ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യാൻ വേണ്ടിയാണ് അത് പ്രസിദ്ധീകരിച്ചത് എങ്കിലും ഇത് ഉദ്ദേശത്തിനുമപ്പുറം കൂടുതൽ വിപുലമായ പ്രചാരം നേടിയിട്ടുണ്ട്.
ഇത്തരം സന്ദർഭങ്ങൾ ലക്ഷ്യം വെച്ച് ഉണ്ടാക്കാറുള്ള പല തിളങ്ങുന്ന പ്രസിദ്ധീകരണങ്ങളെയും പോലെ, ഇതും അധികം താമസിയാതെ അപ്രസക്തമായി മറവിയിൽ ആണ്ട് പോകാനിടയുണ്ട്. ഒരുപക്ഷേ ഇത് കൂടുതൽ ശ്രദ്ധ അർഹിക്കുന്നില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും, ഇതിലെ ചില ആശയങ്ങൾ ചോദ്യം ചെയ്യപെടാനാവാത്ത സാമാന്യബോധത്തിൻ്റെ ഭാഗമാവുകയും, സുഖിപ്പിച്ചു അലസമായ ഗർവ്വിലേക്ക് നമ്മെ തള്ളിയിടുകയും ചെയ്യും. അത് കൊണ്ട് പറയുന്നതും കാണുന്നതുമായ കാര്യങ്ങൾക്കൊപ്പം തന്നെ പറയാത്തതും കാണാത്തതുമായ കാര്യങ്ങളിലും അൽപ്പം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
പ്രാചീനതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ കണക്കിലെടുക്കുമ്പോൾ, പുസ്തകത്തിന്റെ പകുതിയിലേറെയും പുരാതന കാലഘട്ടത്തിനും മധ്യകാലഘട്ടത്തിൻറെ ആരംഭകാലത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല. ബാക്കി ഭാഗം മാത്രമാണ് മധ്യകാല, ആധുനിക, സമകാലിക കാലഘട്ടങ്ങൾക്ക് വേണ്ടി നീക്കിവെച്ചിട്ടുള്ളത്. ഈ ലേഖനത്തിൽ ഞാൻ പുസ്തകത്തിന്റെ ആമുഖ പേജുകളിലും പുരാതന ഇന്ത്യയെക്കുറിച്ചുള്ള ദൃശ്യപരവും പാഠപരവുമായ കാര്യങ്ങളിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.
പുസ്തകത്തിന്റെ ശീർഷക താളിൽ സ്വാതന്ത്ര്യം, സമത്വം, സ്വീകാര്യത, ഐക്യം, സേവനം, ഉൾക്കൊള്ളൽ എന്നിവ ആദർശവാക്യങ്ങളായി പ്രഖ്യാപിക്കുന്നു. (അതിലെ ഘടികാര സമാനമായ ചിത്രത്തിൽ) 12 മണിയുടെ സൂചി സ്ഥാനത്ത് നിന്ന് ഒരാൾ സൂചി കറങ്ങുന്ന ദിശയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, വൃത്താകൃതിയിലുള്ള ഫ്രെയിമിൽ കാണുന്ന വിവിധ മനുഷ്യരൂപങ്ങളുടെ ഇടയിൽ പല്ലില്ലാത്ത ചിരിയോടെ സന്തോഷവതിയായി കാണപ്പെടുന്ന ഒരു സ്കൂൾ വിദ്യാർഥിനിയുടെ രൂപം ആധിപത്യം സ്ഥാപിക്കുന്നത് കാണാം. മറ്റുള്ള മനുഷ്യരൂപങ്ങൾ വിവിധ സമുദായങ്ങളെയും പ്രദേശങ്ങളെയും തൊഴിലുകളെയും പ്രതിനിധീകരിക്കുന്നു. ഇത് വൈവിധ്യത്തിന്റെ മാതൃകാപരമായ കാഴ്ചപ്പാട് നൽകുന്നു.
