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്വവർഗാനുരാഗ സങ്കൽപ്പങ്ങളെ ഉടച്ചുവാർക്കുന്ന, വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായ, അതിന്റെ വിവിധ വൈകാരിക തലത്തിൽനിന്നും, ഭാവമയമായ സ്വവർഗാനുരാഗ ചുറ്റുപാടിനെയും, അവരെ ചുറ്റിപറ്റിയ ആളുകളെയും ഉൾക്കൊള്ളുന്ന, തുറന്നു കാണിക്കുന്ന, മലയാള സിനിമകൾ വളരെ വിരളമാണ്. അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം.
ഒരു സിനിമ അത് പ്രതിപാദിക്കുന്ന വിഷയത്തിൽ മാത്രമൊതുങ്ങാതെ വിശാലമായ ഒരു കാൻവാസിലേക്ക് ചേർത്തുവെച്ചിരിക്കുന്ന ഒന്നാണ് ബ്ലൂ ഈസ് ദി വാമസ്റ്റ് കളർ (Blue is the warmest colour). സ്വവർഗാനുരാഗികളായ അല്ലെങ്കിൽ ബൈസെക്ഷ്വൽ പ്രണയിതാക്കളുടെ കഥയിലൂടെ ബന്ധങ്ങളുടെ വിവിധ താളങ്ങളും, ആഴവും, വ്യാപ്തിയും, പരപ്പുമെല്ലാം ഈ സിനിമ പ്രതിപാദിച്ചു പോകുന്നുണ്ട്. കഥാപരിസരമെന്നത് സ്ത്രീകൾക്കിടയിൽ ഉടലെടുക്കുന്ന പ്രണയം, രണ്ടു ജീവിതങ്ങളുടെ അവർക്കിടയിൽ ഉടെലെടുക്കന്ന ബന്ധത്തിന്റെ തീവ്രത, ബന്ധങ്ങളിലെ വിശ്വാസവഞ്ചന, എങ്ങിനെയാണ് മനുഷ്യ മനസിന്റെ പലതലങ്ങൾ, കാരണം പോലുമറിയാത്ത പ്രവർത്തികൾ, കള്ളങ്ങൾ തുടങ്ങി വികാരപരമായ പരിസരത്തിലൂടെ പതിഞ്ഞതാളത്തിൽ സംഭവിച്ചു ചേരുന്നതായാണ് സിനിമ കാണിക്കുന്നത്.
എന്നാൽ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ ക്ലാസിക് ലോക സിനിമകളിലൂടെ പലപ്പോഴായി പറഞ്ഞു വെച്ചും പ്രതിഫലിപ്പിച്ചും ആഴത്തിൽ ചിന്തിപ്പിച്ചും കടന്നു പോയിട്ടുണ്ട്. ഇപ്പോഴും ആഘോഷങ്ങളാക്കുന്ന ചില സിനിമകളിൽ സ്വവർഗാനുരാഗ സ്ത്രീ പ്രണയത്തെ വരച്ചിടുന്നതെങ്ങിനെയെന്നും , അതിൽ കുടുംബം, സമൂഹം, അധികാര ഗോത്രഭരണ വ്യവസ്ഥിതിയുടെ ഇഴചേർന്നു കിടക്കുന്നു എന്നുമാണ് ഈ എഴുത്തുതിനാധാരം. പലപ്പോഴായി കണ്ടു തീരാത്ത ചില ലോക ക്ലാസിക് സ്ത്രീ പ്രണയാഘോഷങ്ങളുടെ, സംഘർഷങ്ങളുടെ പല കാലഘട്ടങ്ങളുടെ, ദേശങ്ങളുടെ കഥകൾ. ഒരുപക്ഷെ മലയാളം ഇനിയും പര്യവേഷണം ചെയ്യപ്പെടാതെ പോകുന്ന പല ജീവിത സാഹചര്യങ്ങളിലെ മറ്റൊരു ചിന്തനീയ വിഷയം. എന്നാൽ സ്വവർഗാനുരാഗത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കാതെ തന്നെ ഇത്തരം സിനിമകൾ പ്രതിപാദിച്ച അകക്കാമ്പുള്ള വിഷയങ്ങൾ മലയാള എതിര്‍ലിംഗ തൽപരതയുള്ള സിനിമ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സിനിമ പൂർണമായും അഡെലെ എന്ന കഥാപാത്രത്തിന്റെ സാഹചര്യങ്ങളിലൂടെ വികസിക്കും വിധത്തിലാണ് നിര്മിക്കപ്പെട്ടിട്ടുള്ളത്. അവളുടെ സ്കൂളും, വീടും പരിസരവും, സ്വാഭാവവും, പ്രവർത്തികളുമെല്ലാം ഒപ്പിയെടുക്കും വിധം മാത്രം നിർമിച്ചിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. പ്രധാന കഥാപാത്രമായ ചിത്രകാരി ഇമ വരയ്ക്കുന്ന ചിത്രങ്ങളിൽ നിറത്തിനു രൂപമാറ്റം സംഭവിക്കും പോലെ മനോഹരമായി കോർത്തുവെച്ചിരിക്കുകയാണ് ഇതെല്ലാം എഴുത്തുകാരനും സംവിധായകനും.
