കമ്പ്യൂട്ടർ സ്ക്രീനിൽ MV എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പിങ്ക് പൊട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഒൻപതാം ക്ലാസുകാരിയായ മഴ വരുൺ ദേവിന് സങ്കടം വന്നു. സ്‌ക്രീനിൽ പല നിറങ്ങളിലുള്ള മുപ്പത്തിനാല് പൊട്ടുകളുണ്ട്. മിക്ക പൊട്ടുകളിലും പേരുകളുടെ ആദ്യാക്ഷരങ്ങളാണുണ്ടായിരുന്നത്. ചുരുക്കം ചില പൊട്ടുകളിൽ മാത്രം കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുടെ ചിത്രങ്ങളും. ടീച്ചർ ഓരോ പേരും വിളിച്ച് ചോദ്യം ചോദിയ്ക്കുമ്പോൾ സ്ക്രീനിലെ പൊട്ടുകളിലൊന്ന് മിന്നുകയും സംസാരിയ്ക്കുകയും ചെയ്യും. ഉത്തരം പറഞ്ഞു കഴിഞ്ഞാൽ പിന്നെയതൊരു നിശ്ശബ്ദ ബിന്ദുവാകും.
ക്യാമറ ഓൺ ചെയ്യണമെന്ന് ടീച്ചർ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ ക്ലാസ്സിൽ ‘നെർഡ്’ എന്ന് വിളിപ്പേരുള്ള സിദ്ധാന്ത് മാത്രമേ ടീച്ചർ പറയുന്നതനുസരിയ്ക്കാറുള്ളു. “Camera not working”, “Poor connection” “system doesn’t support camera, Miss’ ഇങ്ങിനെയൊക്കെ ഓരോരുത്തരും പറയുമ്പോൾ ഒരൊഴുക്കിന് ഓക്കേ ഓക്കേ യെന്ന് പറഞ്ഞുപോകുന്ന ടീച്ചേഴ്സിനോട് മഴയ്ക്ക് ദേഷ്യമാണ് തോന്നിയിരുന്നത്. ഏതെങ്കിലും ടീച്ചർ ഒന്ന് നിർബന്ധിച്ചിരുന്നെങ്കിൽ എല്ലാവരും ക്യാമറ ഓൺ ചെയ്തേനെ. അങ്ങിനെയാവുമ്പോൾ ക്യാമറ ഓൺ ചെയ്യുന്നവരെ ആരും പഠിപ്പിസ്റ്റെന്നോ, നേർഡെന്നോ വിളിക്കില്ലായിരുന്നു.
എല്ലാവരെയും ഒന്നിച്ച് കണ്ടിട്ട് എത്ര നാളാവുന്നു. ക്‌ളാസ്സിൽ വൈകിയെത്തുന്ന ബോയ്‌സ് “ഞങ്ങളുടെ നാട്ടിലൊക്കെ ഭയങ്കര ‘മഴ’യായിരുന്നു മിസ്സെന്ന്” മനഃപൂർവ്വം പറയുമ്പോൾ അവന്മാരെയൊക്കെ കൊല്ലാൻ തോന്നിയിരുന്നു. ഒരേയൊരു മോൾക്കിടാൻ അച്ഛനിങ്ങനെയൊരു പേരേ കിട്ടിയുള്ളോയെന്ന് ചിന്തിച്ചു പോകുന്നതപ്പോഴാണ്. പക്ഷേ ഇപ്പോൾ ക്ലാസ്സുമുറിയിലെ ആ തമാശകളൊക്കെയൊന്ന് തിരിച്ചുവന്നിരുന്നെങ്കിലെന്ന് വല്ലാതെ കൊതിച്ചു പോവുന്നു.
മൊബൈലിൽ കളിച്ചു മടുക്കുമ്പോൾ മഴ ബെഡ്‌റൂം ജനാലയ്ക്കൽ വന്ന് നിരത്തിലേക്ക് നോക്കി നില്ക്കും. സ്‌കൂളിനെക്കുറിച്ചോർക്കുമ്പോഴെല്ലാം മഴയ്ക്ക് സ്‌കൂളിന്റെ മണങ്ങളാണോർമ്മ വരിക.
