സുന്ദരമായ നാടാണ് മണിപ്പൂർ. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന മണിപ്പൂർ, മിസോറാം, അസം, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഒന്ന്. പരിസ്ഥിതി സൗഹൃദമായ, വലിയ വ്യവസായങ്ങൾ ഇപ്പോഴും കടന്നു കയറാത്ത സ്ഥലങ്ങൾ. ഓരോ സംസ്ഥാനത്തിനും അതിന്റേതായ മനോഹാരിതയും പാരമ്പര്യവുമുണ്ട്; പ്രകൃതി സ്നേഹികൾക്ക് അനുയോജ്യമായ പ്രദേശം.
താഴ്വരയിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ ജനാലക്കാഴ്ചകൾ ആരുടെയും മനം കവരും. മലകൾക്കിടയിൽ കൃത്യമായി ചെത്തി വെച്ചിരിക്കുന്ന ഒരു വലിയ കളിസ്ഥലം പോലെ ഇൻഫാൽ താഴ്‌വര. നെൽപ്പാടങ്ങളുടെ ഇടയിൽ പട്ടണങ്ങളും ഗ്രാമങ്ങളും- അതിനു ചുറ്റും ഉയർന്നു നിൽക്കുന്ന മനോഹരമായ മലനിരകൾ. ഈ കാഴ്ചകൾ മതി മനം കുളിർപ്പിക്കാൻ. മണിപ്പൂരിനെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ എന്തുമാകട്ടെ പ്രകൃതിയുടെ ഈ രമണീയതയിലേക്ക് വന്നിറങ്ങുമ്പോൾ മനസ്സ് ശാന്തമായി തുടങ്ങും.
ഞാൻ ഇറങ്ങുമ്പോൾ ഇൻഫാൽ എയർപോർട്ടിൽ വലിയ തിരക്കായിരുന്നു. എന്നാൽ, അവിടെ ആശങ്കയുളവാക്കുന്നതായി ഒന്നും തോന്നിച്ചില്ല. ഹൃദ്യമായ പുഞ്ചിരിയോടുകൂടി സെക്യൂരിറ്റി ജീവനക്കാർ. എന്നാൽ, വ്യത്യസ്തമായ ഒന്നുണ്ട്- പുറത്തിറങ്ങുന്നതിനു മുമ്പ് ഒരു പെർമിറ്റ് എടുക്കണം. ഇന്നർ ലൈൻ പാസ് – വളരെ എളുപ്പത്തിൽ അതിന്റെ നടപടിക്രമങ്ങൾ തീർക്കാം. ആധാർ കാർഡിലെ വിവരങ്ങളും നമ്മുടെ യാത്ര ഉദ്ദേശങ്ങളും പോലീസ് സ്റ്റേഷൻ വിവരങ്ങളും ഫോൺ നമ്പറും മണിപ്പൂരിലെ താമസസ്ഥല വിലാസവും ഒക്കെ പൂരിപ്പിച്ചു കൊടുത്ത് 100 രൂപ ഫീസ് അടച്ച് ക്യാമറയിലേക്ക് നോക്കിയാൽ മതി ഇന്നർ ലൈൻ പാസ് പ്രിന്റ് ചെയ്ത് കയ്യിൽ കിട്ടും.
കൂടെയുള്ള മെഡിക്കൽ റിലീഫ് ടീമിലെ എല്ലാവർക്കും പാസ് എടുക്കാൻ ഏതാണ്ട് അരമണിക്കൂർ സമയമെടുത്തു. ഇൻഫാലിന്റെ ഹൃദയത്തിലൂടെ നഗരത്തെ കീറിമുറിച്ച് ഒരു ചെറിയ യാത്ര താമസസ്ഥലത്തേക്ക്. എങ്കിലും തെരുവോരങ്ങളിൽ കനത്ത ഒരു വിജനത നിഴലിച്ചിരുന്നു. ഞായറാഴ്ച ആയതുകൊണ്ടാവാം അത്യാവശ്യം കടകൾ മാത്രമേ തുറന്നിരിപ്പുള്ളൂ..
