കാലവും അകലവും മനുഷ്യന്റെ സാധ്യതകളെ മോഹിപ്പിക്കുകയും പരിമിതികളെ പരിഹസിക്കുകയും ചെയ്യുന്നു. മനുഷ്യപുരോഗതിയുടെ ഒരു പ്രധാന നിർവചന അനുക്രമണിക മനുഷ്യർ എത്രേത്താളം ദൂരത്തെയും സമയത്തെയും തോല്പിച്ചു എന്നതാണ്. ‘വേഗത’, സാമ്പത്തിക വ്യവസായ മേഖലകളിൽ ഫലപ്രദമായ ആഗോളീകരണത്തിന്റെയും പ്രതിരോധ രംഗത്ത് ആധുനികവത്കരണത്തിന്റെയും സൂചികയാണ്. വേഗത ഒരേസമയം അഭിമാന വിഷയവും ആകുലതയുടെ കാരണവുമാകുന്നു – സഞ്ചാരത്തിലും സംവേദനത്തിലും സംയോഗത്തിലും സംഭോഗത്തിലും. തന്മൂലം വേഗത അസൂയാവഹമായ നേട്ടമായും മന്ദഗമനം അപരിഷ്‌കൃതവും പരിഹാസ്യവുമായ ജീവിത അവസ്ഥയുമായി അടയാളപ്പെടുത്തുന്നു. മനുഷ്യരെയും രാജ്യങ്ങളെയും വികസിതവും അവികസിതവും എന്ന് തരംതിരിക്കുന്നത് ജീവിതവേഗത്തിന്റെ അടിസ്ഥാനത്തിലാണ്. വേഗത ഒരു സാമൂഹിക മൂലധനവും (social capital) മുതലാളിത്തയുക്തിയും (corporate logic) ആയിത്തീരുന്നു എന്നു സാരം.
ശാസ്ര്ത സാങ്കേതിക വിദ്യകളിലൂടെ മനുഷ്യസമൂഹം ആർജിച്ച വേഗതയെ ദാർശനികവും രാഷ്ട്രീയവുമായ വിചാരണയ്ക്ക് വിധേയമാക്കുന്ന നോവലാണ് മിലൻ കുന്ദേരയുടെ ‘സ്ലോനസ്സ്’ (Slowness-1995). 18-ാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ പ്രതിനിധിയായ ഒരു ഷെവലിയാറും കഥാനായകന്റെ സുഹൃത്തായ വിൻസന്റും കാമനയും രതിയും അനുഭവിക്കാൻ ശ്രമിക്കുന്ന രീതികളിലൂടെ വേഗതയുടെ വൈകൃതങ്ങളെ കുന്ദേര കോറിയിടുന്നു (speed creates vulgarity). ഷെവലിയർ ബാറുടമയായ സ്ര്തീയെ പ്രാപിക്കുന്നത് പ്രണയാതുരമായിട്ടാണ്. എന്നാൽ വിൻസന്റ് ബാറിൽ വച്ച് പരിചയപ്പെട്ട ജൂലിയെ ‘അറിയുന്നതിൽ’ പരാജയപ്പെടുന്നു. തോൽവിയിൽ നിന്നും രക്ഷപ്പെടാൻ വിൻസന്റ് മോട്ടോർസൈക്കിളിൽ ‘അതിവേഗം’ ബാറിൽ നിന്നു പോയി. വേഗത ഓർമകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്; വേഗം മറവിയാണ്. ദ്രുതഗമനം ജീവിതത്തിന്റെ ആഘോഷമല്ല, മരണത്തിനായുള്ള വെമ്പൽ മാത്രമാണ്.