ഭരണഘടനയുടെ ആമുഖത്തിന്റെ കേന്ദ്രബിന്ദുവായ ആശയങ്ങൾ ഈ പ്രാതിനിധ്യത്തിൽ ഉൾപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്ന രീതി നമുക്ക് പരിശോധിക്കാം. ആമുഖത്തിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരാമർശിക്കുന്നു. ഈ ഇ-ബുക്കിൽ സമത്വം (equality) ഒരു ആദർശമായി നിലനിൽക്കുമ്പോൾ തന്നെ, അത് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പാക്കാൻ വേണ്ട നീതി (justice) ഈ പട്ടികയിൽ കാണാനില്ല. വ്യക്തി സ്വാതന്ത്ര്യവും (freedom) ചിന്താ -പ്രവർത്തന സ്വാതന്ത്ര്യവും (liberty) ഒന്നാണോ? ഒരു പക്ഷെ ആയിരിക്കാം. പക്ഷെ, നേരത്തെ നീതി എന്ന പദത്തെ കുറിച്ച് പറഞ്ഞപോലെ, സമത്വ സങ്കൽപ്പങ്ങളെ ശക്തിപ്പെടുത്താവുന്ന സാഹോദര്യം (fraternity) എന്ന പദത്തിന് പകരം സ്വീകാര്യത (acceptability) {ആര് ആരെ സ്വീകരിക്കുന്ന, എന്തിനെ സ്വീകരിക്കുന്ന) ഐക്യം (harmony), സേവനം (service) (ആര്, ആർക്കുവേണ്ടി, എന്തിനു വേണ്ടി നൽകുന്ന സേവനം?), ഉൾക്കൊള്ളൽ (inclusivity) തുടങ്ങിയ മനോഹരമായ പദങ്ങൾ നമുക്ക് കാണാനാവും..
‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന പേരിൽ രാജ്യത്തിന് വിശേഷണമുണ്ടെന്ന് പ്രസ്താവിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് ആദ്യ പേജിലുള്ളത്. ആരാണ് രാജ്യത്തിന് ഇങ്ങനെ ഒരു പേര് നൽകിയതെന്നോ ഇത് വെറും ഒരു അവകാശവാദം മാത്രമാണോ എന്ന് വ്യക്തമാക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി നമ്മൾ ജനാധിപത്യ രാജ്യമാണെന്ന് പ്രസ്താവിക്കുന്നു. ഇത് സഹസ്രാബ്ദങ്ങളായി ഒരു ഏകശിലാ രാഷ്ട്രീയ അസ്തിത്വമാണ് ഈ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്നത് എന്ന് അനുമാനിക്കുന്നു. ഇവിടെ ആധിപത്യം നേടിയിരുന്ന സാമ്രാജ്യങ്ങൾക്ക് ആയുസ്സ് കുറവായിരുന്നെന്നും ഈ സാമ്രാജ്യങ്ങളിൽ ഒന്ന് പോലും മുഴുവൻ ഉപഭൂഖണ്ഡത്തെയും ഭരിച്ചിട്ടില്ല എന്നും പറയുന്നു. രാഷ്ട്രീയ ചരിത്രത്തിലൂടെയുള്ള അലസമായ ഒരു നോട്ടം പോലും ഈ അനുമാനം ശരിയല്ല എന്ന് നമ്മെ ബോധ്യപ്പെടുത്തും. ഈ കൈപുസ്തകത്തിൽ തന്നെ മറ്റൊരിടത്ത്, ചെറുതും വ്യത്യസ്തമായതുമായ ഭരണ സംവിധാനങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്നത് അംഗീകരിക്കപ്പെടുന്നുണ്ട്. എന്നിരുന്നാലും, സഹസ്രാബ്ദങ്ങളിലൂടെയുള്ള ജനാധിപത്യത്തിന്റെ തുടർച്ച എന്ന അവകാശവാദത്തിന്റെ സ്വീകാര്യതയ്ക്ക്, സമഗ്രമായ തെളിവുകൾ കൂടി ആവശ്യമാണ്.
