(ഇന്ന് ബാലാമണിയമ്മയുടെ ഓർമ ദിനത്തിൽ എം.പി.നാരായണപിള്ള വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് പുന:പ്രസിദ്ധീകരിക്കുന്നു)
ബാലാമണിയമ്മയ്ക്ക് വി.എം.നായർ പുടവ കൊടുക്കുമ്പോൾ നാലപ്പാട് തറവാട് കടം കയറി അവശമായിരിക്കുന്ന അവസ്ഥയിലാണ്. പണത്തിന് അത്ര വില കല്പ്പിക്കാത്ത ആളായിരുന്നു വി.എം.നായർ. അദ്ദേഹം ഭാര്യവീട്ടിലെ കടങ്ങൾ വീട്ടി. നാലുവയസ്സുകാരൻ ഷോഡുവിനും, ജോലിക്കാരി ചിരുതയ്ക്കും പോരുമ്പോൾ നൂറുരൂപ വച്ച് ‘ടിപ്പു’ കൊടുക്കുന്നപോലത്തെ പ്രക്രിയക്കപ്പുറം ഈ കടം വീട്ടലിനും ഒരു പ്രാധാന്യം വി.എം.നായർ കണ്ടിരിക്കാനിടയില്ല.
ഇത്തരമൊരാളുടെ ഭാര്യയായി കല്ക്കട്ടയ്ക്കു പോവുന്ന ഒരു നാടൻ പെൺകുട്ടിയുടെ മനസ്സിലെ ചിന്തയെന്തായിരിക്കും..? പ്രത്യേകിച്ചും പഴയ നായർ തറവാടുകളിൽ പിറന്ന കുട്ടിയാണെങ്കിൽ.
ഒരു നാലു തലമുറ മുമ്പുവരെ ഭർത്താവിന്റെ കയ്യിൽ നിന്നും ചെലവിന് കാശുവാങ്ങുന്നത് മോശമായിട്ടാണ് നായർ സ്ത്രീകൾ കണ്ടിരുന്നത്. കൃഷിഭൂമിയിൽ ഉടമസ്ഥാവകാശമുണ്ടായിരുന്ന സ്ത്രീകൾക്ക് അവരുടെ അമ്മാവന്മാരോടോ ചേട്ടന്മാരോടോ ചോദിക്കാൻ മടിയില്ല. എന്നാൽ ഭർത്താവിനോട്-അല്ലെങ്കിൽ സംബന്ധക്കാരനോട് – ചെലവിന് ചോദിക്കുന്നത് നാണക്കേടായിരുന്നു.( ധാരാളം സമ്പത്തുള്ള നായർ തറവാടുകളിൽ സമ്മന്തക്കാർക്ക് ടി.എ./ഡി.എ കൊടുക്കാറുണ്ടായിരുന്നു.)
കടം വീട്ടി സ്വന്തം കുടുംബത്തെ രക്ഷിച്ച മനുഷ്യന്റെ ഭാര്യയാകുന്ന സ്ത്രീക്ക് എന്തായിരിക്കും ഭർത്താവുമായുള്ള ബന്ധം? തുല്യനിലവാരത്തിലാക്കാൻ പറ്റുമോ?
ഇവിടെയാണ് ബാലാമണിയമ്മ എന്ന കവയിത്രിയുടെ ജീനിയസ്സ്. യഥാർത്ഥ കവിത്വത്തിൽ നേരായ ബുദ്ധി ഉദിക്കുകയാണ്. ബുദ്ധിയുപയോഗിച്ച് ആലോചിച്ച് കണ്ടുപിടിക്കുകയല്ല.
വായനക്കാരിൽ പലരും ബാലാമണിയമ്മയെ കണ്ടുകാണും. അവർ ധരിക്കുന്ന വെളുത്ത ഖാദിത്തുണി ഏറ്റവും വിലകുറഞ്ഞതായിരിക്കും. അവരുടെ ദേഹത്ത് എന്തെങ്കിലും ആഭരണം ആരെങ്കിലും കണ്ടിട്ടുണ്ടോ..? അവർ ആഹാരം കഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഏറ്റവും ലളിതമാണാഹാരം. ഒരു ചെലവുമില്ലാത്ത സ്ത്രീ.
ഇത് നാട്ടുകാരെ ബോധിപ്പിക്കാൻ ചെയ്തതല്ല. നൂറുശതമാനം സ്വാഭാവികമായി വന്ന ഒരു ജീവിതശൈലിയായിരുന്നു. ഇന്നും ഇന്നലെയും ആരംഭിച്ചതുമല്ല. കൽക്കട്ടയിലെ കോടീശ്വരന്മാർ പോലും അന്തംവിടുന്നതരത്തിൽ പണം ചെലവാക്കി ഭർത്താവായ വി.എം.നായർ കഴിയുമ്പോൾ ബാലാമണിയമ്മ ഒരാവശ്യവുമില്ലാത്ത ഭാര്യയായി മാറി.
ഈ ജീവിതശൈലിക്ക് വി.എം.നായർ കൊടുത്ത പേരാണ് ‘കുചേലയോഗം’.
പണക്കാരനായഭർത്താവിനെ, അതും തന്റെ കുടുംബത്തെ കടത്തിൽ നിന്നും മോചിപ്പിച്ച ഭർത്താവിനെ, നേരിടാനുള്ള തറവാടിയായ സ്ത്രീയുടെ ഏറ്റവും ശക്തമായ ആയുധമല്ലേ ഈ കുചേലയോഗം. പട്ടുസാരിയും വൈരമാലയും വേണ്ടെന്നു വെച്ചതിനൊപ്പം ഒരു ഭാര്യ എന്ന നിലയിലും കുട്ടികളുടെ അമ്മ എന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ ബാലാമണിയമ്മ നിറവേറ്റാനും തുടങ്ങി.
ഭാര്യ ‘ വിലയ്ക്കു വാങ്ങാൻ വയ്യാത്ത’ സ്ത്രീയാവുമ്പോൾ ഏതു ഭർത്താവും തോറ്റു പോവും.
വി.എം.നായർ ഒരാളുടെ മുന്നിൽ മാത്രമേ തോറ്റിട്ടുള്ളൂ. – നാലപ്പാട്ട് ബാലാമണിയമ്മയുടെ മുന്നിൽ. അദ്ദേഹത്തിന് തറ്റെ ഭാര്യയോടുള്ള വികാരം സ്നേഹത്തെക്കാളേറെ ബഹുമാനമായിരുന്നു. ആദരവായിരുന്നു.