നിറുത്താതെയുള്ള ശീഘ്ര ഓട്ടം ആത്മഹത്യാപരമാണെന്ന് ടോൾസ്റ്റോയിയുടെ ‘ഒരാൾക്ക് എത്ര ഭൂമി വേണം?’ എന്ന കഥയിലെ നായകൻ പഹാമും സാക്ഷ്യപ്പെടുത്തുന്നു. മലയാള ചെറുകഥയിൽ വെപ്രാളകാലത്തിന്റെ കുതിരപ്പാച്ചിലിനെ വേഗക്കുറവിന്റെ രാഷ്ട്രീയം കൊണ്ട് നേരിട്ടത് അർഷാദ് ബത്തേരിയാണ്. കരൾ പിളർത്തുന്ന വാക്കുകൾ കൊണ്ടാണ് അർഷാദ് ‘വളരെ ചെറിയ യാത്രക്കാരൻ’ എന്ന കഥയെഴുതിയത്. കാലത്തിനൊത്തു ജീവിക്കാൻ ശേഷിയില്ലാത്ത മനുഷ്യമാംസത്തുണ്ടെന്ന് പരിഹസിക്കപ്പെടുമ്പോഴും ഒരിടത്തും തുളുമ്പാതെ, കുതിപ്പിന്റെ ചിറകുകൾ തന്നിൽ മുളപ്പിക്കാൻ ഒരുമ്പെടാതെ ആമജീവി
തത്തിന്റെ പാതയിൽ കഥാനായകൻ ഉറച്ചുനിന്നു. ഉറക്കമില്ലാത്ത മുയലുകളുടെ നാട്ടിൽ, ആമയുടെ തലയും മനുഷ്യന്റെ ഉടലുമായി അയാൾ ജീവിച്ചു. തനിക്ക് ചുറ്റുമുള്ളവരുടെ അതിവേഗത്തെ തന്റെ ആമവേഗം കൊണ്ട് അയാൾ വരിഞ്ഞുകെട്ടി. കുന്ദേരയും അർഷാദും വേഗതയ്ക്കായുള്ള വ്യഗ്രത ജീവിതത്തെ വാണിജ്യവത്കരിക്കുമെന്ന് വാദിക്കുന്നു.
ഈ സൈന്ധിക പരിസരത്തിൽ ഉൾപ്പെടുന്നതാണ് സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥാസമാഹാരവും. ജീവിതത്തെ വീണ്ടെടുക്കാനുള്ള വഴി കാലത്തിന് കുറുകെ നടക്കലാണെന്ന് സന്തോഷ് സമർത്ഥിക്കുന്നു.
‘നാരകങ്ങളുടെ ഉപമ’ എന്ന കഥ ആരംഭിക്കുന്നത് ഒട്ടുചെടിയും വിത്തിൽ നിന്ന് മുള പൊട്ടിയ നാരകവും ഫലം കായ്ക്കുന്നതിനെടുക്കുന്ന വേഗത്തിന്റെ താരതമ്യത്തിലാണ്. മുരടിച്ചുനിൽക്കുന്ന നാരകം കണ്ടിട്ട് നാലോ അഞ്ചോ വർഷം കൊണ്ട് കായ്ക്കുന്ന ഒട്ടുചെടികൾ നട്ടാൽ കൂട്ടുകാരും വീട്ടുകാരും കഥാനായകനെ ഉപദേശിക്കുന്നു. ഓറഞ്ച് കായ്ക്കുന്നതിനുള്ള ചെടിയുടെ സമയധൂർത്താണ് ഗുണദോഷത്തിന് പ്രേരണയാകുന്നത്. ആഖ്യാതാവിന്റെ മറുപടി ജനിതകവിദ്യകളുടെ വിസ്മയത്തിനപ്പുറമുള്ള പ്രകൃതിനിയമമാണ്: ”നടുന്ന എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തുതന്നെ കായ്ക്കണമെന്ന് എന്താണിത്ര വാശി?”