എല്ലാ ബന്ധങ്ങളുപോലെ തന്നെ പ്രണയത്തിലും അത് സംഭവിക്കുന്ന ഇടങ്ങളും സാഹചര്യങ്ങളും പ്രധാനമാണ് . ബന്ധങ്ങളിൽ ഉടലെടുക്കുന്ന സംഭവ വികാസങ്ങളിലെ വിരസത അതിനെ നേരിടേണ്ടിവരുന്ന സാഹചര്യം എല്ലാം തന്നെ ഈ സിനിമ പറഞ്ഞവെച്ചു പോകുന്നുണ്ട്. കള്ളം എന്നത് കണ്ണുകൊണ്ടും പ്രവൃത്തികൾകൊണ്ടും സാധ്യമാകുന്നതാണ് എന്നതിനെ അഡെലെ എന്ന കേന്ദ്ര കഥാപാത്രം എത്രഭംഗിയായാണ് നമുക്ക് മുന്നിലേക്ക് സന്നിവേശിപ്പിക്കുന്നത്. എന്തിനാണ് എന്ന വിശദീകരണം ആവശ്യമില്ലാതെ വെറുതെ പറഞ്ഞുപോകുന്ന കള്ളങ്ങൾ. പ്രണയവും വിശ്വാസ വഞ്ചനയും ഒരു കഥാപാത്രം നേരിടുമ്പോൾ, പ്രണയത്തിന്റെയും ശാരീരിക പരിഗണനയുടെയും സുഖത്തിൽ അഭിരമിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയാണ് അഡെലെ. ഒരു നൈമിഷിക സുഖത്തിനായി മാത്രം മറ്റൊരു ബന്ധത്തിലേക്കു അറിഞ്ഞുകൊണ്ടുതന്നെ തെന്നി മാറുന്നുമുണ്ട് അവർ. തുറന്നുപറച്ചിലുകളൊന്നുമില്ലാതെ തന്നെ. പക്ഷെ ഇമയുടെ ഉയർച്ചയിലേക്കുള്ള പടവുകളിൽ അത്തരം തിരക്കുകൾ ഉണ്ടാക്കുന്ന വിരസത തനിക്കു ലഭിക്കാതെ പോകുന്ന സ്നേഹരാഹിത്യത്തെയും എല്ലാം മുന്നിലേക്കിട്ടുകൊണ്ടുതന്നെ വിശ്വാസവഞ്ചന അത്രമേൽ കഠിനമായ ഒന്നാണെന്നു ഓർമിപ്പിക്കും വിധം വേദനയും നൽകുന്നുണ്ട് സിനിമ . പലവിധ ചോദ്യങ്ങളും ചിന്തകളും പ്രേക്ഷകർക്ക് മുന്നിലിട്ട് പലവിധ വിമർശനാത്മകമായ ചിന്തകളിലേക്ക് നമ്മെ തിരിച്ചുവിടും വിധം മനോഹരമായി തന്നെയാണ് സിനിമ അവസാനിക്കുന്നത്.
ക്ലാസ്സിക്കെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ഫ്രഞ്ച് സിനിമക്ക് കൈമുതലായുള്ള കഥാപ്രതലത്തിൽ നിന്നുകൊണ്ടുതന്നെ കഥപറഞ്ഞ ഒരു മലയാള സിനിമയാണ് ഏതാണ്ടൊരേ സമയത്തു മലയാളത്തിൽ ചിത്രീകരിച്ച ശ്യാമപ്രസാദ് ചിത്രം ആർട്ടിസ്റ്റ് . 2013ൽ ഇറങ്ങിയ ഏതാണ്ട് ഒരേ കഥാപരിസരത്തിലൂടെ സഞ്ചരിച്ചത് ചിലപ്പോൾ യാദൃശ്ചികമായിരിക്കാം. എതിർലിംഗ തല്പരരും, സ്വവർഗ്ഗ താൽപരുമായി കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ സംഭവിക്കുന്ന സംഘർഷങ്ങൾ, മനസിലുറച്ചുപോയ വിശ്വാസ വഞ്ചനയിൽ നിൽക്കുന്ന തങ്ങളുടെ പ്രണയിതാക്കളിൽനിന്നും ഇറങ്ങി നടന്നകന്നുപോകുന്ന രണ്ടു പെണ്ണുങ്ങളിൽ അവസാനിക്കുന്ന സിനിമകൾ പ്രേക്ഷകനെ മനുഷ്യ മനസിന്റെ കെട്ടുപിണഞ്ഞുകിടക്കുന്ന ചിന്തകളുടെ നൂലാട്ടം നഷ്ടപ്പെടുത്തുന്നു എന്നതും അത്ഭുതമാണ്.
