കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം നല്കുന്ന മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്ത്തകന് സി.എല്‍. തോമസിന് സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്‍, മീഡിയവണ്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ നിലകളില്‍ സിഎല്‍ തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ദ ഐഡം (The Aidem) എന്ന ഓൺലൈൻ പോർട്ടലിന്റെ ചീഫ് എഡിറ്ററാണ്.
സെപ്റ്റംബർ 23 ന് കൊച്ചിയിൽ ഹോട്ടൽ ഗ്രാന്റ് ഹയത്തിൽ നടന്ന ചടങ്ങിൽ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുന്‍ എംപിയുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോളാണ് അവാര്‍ഡ് വിതരണം നടത്തിയത്.
സാറ്റ്ലൈറ്റ് ന്യൂസ് ചാനല്‍ വിഭാഗത്തില്‍ മികച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം അഖില നന്ദകുമാര്‍ ഏറ്റുവാങ്ങി. വര്‍ധിച്ചുവരുന്ന മയക്കുമരുന്നുപയോഗം യുവജനങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടുകളാണ് അഖില നന്ദകുമാറിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
കേബിള്‍ ടിവി ചാനലുകളിലെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യില്‍ ഏറ്റുവാങ്ങി.
കേബിള്‍ ടിവി ചാനലുകളിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്കാരം വയനാട് വിഷന്‍ ചാനലിലെ വി. കെ രഘുനാഥ് അവതരിപ്പിക്കുന്ന ട്രൂ സെന്സിനു ലഭിച്ചു.കേബിള്‍ ടിവി ചാനലുകളിലെ മികച്ച പ്രോഗ്രാം പ്രൊഡ്യൂസറിനുള്ള പുരസ്കാരം വയനാട് വിഷന്‍ ചാനലിലെ ശ്രുതി കെ ഷാജി ഏറ്റുവാങ്ങി. വേരുകള്‍ എന്ന പരിപാടിയാണ് ശ്രുതിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കേബിള്‍ ടിവി ചാനലുകളിലെ മികച്ച വിഷ്വല്‍ എഡിറ്ററിനുള്ള പുരസ്കാരം വയനാട് വിഷന്‍ ചാനലിലെ തന്നെ സഞ്ജയ് ശങ്കരനാരായണനും മികച്ച ക്യാമറാ പേഴ്സണനുള്ള പുരസ്കാരം അനീഷ് നിളയും ഏറ്റുവാങ്ങി. ടിസിവി ന്യൂസ് തൃശ്ശൂര്‍ ബ്യൂറോ ചീഫ് മുകേഷ് ലാല്‍ പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി.