Skip to content

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

‘അവിഹിത’ ചാർച്ചയുടെ ജാതകം

വിജു വി. നായര്‍ April 7, 2013 0

സാമ്പത്തിക വർഷം തീരുന്ന മാസമാണ് മാർച്ച്. ഏത് ഭരണകൂടത്തെ സംബന്ധിച്ചും ഏറ്റവും തിരക്കുള്ള കാലയളവ്. ഇത്തവണ സംസ്ഥാന ബജറ്റിനു തൊട്ടുമുമ്പത്തെ രണ്ടരയാഴ്ച കേരള ഭരണക്കാർ വിനിയോഗിച്ചതെങ്ങനെയായിരുന്നു? വനംമന്ത്രിക്ക് മന്ത്രിമന്ദിരത്തിൽ വച്ച് തല്ലു കിട്ടിയെന്ന് ഒരു വാർത്ത ഒരു പത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. ‘അവിഹിത’മാണ് കഥാബീജം. മന്ത്രിപത്‌നി ഇക്കാര്യത്തിന്മേൽ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തെന്ന് ടിപ്പണി. മന്ത്രിക്കു തല്ലു കിട്ടിയാൽ അതു വാർത്ത
തന്നെ. മന്ത്രിപത്‌നിയുടെ പരാതിയിൽ പൊതുകാര്യപ്രസക്തമായ വല്ലതുമില്ലെങ്കിൽ അത് വാർത്തയാകേണ്ടതല്ല. എന്നിരിക്കെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് ഇതെല്ലാം വച്ച് വാർത്താസമ്മേളനം വിളിച്ചുകൂട്ടിയാലോ? സ്വാഭാവികമായും സർവം വാർത്തയാകും.

ഒന്നാമത്, പറഞ്ഞയാൾ ചീഫ് വിപ്പാണ് – ക്യാബിനറ്റ് റാങ്കുള്ള കസേര. രണ്ടാമത്, പറയുന്നത് ഒരു നടപ്പുമന്ത്രിയെക്കുറിച്ചാണ്. ഈ വൃത്താന്തത്തിന്റെ പൊതുകാര്യപ്രസക്തി നിശ്ചയിക്കേണ്ടത് അനന്തര നടപടികളാണ്. മുഖ്യമന്ത്രി പറയുന്നു, മന്ത്രിക്ക് തല്ലു കിട്ടിയിട്ടില്ല, മന്ത്രിപത്‌നി പരാതി എഴുതിത്തന്നിട്ടില്ല. അതോടെ ചീഫ് വിപ്പ് പറഞ്ഞത് അസംബന്ധമാകുന്നു. ഒരു മന്ത്രിയെപ്പറ്റി അസംബന്ധം പറഞ്ഞ ചീഫ് വിപ്പ് സ്വന്തം അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തുകയായിരുന്നില്ലേ? എങ്കിൽ, അതിന്മേൽ നടപടി വേണ്ടേ? അതേപ്പറ്റി ചോദ്യമില്ല, ഉത്തരവും. പകരം,
ചീഫ് വിപ്പിന്റെ വിദൂര ഭൂതകാലത്തിൽ നിന്നൊരു ‘അവിഹിത’ എപ്പിസോഡ് ചികഞ്ഞെടുത്ത് പുന:സംപ്രേഷണം ചെയ്യുന്നു. ഭരണമുന്നണിയിലെ ഘടകകക്ഷി നേതാവും തലമുതിർന്ന രാഷ്ട്രീയക്കാരിയുമാണ്, അവതാരക. 30 കൊല്ലം മുമ്പ് ഒരു നീതിന്യായകോടതി തള്ളിക്കളഞ്ഞ കേസുകെട്ട്. ആ ഫ്‌ളാഷ്ബാക്കിലെ നായിക പ്രത്യക്ഷപ്പെട്ട് കഥയത്രയും അസംബന്ധമാണെന്ന് സമൂഹത്തെ അറിയിക്കുന്നു. ഈ കഥയിറക്കിയ ഘടകകക്ഷിനേതാവിനെ ചീഫ് വിപ്പ് പരസ്യമായി ഭള്ളു പറയുന്നു. മാനനഷ്ടത്തിന് നോട്ടീസയയ്ക്കുന്നു. ഭള്ളിന് മാപ്പു പറഞ്ഞ് ഒടുവിൽ കേസു വേണ്ടെന്ന് തീരുമാനിക്കുന്നു. ചുരുക്കത്തിൽ, ഒരവിഹിതത്തിൽ തുടങ്ങി മറ്റൊരവിഹിതത്തിലൂടെ രണ്ടിന്റെയും പ്രസക്തി സമർത്ഥിച്ചെടുത്ത് അസംബന്ധവൃത്താന്തം കർട്ടനിടുന്നു.

മന്ത്രിസഭയും ഭരണമുന്നണിയും മാധ്യമങ്ങളും ചേർന്ന് രണ്ടരയാഴ്ച കൊണ്ടാടിയ വാർത്ത ഇങ്ങനെ പൗരാവലിയെ കൊഞ്ഞനംകുത്തി പടം മടക്കുമ്പോൾ, എന്തായിരുന്നു ഈ ‘പൊതുസംവാദ’ത്തിന്റെ മിച്ചമൂല്യം എന്ന ചോദ്യം ബാക്കിയാവുന്നു. മന്ത്രിക്കോ വിപ്പിനോ ചേരിതിരിഞ്ഞു തർക്കിച്ചവർക്കോ ഒരു പ്രശ്‌നവുമില്ല. മാധ്യമങ്ങൾക്ക് രണ്ടരയാഴ്ചത്തെ വിഭവം കുശാൽ, സർവം ശുഭം. ഊശിയാക്കപ്പെട്ടത് നാട്ടുകാർ. അവരെ ഊശിയാക്കാനുള്ളതാണോ വാർത്ത എന്ന പൊതുവിനിമയ ഉപാധി?

എല്ലാം ശുഭമാക്കി കർട്ടനിടുമ്പോൾ, സംഗതി ഞങ്ങടെ വീട്ടുകാര്യം, നാട്ടാർക്ക് എന്തു ചേതം എന്നതാണ് ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ഭാവം. അഥവാ, പൊതുതാൽപര്യമില്ലാത്തതായിരുന്നു ടി. സംഭവവികാസങ്ങൾ. പൊതുതാൽപര്യമില്ലാത്ത സ്വകാര്യതകളെ വലിയ വാർത്തകളാക്കി അവതരിപ്പിക്കുമ്പോൾ പ്രവർത്തിക്കുക ഒളിനോട്ടത്തിന്റെ മനോഗതിയാണ്. മാധ്യമങ്ങൾ ഇവിടെ ഒളിനോട്ടത്തിന് സൗകര്യമൊരുക്കിയത് നാട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല. നാട്ടുകാർക്ക് ഒളിനോട്ടസുഖം പകർന്ന് കച്ചോടം കേമമാക്കാമെന്ന്
മാധ്യമങ്ങൾ സ്വയം തീരുമാനിച്ചതാണ്. പൗരാവലിയെ ഇത്തരക്കാരായി അവരുടെ മാധ്യമങ്ങൾ കണക്കാക്കുന്നു എന്നല്ലേ ഇതിനർത്ഥം? അങ്ങനെ രണ്ടാമതും പൗരാവലി ഊശിയാക്കപ്പെടുന്നു.

വാസ്തവത്തിൽ ഈ പ്രമേയത്തിൽ പൊതുകാര്യപ്രസക്തമായ വല്ലതുമുണ്ടായിരുന്നോ? വനംമന്ത്രിയുടെ ‘അവിഹിതം’ സാധാരണനിലയ്ക്ക് സ്വകാര്യവിഷയമാണ്. ടിയാനും കുടുംബവും അവിഹിതത്തിൽ കക്ഷി ചേരുന്ന കഥാപാത്രവും അവരുടെ കുടുംബവും
കഴിഞ്ഞാൽ പുറത്തുള്ള ആർക്കും കാര്യമില്ലാത്ത ഏർപ്പാട്. ഇപ്പറഞ്ഞ അരമനസംഘത്തിലുള്ളവരാരും പൊതുസമൂഹത്തോട് പരാതി പറഞ്ഞിട്ടില്ല. മന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെടുത്തി ഈ പ്രശ്‌നം എടങ്ങേറൊന്നുമുണ്ടാക്കിയിട്ടുമില്ല. അധികാരദുർവിനിയോഗമോ മറ്റോ. അപ്പോൾ പിന്നെ അന്യർക്കെന്താണു കാര്യം?

ചീഫ് വിപ്പിന്റെ പണി മന്ത്രിമാരുടെ അവിഹിതം കണ്ടുപിടിച്ച്, സന്മാർഗനിഷ്ഠ പരിപാലിക്കലാണെന്ന് നിയമസഭാചട്ടങ്ങളിലോ ഭരണഘടനയിലോ പറയുന്നില്ല. അല്ലെങ്കിൽതന്നെ സദാചാരവും സന്മാർഗവുമൊക്കെ ലൈംഗികവിഷയത്തിൽ മാത്രമൊതുങ്ങിക്കിടക്കുന്ന ഉരുപ്പടികളാണോ? മന്ത്രി കട്ടോ കൈമടക്കു വാങ്ങിയോ കവർച്ചയ്ക്കു കൂട്ടുനിന്നോ ഇത്യാദി ചെയ്തികൾ (കമ്മീഷൻ) മുതൽ ചെയ്യേണ്ടത് ചെയ്യാതിരിക്കൽ (ഒമിഷൻ) വരെ സദാചാര പരിധിയിൽ പെടും. അതൊന്നും നോക്കാതെ ഒരുവന്റെ ലൈംഗികപ്രമേയത്തിൽ മാത്രമായി ‘സദാചാര’ത്തെ ഒതുക്കുന്ന
തുതന്നെ സംശയാസ്പദമാണ്. ഇവിടെ, മന്ത്രിയും വിപ്പും തമ്മിൽ വനഭൂമിയിലെ പട്ടയത്തെച്ചൊല്ലി നേരത്തേതന്നെ ഗംഭീരശണ്ഠയുണ്ട്. മന്ത്രിയുടെ അച്ഛനും മന്ത്രിയും തമ്മിലുള്ള അധികാരഗുസ്തി വേറെ. രണ്ടും ചേർത്ത് അവസരമൊത്തപ്പോൾ വ്യക്തിപരമായി ആക്രമണം നടത്തുകയായിരുന്നു ചീഫ് വിപ്പെന്ന് കരുതുന്നതിൽ
യുക്തിയുണ്ടുതാനും. അപ്പോഴും ഈ പയറ്റ് വ്യക്തിപരമായ ഏർപ്പാടുതന്നെ. അഥവാ, ഭരണവുമായോ രാഷ്ട്രീയവുമായോ ബന്ധമില്ലാത്ത സ്വകാര്യപ്രശ്‌നമാണ് രണ്ടരയാഴ്ച ഒരു സംസ്ഥാനഭരണത്തെ വിഴുങ്ങിയത്.