വർഷങ്ങൾക്കു മുമ്പ് പർവതപ്രദേശങ്ങളിലൂടെയുള്ള ഒരു ബസ് യാത്രയിൽ പരിചയപ്പെട്ട ഗണേശ് തമാനെ എന്ന ആർക്കിയോളജി വകുപ്പിലെ ജോലിക്കാരനാണ് മധുരനാരങ്ങയുടെ സുവിശേഷം അയാൾക്ക് ഓതിയത്. അലോസരപ്പെടുത്തുന്ന സാവധാനതയിൽ പോകുന്ന ബസിൽ കയറിയതിന് സ്വയം ശപിക്കുന്ന സമയത്താണ് ബസിന്റെ വേഗതക്കുറവിൽ വേവലാതിപ്പെടാതെ ഓറഞ്ച് ആസ്വദിച്ചു കഴിക്കുന്ന തമാനെയെ കാണുന്നത്. അടർത്തിയ നാരകയല്ലിയുടെ കുരുക്കൾ ്രശദ്ധാപൂർവം മടിയിൽ നിവർത്തിയിട്ട തൂവാലയിൽ അയാൾ ശേഖരിച്ചു. ധൃതിരാഹിത്യത്തിന്റെ മാംസരൂപമായിരുന്നു തമാനെ. വേഗതയുമായി പൊരുത്തപ്പെടാനാവാത്തതിന്റെ കാരണം തമാനെ കഥാനായകനോട് പറയുന്നുണ്ട്. കാലത്തെ തോല്പിക്കലല്ല, കുഴിച്ചെടുക്കലാണ് തമാനെയുടെ ജോലി. ഭൂമിക്ക് വേദനിക്കാതെ മണ്ണടർത്തിമാറ്റും; ഉറങ്ങുന്നവരെ ഉണർത്താതിരിക്കാൻ ശ്രദ്ധിക്കുന്നതുപോലെ. ഓരോ ഇഞ്ചും ഓരോ നൂറ്റാണ്ടിന്റെ ചരിത്രഭൂമിക ആയതുകൊണ്ട് ഭൂതകാലത്തോട് കാമുകിയോടെന്ന കരുതലാണുള്ളത്. ആഖ്യാതാവ്, ടാർഗറ്റുകൾ തികയ്ക്കാൻ പാടുപെടുന്ന മുതലാളിത്ത തൊഴിൽ സംസ്‌കാരത്തിെന്റ ഇടങ്ങളിൽ ഉരുകിയൊലിക്കുന്ന യൗവനത്തിന്റെ പ്രതിനിധിയാണ്. കുതിച്ചുചാടുന്ന ചെറുപ്പത്തിന്റെ ആരോഗ്യത്തെയും ചോരത്തിളപ്പിനെയും പരിഹസിക്കുന്നതാണ് തമാനെയുടെ തൊഴിൽ. അന്വേഷിക്കുന്ന കാലവും ലോകവും പിണങ്ങിപ്പോകാതെ, ഭൂതകാലത്തിൽ വിലയം പ്രാപിച്ച സ്വപ്നങ്ങളെ ഉടയ്ക്കാതെയുള്ള ദീർഘാലകത്തെ തൊഴിൽ തമാനെയെ വേഗങ്ങൾക്ക് അപരിചിതനാക്കി.
വേഗങ്ങളുമായി പൊരുത്തപ്പെടാനാകാത്തത് അപകർഷതാബോധമായോ മോഹഭംഗമായോ അല്ല ജീവിതദർശനമായിട്ടാണ് തമാനെയിൽ രൂപമെടുക്കുന്നത്. തമാനെയുടെ സമയബോധം ലളിതമാണ്; സമഗ്രവും: ”സമയം എന്നൊക്കെപ്പറയുന്നത് ഭൂമിയിൽ ഹ്രസ്വകാലം മാത്രം ജീവിച്ചിരിക്കുന്നു എന്നു തോന്നുന്നവരുടെ പ്രശ്‌നമാണ്. ചെറിയ ദൂരം ഓടുന്നവരുടെ വിഷമങ്ങൾ. ഓട്ടം ഒരു തുടർച്ചയാണെന്നു വിചാരിക്കുക, അഥവാ നിങ്ങൾ വീണിടത്തുനിന്നും തുടർന്ന് മറ്റൊരാൾ ഓടുന്നു എന്നു വിചാരിക്കുക. എല്ലാ കുഴപ്പങ്ങളും തീരും. വലിയ ദൂരം ഓടുന്നവരെ നോക്കുക, അവർ സ്വയം മറികടക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. തങ്ങളെ കടന്നുപോകുന്നവർ അവരുടെ വിഷയമല്ല”. തന്നെപ്പോലെ ആറു വിരലുകൾ ഉണ്ടായിരുന്ന ഒരു അസ്ഥികൂടം ഗതി നിലച്ചുപോയു ഒരു നദിയുടെ ഗവേഷണവേളയിൽ കണ്ടെത്തിയത് തമാനെയുടെ വീണ്ടെടുപ്പിന്റെ കുലചിഹ്നമായി മാറി. ആറു വിരലുകൾ ഉള്ള അസ്ഥിപഞ്ജരം തമാനെയുടെ ജാള്യതകളെ മായ്ച്ചുകളഞ്ഞു: ”ഒരാൾക്ക് വ്യത്യസ്തനായിരിക്കാമെന്നും… ഒറ്റപ്പെട്ടൊരു ജീവിതമാവാമെന്നും ഒറ്റപ്പെട്ട മരണമാവാമെന്നും വേണമെന്നുണ്ടെങ്കിൽ ഏകാന്തമായൊരു മരണാനന്തര ജീവിതമാവാമെന്നും തെളിഞ്ഞു”. ആഖ്യാതാവിന്റെ മുറ്റത്ത് വളരുന്നത് തമാനെ നൽകിയ നാരകത്തിന്റെ വിത്തിൽ നിന്നും മുള പൊട്ടിയ ചെടിയാണ്. തന്നേക്കാൾ മുന്നെ കായ്ച്ച മരങ്ങൾ അതിനെ പേടിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുന്നില്ല. അത് അക്ഷോഭ്യമായി നാരകത്തിന്റെ കാലവ്യവസ്ഥയിലൂടെ വളർന്നു – ഒരു നാരകം, ഒരു കാലം.