ഒരു വിശാലമായ കാലക്രമ ചട്ടക്കൂട് അടുത്ത പേജിൽ [2] ഒരു ആകാശ, നക്ഷത്രനിബിഡ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ പേജിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാലഗണനകളും മറ്റു പല വേദികളിലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിനാൽ ഞാൻ ഈ വാദങ്ങൾ ആവർത്തിക്കുന്നില്ല. ചില സന്ദർഭങ്ങളിൽ ഏകദേശ കൃത്യത പോലുമില്ലാത്തതിന്റെ ഒരു ഉദാഹരണം മാത്രം ഉദ്ധരിക്കാം. രാമായണത്തിന്റെ രചന ‘ക്രി.മു. 2000-ന് മുമ്പുള്ളതാണ്’ എന്ന് നാം മനസ്സിലാക്കുന്നു. എന്നാൽ, ‘മുൻപേ’ എന്ന പദം എത്രത്തോളം ഇതിന്റെ കാലഘട്ടം പിന്നിലേക്ക് തള്ളപ്പെടേണ്ടതുണ്ടെന്ന് പറയുന്നില്ല.
പെട്ടെന്ന് മനസ്സിലാക്കാനോ കുരുക്കഴിക്കാനോ എളുപ്പമല്ലാത്ത ഒരു മിശ്രിതത്തിലുള്ള ദൃശ്യങ്ങളുടെയും ടെക്സ്റ്റുകളുടെയും സംയോജനമാണ് പിന്നീട് നാം കാണുന്നത്. പല കാര്യങ്ങളിലും തന്ത്രപരമായ നിശ്ശബ്ദത പാലിക്കുന്നതിനോടൊപ്പം തിരഞ്ഞെടുത്ത ചില കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്. ഇത് തെറ്റായ ധാരണകൾക്ക് നയിച്ചേക്കാം എന്നതിൽ സംശയമില്ല. ഇതിൽ ചിലത് മറ്റുള്ളവയേക്കാൾ സാരവത്തായ രീതിയിൽ സ്വാധീനം ചെലുത്താൻ പോന്നതുമാണ്.
ഹാരപ്പൻ നാഗരികതയെക്കുറിച്ചുള്ള ചർച്ചയും ലിംഗഭേദത്തെക്കുറിച്ചുള്ള കാര്യങ്ങളും [പേജ് 3-4] ഉദാഹരണമായി എടുക്കാം. ‘ഡാൻസിങ് ഗേൾ’ എന്നറിയപ്പെടുന്ന വെങ്കല പ്രതിമയുടെ ഒരു ചിത്രത്തിനൊപ്പം പേരിടാത്തതും തിരിച്ചറിയാൻ കഴിയാത്തതുമായ ഒരു ഹാരപ്പൻ സൈറ്റിന്റെ ദൃശ്യം അവതരിപ്പിക്കുന്നുണ്ട് [പേജ്.3]. ഇന്നത്തെ പാക്കിസ്ഥാനിലുള്ള സിന്ധ് പ്രവശ്യയിലുള്ള മോഹൻജദാരോയിലാണ് പ്രതിമ കണ്ടെത്തിയത് എന്ന് പറയുന്നില്ല. അവൾ ആത്മവിശ്വാസമുള്ളവളാണ്, സ്വതന്ത്രയായവളാണ് എന്നും പശ്ചിമേന്ത്യയിലെ സ്ത്രീകൾ ഇന്നും ധരിച്ചു വരുന്ന ആഭരണങ്ങളാണ് അവൾ ധരിച്ചിട്ടുള്ളത് എന്നുമൊക്കെയാണ് പറയുന്നത് [p.4]. ഈ അവകാശവാദങ്ങളും ജനാധിപത്യത്തിന്റെ ജന്മവും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല.