ഇതിൽ നാട്ടുകാരുടെ റോൾ നോക്കാം. 89 ശതമാനം ജനങ്ങളും മധ്യവർഗമായിരിക്കുന്ന പ്രദേശമാണ് കേരളം. ഈ വർഗത്തിന്റെ സൊറയിൽ മന്ത്രിയുടെ സദാചാരപ്രശ്‌നമാണ് വിളങ്ങി നിന്നത്. ഭരിക്കുന്ന കഥാപാത്രങ്ങൾ ശ്രീരാമനെപ്പോലിരിക്കണമെന്നാണ് മധ്യ
വർഗക്കാരന്റെ സങ്കല്പം ( ശ്രീകൃഷ്ണൻ തൊട്ട് മുക്കണ്ണൻ വരെയുള്ള ഇഷ്ടദേവന്മാർക്ക് ഈ കാര്യത്തിൽ അയിത്തമുണ്ട്. കാരണം അവരുടെ പുരാണപ്രസിദ്ധമായ ചുറ്റിക്കളികൾ). അങ്ങനൊരു സങ്കല്പം വയ്ക്കാൻ പാർലമെന്ററി ജനാധിപത്യത്തിൽ പൗരന് അവകാശമൊന്നുമില്ല. മന്ത്രി എന്നത് ജനപ്രതിനിധികൾക്കിടയിൽ നിന്ന് ഭരണമുന്നണി നിശ്ചയിക്കുന്ന ഒരു തത്കാല ജീവനക്കാരൻ മാത്രമാണ്. അഥവാ ജനസേവനത്തിനുള്ള കൂലിക്കാരൻ. പറമ്പിലെ തേങ്ങയിടാൻ വിളിക്കുന്നവന് തെങ്ങുകയറ്റമറിയാമോ, വിളഞ്ഞ തേങ്ങയും കരിക്കും തമ്മിലുള്ള വ്യത്യാസമറിയുമോ ഇത്യാദിയാണു യോഗ്യത. അല്ലാതെ ടിയാൻ സദാചാരിയാണോ സന്യാസിയാണോ എന്നൊന്നും ആരും നോക്കാറില്ല. മന്ത്രിയുടെ കാര്യത്തിൽ കൂടിപ്പോയാൽ നിഷ്‌കർഷിക്കാവുന്നത് മന്ത്രിപ്പണി അറിയാമോ എന്നു മാത്രമാണ്. പരിചയസമ്പത്തുള്ളൊരു ആപ്പീസ് സൂപ്രണ്ടുണ്ടെങ്കിൽ ഏതു ബുദ്ദൂസിനും തരക്കേടില്ലാത്ത മന്ത്രിയായി കാലം കഴിക്കാം. കാരണം യഥാർത്ഥ പണി ചെയ്യുന്നത് ബ്യൂറോക്രസിയാണ്. എന്നിരിക്കെ, നാട്ടുകാർക്കെന്താണ് മന്ത്രിയുടെ സ്വകാര്യവ്യക്തിത്വത്തിൽ ഇത്ര ഉത്കണ്ഠ?

മന്ത്രിക്കസേര ഒരധികാരചിഹ്നമാണ്. അതിന്റെ പവറും പത്രാസുമാണ് നാട്ടുകാരുടെ കമ്പം. ഇത് ചെയ്യുന്ന എല്ലാ പണികൾക്കും തുല്യ മാന്യത കല്പിക്കാത്തതിന്റെ ചേതമല്ലേ? മന്ത്രി ചെയ്യുന്നതിനേക്കാൾ സാമൂഹികമായി ഗുണപരമായ പ്രവൃത്തിയാണ് ഒരു എൽ.പി. സ്‌കൂൾ മാഷിന്റേത്. കാരണം, ഭാവിതലമുറയ്ക്ക് അടിസ്ഥാനമിടുന്നപണിയാണ് അയാളെടുക്കുന്നത്. പക്ഷേ അയാൾക്ക് കൊടി വച്ച സ്റ്റേറ്റ് കാറും ഗൺമാനുമില്ല. തുണിക്കടയുടെ നാട മുറിക്കാൻ ക്ഷണമില്ല. ചാനൽപ്പടയുടെ അകമ്പടിയില്ല. ഇതൊക്കെയുള്ളവനെ മഹാനായി കാണുന്ന സൂക്കേടിന്റെ പേരാണ് പൊങ്ങച്ചം. നാട്ടുകാരുടെ ഈ പൊങ്ങച്ച സങ്കല്പവും അതിനോടുള്ള ആ ടിയാൻ മനസ്ഥിതിയുമാണ് മന്ത്രിമാർക്ക് അനാവശ്യ പ്രസക്തിയുണ്ടാക്കിക്കൊടുക്കുന്നത്. യഥാർത്ഥ അധികാരി തങ്ങളാണെന്നുള്ള ബോദ്ധ്യം പൗരാവലിക്കില്ലെങ്കിൽ മന്ത്രിയെന്ന ഭൃത്യൻ കയറി യജമാനനെ ഊശിയാക്കും. ഈ ബോധക്കേടിന്റെ തെളി
വാണ് മന്ത്രിക്കുമേൽ കല്പിക്കപ്പെടുന്ന മാതൃകാപുരസങ്കല്പം. സത്യത്തിൽ ഈ പരികല്പനതന്നെ ജനാധിപത്യവിരുദ്ധമല്ലേ? ഒന്നാമത്,ജനങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടുവരുന്ന ഒരു പൗരൻ മാത്രമാണു മന്ത്രി. രണ്ടാമത്, ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയാവാനുള്ള അവകാശം ആർക്കുമുണ്ട്. അത് ശ്രീരാമനെപ്പോലിരിക്കുന്നവർക്ക് സംവരണം ചെയ്താൽ കൊട്ടിഘോഷിക്കുന്ന ജനാധി
പത്യം വെള്ളത്തിലാവും.