സൈനിക വാഹനങ്ങൾ റോന്ത് ചുറ്റുന്നുമുണ്ട്. പലയിടങ്ങളിലും സൈനികർ കാവൽ നിൽക്കുന്നു. വാഹനത്തിലെ ജനാലയിലൂടെ സൈനികിൽ ഒരാൾക്ക് ഒരു ചിരി എറിഞ്ഞു നോക്കി – ആശ്വാസം ആ ചിരി എനിക്കും തിരിച്ചുകിട്ടി.
ഒരു ചിരിയിൽ മഞ്ഞുരുകും, മനുഷ്യരുടെ മനസ്സുകൾ ഒന്നാകും, എല്ലാം നന്നാവട്ടെ ദൈവമേ – മനസ്സിൽ ഓർത്തു.
ഈ യാത്രയിൽ ഈ നാടിനെ അറിയണം. ഈ നാടിന്റെ സ്നേഹവായ്പുകൾ പുണരണം. പോരാട്ടങ്ങളുടെ ആവേശങ്ങൾ നെഞ്ചിലേറുന്ന ഈ ജനതയെ മനസ്സിലാക്കണം. സ്നേഹത്തിന്റെ ചേർത്ത് പിടിക്കലിൽ ഈ ജനതയെ ഒരുമിപ്പിക്കാനുള്ള കച്ചിത്തുരുമ്പെന്തെങ്കിലും കണ്ടെത്താനായാൽ അത് മുറുകെപ്പിടിക്കണം.
നിങ്ങൾക്കറിയുമോ, എല്ലാ മനുഷ്യരിലും നന്മയുണ്ടെന്ന്?
ആ ദിവസം ക്യാമ്പിൽ തന്നെ കൂടി. ഇംഫലിലെ ആദ്യത്തെ ദിവസം അങ്ങനെ ശാന്തമായി കടന്നുപോയി. നാളെ റിലീഫ് ക്യാമ്പ് ആരംഭിക്കും.
മുന്നൊരുക്കങ്ങളുമായി ടീം സജീവമായി .ഈ നാടിന്റെ ഹൃദയമറിയാൻ, മുറിവുകളിൽ ലേപനം പുരട്ടാൻ ഓരോരുത്തർക്കും തിടുക്കമായി.
“പുറമേ നിന്നൊരാൾക്ക് എളുപ്പം മനസ്സിലാക്കാവുന്ന സ്ഥലമല്ല മണിപ്പൂർ- പൊടുന്നനെയായിരിക്കും മണിപ്പൂരിൽ കാര്യങ്ങൾ മാറിമറിയുന്നത്. മലയോര ഗ്രാമമായ ഹെങ്ബുങ്ങിൽ നിന്ന് താഴ് വരയിലെ ഇൻഫാലിലേക്ക് നിങ്ങളുടെ ഫ്ലൈറ്റ് പിടിക്കാൻ പോകുമ്പോഴോ, അതുമല്ലെങ്കിൽ ഒരു മീറ്റിങ്ങിന് പോകുമ്പോഴൊക്കെ ആയിരിക്കും പൊടുന്നനെ ഒരു 24 മണിക്കൂർ ബന്ദ് പ്രഖ്യാപിക്കപ്പെടുക. ഒരു ഗ്രാമത്തിൽ നിങ്ങളുടെ പരിപാടികൾ തീരുമാനിക്കപ്പെട്ടതിനുശേഷം പെട്ടെന്ന് ചിലപ്പോൾ മാറ്റം വരുത്തേണ്ടിയും വന്നേക്കാം. ചിലപ്പോളെങ്കിലും അതിന് കാരണം ഭീകരവാദികളുടെ ഭീഷണിയാകാം. ഇത്തരം ഭീതിജനകമായ സാഹചര്യങ്ങൾ നിലവിലുള്ളതുകൊണ്ടാണ് മണിപ്പൂർ എന്ന സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ സന്ദർശകർ മടി കാണിക്കുന്നത്”.