എന്നിരുന്നാലും, ഈ സ്ത്രീപക്ഷ ബിംബത്തിന്ന് മുൻഗണന നൽകുമ്പോൾ, രാഷ്ട്രീയത്തിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥാനം കൂടി പരിഗണിക്കേണ്ടതാണ്. പാർലമെന്റിലെ വനിതാ അംഗങ്ങളുടെ അനുപാതം ഇതിന്റെ ഒരു ഏകദേശ സൂചകമാണ് നൽകുന്നത് (ഏകദേശ സൂചകമാക്കി എടുക്കാം എന്നതിൽ കവിഞ്ഞ് ഇതിൽ വലിയ കാര്യമില്ല എങ്കിലും.) 2023 ഓഗസ്റ്റ് വരെ ഡാറ്റ ലഭ്യമായ 187 രാജ്യങ്ങളിൽ, ലോക് സഭയിൽ 15.2 ശതമാനം എംപിമാരും രാജ്യസഭയിൽ 13.9 ശതമാനം അംഗങ്ങളും മാത്രം സ്ത്രീകളായ ഇന്ത്യ 142-ാം സ്ഥാനത്താണ്, മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നേപ്പാൾ 54-ാം സ്ഥാനത്തും ബംഗ്ലാദേശ് 110-ാം സ്ഥാനത്തും പാകിസ്ഥാൻ 112-ാം സ്ഥാനത്തും ശ്രീലങ്ക 179-ാം സ്ഥാനത്തുമാണ്. ജി 20 രാജ്യങ്ങളിൽ, ഇന്ത്യയ്ക്ക് താഴെയുള്ള ഒരേയൊരു രാജ്യം ജപ്പാൻ ആണ്, 166-ാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള മെക്സിക്കോ മുൻപന്തിയിലാണ് [https://data.ipu.org/women-ranking?month=8&year=2023, accessed on 14th September 2023].
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ കാലത്തിനുമുമ്പ് നാലര സഹസ്രാബ്ദങ്ങൾ പഴക്കമുള്ള, നൃത്തം ചെയുന്ന പെൺകുട്ടിയുടെ, ഇന്നും പ്രഹേളികയായി തുടരുന്ന, ശിൽപ്പത്തിൽ നിന്ന് ഏതെങ്കിലും വംശപരമ്പരകൾ കണ്ടെത്താൻ ശ്രമിക്കുന്നത് ഫലപ്രദമായ ഒരു ഉദ്യമമായിരിക്കില്ല. ഇന്നത്തെ ഭൂരിഭാഗം സ്ത്രീകൾക്കും, രാഷ്ട്രീയത്തിന്റെ പൊതുസഞ്ചയത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേകിച്ചും, വർത്തമാനകാലം ആശാവഹമല്ല എന്നതാണ് സത്യം.
അടുത്ത രണ്ട് പേജുകൾ [5, 6] വേദങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിൽ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ തത്വങ്ങൾ അടങ്ങിയിരിക്കുന്നു – സഭ, സമിതി, സംസാദ് തുടങ്ങിയ പദങ്ങളുടെ പരാമർശം ഉൾപ്പെടെ. അവയിൽ അവസാനത്തേത് പാർലമെന്റ് എന്ന് വിവർത്തനം ചെയ്തിട്ടുണ്ട്. ഈ പദങ്ങൾക്ക് ശ്രദ്ധാപൂർവം സന്ദർഭം വ്യക്തമാകേണ്ടതുണ്ട് എന്നതിന് പുറമെ, ഒരു ആധുനിക പാർലമെന്റിന് തുല്യമായി ഏതെങ്കിലും വേദ സമ്മേളനത്തെ പരിഗണിക്കുന്നത് കാലത്തിന് അനുയോജ്യമായിരിക്കില്ല. ഇതോടൊപ്പമുള്ള ദൃശ്യം ഒരു സാങ്കൽപ്പികവും ഭാവനാത്മകവുമായ പുനർനിർമ്മാണമാണ്. ഇതിനെക്കുറിച്ചു കൃത്യമായ വിവരമില്ലാത്ത