ഇനി, ലൈംഗികവിഷയത്തിലെ സദാചാരം എന്നു പറയുന്നതേ അസംബന്ധമല്ലെ? ഏകപത്‌നീനിഷ്ഠയും ബഹുഭാര്യാത്വവും ഒരുപോലെയുള്ള നാടാണിത്. ഉഭയകക്ഷി സമ്മതപ്രകാരം പ്രായപൂർത്തിയായ ആണിനും പെണ്ണിനും ബന്ധപ്പെടാനുള്ള
നിയമാവകാശം വേറെ. ഇതിൽ ഏതാണ് സദാചാരം? ഏതാണ് സദാചാരവിരുദ്ധം? അഞ്ചുനേരം നിസ്‌കരിക്കുന്നവനാണ് മന്ത്രിയെങ്കിൽ അയാൾ സന്മാർഗിയും നിരീശ്വരവാദിയായ മന്ത്രി അസാന്മാർഗിയുമാകുമോ? ചുരുക്കത്തിൽ സദാചാരം തൊട്ട് റോൾമോഡൽ വരെയുള്ള പരികല്പനകൾ ഉള്ളാലേതന്നെ ഏകശിലാരൂപമല്ല, പലർക്കും പലതാണെന്നു വരുന്നു. ഇത്രയും വൈജാത്യങ്ങളെ പുകപടലം മാത്രമായ ഉരുപ്പടി വച്ച് പൊതുനിയമം കല്പിക്കാനാവില്ല. സദാചാര വാചകമടികൾ പൊള്ളയും ഓരോരുത്തന്റെ സൗകര്യപ്രകാരം വച്ചുകാച്ചുന്നതുമാണെന്നർത്ഥം. ഇങ്ങനെ തോന്ന്യാസപ്പടി സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ പൗരന്മാർക്കുണ്ട്. അത് മറ്റുള്ളവർക്കുമേൽ ആവശ്യപ്പെടാനുള്ള അവകാശം ആർക്കുമില്ല. വേണമെങ്കിൽ സ്വന്തം നിലയ്ക്ക് ടി സങ്കല്പം വച്ചുപുലർത്താം, അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച് വല്ല മന്ത്രിയോ വിപ്പോ ഒക്കെയായി സംഗതി നാട്ടുകാർക്കു മുമ്പിൽ ആവിഷ്‌കരിച്ചു സായൂജ്യമടയാം.

തികച്ചും വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് പൊതുതാൽപര്യം ക്ഷണിക്കുന്നതുതന്നെ ജനവഞ്ചനയാണെന്നതാണ് അടുത്ത വശം. ഒന്നാമത്, വിഴുപ്പലക്കി വ്യക്തിനിരാസം നടത്താൻ പൊതുതാൽപര്യമെന്ന മറയിൽ തുനിയുമ്പോൾ പൗരാവലിയെ സ്വന്തം
അജണ്ടയ്ക്ക് കരുവാക്കുകയാണ്. രണ്ട്, ഇതേ നേരത്ത് നിർവഹിക്കേണ്ടുന്ന ചുമതലകൾ ചെയ്യാതെ പോകുന്നു. അതും ഫലത്തിൽ, പൗരാവലിയുടെ ഊർജവും പണവും നഷ്ടപ്പെടുത്തലാണ്.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? രാഷ്ട്രീയത്തിന്റെ സ്ഥാപനവത്കരണമാണ് സ്വതന്ത്രേന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. 19-ാം നൂറ്റാണ്ടിൽ കോളനിഭരണത്തിനെതിരെ ആരംഭിച്ച ദേശീയ രാഷ്ട്രീയം 20-ാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യപ്രസ്ഥാനമായി വികസിച്ചു. 1930-കളിൽ സോഷ്യലിസ്റ്റുകളും മാർക്‌സിസ്റ്റുകളും അതിൽനിന്ന് ഉരുത്തിരിഞ്ഞു. സമാന്തരമായി ജനസംഘമുണ്ടായി. സ്വാതന്ത്ര്യാനന്തരം ഈ പ്രസ്ഥാനങ്ങൾ പല പ്രകാരേണ പിളർന്നും കൂടിയുമൊക്കെ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങളായി. പിന്നെ പ്രാദേശിക കക്ഷികളുടെ വരവായി.
ഒറ്റയാൾകക്ഷികൾ വരെയുണ്ടായി. ഈ കഷണവത്കരണത്തിൽ രാഷ്ട്രീയത്തിന് ക്വാണ്ടിറ്റി പെരുകി, ക്വാളിറ്റി പോയി. പല കാരണങ്ങൾ അതിനു പറയാറുണ്ട്. രാഷ്ട്രീയപ്രക്രിയയെ ഇന്ദിരാഗാന്ധി അടിച്ചമർത്തിയതും കോൺഗ്രസിന്റെ ആധിപത്യം നഷ്ടപ്പെട്ടതും, പണത്തിന് രാഷ്ട്രീയത്തിൽ വന്ന മേൽക്കൈയും തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലെ മത്സരം കടുത്തതായതും തൊട്ട് നൂറു കാരണങ്ങൾ.