പോർട്രൈറ്റ് ഓഫ് ലേഡി ഓൺ ഫയർ (portrait of Lady on fire) കാലഘട്ടമാവശ്യപ്പെടുന്ന എന്നും ഒത്തുതീർപ്പുകളില്ലാത്ത സദാചാര ചിന്തകളുടെ പ്രതിഫലനം കൂടിയായി കണക്കാക്കാവുന്ന ഒരു സിനിമയാണ്. പുരുഷനും സ്ത്രീയുമായുള്ള ജീവിതം ഒന്നെന്നതല്ലാതെ മറ്റൊരു തരത്തിലുമുള്ള ലൈംഗികത സ്വീകാര്യമല്ലാത്ത ഒരു ജനതക്കുമുന്പിൽ സ്വന്തം താൽപര്യങ്ങളും, തെരഞ്ഞെടുപ്പുകളും മാറ്റിവെച്ച, മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കനുസൃതമായായി ജീവിക്കേണ്ടിവരുന്ന അവസ്ഥയിലും ഏറ്റവും പ്രിയപ്പെട്ട ചിലനിമിഷങ്ങളെ ചേർത്തുപിടിച്ചു ജീവിക്കുന്ന രണ്ടുപേർ. മറ്റൊരു ഫ്രഞ്ച് ക്ലാസിക് , ഈ സിനിമയിൽ സ്ത്രീകളുടെ തെരഞ്ഞെടുപ്പുകൾ പുരുഷകേന്ത്രീകൃത തീരുമാനങ്ങളുടെ ഇംഗിതത്തിനു വഴങ്ങേണ്ടി വരുന്നു എന്നത് ആവർത്തിച്ചുറപ്പിക്കുമ്പോളും തന്റെ തീരുമാനത്തെ തന്റെ പ്രിയപ്പെട്ടവൾ (മര്യാന്നെ ) വരച്ചുവെച്ച പുസ്തകത്തിലെ താളിനെ (പേജ് -28 ന്റെ അറ്റം) മുറുകെപ്പിടിച്ചു നിൽക്കുന്നുണ്ട് നായിക ഹെലോയിസ്. അവളിഷ്ടപ്പെടുന്ന പ്രണയിനി പരിചയപ്പെടുത്തുന്ന വിവലീദ് ന്റെ ഫോർ സീസൺ (Vivaldi’s Four Seasons) ലെ സമ്മർ (Summer ) എന്ന ഓർക്കസ്ട്ര കാണിരിക്കുന്ന ഹെലോയിസ്നെ കാണുന്ന മര്യാന്നെ താൻ ആ സംഗീതം അവൾക്കു പകർന്നു കൊടുത്തപ്പോഴുണ്ടായ അതേ ആർദ്രത അവളുടെ കണ്ണുകളിൽ അനുഭവിച്ചറിയുന്നുമുണ്ട്. ഒരു വേനലിൽ കണ്ടു, മിണ്ടി, സൗഹൃദത്തിലായി , അത് പിന്നെ പ്രണയവും, അതിന്റെ തീവ്രതയും, ആനന്ദവും അനുഭവിച്ചു പിരിഞ്ഞു പോകുന്ന രണ്ടുപേർ. തങ്ങളെ കാത്തിരിക്കുന്ന സാഹചര്യങ്ങളിൽ പ്രണയം ഒരു ബാധ്യതയാകുമെന്ന തിരിച്ചറിവുകൊണ്ടുമാത്രം എന്ന് തോന്നിക്കും വിധം പിരിഞ്ഞു പോകുന്ന രണ്ടുപേർ. തുടർജീവിതത്തിലെ എല്ലാ മാറ്റങ്ങളിലും ആ വേനൽ ഒഴിവുകാലത്തിലെ നിമിഷങ്ങൾ അത്രമേൽ ഊഷ്‌മളമായി തന്നെ സ്വകാര്യമായി സൂക്ഷിക്കുക. അത്രയുമായാൽ പോർട്രൈറ്റ് ഓഫ് ലേഡി ഓൺ ഫയർ എന്ന സിനിമ പൂർത്തിയാകും.