വായനക്കാരോ കാഴ്ചക്കാരോ ഇത് വേദങ്ങളുടെ രചനാ കാലം മുതലുള്ള ഭൗതിക അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതിയേക്കാം. ആ നിലയ്ക്ക് ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പക്ഷേ, കൂടുതൽ ഉത്കണ്ഠാകുലമായ കാര്യം എന്തെന്നാൽ വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന, പലപ്പോഴും ഒരു പ്രാപഞ്ചിക ക്രമത്തിന്റെ ഭാഗമായി ന്യായീകരിക്കപ്പെടുകയോ വിശദീകരിക്കപ്പെടുകയോ ചെയ്യപ്പെടുന്ന, (ഉദാ. പുരുഷസൂക്തം, ഋഗ്വേദം x.90) വർണ്ണ അല്ലെങ്കിൽ ജാതിയെ അടിസ്ഥാനമാക്കിയുള്ള അധികാരക്രമം ഇവിടെ പരാമര്ശിക്കപെടുന്നേ ഇല്ല എന്നതാണ്. ജനാധിപത്യവൽക്കരണവും വർണാടിസ്ഥിതമായ അധികാരക്രമം ഉയർത്തിപിടിക്കുന്നതും തമ്മിൽ ഉണ്ടായേക്കാവുന്ന യഥാർത്ഥ സംഘര്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഏറെ പ്രധാനപ്പെട്ടതാണ്. വർണാടിസ്ഥാനത്തിലുള്ള അധികാരക്രമത്തെ അംഗീകരിക്കാതെ നമുക്ക് ജനാധിപത്യത്തിന് വേണ്ട സാഹചര്യം ഒരുക്കാൻ പറ്റില്ല.
ഖേദകരമെന്നു പറയട്ടെ, ജനാധിപത്യത്തിനായുള്ള ഒരു പരമ്പര സൃഷ്ടിക്കാനുള്ള ആവേശം രാമായണത്തിന്റെ അവതരണ രീതിയിലും സ്വാധീനം ചെലുത്തുന്നു. ഇതിൽ അത്ഭുതമില്ല. വൃദ്ധനായ ദശരഥൻ ഒരു അവകാശിയെ തിരഞ്ഞെടുക്കാൻ ഒരുങ്ങുമ്പോൾ, അവന്റെ പ്രജകൾ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുകയും പിന്തുണക്കുകയും ചെയ്തു [p. 8] എന്ന് നമ്മൾ മനസ്സിലാക്കുന്നു. എന്നിരുന്നാലും, ആഖ്യാനത്തിന്റെ രണ്ടാമത്തേതും കൂടുതൽ പ്രാധാന്യമുള്ളതുമായ ഭാഗം ഒന്ന് പരാമർശിക്കുക പോലും ചെയ്തിട്ടില്ല – കൈകേയി ഭരതന്റെ പേരിൽ അവകാശവാദമുന്നയിച്ചതും, രാജാവിന് അവളുടെ ആവശ്യം മനസ്സില്ലാമനസ്സോടെ അംഗീകരിക്കേണ്ടിവന്നതുമായ ഭാഗം. അതിന്റെ അനന്തരഫലങ്ങൾ ആഖ്യാനത്തിന് നിർണായകമാണ്. ജനഹിതം പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷേ തന്റെ പ്രിയപ്പെട്ട രാജ്ഞിയുടെ ആഗ്രഹത്തിന് വഴങ്ങി രാജാവ് എടുത്ത തീരുമാനം മാറ്റാൻ ജനകീയ അഭിപ്രായത്തിന് കഴിഞ്ഞില്ല എന്നത് വിഷയമാകുന്നേയില്ല.
രാഷ്ട്രീയ കാര്യങ്ങൾ രൂപപ്പെടുത്തുന്നവർക്ക് സുഖപ്രദമായ ഒരു ചിത്രം വരച്ചിടാൻ വേണ്ടിയുള്ള ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ നമ്മൾ ഇവിടെ കാണുന്നു. ശോഭനാത്മക പ്രതിഛായയ്ക്ക് സഹകരമല്ലാത്ത എന്തും നീക്കം (censor) ചെയ്യപ്പെടുന്നു.