അതൊക്കെ രോഗലക്ഷണങ്ങളാണെന്നതാണു വസ്തുത. രോഗമൂലം തിരയേണ്ടത് മറ്റൊരിടത്താണ്. രാഷ്ട്രീയവും സാമ്പത്തികതയും തമ്മിലുള്ള സംഘർഷത്തിൽ.
സമ്പത്തിനും സാമ്പത്തികതയ്ക്കും രാഷ്ട്രീയത്തേക്കാൾ സ്വീകാര്യതയും മേൽക്കൈയുമുള്ള സമൂഹങ്ങളുണ്ട്. സാമ്പത്തിക രാഷ്ട്രീയം കിരീടം വയ്ക്കുന്നിടം എന്ന് അവയെ വിളിക്കാം. അമേരിക്കയും പടിഞ്ഞാറൻ യൂറോപ്പും ഉദാഹരണം. രാഷ്ട്രീയപ്രമേയങ്ങളേക്കാൾ അവിടെ ആയുസ് സാമ്പത്തികവിഷയങ്ങൾക്കാണ്.
നേരെമറിച്ച് രാഷ്ട്രീയത്തിനു മേൽക്കൈ കല്പിക്കുകയും സാമ്പത്തികത അതിനു കീഴിൽ മാത്രം വരികയും ചെയ്യുന്നിടങ്ങളുണ്ട്. ഇതിൽ രണ്ടും മാറിമാറി വന്ന ചരിത്രമാണ് ഇന്ത്യയുടേത്.

കോളനി സായ്പ് ഇന്ത്യയിൽ സാമ്പത്തികതയ്ക്ക് മേൽക്കൈ നൽകി. വിഭവചൂഷണത്തിനു വന്ന വിദേശശക്തിയെ സംബന്ധിച്ച് അത് സ്വാഭാവികവുമാണ്. ഇന്ത്യക്കാരെ പോഷിപ്പിക്കാനല്ലല്ലോ സായ്പ് കടലു താണ്ടി ഇവിടെയെത്തിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്ത് കോളനിഭരണത്തിനെതിരെ നടത്തിയ സമരം വാസ്തവത്തിൽ കോളനിയുടമയുടെ ഈ സാമ്പത്തികതയ്‌ക്കെതിരെയുള്ളതായിരുന്നു.
അഥവാ, സാമ്പത്തികതയ്ക്കു മേൽക്കൈയുള്ള ചുറ്റപാടിൽ അതിനെതിരെ രാഷ്ട്രീയത്തിന് മേൽക്കൈ നേടുക എന്നതായി അജണ്ട. ഗാന്ധിയൻ സാമ്പത്തികതയായിരുന്നു ആ രാഷ്ട്രീയത്തിന്റെ അനുബന്ധം. അരാജകമായിരുന്നു
അതിന്റെ ധനകാര്യം. ”ഗാന്ധിയെ ദരിദ്രനായി നിലനിർത്തുന്നത് ഭാരിച്ച ചെലവുള്ള സംഗതി”യാണെന്ന് സരോജിനി നായിഡു പറഞ്ഞ ഫലിതം അർത്ഥവത്തായിരുന്നു.
പൗരാവലിയെ ഘടനപ്പെടുത്തിയാണ് ഏതു സമൂഹവുമുണ്ടാകുക. സാങ്കേതികതയ്ക്ക് മേൽക്കൈയുള്ള ഘടനയാണ് കോളനികാലത്ത് ഇന്ത്യയിൽ ബ്രിട്ടീഷുകാർ പുലർത്തിയത്. അതു മാറ്റി രാഷ്ട്രീയഘടനയ്ക്കു കീഴിൽ പൗരാവലിയെ രൂപപ്പെടുത്താനാണ് ദേശീയപ്രസ്ഥാനം ശ്രമിച്ചത്. അങ്ങനെ ചെയ്യുമ്പോൾ രണ്ടു പ്രക്രിയകൾ അവലംബിക്കേണ്ടിവരും. പൗരനെ ഈ ഘടനയ്ക്കുള്ളിൽ ഉൾപ്പെടുത്തുക. അങ്ങനെ ഉൾപ്പെട്ടവരെ ഏകോപിപ്പിച്ചുനിർത്തുക. ഉൾപ്പെടുത്തുക എന്നു പറയുമ്പോൾ ആരാണ് ശരിയായ പൗരൻ എന്ന ചോദ്യം വരും. സ്വന്തമായി ഭൂമിയുള്ളവനോ, ഇല്ലാത്തവനോ, സാമുദായികാടിസ്ഥാനത്തിലെ ഭൂരിപക്ഷവിഭാഗക്കാരനോ,
ന്യൂനപക്ഷക്കാരനോ ഇത്യാദി. ഉൾപ്പെടുത്തൽ പ്രക്രിയ പൗരാവലിയുടെ അതിർത്തി നിർണയിക്കുമെന്നു സാരം. ഏകോപിപ്പിക്കൽ പ്രക്രിയയിൽ ഇതേ മാതിരി കടന്നുവരിക വിഭവവിതരണത്തിന്റെ മാനദണ്ഡങ്ങളാണ്. പൗരന്റെ ശേഷിയാണോ, മാനുഷികമായ അനുതാപമാണോ നോക്കേണ്ടത്. ചിലർക്ക് മുന്തിയ പരിഗണന കൊടുക്കണോ, അതോ അസമത്വം കുറയ്ക്കലാണോ ലക്ഷ്യം എന്നിങ്ങനെ.