Manipur – Hope, Peace, Development എന്ന ഒരു ഗ്രന്ഥത്തിലെ ആമുഖത്തിലെ വരികളാണ് മേലുദ്ധരിച്ചിരിക്കുന്നത്. മണിപ്പൂർ യാത്രയ്ക്കിടയിൽ എനിക്ക് സമ്മാനമായി കിട്ടിയാണ് ഈ പുസ്തകം. ഇത് രചിച്ചിരിക്കുന്നത് മണിപ്പൂരിലെ സെയ്‌തു നിയോജകമണ്ഡലം എംഎൽഎ-യും മുൻപു രണ്ടു പ്രാവശ്യം കാബിനറ്റ് മിനിസ്റ്ററുമായിരുന്ന Haokholet Kipgen ആണ്. അദ്ദേഹം കാംക് പോക്കി ജില്ലയിലുള്ള ഹെങ്ബുങ് ഗ്രാമത്തിലെ ഗ്രാമത്തലവൻ കൂടിയാണ്.
അദ്ദേഹത്തിന്റെ വസതിയിൽ ഞങ്ങൾ എത്തുമ്പോൾ നേരം വൈകിയിരുന്നു. കുറേയേറെ നേരം അദ്ദേഹം ഞങ്ങളുമായി ആശയ സംവാദം നടത്തി. വളരെ ഹൃദ്യമായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ച.
മണിപ്പൂരിലെ പ്രശ്നങ്ങളും അവയുടെ കാരണങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ഒക്കെ ആ സംഭാഷണത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ഭാക്ഷ്യത്തിൽ കുക്കി സമുദായത്തിൽപ്പെട്ട ഗോത്ര വംശത്തിനാണ് ഏറ്റവും കൂടുതൽ ദുരിതങ്ങൾ കലാപത്തിന്റെ കാലയളവിൽ നേരിടേണ്ടി വന്നത്.
മണിപ്പൂരിലെ ഏതാണ്ട് 95 ശതമാനത്തിലധികം കുക്കി വംശജരും ക്രിസ്തീയ വിശ്വാസികളാണ്. ബാപ്റ്റിസ്റ്റ് മിഷണറിമാർ സ്ഥാപിച്ച പള്ളികളാണ് ഇതിൽ അധികവും.
കുക്കി ഗോത്ര വിഭാഗം മണിപ്പൂരിലെത്തിയതിനെക്കുറിച്ചും അവരുടെ സമ്പ്രദായങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായ വിവരണങ്ങൾ അദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി. സ്വന്തം ഗോത്രത്തിന്റെ നിലനിൽപ്പിനു വേണ്ടി പൊരുതുന്ന അവരുടെ വീരോചിത കഥകൾ നമ്മെ ത്രസിപ്പിക്കും.
ചരിത്രം മറ്റൊരു ഭാഗത്ത് വിശദീകരിക്കാം.
ഈ സ്നേഹ സംഭാഷണത്തിനിടയിൽ കേരളത്തിൽ നിന്നുള്ള നമ്മുടെ രണ്ട് പ്രിയപ്പെട്ട എംപി. മാർ അവിടെയെത്തിച്ചേർന്നു. ജോസ് കെ മാണിയും, തോമസ് ചാഴിക്കാടനും ആയിരുന്നു അവർ. ഇരുവരും മണിപ്പൂരിന്റെ ഹൃദയത്തെ തൊട്ടറിയാൻ വന്നവരാണ്. മണിപ്പൂർ ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് അന്വേഷിച്ചറിയാൻ എത്തിയ നമ്മുടെ എം പി. മാരെക്കുറിച്ച് തെല്ലഭിമാനം തോന്നി. ദുർഘടമായ പല വഴികളിലൂടെയും സഞ്ചരിച്ച് ഈ ജനതയെ മാറോടണച്ച് അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാർലമെന്റിൽ അവരുടെ ശബ്ദം ആകാൻ എത്തിയതാണവർ.
.
Kipgen-നുമായി നമ്മുടെ എംപിമാർ നീണ്ട സംഭാഷണത്തിൽ ഏർപ്പെട്ടു. കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കി. സ്നേഹത്തോടെ എല്ലാം ചോദിച്ചറിഞ്ഞു. പാർലമെന്റിൽ ഉന്നയിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീർച്ചപ്പെടുത്തി എല്ലാ സഹായങ്ങളും ഈ ജനത്തിന് വാഗ്ദാനം ചെയ്തിട്ടാണ് അവർ മടങ്ങിയത്.