ഒരു മലമ്പ്രദേശത്ത് വാങ്ങിയ രണ്ട് ഏക്കർ കൃഷിസ്ഥലം നോക്കാൻ കുരിയാക്കു എന്ന കുടിയേറ്റക്കാരനെ അന്വേഷിച്ചുപോകുന്ന ദമ്പതികളുടെ കഥയാണ് ‘പരുന്ത്’. കുരിയാക്കുവിനെ കാത്തിരിക്കുന്നതിനിടയിൽ അയാളുടെ ഭാര്യയിൽ നിന്നും കുടുംബവിവരങ്ങൾ കഥാനായകനും ഭാര്യ സാലിയും അറിയുന്നു. ലോകത്തിന്റെ ഗതിവേഗത്തോട് കലഹിക്കുന്നവരാണ് കുരിയാക്കുവിന്റെ അപ്പനും മകൻ ഫിന്നിയും. കാട്ടിലെ കഞ്ചാവുകൃഷി ഫോറസ്റ്റ് ഗാഡന്മാർക്ക് കാണിച്ചുകൊടുത്തതിന് ലഭിച്ചത് കഞ്ചാവുകാരുടെ ചവിട്ടാണ്. മർമത്ത് കിട്ടിയ ചവിട്ട് അയാളെ കിടപ്പിലാക്കി. കാട്ടിലുള്ള പാവങ്ങളുടെ സംരക്ഷണത്തിനിറങ്ങിയ മകൻ ഫിന്നിയെ ഫോറസ്റ്റുകാർ വെടിവച്ചുകൊന്നു. ഫിന്നി കാട്ടുദൈവമായി ജീവിച്ചു. മകൻ ഒരു ഗരുഡജന്മമാണെന്ന് സ്വയം ധൈര്യപ്പെടാൻ കാട്ടിൽ നിന്നു കിട്ടിയ പരുന്തിൻകുഞ്ഞിനെ ഫിന്നി എന്ന
പേര് നൽകി വളർത്തി. മുട്ടയിടാത്ത കോഴികളെയും പ്രയോജനമില്ലാത്ത ജിമ്മി എന്ന പട്ടിയെയും വളർത്തുന്നത് പ്രാന്താണെന്നാണ് കുരിയാക്കുവിെന്റ ഭാര്യ പറയുന്നത്. സ്വയം ഒരു പരുന്താണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യർക്ക് കാണാനാവാത്ത കാഴ്ചകൾ കണ്ടവരാണ് ഫിന്നിയും കുരിയാക്കുവിന്റെ അപ്പനും. തൊട്ടിയിൽ വീണ കല്ല് ഉണ്ടാക്കിയ വലയങ്ങൾ പരുന്തിനെ വിദൂര ആകാശങ്ങളിലേക്ക് ചിറകടിച്ചുയരാൻ നിർബന്ധിച്ചു. അതുപോലെ കുരിയാക്കുവും ജന്മലക്ഷ്യങ്ങളെ ഉപരോധിക്കുന്ന കൊടുങ്കാറ്റുകൾക്ക് മേലെ പറക്കാനുള്ള കരുത്ത് സംഭരിച്ച പരുന്താണ്.