“അമ്മാ, എനിക്ക് സ്‌കൂളിന്റെ മണങ്ങളെല്ലാം മിസ്സ് ചെയ്യുന്നു” വെന്ന് പറഞ്ഞപ്പോൾ “പോ പെണ്ണേ, സ്‌കൂളിന് മണമോ’എന്ന് ചോദിച്ച് അമ്മ കളിയാക്കി ചിരിച്ചു. എന്തെങ്കിലും കാര്യമായ് പറയുമ്പോഴുള്ള അമ്മയുടെ പൊട്ടച്ചിരി ഈയ്യിടെയായ് മഴയ്ക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. സ്‌കൂളിലെ ഓരോ ക്ലാസ്സിനും പ്രത്യേകതരം മണമായിരുന്നു.ആദ്യമായ് ചെന്നിരുന്ന പ്രീ കെ.ജി ക്ലാസ്സിന്റെ മണം പോലും മഴ ഇപ്പോഴുമോർക്കുന്നുണ്ട്. എത്രയെത്ര മണങ്ങളാണ് സ്‌കൂളിന്?എന്നിട്ടും അമ്മയ്ക്ക് മാത്രമിതൊന്നും മനസ്സിലാവാത്തതെന്താണ്? ഒരു മണങ്ങളുമില്ലാത്ത സ്‌കൂളിലായിരിക്കുമോ അമ്മ പഠിച്ചിരിക്കുക? അതോ എല്ലാ മണങ്ങളും അമ്മയുടെ മനസ്സിൽ നിന്ന് മാഞ്ഞു പോയതായിരിക്കുമോ?
മഴയുടെ എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ മറുപടി പറഞ്ഞിരുന്നത് അച്ഛനായിരുന്നു. പക്ഷേ ഈയ്യിടെയായി അച്ഛന് പെട്ടന്ന് ദേഷ്യം വരുന്ന പോലെ.അച്ഛനും അമ്മയും തമ്മിലുള്ള സംസാരം തന്നെ കുറഞ്ഞിരിക്കുന്നു. കുട്ടികളുടെ ഓൺലൈൻ ക്ളാസ്സുപോലെ വർക്ക് ഫ്രം ഹോം അച്ഛനും ഇഷ്ടപ്പെടുന്നുണ്ടാവില്ല. അച്ഛന് ജോലിയുടെ സ്‌ട്രെസ്സുണ്ട് അച്ഛന്റെ മൂഡ് ശരിയല്ലെങ്കിൽ ശല്യപ്പെടുത്തരുതെന്ന് അമ്മ പറയുമ്പോൾ സ്‌കൂളിൽ ക്ലാസ്സിന് പുറത്തിറക്കി നിർത്തിയിരിക്കുന്ന കുട്ടികളെപ്പോലെ അമ്മ തന്നെയും വീടിന് പുറത്ത് നിർത്തുന്ന പോലെയാണ് മഴയ്ക്ക് തോന്നിയിരുന്നത്. അച്ഛന്റെ തമാശയും അമ്മയുടെ പൊട്ടിച്ചിരികളും കേട്ടിരിക്കാൻ എന്ത് രസമായിരുന്നു. ഇനിയെന്നാണ് അച്ഛനെയും അമ്മയെയുമൊക്കെ അങ്ങിനെയൊരു മൂഡിൽ കാണാൻ പറ്റുക? വീട്ടിലേക്ക് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നവരൊക്കെ ഇനിയെന്നാണ് വരിക? എന്റെ സുന്ദരിക്കുട്ടിയെന്നു പറഞ്ഞ് അച്ഛമ്മയിനിയെന്നാണ് ഒന്ന് കെട്ടിപ്പിടിക്കുക.
നീലിമാ മിസ്സ് സംസ് ചെയ്ത് കാണിയ്ക്കാൻ വേണ്ടി സ്‌ക്രീൻ ഷെയറു ചെയ്തു. സ്ക്രീനിലെ പൊട്ടുകളെല്ലാം പെട്ടന്ന് അപ്രത്യക്ഷമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി മിസ്സിന്റെ പോളിനോമിയൽസ് കേട്ട് മടുത്തു. ഓൺ ലൈൻ ക്ലാസ്സുമുറിയിലെ മൈക്ക് ഓഫാണെന്ന് ഉറപ്പു വരുത്തിയിട്ട് മഴ മൊബൈലിൽ ‘I want something just like this’ എന്ന പാട്ടുവച്ചു. മഴ കണ്ണുകളടച്ച്
“I’m not lookin’ for somebody
With some superhuman gifts
Some superhero
Some fairy-tale bliss
Just something I can turn to
Somebody I can miss”
എന്ന വരികൾ അല്പം ഉറക്കെ പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഹെഡ് സെറ്റിൽ “മഴാ…ക്യാൻ യു ഹിയർ മീ മഴാ?”എന്ന ടീച്ചറുടെ ചോദ്യം മുഴങ്ങിയത്. ഞെട്ടിയെണീറ്റ് മൈക്ക് ഓൺ ചെയ്തപ്പോൾ മൊബൈലിലെ പാട്ട് ക്ലാസ്സിലേക്ക് അനുവാദമില്ലാതെ കയറിച്ചെന്നു.