മൗര്യന്മാരെക്കുറിച്ചുള്ള ചർച്ച, വ്യത്യസ്ത വിഷയങ്ങളിലെ വ്യത്യസ്ത സ്രോതസ്സുകളുടെ ഒരു കൗതുകകരമായ മിശ്രിതം അവതരിപ്പിക്കുന്നു. അതിനാൽ, പിതൃത്വദായകമായ ഭരണാധികാരം എന്ന ആശയത്തെ സമർത്ഥിക്കാൻ അർത്ഥശാസ്ത്രം ഉദ്ധരിക്കപ്പെടുകയും പുരാതന ഇന്ത്യയിൽ അടിമത്തം ഇല്ലായിരുന്നുവെന്ന് അവകാശപ്പെടാൻ മെഗസ്തനീസിന്റെ വിവരണത്തിൽ നിന്നുള്ള ഉദ്ധരണികൾ ഉദ്ധരിക്കുകയും ചെയ്യുന്നു. അടിമത്തത്തിന്റെ അഭാവം, ജനാധിപത്യത്തിന്റെ വികസനത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതായി അവകാശപ്പെടുന്നു. അടിമത്തവുമായി ബന്ധപ്പെട്ട അർത്ഥശാസ്ത്രത്തിൽ നിന്നുള്ള തെളിവുകൾ ഈ സന്ദർഭത്തിൽ അവഗണിക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.
ദാസന്മാർ അല്ലെങ്കിൽ അടിമകൾ, കർമ്മക്കാർ അല്ലെങ്കിൽ തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട നീതിന്യായ വ്യവസ്ഥയെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങൾ അർത്ഥശാസ്ത്രത്തിൽ അടങ്ങിയിരിക്കുന്നു [ബുക്ക് III, അധ്യായങ്ങൾ 13, 14, ആർ.പി. കാങ്ലെ, കൗടിലിയ അർത്ഥശാസ്ത്രം ഭാഗം 1, ന്യൂഡൽഹി, മോത്തിലാൽ ബനാർസിദാസ്, 2010, പേജ്. 117-119, 7-ാം പുനഃപ്രസിദ്ധീകരണം, രണ്ടാം പതിപ്പ്, 1969.]. അടിമത്തം വ്യാപകമായ ഒരു സമൂഹ സാഹചര്യത്തിൽ മാത്രമേ ഇത്തരം വിശദമായ വ്യവസ്ഥകൾ ആവശ്യമായി വരുമായിരുന്നുള്ളൂ. മറ്റൊരിടത്ത്, ശൂദ്ര കർഷകന്റെ അധ്വാനം കാർഷികോൽപ്പാദനം വിപുലീകരിക്കാൻ ഉപയോഗിക്കണമെന്ന് വാദിക്കുന്നുണ്ട് [Ibid., Book II.1.2, p. 32].മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വർണ്ണ ക്രമത്തിൽ ഏറ്റവും താഴെയുള്ളവരുടെ നിലനിൽപ്പും ലഭ്യതയും നിസ്സാരമായി കണക്കാക്കികൊണ്ട് തന്നെ അവരുടെ അധ്വാനത്തെ സമാഹരിക്കുന്ന ഒരു തന്ത്രമാണ് ഭരണകൂടം, അത് എത്ര ദാക്ഷണ്യമുള്ളതായാലും, കൈകൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാണ്.