ഇതിൽ പൗരാവലിയുടെ വൈപുല്യം കൂട്ടാനാണ് സ്വാതന്ത്ര്യ പ്രസ്ഥാനം രാഷ്ട്രീയത്തെ ഉപയോഗിച്ചത്. രാഷ്ട്രീയകക്ഷികൾ, ജനസഭകൾ, മറ്റു സംഘടനകൾ ഇത്യാദി വഴി പരമാവധി മനുഷ്യരെ പൗരഗണത്തിൽ കൊണ്ടുവരിക. അതിനുശേഷം വിഭവവിതരണക്കാര്യം നോക്കാമെന്ന ലൈൻ. സാമ്പത്തികതയ്ക്ക് മേൽക്കൈയുണ്ടായിരുന്ന കോളനികാലത്ത് ഭരണകൂടം പുലർത്തിയിരുന്ന ഒരു
വികസന രൂപമുണ്ട്. തങ്ങൾ ഇന്ത്യയെ സാങ്കേതികമായി ഉദ്ധരിക്കുന്നു എന്നതായിരുന്നല്ലോ അവരുടെ പ്രചരണംതന്നെ. സ്വന്തം വ്യാവസായിക വളർച്ചയ്ക്കുള്ള വിഭവചൂഷണം നടത്താൻ വേണ്ട സാങ്കേതിക വികസനമാണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടത്തിയത്. അവരുടെ ചരക്കുനീക്കം സുഗമമാക്കാൻ തീവണ്ടി, വിനിമയം വേഗത്തിലാക്കാൻ തപാൽ സംവിധാനം, പ്രാദേശിക ഇടനിലപ്പണിക്ക് ഐ.സി.എസ്. ബ്യൂറോക്രസി എന്നിങ്ങനെ. ക്രമാനുഗതമായ ചൂഷണം വഴി ഒടുവിൽ ഇന്ത്യൻ കർഷകർ പട്ടിണിമരണത്തിലായതും ക്ഷാമം മൂലം ആയിരങ്ങൾ തട്ടിപ്പോയതും ചരിത്രം.

ഈ സാമ്പത്തികതയ്‌ക്കെതിരെയാണ് നാട്ടുകാർ രാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചത്. ഇന്ത്യക്കാർ മുഴുവൻ പൗരന്മാരാണ്, വിഭവങ്ങൾ അവർക്കു തുല്യമായി വീതിക്കണം. അതിനായി ഏതറ്റംവരെയും പോകും എന്നതായിരുന്നല്ലോ സ്വാതന്ത്ര്യസമരത്തിന്റെ അന്തസ്സാരംതന്നെ. സ്വാതന്ത്ര്യം കിട്ടുമ്പോൾ രാഷ്ട്രനിർമാണപ്രക്രിയയിലെ പൗരത്വപ്രശ്‌നമാണ് വലിയ തോതിൽ പരിഹരിക്കപ്പെട്ടത്. അതായത് കൂടുതലാളെ ഉൾപ്പെടുന്ന വിഷയം. ഉൾപ്പെട്ടവർക്കുള്ള വിഭവവിതരണവും അസമത്വപരിഹാരവും രണ്ടാമതാവാമെന്ന ലൈനാണ് രാഷ്ട്രീയനേതൃത്വം കൈക്കൊണ്ടത്. അങ്ങനെയാണ്
സംവരണം 10 വർഷത്തേക്ക് ഏർപ്പെടുത്തുന്നതും മറ്റും. ഉൾപ്പെടുത്തലിനൊപ്പംതന്നെ ഏകോപനവും പരിഹരിക്കാതെ ഒരു ഘടനയ്ക്കും സുഗമമായി മുന്നോട്ടുപോകാനാവില്ല. ഒരു ഭരണഘടന വച്ച തുകൊണ്ട് ജനാധിപത്യമുണ്ടാവില്ല.
സ്വതന്ത്ര രാഷ്ട്രത്തിൽ രാഷ്ട്രീയത്തിന് മേൽക്കൈ കിട്ടി. അതിന്മേൽ പൗരാവലിക്കുള്ള പ്രതീക്ഷ അതിവിപുലവുമായി. വിഭവവിതരണം, തുല്യത ഇത്യാദി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടന്ന തോടെ പ്രതീക്ഷ കൂടിക്കൂടി ഒടുവിൽ നിരാശയുടെയും അമർഷത്തിന്റെയും കാറ്റുയർന്നുതുടങ്ങി. നെഹ്‌റൂവിയൻ സോഷ്യലിസം ആളെ പറ്റിക്കുന്ന ഏർപ്പാടായി പൗരാവലിക്കു തോന്നിത്തുടങ്ങി. 1960-കളിലും എഴുപതുകളുടെ തുടക്കത്തിലും ഈ ജനവികാരം പല പ്രതിഷേധരൂപങ്ങളായി തലപൊക്കി. അങ്ങനെ കോൺഗ്രസിന്റെ സർവാധിപത്യത്തിന് എതിരെ പല രാഷ്ട്രീയപ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചു. പൊതുരാഷ്ട്രീയമണ്ഡലംതന്നെ വിഭജിക്കപ്പെട്ടു.

