അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും ഗർവും തലയ്ക്കു പിടിക്കുമ്പോൾ ഇവരുടെ കാഴ്ച മങ്ങുന്നു; അഥവാ സാധാരണ ജനങ്ങളൊക്കെ ഇവരുടെ കാഴ്ചക്കയ്പ്പുറമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ മറക്കാനും, അതുവരെ സമരക്കളത്തിലിറങ്ങി ആവേശപൂർവം മുന്നോട്ടു വച്ച പദ്ധതികളൊക്കെ ചവറ്റുകൊട്ടയിൽ തള്ളാനും പിന്നെ അധിക കാലമൊന്നും വേണ്ട. കേരളത്തിലെ ഇടതു പക്ഷവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നാണ് അവരുടെ പല ചെയ്തികളും തുറന്നു കാണിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവി ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കുമെന്നു കരുതിയവരെ മുഴുവൻ നിരാശപ്പെടുത്തിക്കൊണ്ടാണ് സി പി എം തങ്ങളുടെ കൊടി കൂടുതൽ ചുവപ്പിച്ചെടുക്കുന്നത്. ഷുക്കൂർ വധവും, പരിയാ ഇരട്ടക്കൊലപാതകവും, വരാപ്പുഴ കസ്റ്റഡി മരണവുമൊക്കെ ഏല്പിച്ച ആഘാതത്തിൽ മുട്ടുമടക്കിയ പാർട്ടി ഇപ്പോഴും എല്ലാം വെറും ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണുന്നു. ശാന്തിവനം വെട്ടിനിര
ത്തിയതും ആന്തൂരും ഇടുക്കി ലോക്കപ് കൊലപാതകവും യൂണിവേഴ്‌സിറ്റി കോളേജ് അതിക്രമവുമൊക്കെ ഇവർക്ക് ചില ഒറ്റപ്പെട്ട നിസ്സാര സംഭവങ്ങൾ മാത്രം. പാർട്ടിക്കകത്തെ ചേരിപ്പോരിന് ഇരയായത് ആന്തൂരിലെ ഒരു പാവം കുടുംബം. ‘ഞാനീ കസേരയിലിരിക്കുമ്പോൾ തന്റെ ഓഡിറ്റോറിയത്തിന് ലൈസൻസ്
തരില്ല’ എന്ന് പറഞ്ഞ അഹങ്കാരത്തിന്റെ മൂർത്തീഭാവത്തിന് കമ്മ്യൂണിസമെന്ന പേര് എങ്ങനെ ചേരുമെന്ന് കണ്ണൂരിലെ സഖാക്കൾക്ക് വിശദീകരിക്കാനാവുമോ? എം.എം. മണിയുടെ ഭാഷയിൽ ‘ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും’. വടക്കേ ഇന്ത്യയിലെ ആൾക്കൂട്ട കൊലപാതകത്തിനും കേരളത്തിലെ ഉരുട്ടിക്കൊലപാതകങ്ങൾക്കും നേതാക്കന്മാർ നൽകുന്നത് ഒരേ ഭാഷ്യം.
പി.കെ. ശശിക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകിയപ്പോൾ സിപിഎമ്മിന് നഷ്ടമായത് പാലക്കാടും ആലത്തൂരും മാത്രമല്ല സ്ത്രീ സമത്വത്തിനായി നിലകൊണ്ടിരുന്ന ഒരു സംഘടനയുടെ അപചയം നേരിൽ കണ്ട സാധാരണക്കാരുടെ വിശ്വാസ്യത കൂടിയാണ്. ചെയ്തുകൂട്ടിയ തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനു പകരം വീണ്ടും ചെളിക്കുണ്ടിലേക്കാണ് തങ്ങൾ ഓടിയടുക്കുന്നതെന്ന് മനസ്സിലാക്കാനുള്ള വിവേകം പോലും നഷ്ടപ്പെട്ട ഒരു നേതൃത്വമാണ് ഇന്ന് സിപിഎമ്മിനെ നയിക്കുന്നത്.
പാർട്ടി കുറേകാലമായി ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് പാർട്ടിയെ തേടിയെത്തിയ ജനങ്ങൾ ഇന്ന് സ്വയം ന്യായീകരിക്കാനാവാതെ വിഷമിക്കുന്നു. എങ്കിലും ഒരപേക്ഷയുണ്ട്. മാറുന്ന സാഹചര്യങ്ങൾ മനസ്സിലാക്കാതെ എ കെ ജി സെന്ററിലെ വാക്‌ധോരണികൾ കഴിഞ്ഞു കർട്ടനിട്ട കാറുകളിൽ പരിസരമൊന്നും കാണാതെ വീടുകളിലെത്തി മയങ്ങുമ്പോൾ ജനം മൂഢരാണെന്നു മാത്രം നിങ്ങൾ സ്വപ്നം
കാണരുത്. സോവിയറ്റ് യൂണിയന്റെ ചരിത്രമൊന്നും പഠനവിഷയമാക്കിയില്ലെങ്കിലും ത്രിപുരയും ബംഗാളുമൊക്കെ മറക്കാതിരിക്കുന്നത് പാർട്ടിക്കുവേണ്ടി ജീവിച്ച ഒരുപിടി മനുഷ്യരോട് നിങ്ങൾ കാണിക്കുന്ന ചെറിയൊരാദരവായിരിക്കും.