നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ ‘ത്രിസന്ധ്യ’ എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കമല ദാസ് എന്ന പേരിൽ എഴുതിയ നീണ്ട റിവ്യൂ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
“Marbros has filled his film with silences, he has strung silence like crystal beads amidst the sounds, so that each short violation of it becomes dramatic.”
ത്രിസന്ധ്യ എന്ന ആ ചിത്രവുമായി ബന്ധപ്പെട്ടവരിൽ ഒരാളൊഴികെ ഇന്നാരും ജീവിച്ചിരിപ്പില്ല. അത് വഹീദാ റഹ്മാൻ എന്ന അഭിനേത്രി മാത്രമാണ്. ഈ ജനുവരിയിൽ 48 വർഷം പിന്നിടുന്ന ത്രിസന്ധ്യ സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും കലാപരമായി ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രമായിരുന്നു. അക്കാലത്ത് മാധവിക്കുട്ടി എഴുതിയ റിവ്യൂ തന്നെ ആ ചിത്രത്തിന്റെ കലാമേന്മ സാക്ഷ്യപ്പെടുത്തുന്നതാണ്.
വഹീദാ റഹ്മാൻ അവതരിപ്പിച്ച ഇന്ദു എന്ന കഥാപാത്രത്തിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ത്രിസന്ധ്യ. ഭാസ്കർ എന്ന ഒരാളുമായി ഇന്ദു പ്രണയത്തിലാകുന്നു. എന്നാൽ അവരുടെ പ്രണയത്തെക്കുറിച്ചറിയാതെ ഇന്ദുവിനെ ഭാസ്കറിന്റെ മൂത്ത സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഭാസ്കറിന്റെ അമ്മ തീരുമാനിക്കുന്നു. അങ്ങനെ ആ വിവാഹം നടക്കുകയും ചെയ്യുന്നു. അതിനുശേഷം ഇന്ദുവിന്റെ ഭർത്താവ് ഒരപകടത്തിൽ മരണമടയുകയും ഭാസ്കറിന് പരിക്കേൽക്കുകയും ചെയ്യുമ്പോൾ ഇന്ദുവിന് ഭാസ്കറിനെ പരിചരിക്കേണ്ടി വരുന്നതാണ് ത്രിസന്ധ്യയുടെ കഥാസാരം.
ത്രിസന്ധ്യയുടെ സവിശേഷതകളിൽ ആദ്യം പറയാനുള്ളത് ആ ചിത്രം ഉറൂബിന്റെ (പി.സി.കുട്ടിക്കൃഷ്ണൻ) അതേ പേരിലുള്ള കഥയെ ആധാരമാക്കിയുള്ളതായിരുന്നുവെന്നതാണ്. ആ ബ്ലാക്ക് ആൻറ് വൈറ്റ്ചിത്രം തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്തത് അതുവരെ മലയാളികൾക്ക് അപരിചിതനും മലയാളത്തിൽ നവാഗതനും എന്നാൽ കഥ-തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഹിന്ദി സിനിമാരംഗത്ത് ഏറെ പ്രശസ്തനുമായിരുന്ന രാജ്മാർബ്രോസ് എന്ന വിചിത്ര പേരിന്റെ ഉടമയാണ്. എന്നു മാത്രമല്ല, രാജ്മാർബ്രോസ് കണ്ണൂർ സ്വദേശിയായ ഒരു മലയാളിയുമായിരുന്നു. 1964 ലെ ഷഗുൻ (കഥ), 1967 ലെ നൗനിഹാൽ (സംവിധാനം), 1984 ലെ ബന്ദ് ഹോംട്ട് (തിരക്കഥ, സംവിധാനം), 1985 ലെ വഞ്ചിത് (തിരക്കഥ) 1989 ലെ ഗുരുദക്ഷിണ (തിരക്കഥ) 2001 ലെ മോക്ഷ (തിരക്കഥ) എന്നിങ്ങനെ നീളുന്നതാണ് രാജ്മാർബ്രോസുമായി ബന്ധപ്പെട്ട ഹിന്ദി സിനിമകളുടെ പട്ടിക. മലയാളികളായ ലളിത, പത്മിനി, രാഗിണി എന്നിവർ മുമ്പേ തന്നെ ഹിന്ദി സിനിമ അഭിനയരംഗത്ത് തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിച്ചറിയിച്ചിട്ടുണ്ടെങ്കിലും തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങിയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യത്തെ മലയാളി എന്നു വിശേഷിപ്പിക്കാവുന്ന രാജ്മാർബ്രോസ് മൃണാൾ സെന്നിന്റെ ഭുവൻ ഷോം(1969) എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു.