ഹിതമായത് മാത്രം തിരഞ്ഞെടുത്ത് ഉൾപെടുത്തുന്നതിന്റെയും അല്ലാത്തവ ഒഴിവാക്കുന്നതിന്റെയും തന്ത്രം ചൈനീസ് ബുദ്ധ തീർത്ഥാടകനായ ഫാ ഹിയാന്റെ വിവരണത്തിന്റെ കാര്യത്തിലും പ്രവർത്തിക്കുന്നുണ്ട്. രാജാക്കന്മാർ പരിത്യാഗികൾക്കും സന്യാസിമാർക്കും നൽകിയിരുന്ന ആദരവ് പരാമർശിക്കുമ്പോൾ [പേജ്. 25], തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെടുന്ന ചണ്ഡാളരുടെ ജീവിതത്തിന്റെ ഗ്രാഫിക് വിവരണം [ദി ട്രാവൽസ് ഓഫ് ഫാ സിയാൻ, പുനർ വിവർത്തനം ചെയ്തത് എച്ച്. എ ഗൈൽസ്, കേംബ്രിഡ്ജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1923, പേജ്. 21] ഇതിന്റെ ഭാഗമാകുന്നില്ല. ഇത്തരം തീവ്രമായ സാമൂഹിക വ്യത്യാസങ്ങൾ ജനാധിപത്യ പ്രവർത്തനങ്ങളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തപ്പെടേണ്ടതാണ്, അല്ലാതെ തമസ്കരിക്കപ്പെടേണ്ടതല്ല.
മറ്റു ചില അബദ്ധങ്ങൾ കൂടി നോക്കാം. മൗര്യ ചക്രവർത്തിയായിരുന്ന അശോകൻ, തന്റെ മന്ത്രിമാരെ അഞ്ചു വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കാൻ ക്രമീകരിച്ചു എന്നാണ് നാം അതിൽ നിന്ന് മനസ്സിലാക്കുന്നത് [പേജ്.24]. അശോക ലിഖിതങ്ങളിൽ ഉദ്യോഗസ്ഥരുടെ ആനുകാലിക പര്യടനങ്ങൾ പരാമർശിക്കുമ്പോൾ, ഒരു തിരഞ്ഞെടുപ്പിന്റെ പരാമർശം എവിടെയുമില്ല. അതുപോലെ, മഹാസ്ഥാൻ ലിഖിതം (മൗര്യരുടേതായിരിക്കാൻ സാധ്യതയുള്ളതിനാൽ ബിസി 4-3 നൂറ്റാണ്ടുകൾ എന്ന് അടയാളപ്പെടുത്താവുന്നത്), സമുദ്രഗുപ്തന്റെ പ്രയാഗ പ്രശസ്തി എന്നറിയപ്പെടുന്ന അലഹബാദ് ലിഖിതം (4-ആം നൂറ്റാണ്ട്), ഖലീംപൂർ ചെമ്പ് പ്ലേറ്റ് എന്നിവ എല്ലാം ഒമ്പതാം നൂറ്റാണ്ടിലേതായാണ് അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് തികച്ചും അതിശയകരമാണ്. തീർത്തും ഒഴിവാക്കാവുന്ന ഇത്തരം പിശകുകൾ, ഒരുപക്ഷേ, സമയപരിധി പാലിക്കാനുള്ള അനാവശ്യ തിടുക്കത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമാവാം.