ഇതേ കഥാതന്തുവിൽ നിരവധിയാനവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. ജാതി, മതം , വർഗം വർണം എന്നതിന്റെ പേരിൽ പ്രിയപ്പെട്ട പ്രണയമുപേക്ഷിക്കപ്പെടുന്ന സാഹചര്യങ്ങളും ഇഷ്ട്ടമില്ലായ്മക്കളെ സ്നേഹിക്കാൻ നിർബന്ധിതമാകുന്ന സാഹചര്യങ്ങൾ കഥാ പശചാത്തലമാകുന്ന നിരവധി സിനിമകൾ നമുക്കുമുന്നിലുണ്ട്. അതിലും എത്രമേൽ പ്രയാസകരമായിരിക്കും ഒരേലിംഗ പ്രണയിതാക്കൾക്കിടയിൽ. ‘ കാൾ മി ബൈ യുവർ നെയിം (call me by your name)‘ എന്ന അക്കാദമി അവാർഡ് നേടിയ സിനിമയിലും പ്രധാന സാഹചര്യങ്ങളിലെ മാറ്റങ്ങൾ ഒഴിവാക്കിയാൽ സ്വവർഗാനുരാഗികളായ (ചിലപ്പോൾ പാൻ സെക്ഷെൽ കൂടി ആയേക്കാം, എന്ത് തന്നെ ലൈംഗിക അഭിനിവേശമാണെങ്കിലും) രണ്ടു പുരുഷന്മാരും, അവർക്കിടയിൽ ഉടെലെടുക്കുന്ന പ്രണയവും പിരിഞ്ഞു പോകേണ്ടുന്ന നിസ്സഹായതയുമാണ് വിഷയമായി വരുന്നത്. ഏതുതരം പ്രണയത്തിലും സാമൂഹിക നിർമിതമായ ചില അതൃശ്യ കല്പനകളെ സ്വീകരിക്കേണ്ടി വരുന്ന പ്രണയിതാക്കളെ, ഉപേക്ഷിക്കപെടലുകളെ സ്വീകരിക്കേണ്ടിവരുന്ന മാനസികമായ അവസ്ഥകൾ തന്നെയാണ് സിനിമ പ്രതിപാദിക്കുന്നത് . പക്ഷെ ഇതിനു വിപരീതമായി പോര്ട്ടറ്റ് ഓഫ് എ ലേഡി ഓൺ ഫയർ സാഹചര്യത്തെ സ്വീകരിച്ചു തങ്ങളുടെ ജീവിതത്തിലേക്ക് കടക്കുന്ന എന്നാൽ ആ സന്തോഷത്തെ മുറുകെപ്പിടിക്കുന്ന സ്ത്രീകളെയാണ് ചിത്രീകരിക്കുന്നത്.
ധൈര്യമില്ലായ്മയോ, നിസ്സഹായതയോ, എന്തായിരിക്കുമെന്നത് പ്രേക്ഷകതീരുമാനമാക്കി അനന്തമായി നിലനിർത്തിക്കൊണ്ടു തന്നെ അവസാനിപ്പിക്കുന്ന ഒരു സിനിമ. ജീവിത സാഹചര്യങ്ങൾ പ്രണയമുപേക്ഷിക്കപ്പെടലുകളിലേക്കും ഇഷ്ടമില്ലാത്ത ജീവിതത്തിലേക്കും തള്ളിവിടുന്നതിന്റെ വേദന ഒരു പാട്ടിലൂടെ കാണിച്ചുതന്ന അയാളും ഞാനും തമ്മിലടക്കമുള്ള സിനിമകളിൽ ഈ അവസ്ഥയുടേ അതിതീവ്രത നാം കണ്ടതും അനുഭവിച്ചതുമാണ്. തങ്ങളുടെ മുന്നിലെ അവസ്ഥകളെ അറിഞ്ഞു തന്നെ ഇറങ്ങിപ്പോകുന്ന എന്നാൽ അതെ സ്നേഹം മനസ്സിൽ സൂക്ഷിക്കാൻ നമ്മെ പഠിപ്പിക്കുന്ന സിനിമ.
(തുടരും)
രണ്ടാം ഭാഗം: http://www.mumbaikaakka.com/homosexual-women-life-in-world-classic-films-part2/