ത്രിസന്ധ്യ എന്ന ചിത്രത്തിൽ മലയാളത്തിലെ പി.കെ. അബ്രഹാം, ഹിന്ദിയിലെ വഹീദ റഹ്മാൻ എന്നിവർക്കു പുറമെ പ്രശസ്ത നർത്തകനും നടനുമായ ഭാസ്കർ റോയ് ചൗധരി, ലത മേനോൻ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ. ഹിന്ദി സിനിമയിലെ തന്നെ സുദർശൻ നാഗ് ഛായാഗ്രഹണവും ഋഥ്വിക് ഘട്ടക് സിനിമകളിലെ സ്ഥിരം സംഗീത സംവിധായകനായിരുന്ന ഉസ്താദ് ബഹാദൂർ ഖാൻ സംഗീതവും തൻവീർ അഹമ്മദ് എഡിററിംഗും നിർവ്വഹിച്ചു. ആർട്ട് ഹൗസ് മൂവീസിന്റെ ബാനറിലായിരുന്നു രാജ്മാർബ്രോസ് ആ ചിത്രം നിർമ്മിച്ചത്. ഹിന്ദിയിൽ പരീക്ഷണ ചിത്രങ്ങൾക്ക് പേരുകേട്ട രാജ്മാർബ്രോസിനെ സംബന്ധിച്ചിടത്തോളം ത്രിസന്ധ്യയും ഒരു പരീക്ഷണമായിരുന്നു. അതിനാൽ ത്രിസന്ധ്യക്കു ശേഷം മറ്റൊരു പരീക്ഷണത്തിന് നിൽക്കാതെ അദ്ദേഹം ഹിന്ദിയിലേക്ക് തന്നെ തിരിച്ചു പോവുകയാണ് ചെയ്തത്.
***
മലയാളിയായ രാജ്മാർബ്രോസിന് വിചിത്രമായ ആ പേര് ലഭിക്കാനുണ്ടായ കാരണവും സാഹചര്യവും തികച്ചും യാദൃശ്ചികമായിരുന്നുവെന്നു പറയാം. അതായത്, അറുപതുകളുടെ കാലഘട്ടത്തിൽ ഹിന്ദി സിനിമാരംഗത്ത് അഭിനേതാക്കളും നിർമ്മാതാക്കളും മറ്റു അണിയറപ്രവർത്തകരുമായി രാജ് എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെട്ടിരുന്ന നിരവധി പേർ ഉണ്ടായിരുന്നു. ഉദാഹരണമായി രാജ്കപൂർ, രാജ്കുമാർ, രാജേന്ദ്രകുമാർ,രാജ്തിലക്, രാജ് ഖോസ്ല എന്നിങ്ങനെ നീളുന്നതാണ് ആ പട്ടിക. അവർക്കിടയിൽ രാജ് എം.എ. എന്നു പേരുള്ള തന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതിനായി ആ പേരിനോടൊപ്പം തന്റെ സഹോദരന്മാരായ രാമചന്ദ്രൻ, രാധാകൃഷ്ണൻ എന്നിവരുടെ പേരിന്റെ ആദ്യാക്ഷരവും ബ്രദേഴ്സ് എന്നർത്ഥം വരുന്ന ബ്രോസും ചേർത്ത് രാജ്മാർബ്രോസ് എന്ന ഒറ്റപ്പേരാക്കി മാറ്റുകയാണ് അദ്ദേഹം ചെയ്തത്. ആ പേര് പിന്നീട് ഹിന്ദി സിനിമാരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടുകയായിരുന്നു.
***
ത്രിസന്ധ്യ എന്ന ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും വിസ്മയകരമായ സവിശേഷത എന്താണെന്നു വെച്ചാൽ നമ്മുടെ ജോൺ എബ്രഹാം (അമ്മ അറിയാൻ) ആ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ളതാണ്. ജോണിനെ അടുത്തറിയുന്നവരിൽ തന്നെ പലർക്കും അജ്ഞാതമായ ഒരു കാര്യമാണത്. ത്രിസന്ധ്യ എന്ന ചിത്രവുമായുള്ള ജോണിന്റെ ബന്ധത്തെക്കുറിച്ച് രാജ്മാർബ്രോസ് തന്നെ ഒരിക്കൽ വെളിപ്പെടുത്തിയതിങ്ങനെയാണ്:
“ഫിലിം ഇൻസ്റ്റിട്യൂട്ടിലെ പഠനം പൂർത്തിയാക്കിയ ജോൺ നാട്ടിലേക്കോ മദ്രാസിലേക്കോ പോകാതെ നേരിട്ട് ബോംബെയിലാണ് എത്തിയത്. അപ്പോൾ ത്രിസന്ധ്യയുടെ പണിപ്പുരയിലായിരുന്ന ഞാൻ.
ജോണിന് പ്രത്യേക പണിയുമില്ല. അതിനാൽ ജോണിനെ എന്റെ കൂടെ താമസിപ്പിച്ചതിനു പുറമെ ത്രിസന്ധ്യയുടെ തിരക്കഥ രചനയിൽ സഹായിയായി സ്വീകരിക്കുകയും ചെയ്തു. അങ്ങനെ തിരക്കഥ പൂർത്തിയാക്കി. പിന്നെ ചിത്രത്തിന്റെ സംവിധാനത്തിലും ജോൺ സഹായിയായി. അതിനാൽ സിനിമയുടെ ക്രെഡിറ്റ് ടൈറ്റിലിൽ അസിസ്റ്റന്റ് എന്നതിനു പകരം അസോസിയേറ്റ് ഡയറക്ടർ എന്ന സ്ഥാനാം തന്നെയാണ് ഞാൻ ജോണിന് നൽകിയത്. ജോണിൽ കഴിവുള്ള ഒരു ഭാവി സംവിധായകനെ കണ്ടതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. അതിനു ശേഷമാണ് ജോൺ മുംബൈയിൽ തുടർന്നുകൊണ്ട് മണി കൗളിന്റെ ഉസ്കി റൊട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.”
മണി കൗളിന്റെ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴും ജോൺ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിച്ചിരുന്നതായി രാജ്മാർബ്രോസ് പറഞ്ഞു കേട്ടിട്ടുണ്ട്. അതോടൊപ്പം പറഞ്ഞ രസകരമായ ഒരു സംഭവവും ഓർമ്മ വരികയാണിവിടെ. ഉസ്കീ റൊട്ടി മണി കൗളിന്റെ കന്നി സംരംഭമായിരുന്നതിനാൽ അദ്ദേഹവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. അന്നും ജോണിന് മദ്യത്തോട് വളരെയേറെ അഭിനിവേശമുണ്ടായിരുന്നു. രാവിലെ മണി കൗളിനെ സഹായിക്കാൻ പോകാറുള്ള ജോൺ രാത്രി വളരെ വൈകിയാണ് എത്താറ്. അതിനാൽ ജോണിനുള്ള ഭക്ഷണം വിളമ്പി മൂടി വെക്കും. എന്നാൽ മിക്ക ദിവസങ്ങളിലും ജോൺ ഭക്ഷണം കഴിക്കാറില്ല പോലും. ഒടുവിൽ ജോൺ തന്നെ പറഞ്ഞു തനിക്കു വേണ്ടി രാത്രി ഭക്ഷണം വിളമ്പി വെക്കേണ്ടെന്ന്. അങ്ങനെ ഒരു ദിവസം വളരെ സന്തോഷവാനായി ജോൺ നേരത്തേ തിരിച്ചെത്തുകയുണ്ടായി. വന്നപാടെ രാജ്മാർബ്രോസിനെ കെട്ടിപ്പിടിച്ച ജോൺ “കമോൺ രാജ്, നമുക്കിന്ന് ആഘോഷിക്കണം…. ഐ ഹാവ് ഗോട്ട് ‘ടൺസ്’ ഓഫ് റുപ്പീസ് ടുഡേ” എന്ന് പറഞ്ഞു. അതുകേട്ട് രാജ്മാർ ബ്രോസ് വിസ്മയിച്ചു നിൽക്കുമ്പോൾ ജോൺ പൊട്ടിച്ചിരിച്ചുകൊണ്ട് കീശയിൽനിന്നും ഏതാനും പത്തിന്റെ നോട്ടുകളെടുത്ത് പുറത്തിട്ടു.
വാസ്തവത്തിൽ ‘ടെൻസ്’ ഓഫ് റുപ്പീസ് എന്നാണ് ജോൺ പറഞ്ഞത്. രാജ്മാർ ബ്രോസ് കേട്ടത് ടൺസ് എന്നും.
മൊബൈൽ: 8097168948