ഈ കൊടുങ്കാറ്റ് അടിച്ചമർത്താനാണ് ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചത്. ചെറിയ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അടിയന്തരാവസ്ഥ വാസ്തവത്തിൽ കോളനികാലത്തെ സാമ്പത്തിക രാഷ്ട്രീയത്തിന്റെ പുന:സ്ഥാപനമാണുണ്ടാക്കിയത്. വണ്ടികൾ യഥാസമയം ഓടുന്നു, സമരമില്ല, എല്ലാവരും പണിയെടുക്കുന്നു, ഈച്ചപോലുമനങ്ങില്ല. മദ്ധ്യവർഗത്തിന് സംഗതി ക്ഷ പിടിച്ചു. എന്നാൽ, ‘മാതൃകാപരമായ’ ഈ സാമ്പത്തിക രാഷ്ട്രീയത്തിന് കൊടുത്ത വിലയാണ് ഏകാധിപത്യവും, പൗരന്റെ സ്വാതന്ത്ര്യരാഹിത്യവും. അപ്പോഴും വികസനത്തിന്റെ ആന്തരികവൈരുദ്ധ്യങ്ങളൊന്നുംതന്നെ ഈ ഘട്ടവും പരിഹരിച്ചില്ല. അങ്ങനെ പെരുകി
വന്ന പ്രശ്‌നങ്ങളുടെ സ്വാഭാവിക വിസ്‌ഫോടനമായിരുന്നു

1991-ലെ ദേശീയനയംമാറ്റം. വിഭവവിതരണം, അസമത്വം തുടങ്ങിയ ഏകോപന പ്രമേയങ്ങൾ പരിഹരിക്കാതെ കടമെടുത്തും തുടിയടിച്ചും പോക്കിയ ഭരണത്തിന്റെ ഫലം. നരസിംഹറാവു സർക്കാരിന്റെ പുതിയ നയം ആഗോളീകരണത്തിൽ പങ്കുചേർന്ന് ആഗോള ധനകാര്യ മൂലധനത്തിന്റെ നീക്കുപോക്കിൽ ഭാഗഭാക്കാവുകയായിരുന്നെന്ന് എല്ലാവർക്കുമറിയാം,. അടിസ്ഥാനപരമായി ഇത് കോളനികാലത്തുണ്ടായിരുന്ന സാമ്പത്തിക വിഭാഗീയതയുടെ പുനരവതരണമാണെന്നതാണ് മനസ്സിലാക്കേണ്ടത്. രാഷ്ട്രീയത്തിന് മേൽക്കൈ കല്പിച്ച് 1947 മുതൽ അവലംബിച്ച ദേശീയ നയത്തിന് വിപരീതം. അങ്ങനെ സാമ്പത്തികതയ്ക്ക്
മേൽക്കൈയുള്ള വ്യവസ്ഥിതിയിൽ പൗരത്വവും ഏകോപനവും വീണ്ടും പുതിയ സംഘാടനം ആവശ്യപ്പെടുന്നു. രാഷ്ട്രീയപൗരത്വം നേരത്തേ വ്യവസ്ഥ ചെയ്തുകഴിഞ്ഞതായതുകൊണ്ട് പുതിയ നയത്തിൻകീഴിൽ അതിന് കാതലായ മാറ്റമൊന്നുമില്ല. പ്രശ്‌നം, അപരിഹൃതമായിക്കിടന്ന വിഭവവിതരണത്തിന്റെയും
അസമത്വത്തിന്റേതുമാണ്. സാമ്പത്തിക രാഷ്ട്രീയതയ്ക്ക് വേണ്ടത് വിഭവങ്ങൾക്കുമേൽ കോളനിയുടേതു മാതിരി സമ്പൂർണ പിടിയുള്ള സംവിധാനമാണ്. പഴയകാലത്തെപ്പോലെ മൂലധനശക്തി കൾക്ക് പുറത്തുപോയി കോളനിയുണ്ടാക്കാനാവില്ല. പകരം ആഭ്യന്തരമായിത്തന്നെ വിഭവാധിപത്യം സാധിക്കണം – ഭൂമി തൊട്ട് ഖനി വരെ, ഊർജം തൊട്ട് വിനിമയ സാങ്കേതികത്വം വരെ. സ്വാഭാവികമായും പൗരാവലി കോളനിക്കടിമകളാകും. പ്രകൃതിയും മനുഷ്യരും
സാമ്പത്തിക രാഷ്ട്രീയത്തിന്റെ അസംസ്‌കൃത വിഭവങ്ങളാണല്ലോ. അവയെ വസൂലാക്കുന്ന പ്രക്രിയയിലെ ഇടനിലപ്പണിയാണ് രാഷ്ട്രീയത്തിന്റേത്. നവസാമ്പത്തികനയത്തിൽ ഗവൺമെന്റിനും രാഷ്ട്രീയനേതൃത്വത്തിനും പരസ്യമായിത്തന്നെ പറയപ്പെടുന്ന പേര് ‘ഫെസിലിറ്റേർ’ എന്നാണെന്നോർക്കുക. നാട്ടുഭാഷയിൽ, ദല്ലാൾ. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ര്ത വ്യത്യാസങ്ങൾ ഈ ദല്ലാൾറോളിൽ അവസാനിക്കുന്നു. അഥവാ രാഷ്ട്രീയമല്ല,