തുടർന്നും ഈ ദേശത്തിന്റെ പലയിടങ്ങളും അവർ സന്ദർശിക്കുകയും പാർലമെന്റിന്റെ അകത്തും പുറത്തും ഈ ജനതയെ നിർലോഭം ചേർത്തുപിടിക്കുന്നതിൽ ഇരുവരും സത്വരശ്രദ്ധ കാണിച്ചു എന്നും എടുത്തു പറയട്ടെ. കേരളത്തിന്റെ ഹൃദയത്തിൽ നിന്ന് മണിപ്പൂരിന്റെ ഹൃദയത്തിലേക്ക് ഒരു പാലമിടുകയായിരുന്നു നമ്മുടെ എം പി. മാർ.
സംഭാഷണങ്ങൾക്കൊടുവിൽ ഞങ്ങൾ താമസസ്ഥലത്തേക്ക് മടങ്ങി. നാളെ മുതൽ റിലീഫ് ക്യാമ്പുകൾ ആരംഭിക്കുകയാണ്. മനസ്സിൽ എവിടെയോ ഒരു നീറ്റൽ. കൂടുതലറിയും തോറും ഈ ജനതയെ ചേർത്തുപിടിക്കാൻ മനസ്സ് വെമ്പുന്നു.
രാത്രി വൈകിയും മരുന്നുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. ഉറക്കം വരുന്നില്ല വീണ്ടും Kipgen ന്റെ പുസ്തകം എടുത്തു. ആർത്തിയോടെ വായന തുടർന്നു.. അദ്ദേഹം തുടരുകയായിരുന്നു.
“മണിപ്പൂരിലെ അസംബ്ലി തെരഞ്ഞെടുപ്പുകളിൽ സാധാരണയായി കണ്ടു വരാറുള്ള ഉയർന്ന പോളിംഗ് ശതമാനവും, ബന്ദ് പോലെയുള്ള സമരങ്ങളിൽ കാണപ്പെടുന്ന ബഹുജന പങ്കാളിത്തവും, പൊതുമുതൽ കയ്യേറിയും നശിപ്പിച്ചും ജനപ്രതിനിധികളെ ബന്ദികളും ആക്കിയുള്ള സമരമുറകളും, പ്രശ്നപരിഹാരത്തിനായി മണിപ്പൂർ ജനത അവലംബിക്കുന്ന അക്രമ മാർഗ്ഗങ്ങളും പ്രകടമാക്കുന്നത് മണിപ്പൂർ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നു എന്നല്ല മറിച്ച് മണിപ്പൂർ മണിപ്പൂരിനോട് തന്നെ യുദ്ധം ചെയ്യുകയാണ്.എന്നാണ്. വികസനവും സമാധാനവും പുതിയ തലമുറയ്ക്ക് സാധ്യമാക്കാനുള്ള യുദ്ധം. പഴയതിനെ പാടെ കുഴിച്ചുമൂടി നന്മയിലേയ്കും അഭിവൃദ്ധിയിലേക്കും മണിപ്പൂർ ജനിക്കുന്നത് കാണാനുള്ള മണിപ്പൂർ ജനതയുടെ അടങ്ങാത്ത ആഗ്രഹം”.
ആ പുസ്തകത്തിലെ ഓരോ വരിയും മണിപ്പൂരിനെ കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നുണ്ട്.
ന്യൂസ് റൂമുകളിലെ ശീതള മുറികളിൽ അടച്ചിട്ടിരുന്ന ചർച്ചകളിൽ കീറിമുറിക്കാവുന്ന ഒന്നല്ല മണിപ്പൂർ എന്നെനിക്കു മനസ്സിലായി. നമ്മുടെ സാഹചര്യങ്ങളും, ജനാധിപത്യ ബോധങ്ങളും, നിയമനിർമ്മാണ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ മാറ്റിവെച്ചുകൊണ്ട് നാം മണിപ്പൂരിനെ പഠിക്കണം.. അറിയണം. കാരണം മണിപ്പൂർ മണിപ്പൂരാണ്.
(തുടരും)