‘വാവ’ എന്ന കഥയിൽ നായകനായ വാവ തന്റെ വിത്തുകാളയെ കൃഷിക്കാർ കൊണ്ടുവരുന്ന പശുക്കളെ ഇണചേർത്താണ് ജീവിച്ചിരുന്നത്. കാളയുടെ അമറലുകളുടെ ധ്വനിമാറ്റങ്ങള ചാരനെപ്പോലെ തിരിച്ചറിഞ്ഞിരുന്ന വാവ സാമൂഹികബന്ധങ്ങളിൽ കാളയോട് സംസാരിക്കാൻ ഉപയോഗിച്ചിരുന്ന കൂവലുകൾ കൊണ്ടുള്ള വിചിത്രഭാഷ അനുകരിച്ചു. വിത്തുകാളയുടെ ജീവിതം നയിച്ച വാവയുടെ അപ്പൻ താരുമാപ്പിള അറിയപ്പെടുന്ന വൈദ്യനാണ്. പാകമാകാത്ത ഇരുട്ടുള്ള ഒരു വൈകുന്നേരത്ത് എത്തിയ മഞ്ഞപ്പിത്തം മൂർച്ഛിച്ച രോഗിയെ ഉമ്മറത്തു കിടത്തിയ ശേഷം മരുന്ന് പറിക്കാൻ പറമ്പിലേക്കിറങ്ങി. ചുരുട്ടുപാമ്പിന്റെ കടിയേറ്റു വേദനയിൽ പിടയുമ്പോഴും താരു വൈദ്യൻ പച്ചമരുന്ന് അരച്ചുപിഴിഞ്ഞ് ചികിത്സിച്ചു. രോഗിയെയും കൊണ്ട് ബന്ധുക്കൾ പോയതിനുശേഷമാണ് പാമ്പുകടിയേറ്റ വിവരം താരുമാപ്പിള ഭാര്യയോട് പറഞ്ഞത്. മഞ്ഞപ്പിത്തരോഗിക്കുവേണ്ടി ചെലവഴിക്കുന്ന ഓരോ നിമിഷവും അപകടത്തിലാക്കുന്നത് സ്വന്തം ജീവനാണ് എന്നറിയാമായിരുന്നിട്ടും താരുവൈദ്യൻ രോഗിയെ പരിചരിച്ചു.സ്വന്തം മരണത്തിലേക്കുള്ള ദൂരവും സമയവും തന്റെ രോഗിയുടെ ജീവനിലേക്കുള്ള സമയമാണെന്ന് വൈദ്യൻ വായിച്ചെടുത്തു.
അറുപതുകളിൽ ബോംബെയെ നടുക്കിയിരുന്ന മനോരോഗിയായ രാമൻ രാഘവൻ എന്ന സീരിയൽ കൊലയാളിയെ രണ്ട് വ്യക്തിത്വങ്ങളാക്കി പിളർത്തി പറയുന്ന കഥയാണ് ‘രാമൻ-രാഘവൻ’. ബോംബെയിലേക്കുള്ള ജയന്തി ജനത കാത്ത് പ്ലാറ്റ്‌ഫോമിൽ നിൽക്കുമ്പോഴാണ് രാമനും രാഘവനും ആദ്യമായി പരിചയപ്പെടുന്നത്. രാമൻ എല്ലാ തിന്മകളുടെയും ആൾരൂപമായിരുന്നു, രാഘവൻ നല്ലവനും. രാഘവന്റെ നാട്ടുകാരൻ കൃഷ്ണനാണ് രണ്ടുപേർക്കും ബോംബെയിൽ അഭയം നൽകിയത്. രാമൻ തന്റെ ഭാര്യയെ പ്രാപിക്കുന്നത് നേരിൽ കണ്ട കൃഷ്ണൻ ആത്മഹത്യ െചയ്തു. രാഘവൻ, ചതി മനസ്സിലാക്കാതെ, രാമൻ ഗർഭിണിയാക്കിയ കൃഷ്ണന്റെ ഭാര്യയുടെ രണ്ടാം ഭർത്താവായും അയാളുടെ കുഞ്ഞിനെ രാമൻ എന്ന പേരിൽ വളർത്തിയും ജീവിച്ചു. ചതിശീലമാക്കിയ രാമൻ തന്നെ സഹായിച്ച സേട്ടുവിനെയും കൊന്ന് വലിയ ധനികനായി. രാഘവൻ തൊഴിലെടുത്തിരുന്ന തുണിമില്ലിലെ തൊഴിലാളികളെ ചികിത്സിച്ചിരുന്ന ഡോക്ടർ സാബ് തൊഴിലാളികൾക്കിടയിൽ പടരുന്ന രോഗത്തിന് മില്ലുടമകൾ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തി. സ്ഥാനം, അധികാരം, കനകം, കാമിനി – ഒന്നിനും ഡോക്ടർ വഴങ്ങിയില്ല. കൃഷ്ണനും ഡോക്ടറും രാമന്റെ വഴിയിൽ തിരിഞ്ഞുനടന്നവരാണ്. ‘പണിയെടുക്കാത്ത പണം’ വേഗത്തിൽ സമ്പന്നനാക്കുമെന്നറിഞ്ഞിട്ടും. അനേകം തവണ ഉറയൂരിക്കളഞ്ഞിട്ടും പഴയ പാമ്പിന്റെ ശവം ഉള്ളിൽ ബാക്കി കിടക്കുന്നവരുടെ വേഗത്തോടും സാമർത്ഥ്യത്തോടും പൊരുത്തപ്പെടാനാവാതെ. രാഘവനും ഡോക്ടർ സാബും നുണകളുടെയും നെറികേടുകളുടെയും കൊട്ടാരങ്ങൾ പണിയാൻ ധൃതിപ്പെടുന്നവരെ അലോസരപ്പെടുത്തുന്ന ഉൾവിളികളാണ്. തയ്യൽക്കാരൻ ചാത്തുണ്ണി താൻ മക്കളെപ്പോലെ താലോലിക്കുന്ന റേഡിയോ മകന്റെ ചികിത്സയുടെ ആവശ്യത്തിനായി പലിശക്കാരൻ ചെമ്പുമത്തായിയുടെ പക്കൽ പണയം വയ്ക്കുന്നതാണ് ‘പണയം’ എന്ന കഥയുടെ ഇതിവൃത്തം. ആറാട്ടുകുന്ന് ഗ്രാമത്തിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ പൗരനാണ് ചാക്കുണ്ണി. വിശ്രമമില്ലാതെ തയ്യൽപണി ചെയ്തും, പതിവുള്ള ബീഡിവലിയും മദ്യപാനവും നിർത്തിയും, പുതിയ ചെരിപ്പ് വാങ്ങാതെയും, മലയാറ്റൂർ തീർത്ഥാടനം മുടക്കിയും മിച്ചം പിടിച്ച പണം കൊണ്ടാണ് ചാക്കുണ്ണി കുട്ടിയുടെ പടമുള്ള മർഫി റേഡിയോ വാങ്ങിയത്.പാട്ടു കേൾക്കാനും വാർത്തകൾ അറിയാനുമായി ദൂരത്തുനിന്നുപോലും ആളുകൾ ചാക്കുണ്ണിയുടെ കടയിൽ എത്തി, തയ്ച്ച കാശിന് കടം പറഞ്ഞവരും. പണിയെടുക്കുമ്പോൾ റേഡിയോ കേൾക്കുന്നതാണ് ചാക്കുണ്ണിയുടെ ദാരിദ്ര്യത്തിന്റെ കാരണമെന്ന് ചെമ്പുമത്തായിയുടെ അഭിപ്രായം. നല്ല ചികിത്സ കിട്ടാതെ ചാക്കുണ്ണിയുടെ മകൻ മരിച്ചു. പള്ളിയിലും കുർബാനയ്ക്കും പോകാതെ മകന് ഏറെ ഇഷ്ടമായിരുന്ന ബാലമണ്ഡലം പരിപാടി കേൾക്കാൻ മത്തായിയുടെ പക്കൽനിന്നും കുറെ നേരത്തേക്ക് റേഡിയോ കടം ചോദിച്ചു. പലിശക്കാരൻ മത്തായിയുടെ വേഗമില്ലാത്തതുകൊണ്ടാവണം ചാക്കുണ്ണിയുടെ കണക്കൊക്കെ തെറ്റി.