“Doo-doo-doo, doo-doo-doo
Oh, I want something just like this
Doo-doo-doo, doo-doo-doo”
പെട്ടെന്ന് ക്ലാസ്സിലെ പല
നിറങ്ങളുള്ള പൊട്ടുകൾ ഒന്നിച്ചു മിന്നി.
“Doo-doo-doo, doo-doo-doo”
പലരും ഒന്നിച്ചു പാടി.
“Stop this nonsense”. ടീച്ചർ ദേഷ്യം കൊണ്ട് വിറച്ചു. ടീച്ചറിന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. പണ്ട് ക്ലാസ്സു മുറിയിലുള്ളതു പോലെയുള്ള ആക്രോശങ്ങളായിരുന്നു പിന്നെ.
“Now every body must switch on the cameras. Do it right now. I won’t accept any excuses”
സ്‌ക്രീനിൽ പരിചിതമായ മുഖങ്ങളൊന്നൊന്നായ് തെളിഞ്ഞു വന്നപ്പോൾ ഓരോ മുഖത്തേക്കും മഴ ആർത്തിയോടെ നോക്കി. തൊട്ടു മുമ്പ് സംഭവിച്ചതൊക്കെ മറന്നവൾ പുഞ്ചിരിച്ചു.
“Look at this girl Mazha. How arrogant she is. She doesn’t even feel sorry for her mistake. I am going to report this.’
മഴയുടെ പുഞ്ചിരി കണ്ടപ്പോൾ നീലിമ മിസ്സിന് ദേഷ്യമടക്കാനായില്ല.
പക്ഷേ മഴ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു. പല ക്ലാസ്സു മുറികളിൽ നിന്നും ഓടിയിറങ്ങി സ്‌കൂൾ ബസ്സിൽ സീറ്റുറപ്പിയ്ക്കുന്ന കുട്ടികളെപ്പോലെ സ്‌കൂളിന്റെ മണങ്ങൾ മഴയിലേക്ക് പ്രവേശിച്ചു.പുതിയ പുസ്തകങ്ങളുടെ, കുടകളുടെ, ബാഗിന്റെ, മുല്ലപ്പൂവിന്റെ, ലഞ്ച് ബോക്സുകളുടെ, ആർട്സ് ഫെസ്റ്റിവൽ ദിവസങ്ങളിലെ മെയ്ക്കപ്പിന്റെ, പി.ടി പീരീഡ് കഴിഞ്ഞുള്ള വിയർപ്പിന്റെ, പെർഫ്യുമുകളുടെ…എത്രയെത്ര മണങ്ങൾ. ടീച്ചർ വീണ്ടും സ്‌ക്രീൻ ഷെയറു ചെയ്തതും കണ്ടു കൊണ്ടിരുന്ന മുഖങ്ങൾ മാഞ്ഞു പോയതും മഴയറിഞ്ഞില്ല. മഴ സ്‌കൂളിന്റെ മൂന്നാമത്തെ നിലയിലെ ക്ലാസ്സുമുറിയിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു. അവളുടെ മുഖത്തെയൊന്ന് തലോടി ഒരു തണുപ്പൻ കാറ്റ് ധൃതിയിലെങ്ങോട്ടോ പോയി. കാറ്റിലിളകിയാടിയ മരങ്ങൾ ഒന്നിച്ചു പാടി:
Doo-doo-doo, doo-doo-doo”
അവരുടെ പാട്ടാസ്വദിച്ച് നില്ക്കുമ്പോൾ മഴയും പാടി
Oh, I want something just like this….”
Mobile-0096892576010
E mail- ksreji.1969@gmail.com