ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട നിമിഷങ്ങൾ ഓരോ മനുഷ്യനും പലപ്പോഴും ഉണ്ടാവാം. ഒരാൾ എല്ലായ്പോഴും എന്തിനോടും പ്രതികരിക്കണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാവില്ല. ചിലപ്പോൾ സ്വകാര്യ ദു:ഖങ്ങൾ മൂലം മൗനം അവലംബിക്കാം; അല്ലെങ്കിൽ, പറയാനുള്ള കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വേണമെന്ന തോന്നലാവാം; അതുമല്ലെങ്കിൽ, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാലുമാവാം. കാരണം എന്തായാലും അത് വിളിച്ചുപറയേണ്ട കാര്യവും ആ വ്യക്തിക്കില്ല. എന്നാൽ, നമ്മുടെ മാധ്യമപ്രവർത്തകർക്ക് അതൊന്നും വിഷയമല്ല. തങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാവരും ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നാണ് മാധ്യമപ്രവർത്തകരുടെ വിചാരം; അഥവാ അങ്ങനെയാണ് അവരെ അവരുടെ തലവന്മാർ പരിശീലിപ്പിച്ചു വിട്ടിരിക്കുന്നത്.
കൊലപാതകമോ ആത്മഹത്യയോ പ്രേമനൈരാശ്യം മൂലമുള്ള ഒളിച്ചോട്ടമോ എന്തുമായിക്കൊള്ളട്ടെ ആ വീട്ടിൽ ഇടിച്ചുകയറി ഓരോരുത്തരെയും ചോദ്യം ചെയ്യുന്നത് ഇപ്പോൾ ടി വി-യിൽ സ്ഥിരം കാഴ്ചയാണ്. ഇതിൽ ഒരു ചാനലും പുറകിലല്ല. കരയുന്ന മുഖങ്ങളും ദയനീയ ചിത്രങ്ങളും കാണിച്ച് പ്രേക്ഷകരെ പിടിച്ചുനിർത്താനുള്ള മത്സരമാണ് എല്ലാവരും നടത്തുന്നത്.
ഇക്കഴിഞ്ഞ ദിവസം സുരക്ഷാഭടന്മാരുടെ അകമ്പടിയില്ലാതെ നടന്നുവന്ന സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകർ വളഞ്ഞിട്ടാക്രമിക്കുന്നത് വിലകുറഞ്ഞ മാധ്യമ പ്രവർത്തനത്തിന്റെ പാരമ്യമായിരുന്നു. രാമനിലയത്തിന്റെ പടികളിറങ്ങിയ അദ്ദേഹത്തെ ഉന്തിത്തള്ളി എത്തിയത് റിപ്പോർട്ടർമാരുടെ ഒരു പട തന്നെയായിരുന്നു. മാത്രമല്ല, അൽപം മുൻപ് വളരെ മാന്യമായിത്തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിച്ച മനുഷ്യനോടാണ് ഈ അതിക്രമം കാണിക്കുന്നത്. അന്തസ്സുള്ള ഏതെങ്കിലും മുതിർന്ന പത്രപ്രവർത്തകർ ഇങ്ങനെ ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ ചാനലുകളുടെ തലപ്പത്തിരിക്കുന്ന മുതിർന്ന പത്രക്കാരും ഈ വിധം പെരുമാറുന്നത് കാണേണ്ടിവന്നിട്ടില്ല. ഇവിടെ കുട്ടിപ്പട്ടാളത്തെ ഇറക്കിവിട്ട് എന്തും ചോദിക്കാം എന്ന തോന്നൽ ആരാണിവർക്ക് പറഞ്ഞുകൊടുക്കുന്നതെന്നും മനസ്സിലാക്കാനാവുന്നില്ല. “കടക്കു പുറത്ത്” എന്ന് മുഖ്യമന്ത്രി പിണറായി പറയേണ്ടിവന്നതും ശല്യം സഹിക്കാൻ വയ്യാതെയാണ്.
ഒരു മാധ്യമപ്രവർത്തകന് മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യമോ, വഴിനടക്കാനുള്ള അവകാശമോ തടയാനുള്ള അധികാരമില്ല. വാർത്തകൾ സെൻസേഷനാകാൻ വേണ്ടി ‘ജനങ്ങൾക്ക് കൗതുകമുണ്ട്’ എന്ന വാചകമടിച്ചതുകൊണ്ടൊന്നും കാര്യമില്ല. വിദേശ രാജ്യങ്ങളിൽ ഒളിക്യാമറകളിലൂടെ പ്രമുഖരുടെ ഫോട്ടോയെടുത്ത് വിൽക്കുന്ന ‘പാപ്പരാസി’കളെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഫോട്ടോ ജേർണലിസ്റ്റുകളുടെ ഒരു വകഭേദമായി മലയാളക്കരയിലെ മാധ്യമപ്രവർത്തകർ തരംതാണു കഴിഞ്ഞു.
തങ്ങൾക്ക് വേണ്ടതുമാത്രം കിട്ടാനായി വഴി തടസപ്പെടുത്തി ആരെയും ചോദ്യം ചെയ്യുന്നത് മാധ്യമ പ്രവർത്തനമല്ല. ഒരാളുടെ വഴി മുടക്കാൻ ആർക്കും അവകാശമില്ല. മാധ്യമ പ്രവർത്തനം വെറുപ്പിയ്ക്കലാകരുത്. വാർത്തകൾ ശേഖരിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. വാർത്തകൾ ശേഖരിക്കുന്നതിലുള്ള മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടം എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.