നമ്മുടെ പുരാതന കാലത്തെക്കുറിച്ച് പറയുമ്പോൾ മനസ്സിലാക്കാനും അഭിനന്ദിക്കാനും അർഹമായ ഒട്ടേറെ ശ്രദ്ധേയ കാര്യങ്ങൾ ഉണ്ടെന്ന് ഞാൻ കൂട്ടിച്ചേർക്കട്ടെ. സംസ്കൃതത്തിൽ മാത്രമല്ല, പാലി, പ്രാകൃതം, തമിഴ് ഭാഷകളിലും നമുക്ക് വളരെ സമ്പന്നമായ സാഹിത്യ പാരമ്പര്യങ്ങളുണ്ട്. മെറ്റലർജി, നെയ്ത്ത് എന്നിവയുൾപ്പെടെയുള്ള കരകൗശല വസ്തുക്കളുടെ വിശാലമായ ശ്രേണി വളരെയധികം വികസിച്ചതായിരുന്നു. കാർഷികരംഗത്ത് സുപ്രധാനമായ ഏറെ പുരോഗതികൾ ഉണ്ടായതിന് തെളിവുകളുണ്ട്. ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ വാസ്തുവിദ്യയുടെയും ശിൽപകലയുടെയും മറ്റ് ദൃശ്യകലകളുടെയും പാരമ്പര്യങ്ങൾ അഭിവൃദ്ധിപ്പെട്ടു. വൈവിധ്യമാർന്ന ദാർശനിക വിദ്യാലയങ്ങൾ ഊർജ്ജസ്വലമായ ബൗദ്ധിക പാരമ്പര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
അതേസമയം, പുരുഷന്മാരും സ്ത്രീകളും തമ്മിലും, ആളുകൾ തമ്മിലും, ഉണ്ടായിരുന്ന സാമൂഹികവും സാമ്പത്തികവുമായ തീവ്രവ്യത്യാസങ്ങളുടെ തെളിവുകളും നമ്മുടെ പക്കലുണ്ട്. ഈ വ്യത്യാസങ്ങൾ ഉപജീവനമാർഗങ്ങൾ, ഉൽപ്പാദന വിഭവങ്ങളിലിന്മേലുള്ള അവകാശം, സാംസ്കാരിക സമ്പ്രദായങ്ങൾ എന്നിവയിലും മറ്റനേകം കാര്യങ്ങളും ഉണ്ടായിരുന്നു.
ഉപഭൂഖണ്ഡത്തിലെയും മറ്റിടങ്ങളിലെയും മിക്ക പുരാതന സമൂഹങ്ങളും സമത്വപരമോ ജനാധിപത്യപരമോ ആയിരുന്നില്ല. നമ്മുടെ ഭൂതകാലത്തെക്കുറിച്ച് നമുക്ക് പഠിക്കാനും അഭിനന്ദിക്കാനും ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും, ഈ ഭൂതകാലങ്ങൾ ഇന്നത്തെ നമ്മുടെ പരിശ്രമങ്ങൾക്ക് മാതൃകയല്ല എന്ന കാര്യം അംഗീകരിക്കേണ്ടതും പ്രധാനമാണ്.
ജനാധിപത്യവൽക്കരണം അർത്ഥപൂർണ്ണമാകണമെങ്കിൽ, ജാതി, വർഗ, ലിംഗ, മത, ഭാഷാ, വംശീയ, പ്രാദേശിക സ്ഥാനങ്ങൾ, ലൈംഗിക ആഭിമുഖ്യങ്ങൾ, എന്നിവയ്ക്ക് അതീതമായി, എല്ലാവരും മനുഷ്യരാണെന്നും, ഇങ്ങനെയുള്ള മനുഷ്യരെല്ലാം ഒന്നായി മാറുന്ന ഒന്നാണ് ഭാവി എന്നും ഉറപ്പാക്കാൻ, വർത്തമാനകാലത്തെ മനസ്സിലാക്കുകയും ഇടപെടുകയും വേണം. ഇന്ന് നാം അഭിമുഖീകരിക്കുന്ന വലിയ ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഒരു മാർഗം ഇതായിരിക്കാം.
ഇത് ഒരു ക്ലേശകരമായ, ദീർഘകാല സങ്കീർണ്ണ പ്രക്രിയയാണ്. ഭൂതകാലത്തിലെ തിരഞ്ഞെടുത്ത കാര്യങ്ങൾ മാത്രം ഉൾക്കൊള്ളുന്നത് ഈ വെല്ലുവിളകളെ നേരിടാൻ നമ്മെ സജ്ജരാക്കുകയില്ല.
(ജാതി, ലിംഗഭേദം, വിദ്യാഭ്യാസം, പൗരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എഴുതുന്ന ഒരു ഇന്ത്യൻ ഫെമിനിസ്റ്റ് പ്രവർത്തകയായ ലേഖിക ചെന്നൈയിൽ താമസിക്കുന്നു).)