സിനിമ മാത്രം സ്വപ്നം കണ്ട് ജീവിച്ച ആന്റോ ജോയ് തെക്കേക്കരയുടെ ആത്മസംഘർഷങ്ങളും തിരിച്ചടികളുമാണ് ‘സിനിമ പറുദീസ’ എന്ന കഥ. അയാൾ മദ്യപിക്കില്ല, കാരണം എപ്പോഴും സിനിമ എന്ന ലഹരിയുടെ കുതിരപ്പുറത്താണ്. പത്തുമുപ്പതു കൊല്ലമായി സിനിമയെന്നു പറഞ്ഞുനടക്കുകയാണ് തെക്കേക്കര. ‘കാൽക്കാശിന് കൊള്ളാത്തവൻ’ എന്നാണ് സുഹൃത്തുക്കളുടെ അഭിപ്രായം. ഉപജീവനത്തിനായി ആൾക്കൂട്ടത്തിന്റെ ഭാഗമായും ശവത്തിന്റെ റോളിലും അഭിനയിച്ചു. ഏകാകിനിയും ഒഡേസയുമൊക്കെ ഒരുമിച്ചു കണ്ട പഴയ സ്‌നേഹിതൻ പ്രേമത്തിന്റെ പാലപ്പൂമണമുള്ള കഥകളിലേക്ക് മാറി. നരിമാൻ എന്ന ബോംബെക്കാരൻ ധനികന്റെ ശാഠ്യങ്ങൾക്ക് വഴങ്ങിയിട്ടും സിനിമാസ്വപ്നം പൂവണിഞ്ഞില്ല. ഒടുവിൽ നാട്ടുമ്പുറത്തെ ഉത്സവത്തിന് പുലിവേഷം കെട്ടി. ജീവിതകാലത്ത് ഒരിക്കൽപോലും വിശപ്പു മാറാത്ത ഒരു പുലി തന്റെ വയറിേന്മൽ ഇരുന്നു ഗർജിക്കുന്നുവെന്ന തെക്കേക്കരയുടെ തോന്നൽ അയാളുടെ ദുരിതജീവിതത്തിന്റെ സാക്ഷ്യമാണ്. തോൽക്കാൻ ഭയമുള്ളവരാണ് വേഗത്തെ ഭയപ്പെടുന്നതും കാലമെന്ന നദിക്ക് കുറുകെ നീന്താൻ മടിക്കുന്നതും.
ഭയമില്ലെങ്കിൽ വേഗക്കുറവ് പറുദീസയാണ്, എല്ലാവർക്കുമല്ലെങ്കിലും. സന്തോഷ് കുമാറിന്റെ കഥകൾ വർത്തമാനകാലജീവിതത്തിന്റെ ഭ്രാന്തു പിടിപ്പിക്കുന്ന വേഗരൂപങ്ങളോടുള്ള കലഹവും കലാപവുമാണ്. വേഗത ഭ്രാന്താകുന്ന കാലത്തിനുള്ള പ്രതിരോധം വേഗക്കുറവാണ്. പണവും അധികാരവും കാമനയും ജീവിതവേഗത്തിന്റെ േതരുകളാകുമ്പോൾ കാലത്തെയും കാലനെയും ഭയമില്ലാത്തവർ തിരിഞ്ഞുനടക്കും. ഒട്ടുചെടികൾ ത്രസിപ്പിക്കുന്ന വേഗത്തിൽ വളരുന്ന ഘോരവനത്തിന്റെ സമൃദ്ധിയല്ല, വിത്തുമുളച്ച് വളരുന്ന നാരകത്തിന്റെ മുരടിപ്പാണ് ‘അനിവാര്യമായത്’ വൈകിപ്പിക്കാനുള്ള മാർഗം. വാവയും, ചെമ്പുമത്തായിയും, രാമനും, േസട്ടും അരങ്ങ് വാഴുമ്പോൾ അവരുടെ തിട്ടൂരങ്ങളെയും ആക്രോശങ്ങളെയും അലോസരപ്പെടുത്താൻ തമാനെയും കുരിയാക്കുവും ഫിന്നിയും രാമനും ചാക്കുണ്ണിയും തെക്കേക്കരയും ഉണ്ടാവും. അവർ നടുന്ന പ്രതിരോധത്തിന്റെ നാരകവിത്തുകൾ അവരുടെ ജീവിതകാലത്തുതന്നെ ഫലം കായ്ച്ചില്ലെങ്കിലും. ഈ സുവിശേഷത്തിന്റെ ഉപാസനയാണ് സന്തോഷ് കുമാറിന്റെ നാരകപുരാണം.