സാമ്പത്തികതയിലെ ദല്ലാൾപ്പണിയാണ് ഏതു രാഷ്ട്രീയക്കാരന്റെയും ഭരണപ്രവർത്തകന്റെയും ദൗത്യമെന്നു വരുന്നു. രാഷ്ട്രീയത്തെ തൊഴിലും ബിസിനസുമാക്കിയ അതിവിപുലമായ ജനരാശിയാണ് ഇവിടുള്ളതെന്നിരിക്കെ അവർ ഈ ഒരൊറ്റ കർമത്തിന്റെ തൊഴിൽപ്പടയാകുന്നു. പ്രത്യയശാസ്ര്തപരമോ മറ്റോ ആയ വൈജാത്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ ഏകജാലകത്തൊഴിലിൽ പിന്നെ സ്വാഭാവികമായുണ്ടാവുക സമാന ദൗത്യക്കാരുടെ കിടമത്സരമാണ്. അഥവാ രാഷ്ട്രീയം എന്ന ലേബലിൽ നിവർത്തിക്കപ്പെടുന്നത് ഇപ്പറഞ്ഞതരം ദല്ലാൾമാരുടെ മത്സരമാണ്. തികച്ചും വ്യക്തിഗതമായ അദ്ധ്വാനം. അതിൽ പൊതുതാൽപര്യമുള്ള പ്രമേയങ്ങൾ
വരാം, ഒട്ടുമേ പൊതുവല്ലാത്ത സ്വകാര്യ അജണ്ടകൾ വരാം. ഓരോ ദല്ലാളും നോക്കുക ഈ ഉപാധികൾ വഴി അവനവനുള്ള നേട്ടങ്ങളാണ്. സാമ്പത്തിക രാഷ്ട്രീയതയിൽ അതാണു സ്വാഭാവികത. ഈ സ്വാഭാവികതയുടെ മുഖപ്രദർശനങ്ങളിൽ ഒന്നുമാത്രമാണ് മന്ത്രിയുടെ ‘അവിഹിത’ ചർച്ചയും അതിന്മേലുള്ള പുകിലും. സ്വകാര്യങ്ങൾ പൊതുകാര്യങ്ങളാക്കി അവതരിപ്പിക്കപ്പെടുന്നത് രാഷ്ട്രീയ-സാമ്പത്തികയുടെ പരിവട്ടത്തിലാണ് അശ്ലീലമാവുക.

മറിച്ച്, സാമ്പത്തിക-രാഷ്ട്രീയതയുടെ കാൻവാസിൽ അതൊരു സ്വീകാര്യതയുള്ള പ്രവർത്തനഘടകമാണ്. കാളച്ചന്തയിലെ പൊരുത്തുകാരനിൽ അഹിംസയും ജീവകാരുണ്യവും പ്രതീക്ഷിക്കരുത്. അത് അവന്റെ പണിയല്ല.

Related tags : KeralaViju V Nair

Previous Post

ഇത് ആരുടെ രാഷ്ട്രമാണ്?

Next Post

മാവോയിസ്റ്റ് പ്രസ്ഥാനം എങ്ങോട്ട്?

Related Articles

ലേഖനം

നവോത്ഥാനം 2.0

ലേഖനം

എക്കോ-ചേംബർ ജേണലിസം

ലേഖനം

ചെങ്ങന്നൂർ വിധി

ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

[php snippet=8]

Latest Updates

  • പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവുംOctober 29, 2023
    വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്‌നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ […]
  • ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമOctober 18, 2023
    ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, […]
  • പച്ചനിറം മാഞ്ഞ ഇലകൾ October 17, 2023
    ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന […]
  • ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ മുളംകാടുംOctober 17, 2023
    നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. […]
  • ആയിരത്തി ഒന്നു കഥകൾ: എം ടി യൂടെ പത്രാധിപ ജീവിതത്തിൽ നിന്ന്October 17, 2023
    എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ […]
  • എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല: പട്വർധൻ-3October 13, 2023
    (ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് […]

[php snippet=7]

About Us
mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions
Corporate Address
Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.
Regional Office
No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035
Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven